ഉൽപത്തി 12:1-20
12 യഹോവ അബ്രാമിനോടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട് നിന്റെ ബന്ധുക്കളിൽനിന്ന് അകലെ, ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.+
2 ഞാൻ നിന്നെ ഒരു മഹാജനതയാക്കുകയും നിന്നെ അനുഗ്രഹിച്ച് നിന്റെ പേര് പ്രസിദ്ധമാക്കുകയും ചെയ്യും; നീ ഒരു അനുഗ്രഹമായിത്തീരും.+
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും.+ നിന്നിലൂടെ ഭൂമിയിലെ കുടുംബങ്ങളെല്ലാം ഉറപ്പായും അനുഗ്രഹം നേടും.”*+
4 യഹോവ പറഞ്ഞതുപോലെ അബ്രാം പുറപ്പെട്ടു. ലോത്തും അബ്രാമിന്റെകൂടെ പോയി. ഹാരാനിൽനിന്ന് പുറപ്പെടുമ്പോൾ+ അബ്രാമിന് 75 വയസ്സായിരുന്നു.
5 ഭാര്യ സാറായിയെയും+ സഹോദരപുത്രൻ ലോത്തിനെയും+ കൂട്ടി അബ്രാം കനാൻ ദേശത്തേക്കു+ പുറപ്പെട്ടു. ഹാരാനിൽവെച്ച് അവർ സ്വന്തമാക്കിയ ആളുകളും അവരോടൊപ്പമുണ്ടായിരുന്നു. അവിടെവെച്ച് സ്വരുക്കൂട്ടിയ എല്ലാ വസ്‌തുവകകളുമായി+ അവർ അങ്ങനെ കനാൻ ദേശത്ത് എത്തി.
6 അതിനു ശേഷം ആ ദേശത്തുകൂടെ സഞ്ചരിച്ച് മോരെയിലെ വലിയ മരങ്ങൾക്കരികെയുള്ള+ ശെഖേം+ വരെ ചെന്നു. അക്കാലത്ത്, കനാന്യരാണു ദേശത്ത് താമസിച്ചിരുന്നത്.
7 യഹോവ അബ്രാമിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടുക്കാൻപോകുന്നു.” അതിനു ശേഷം, തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാം അവിടെ ഒരു യാഗപീഠം പണിതു.
8 പിന്നീട് അബ്രാം അവിടെനിന്ന് ബഥേലിനു+ കിഴക്കുള്ള മലനാട്ടിൽ പോയി അവിടെ കൂടാരം അടിച്ചു. അതിന്റെ പടിഞ്ഞാറ് ബഥേലും കിഴക്ക് ഹായിയും+ ആയിരുന്നു. അബ്രാം അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത്+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+
9 അതിനു ശേഷം അബ്രാം അവിടത്തെ കൂടാരവാസം മതിയാക്കി, മാറ്റിമാറ്റി കൂടാരം അടിച്ച് നെഗെബ്+ ദേശത്തിന്റെ ദിശയിൽ നീങ്ങി.
10 അക്കാലത്ത് ദേശത്ത് ഒരു ക്ഷാമം ഉണ്ടായി.+ ക്ഷാമം രൂക്ഷമായിരുന്നതിനാൽ കുറച്ച് കാലം ഈജിപ്‌തിൽ പോയി താമസിക്കാൻവേണ്ടി*+ അബ്രാം അവിടേക്കു യാത്ര ചെയ്‌തു.
11 ഈജിപ്‌തിൽ എത്താറായപ്പോൾ അബ്രാം ഭാര്യ സാറായിയോടു പറഞ്ഞു: “ദയവായി ഇങ്ങനെ ചെയ്യൂ! നീ വളരെ സുന്ദരിയാണെന്ന്+ എനിക്ക് അറിയാം.
12 ഈജിപ്‌തുകാർ നിന്നെ കാണുമ്പോൾ, ‘ഇത് അയാളുടെ ഭാര്യയാണ്’ എന്നു പറയുമെന്ന് എനിക്ക് ഉറപ്പാണ്. അവർ എന്നെ കൊന്നുകളയും; നിന്നെ ജീവനോടെ വെക്കും.
13 അതുകൊണ്ട് ദയവുചെയ്ത് നീ എന്റെ പെങ്ങളാണെന്നു പറയണം. അങ്ങനെ ചെയ്‌താൽ എനിക്ക് ആപത്തൊന്നും സംഭവിക്കില്ല; ഞാൻ രക്ഷപ്പെടും.”+
14 അബ്രാം ഈജിപ്‌തിൽ പ്രവേശിച്ചപ്പോൾത്തന്നെ സാറായി അതിസുന്ദരിയാണെന്ന കാര്യം ഈജിപ്‌തുകാർ ശ്രദ്ധിച്ചു.
15 ഫറവോന്റെ പ്രഭുക്കന്മാരും സാറായിയെ കണ്ടു; അവർ ഫറവോന്റെ അടുത്ത് ചെന്ന് സാറായിയെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു. അങ്ങനെ സാറായിയെ ഫറവോന്റെ അരമനയിലേക്കു കൊണ്ടുപോയി.
16 സാറായി നിമിത്തം ഫറവോൻ അബ്രാമിനോടു നന്നായി പെരുമാറി; അബ്രാമിന് ആടുകളെയും കന്നുകാലികളെയും ആൺകഴുതകളെയും പെൺകഴുതകളെയും ഒട്ടകങ്ങളെയും ദാസന്മാരെയും ദാസിമാരെയും കൊടുക്കുകയും ചെയ്‌തു.+
17 എന്നാൽ അബ്രാമിന്റെ ഭാര്യയായ സാറായി+ കാരണം യഹോവ ഫറവോന്റെയും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും മേൽ കഠിനമായ ബാധകൾ വരുത്തി.
18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “നീ എന്താണ് എന്നോട് ഈ ചെയ്‌തത്? അവൾ നിന്റെ ഭാര്യയാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല?
19 ‘അവൾ എന്റെ പെങ്ങളാണ്’+ എന്നു നീ പറഞ്ഞത് എന്തിന്? അതുകൊണ്ടല്ലേ ഞാൻ അവളെ ഭാര്യയാക്കാൻ ഒരുങ്ങിയത്? ഇതാ നിന്റെ ഭാര്യ. അവളെയും കൂട്ടി ഇവിടെനിന്ന് പോകൂ!”
20 പിന്നെ ഫറവോൻ അബ്രാമിനെക്കുറിച്ച് തന്റെ ദാസന്മാർക്കു കല്‌പന കൊടുത്തു; അവർ അബ്രാമിനെയും ഭാര്യയെയും അബ്രാമിനുണ്ടായിരുന്ന എല്ലാം സഹിതം യാത്രയാക്കി.+
അടിക്കുറിപ്പുകള്‍
^ അഥവാ “സമ്പാദിക്കും.”
^ അക്ഷ. “വിത്തിന്.”
^ അഥവാ “പരദേശിയായി താമസിക്കാൻവേണ്ടി.”