ഉൽപത്തി 13:1-18
13 അതിനു ശേഷം ഭാര്യയോടും ലോത്തിനോടും ഒപ്പം അബ്രാം തനിക്കുള്ളതെല്ലാം സഹിതം ഈജിപ്തിൽനിന്ന് നെഗെബിലേക്കു+ പുറപ്പെട്ടു.
2 അബ്രാമിനു ധാരാളം മൃഗങ്ങളും വെള്ളിയും സ്വർണവും ഉണ്ടായിരുന്നു.+
3 നെഗെബിൽനിന്ന് ബഥേലിലേക്കുള്ള യാത്രയിൽ അബ്രാം പല സ്ഥലങ്ങളിൽ മാറ്റിമാറ്റി കൂടാരം അടിച്ചു; അങ്ങനെ ബഥേലിനും ഹായിക്കും+ ഇടയിൽ പണ്ട് കൂടാരം അടിച്ച സ്ഥലത്ത് അബ്രാം എത്തിച്ചേർന്നു.
4 അവിടെയായിരുന്നു അബ്രാം മുമ്പ് യാഗപീഠം പണിതത്. ആ സ്ഥലത്ത് അബ്രാം യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.
5 അബ്രാമിനോടൊപ്പം യാത്ര ചെയ്തിരുന്ന ലോത്തിനും, ആടുകളും കന്നുകാലികളും കൂടാരങ്ങളും ഉണ്ടായിരുന്നു.
6 അവരുടെ വസ്തുവകകൾ വർധിച്ചുപെരുകിയതുകൊണ്ട് അവർക്ക് ആ ദേശത്ത് സ്ഥലം പോരായിരുന്നു. അങ്ങനെ അവർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നു.
7 അതുകൊണ്ട്, അബ്രാമിന്റെ ഇടയന്മാരും ലോത്തിന്റെ ഇടയന്മാരും തമ്മിൽ വഴക്ക് ഉണ്ടായി. (അക്കാലത്ത് കനാന്യരും പെരിസ്യരും ആണ് ദേശത്ത് താമസിച്ചിരുന്നത്.)+
8 അപ്പോൾ അബ്രാം ലോത്തിനോടു+ പറഞ്ഞു: “ഞാനും നീയും തമ്മിലും എന്റെ ഇടയന്മാരും നിന്റെ ഇടയന്മാരും തമ്മിലും വഴക്ക് ഉണ്ടാകരുതേ. നമ്മൾ സഹോദരന്മാരല്ലേ?
9 ഇതാ, ഈ ദേശം മുഴുവൻ നിന്റെ മുന്നിലുണ്ട്. എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം. ഇനി, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടും.”
10 ലോത്ത് നോക്കിയപ്പോൾ യോർദാൻ പ്രദേശം+ നല്ല നീരൊഴുക്കുള്ളതാണെന്നു കണ്ടു. (യഹോവ സൊദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പ്) അതു സോവർ+ വരെ യഹോവയുടെ തോട്ടംപോലെയും+ ഈജിപ്ത് ദേശംപോലെയും ആയിരുന്നു.
11 അതുകൊണ്ട്, ലോത്ത് യോർദാൻ പ്രദേശം തിരഞ്ഞെടുത്ത് കിഴക്കോട്ടു പോയി. അങ്ങനെ അവർ തമ്മിൽ പിരിഞ്ഞു.
12 അബ്രാം കനാൻ ദേശത്ത് താമസിച്ചു. ലോത്താകട്ടെ, യോർദാൻ പ്രദേശത്തുള്ള നഗരങ്ങൾക്കിടയിൽ താമസിച്ചു.+ ഒടുവിൽ ലോത്ത് സൊദോമിന് അടുത്ത് കൂടാരം അടിച്ചു.
13 സൊദോമിലുള്ളവർ ദുഷ്ടരും യഹോവയുടെ മുമ്പാകെ കൊടുംപാപികളും ആയിരുന്നു.+
14 ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോടു പറഞ്ഞു: “ദയവായി നീ നിൽക്കുന്നിടത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
15 നീ കാണുന്ന ഈ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള അവകാശമായി തരും.+
16 ഞാൻ നിന്റെ സന്തതിയെ* ഭൂമിയിലെ പൊടിപോലെ വർധിപ്പിക്കും. ആർക്കെങ്കിലും ഭൂമിയിലെ പൊടി എണ്ണാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും* എണ്ണാൻ കഴിയും!+
17 എഴുന്നേറ്റ്, ദേശത്തിനു നെടുകെയും കുറുകെയും സഞ്ചരിക്കുക. നിനക്കാണു ഞാൻ ഇതു തരാൻപോകുന്നത്.”
18 അബ്രാം പിന്നെയും കൂടാരങ്ങളിൽ താമസിച്ചു. പിന്നീട് അബ്രാം ഹെബ്രോനിൽ+ മമ്രേയിലെ+ വലിയ മരങ്ങൾക്കിടയിൽ ചെന്ന് താമസിച്ചു. അവിടെ യഹോവയ്ക്ക് ഒരു യാഗപീഠവും പണിതു.+