ഉൽപത്തി 20:1-18
20 പിന്നെ അബ്രാഹാം കൂടാരം അവിടെനിന്ന്+ നെഗെബ് ദേശത്തേക്കു മാറ്റി, കാദേശിനും+ ശൂരിനും+ ഇടയിൽ താമസംതുടങ്ങി. ഗരാരിൽ+ താമസിക്കുമ്പോൾ*
2 അബ്രാഹാം പിന്നെയും ഭാര്യ സാറയെക്കുറിച്ച്, “ഇത് എന്റെ പെങ്ങളാണ്”+ എന്നു പറഞ്ഞു. അതിനാൽ ഗരാരിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി.+
3 പിന്നീട് ദൈവം രാത്രി ഒരു സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുത്ത് വന്ന് പറഞ്ഞു: “നീ കൂട്ടിക്കൊണ്ടുവന്ന സ്‌ത്രീ കാരണം+ നീ ഇതാ മരിക്കാൻപോകുന്നു; അവൾ വിവാഹിതയും മറ്റൊരാളുടെ അവകാശവും ആണ്.”+
4 എന്നാൽ അബീമേലെക്ക് അതുവരെ അവളുടെ അടുത്ത് ചെന്നിട്ടില്ലായിരുന്നു.* അതിനാൽ അബീമേലെക്ക് പറഞ്ഞു: “യഹോവേ, നിരപരാധികളായ* ഒരു ജനതയെ അങ്ങ് കൊന്നുകളയുമോ?
5 ‘ഇത് എന്റെ പെങ്ങളാണ്’ എന്ന് അബ്രാഹാമും ‘ഇത് എന്റെ ആങ്ങളയാണ്’ എന്നു സാറയും പറഞ്ഞല്ലോ. ശുദ്ധമായ ഹൃദയത്തോടെയും നിർമലമായ കരങ്ങളോടെയും ആണ് ഞാൻ ഇതു ചെയ്‌തത്.”
6 അപ്പോൾ സത്യദൈവം സ്വപ്നത്തിൽ അബീമേലെക്കിനോടു പറഞ്ഞു: “ശുദ്ധമായ ഹൃദയത്തോടെയാണു നീ ഇതു ചെയ്തതെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് എനിക്ക് എതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞത്, അവളെ തൊടാൻ നിന്നെ അനുവദിക്കാതിരുന്നത്.
7 നീ അവന്റെ ഭാര്യയെ തിരികെ കൊടുക്കുക; കാരണം അവൻ ഒരു പ്രവാചകനാണ്.+ അവൻ നിനക്കുവേണ്ടി അപേക്ഷിക്കുകയും+ നീ ജീവിച്ചിരിക്കുകയും ചെയ്യും. എന്നാൽ നീ അവളെ തിരികെ കൊടുക്കുന്നില്ലെങ്കിൽ നീയും നിനക്കുള്ള എല്ലാവരും മരിക്കും എന്ന് അറിഞ്ഞുകൊള്ളുക.”
8 അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് ദാസന്മാരെയെല്ലാം വിളിച്ചുകൂട്ടി ഇക്കാര്യങ്ങളെല്ലാം അറിയിച്ചു; അവർ ആകെ ഭയന്നുപോയി.
9 പിന്നെ അബീമേലെക്ക് അബ്രാഹാമിനെ വിളിച്ചുവരുത്തിയിട്ട് പറഞ്ഞു: “താങ്കൾ ഞങ്ങളോട് ഈ ചെയ്‌തത് എന്താണ്? എന്റെയും എന്റെ രാജ്യത്തിന്റെയും മേൽ ഇത്ര വലിയൊരു പാപം വരുത്തിവെക്കാൻ ഞാൻ താങ്കളോട് എന്തു തെറ്റാണു ചെയ്‌തത്? താങ്കൾ എന്നോട് ഈ ചെയ്‌തത് ഒട്ടും ശരിയായില്ല.”
10 തുടർന്ന് അബീമേലെക്ക് ചോദിച്ചു: “എന്ത് ഉദ്ദേശ്യത്തിലാണു താങ്കൾ ഇതു ചെയ്‌തത്?”+
11 അപ്പോൾ അബ്രാഹാം പറഞ്ഞു: “‘ഇതു ദൈവഭയമില്ലാത്ത നാടാണ്, എന്റെ ഭാര്യ കാരണം ഇവർ എന്നെ കൊല്ലും’+ എന്നു വിചാരിച്ചതുകൊണ്ടാണു ഞാൻ ഇങ്ങനെ ചെയ്‌തത്.
12 മാത്രമല്ല, അവൾ യഥാർഥത്തിൽ എന്റെ പെങ്ങളാണ്, എന്റെ അപ്പന്റെ മകൾ. എന്നാൽ എന്റെ അമ്മയുടെ മകളല്ല. അവളെ ഞാൻ വിവാഹം കഴിച്ചു.+
13 എന്റെ അപ്പന്റെ വീടു വിട്ട്+ യാത്ര ചെയ്യാൻ ദൈവം എന്നോട് ആവശ്യപ്പെട്ടപ്പോൾ, ‘നമ്മൾ എവിടെപ്പോയാലും നീ എന്നോട് അചഞ്ചലമായ സ്‌നേഹം കാണിക്കുകയും “ഇത് എന്റെ ആങ്ങളയാണ്”+ എന്നു പറയുകയും വേണം’ എന്നു ഞാൻ സാറയോടു പറഞ്ഞു.”
14 പിന്നെ അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു. അബ്രാഹാമിന്റെ ഭാര്യ സാറയെയും അബീമേലെക്ക് മടക്കിക്കൊടുത്തു.
15 തുടർന്ന് അബീമേലെക്ക് പറഞ്ഞു: “ഇതാ, എന്റെ ദേശം മുഴുവൻ താങ്കളുടെ മുന്നിലിരിക്കുന്നു, ഇഷ്ടമുള്ളിടത്ത് താമസിക്കാം.”
16 സാറയോട് അബീമേലെക്ക് പറഞ്ഞു: “ഇതാ, ഞാൻ നിന്റെ ആങ്ങളയ്‌ക്ക് 1,000 വെള്ളിക്കാശു കൊടുക്കുന്നു.+ നിന്റെ കൂടെയുള്ളവർക്കും മറ്റെല്ലാവർക്കും മുമ്പാകെ, നീ നിഷ്കളങ്കയാണ് എന്നതിന്റെ അടയാളമായിരിക്കും ഇത്.* നിന്റെ മേലുള്ള നിന്ദ നീങ്ങിയിരിക്കുന്നു.”
17 പിന്നെ അബ്രാഹാം സത്യദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചു. അങ്ങനെ അബീമേലെക്കിനെയും ഭാര്യയെയും ദാസിമാരെയും ദൈവം സുഖപ്പെടുത്തി; അവർക്കു മക്കൾ ഉണ്ടായിത്തുടങ്ങി.
18 അബ്രാഹാമിന്റെ ഭാര്യ സാറ നിമിത്തം യഹോവ അബീമേലെക്കിന്റെ വീട്ടിലുള്ള എല്ലാ സ്ത്രീകളുടെയും ഗർഭം അടച്ചിരുന്നു.+
അടിക്കുറിപ്പുകള്‍
^ അഥവാ “പരദേശിയായി താമസിക്കുമ്പോൾ.”
^ അഥവാ “നീതിമാന്മാരായ.”
^ അതായത്, അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലായിരുന്നു.
^ അക്ഷ. “ഇതു നിന്റെകൂടെയുള്ളവരുടെയും മറ്റെല്ലാവരുടെയും കണ്ണുകളെ മറയ്‌ക്കാൻ നിനക്കുവേണ്ടിയുള്ളതായിരിക്കും.”