ഉൽപത്തി 21:1-34
21 പറഞ്ഞിരുന്നതുപോലെതന്നെ യഹോവ സാറയെ ഓർത്തു. വാഗ്ദാനം ചെയ്തിരുന്നത് യഹോവ സാറയ്‌ക്കു നിറവേറ്റിക്കൊടുത്തു.+
2 സാറ ഗർഭിണിയായി.+ ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർധക്യത്തിൽ, ദൈവം പറഞ്ഞ സമയത്ത്, സാറ അബ്രാഹാമിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+
3 സാറ പ്രസവിച്ച കുഞ്ഞിന് അബ്രാഹാം യിസ്‌ഹാക്ക് എന്നു പേരിട്ടു.+
4 ദൈവം കല്പിച്ചിരുന്നതുപോലെ, യിസ്ഹാക്കിന് എട്ടു ദിവസം പ്രായമുള്ളപ്പോൾ അബ്രാഹാം അവന്റെ അഗ്രചർമം പരിച്ഛേദന* ചെയ്‌തു.+
5 യിസ്‌ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിന് 100 വയസ്സായിരുന്നു.
6 സാറ ഇങ്ങനെ പറഞ്ഞു: “ഞാൻ ചിരിക്കാൻ ദൈവം ഇടയാക്കിയിരിക്കുന്നു. ഇതെക്കുറിച്ച് കേൾക്കുന്നവരൊക്കെയും എന്നോടൊപ്പം ചിരിക്കും.”*
7 അവൾ ഇങ്ങനെയും പറഞ്ഞു: “‘സാറ കുട്ടികളെ മുലയൂട്ടും’ എന്ന് അബ്രാഹാമിനോടു പറയാൻ ആർക്കു കഴിയുമായിരുന്നു? എന്നാൽ ഇതാ, അബ്രാഹാമിന്റെ വാർധക്യത്തിൽ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.”
8 കുട്ടി വലുതായി, മുലകുടി നിറുത്തി. യിസ്ഹാക്കിന്റെ മുലകുടി നിറുത്തിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്ന് ഒരുക്കി.
9 എന്നാൽ ഈജിപ്തുകാരിയായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ,+ തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതു+ സാറ കാണുന്നുണ്ടായിരുന്നു.
10 അതുകൊണ്ട് സാറ അബ്രാഹാമിനോടു പറഞ്ഞു: “ഈ ദാസിയെയും ഇവളുടെ മകനെയും ഇവിടെനിന്ന് ഇറക്കിവിട്. എന്റെ മകനായ യിസ്ഹാക്കിനോടൊപ്പം ഇവളുടെ മകൻ അവകാശിയാകരുത്.”+
11 പക്ഷേ തന്റെ മകനെക്കുറിച്ച് സാറ പറഞ്ഞത് അബ്രാഹാമിന് ഒട്ടും ഇഷ്ടമായില്ല.+
12 എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ ദാസിയെയും മകനെയും കുറിച്ച് സാറ പറയുന്ന കാര്യത്തിൽ ഇഷ്ടക്കേടു തോന്നരുത്. സാറ പറയുന്നതു കേൾക്കുക; കാരണം നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും.+
13 എന്നാൽ, ദാസിയുടെ മകനെയും+ ഞാൻ അനുഗ്രഹിക്കും. അവനിൽനിന്ന് ഞാൻ ഒരു ജനതയെ ഉളവാക്കും;+ അവനും നിന്റെ സന്തതിയാണല്ലോ.”*
14 അങ്ങനെ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും തോൽക്കുടത്തിൽ വെള്ളവും എടുത്ത് ഹാഗാരിന്റെ തോളിൽ വെച്ചിട്ട് ഹാഗാരിനെ മകനോടൊപ്പം പറഞ്ഞയച്ചു.+ ഹാഗാർ പുറപ്പെട്ട് ബേർ-ശേബയ്‌ക്കടുത്തുള്ള+ മരുപ്രദേശത്ത്* അലഞ്ഞുനടന്നു.
15 ഒടുവിൽ തോൽക്കുടത്തിലെ വെള്ളം തീർന്നപ്പോൾ ഹാഗാർ കുട്ടിയെ ഒരു കുറ്റിച്ചെടിയുടെ കീഴിൽ ഉപേക്ഷിച്ചു.
16 പിന്നെ ഹാഗാർ, “എന്റെ മകൻ മരിക്കുന്നത് എനിക്കു കാണേണ്ടാ” എന്നു പറഞ്ഞ് ഏകദേശം ഒരു അമ്പേറുദൂരം ചെന്ന് അവിടെ ഇരുന്നു. അങ്ങനെ അൽപ്പം ദൂരേക്കു മാറി ഇരുന്ന ഹാഗാർ ഉറക്കെ കരയാൻതുടങ്ങി.
17 അപ്പോൾ ദൈവം കുട്ടിയുടെ ശബ്ദം ശ്രദ്ധിച്ചു.+ സ്വർഗത്തിൽനിന്ന് ദൈവദൂതൻ ഹാഗാരിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു:+ “ഹാഗാരേ, നിനക്ക് എന്തു പറ്റി? പേടിക്കേണ്ടാ, നിന്റെ മകന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
18 നീ ചെന്ന് മകനെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കുക. കാരണം ഞാൻ അവനെ ഒരു മഹാജനതയാക്കും.”+
19 പിന്നെ ദൈവം ഹാഗാരിന്റെ കണ്ണു തുറന്നു. ഹാഗാർ വെള്ളമുള്ള ഒരു കിണർ കണ്ടു. ഒരു തോൽക്കുടത്തിൽ വെള്ളം നിറച്ച് ഹാഗാർ മകനു കുടിക്കാൻ കൊടുത്തു.
20 കുട്ടി+ വളർന്നുവരവെ ദൈവം കൂടെയുണ്ടായിരുന്നു. അവൻ വിജനഭൂമിയിൽ താമസിച്ച് ഒരു വില്ലാളിയായിത്തീർന്നു.
21 അവൻ പാരാൻ എന്ന വിജനഭൂമിയിൽ+ താമസമാക്കി. അവന്റെ അമ്മ ഈജിപ്ത് ദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്ന് കൊടുത്തു.
22 അക്കാലത്ത് അബീമേലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫീക്കോലും അബ്രാഹാമിന്റെ അടുത്ത് വന്ന് പറഞ്ഞു: “താങ്കൾ ചെയ്യുന്ന എല്ലാത്തിലും ദൈവം താങ്കളോടൊപ്പമുണ്ട്.+
23 അതിനാൽ എന്നോടും എന്റെ സന്തതികളോടും എന്റെ വംശജരോടും വഞ്ചന കാണിക്കില്ല എന്നും ഞാൻ താങ്കളോടു കാണിച്ചതുപോലുള്ള അചഞ്ചലമായ സ്‌നേഹം എന്നോടും താങ്കൾ താമസിക്കുന്ന ഈ ദേശത്തോടും കാണിക്കും എന്നും ഇപ്പോൾ ഇവിടെവെച്ച് എന്നോടു ദൈവമുമ്പാകെ സത്യം ചെയ്യണം.”+
24 അപ്പോൾ അബ്രാഹാം പറഞ്ഞു: “ഞാൻ സത്യം ചെയ്യുന്നു.”
25 എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയ തന്റെ കിണറിനെക്കുറിച്ച് അബ്രാഹാം അബീമേലെക്കിനോടു പരാതിപ്പെട്ടു.+
26 അപ്പോൾ അബീമേലെക്ക് പറഞ്ഞു: “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിയില്ല. താങ്കൾ എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമില്ല. ഇന്നുവരെ ഞാൻ ഇതെക്കുറിച്ച് കേട്ടിട്ടുമില്ല.”
27 പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുകളെയും കന്നുകാലികളെയും കൊടുത്തു. അവർ ഇരുവരും ഒരു ഉടമ്പടി ചെയ്‌തു.
28 അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ മാറ്റിനിറുത്തി.
29 അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്, “എന്തിനാണ് ഈ ഏഴ് ആട്ടിൻകുട്ടികളെ ഇങ്ങനെ ഇവിടെ മാറ്റിനിറുത്തിയിരിക്കുന്നത്” എന്നു ചോദിച്ചു.
30 അബ്രാഹാം പറഞ്ഞു: “ഈ കിണർ കുഴിച്ചതു ഞാനാണ് എന്നതിനു തെളിവായി ഈ ഏഴ് ആട്ടിൻകുട്ടികളെ അങ്ങ് സ്വീകരിക്കണം.”
31 അവിടെവെച്ച് അവർ ഇരുവരും ആണയിട്ടതുകൊണ്ട് അബ്രാഹാം ആ സ്ഥലത്തെ ബേർ-ശേബ*+ എന്നു വിളിച്ചു.
32 അങ്ങനെ അവർ ബേർ-ശേബയിൽവെച്ച് ഉടമ്പടി ചെയ്‌തു.+ പിന്നെ അബീമേലെക്കും സൈന്യാധിപനായ ഫീക്കോലും എഴുന്നേറ്റ് ഫെലിസ്‌ത്യരുടെ+ ദേശത്തേക്കു മടങ്ങിപ്പോയി.
33 അതിനു ശേഷം അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുല മരം നട്ടു; അവിടെ നിത്യദൈവമായ+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+
34 അബ്രാഹാം കുറെ കാലം* ഫെലിസ്‌ത്യരുടെ ദേശത്തുതന്നെ താമസിച്ചു.*+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “എന്നെ നോക്കി ചിരിക്കും.”
^ അക്ഷ. “വിത്ത്.”
^ അക്ഷ. “വിത്താണല്ലോ.”
^ അഥവാ “വിജനഭൂമിയിൽ.” പദാവലിയിൽ “വിജനഭൂമി” കാണുക.
^ “ആണയുടെ കിണർ; ഏഴിന്റെ കിണർ” എന്നൊക്കെയായിരിക്കാം അർഥം.
^ അക്ഷ. “അനേകദിവസം.”
^ അഥവാ “പരദേശിയായി താമസിച്ചു.”