ഉൽപത്തി 22:1-24
22 അതിനു ശേഷം സത്യദൈവം അബ്രാഹാമിനെ പരീക്ഷിച്ചു.+ “അബ്രാഹാമേ!” എന്നു ദൈവം വിളിച്ചപ്പോൾ, “ഞാൻ ഇതാ!” എന്ന് അബ്രാഹാം വിളികേട്ടു.
2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്ഹാക്കിനെ,+ കൂട്ടിക്കൊണ്ട് മോരിയ+ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.”
3 അങ്ങനെ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടു പേരെയും മകനായ യിസ്ഹാക്കിനെയും കൂട്ടി, ദഹനയാഗത്തിനുള്ള വിറകും കീറിയെടുത്ത്, സത്യദൈവം പറഞ്ഞ സ്ഥലത്തേക്കു യാത്രയായി.
4 മൂന്നാം ദിവസം അബ്രാഹാം നോക്കിയപ്പോൾ അങ്ങു ദൂരെ ആ സ്ഥലം കണ്ടു.
5 അപ്പോൾ അബ്രാഹാം ദാസന്മാരോടു പറഞ്ഞു: “നിങ്ങൾ കഴുതയുമായി ഇവിടെ നിൽക്ക്; ഞാനും മകനും അവിടെ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിവരാം.”
6 പിന്നെ അബ്രാഹാം ദഹനയാഗത്തിനുള്ള വിറക് എടുത്ത് യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു. അബ്രാഹാം തീയും കത്തിയും* കൈയിലെടുത്തു. ഇരുവരും ഒന്നിച്ച് യാത്രയായി.
7 യിസ്‌ഹാക്ക് അബ്രാഹാമിനെ വിളിച്ചു: “അപ്പാ!” അബ്രാഹാം വിളികേട്ടു: “എന്താ മോനേ?” അപ്പോൾ യിസ്‌ഹാക്ക് ചോദിച്ചു: “തീയും വിറകും നമ്മുടെ കൈയിലുണ്ട്. പക്ഷേ, ദഹനയാഗത്തിനുള്ള ആട് എവിടെ?”
8 അബ്രാഹാം പറഞ്ഞു: “ദഹനയാഗത്തിനുള്ള ആടിനെ ദൈവം തരും,+ മോനേ.” അങ്ങനെ അവർ ഒരുമിച്ച് യാത്ര തുടർന്നു.
9 ഒടുവിൽ സത്യദൈവം പറഞ്ഞ സ്ഥലത്ത് അവർ എത്തിച്ചേർന്നു. അബ്രാഹാം അവിടെ ഒരു യാഗപീഠം പണിത് അതിന്മേൽ വിറകു നിരത്തി. എന്നിട്ട് യിസ്ഹാക്കിന്റെ കൈയും കാലും കെട്ടി യാഗപീഠത്തിൽ വിറകിനു മീതെ കിടത്തി.+
10 അബ്രാഹാം കൈ നീട്ടി തന്റെ മകനെ കൊല്ലാൻ കത്തി* എടുത്തു.+
11 എന്നാൽ യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന്, “അബ്രാഹാമേ! അബ്രാഹാമേ!” എന്നു വിളിച്ചു. “അടിയൻ ഇതാ” എന്ന് അബ്രാഹാം വിളി കേട്ടു.
12 അപ്പോൾ ദൈവം പറഞ്ഞു: “മകന്റെ മേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ ഒരേ ഒരു മകനെ+ എനിക്കു തരാൻ മടിക്കാഞ്ഞതിനാൽ നീ ദൈവഭയമുള്ളവനാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.”
13 അബ്രാഹാം തല ഉയർത്തി നോക്കിയപ്പോൾ കുറച്ച് അകലെയായി ഒരു ആൺചെമ്മരിയാടു കുറ്റിക്കാട്ടിൽ കൊമ്പ് ഉടക്കിക്കിടക്കുന്നതു കണ്ടു. അബ്രാഹാം ചെന്ന് അതിനെ പിടിച്ച് മകനു പകരം ദഹനയാഗമായി അർപ്പിച്ചു.
14 അബ്രാഹാം ആ സ്ഥലത്തിന് യഹോവ-യിരെ* എന്നു പേരിട്ടു. അതുകൊണ്ടാണ്, “യഹോവയുടെ പർവതത്തിൽ അതു നൽകപ്പെടും”+ എന്ന് ഇന്നും പറഞ്ഞുവരുന്നത്.
15 യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് രണ്ടാമതും അബ്രാഹാമിനെ വിളിച്ച്
16 ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്തതുകൊണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെക്കൊണ്ടുതന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+
17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+
18 നീ എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ*+ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.’”+
19 പിന്നെ അബ്രാഹാം ദാസന്മാരുടെ അടുത്ത് മടങ്ങിച്ചെന്നു. അവർ ഒന്നിച്ച് ബേർ-ശേബയിലേക്കു+ മടങ്ങി. അബ്രാഹാം ബേർ-ശേബയിൽത്തന്നെ താമസിച്ചു.
20 അതിനു ശേഷം അബ്രാഹാമിന് ഇങ്ങനെ വിവരം ലഭിച്ചു: “ഇതാ, മിൽക്ക നിന്റെ സഹോദരൻ നാഹോരിന്+ ആൺകുട്ടികളെ പ്രസവിച്ചിരിക്കുന്നു.
21 മൂത്ത മകൻ ഊസ്, അവന്റെ സഹോദരൻ ബൂസ്, അരാമിന്റെ അപ്പനായ കെമൂവേൽ,
22 കേശെദ്, ഹസൊ, പിൽദാശ്, യിദലാഫ്, ബഥൂവേൽ+ എന്നിവരാണ് അവർ.”
23 ബഥൂവേലിനു പിന്നീടു റിബെക്ക+ ജനിച്ചു. ഈ എട്ടു പേരെയാണ് അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു ഭാര്യ മിൽക്ക പ്രസവിച്ചത്.
24 നാഹോരിന്റെ ഉപപത്‌നിയായ* രയൂമയും ആൺകുട്ടികളെ പ്രസവിച്ചു. തേബഹ്, ഗഹാം, തഹശ്, മാഖ എന്നിവരാണ് അവർ.
അടിക്കുറിപ്പുകള്‍
^ അഥവാ “അറവുകത്തിയും.”
^ അഥവാ “അറവുകത്തി.”
^ അർഥം: “യഹോവ നൽകും.”
^ അക്ഷ. “വിത്തിനെ.”
^ അക്ഷ. “വിത്ത്.”
^ അഥവാ “നഗരങ്ങൾ.”
^ അക്ഷ. “വിത്തിലൂടെ.”