ഉൽപത്തി 25:1-34
25 അബ്രാഹാം വീണ്ടും ഒരു വിവാഹം കഴിച്ചു. ആ സ്ത്രീയുടെ പേര് കെതൂറ എന്നായിരുന്നു.
2 കെതൂറ അബ്രാഹാമിനു സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്+ എന്നിവരെ പ്രസവിച്ചു.
3 യൊക്‌ശാനു പിന്നീടു ശേബ, ദേദാൻ എന്നിവർ ജനിച്ചു.
ദേദാന്റെ ആൺമക്കൾ: അശ്ശൂരീം, ലത്തൂശീം, ലയുമ്മീം.
4 മിദ്യാന്റെ ആൺമക്കൾ: ഏഫ, ഏഫെർ, ഹാനോക്ക്, അബീദ, എൽദ.
ഇവരെല്ലാമാണു കെതൂറയുടെ ആൺമക്കൾ.
5 പിന്നീട് അബ്രാഹാം തനിക്കുള്ളതു മുഴുവൻ യിസ്ഹാക്കിനു കൊടുത്തു.+
6 ഉപപത്‌നിമാരുടെ* ആൺമക്കൾക്കോ അബ്രാഹാം സമ്മാനങ്ങൾ കൊടുത്തു. അതിനു ശേഷം, അബ്രാഹാം ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരെ കിഴക്കോട്ട്, തന്റെ മകൻ യിസ്ഹാക്കിന്റെ അടുത്തുനിന്ന് ദൂരെ കിഴക്കൻ ദേശത്തേക്ക്,+ അയച്ചു.
7 അബ്രാഹാം 175 വർഷം ജീവിച്ചിരുന്നു.
8 പിന്നെ അബ്രാഹാം അന്ത്യശ്വാസം വലിച്ചു. നല്ല വാർധക്യത്തിൽ, സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ, അബ്രാഹാം മരിച്ച് തന്റെ ജനത്തോടു ചേർന്നു.*
9 മക്കളായ യിസ്ഹാക്കും യിശ്മായേലും അബ്രാഹാമിനെ മമ്രേക്കരികെയുള്ള ഗുഹയിൽ, ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ സ്ഥലത്തുള്ള മക്‌പേല ഗുഹയിൽ, അടക്കം ചെയ്‌തു.+
10 ഹേത്തിന്റെ പുത്രന്മാരിൽനിന്ന് അബ്രാഹാം വിലയ്‌ക്കു വാങ്ങിയ ആ സ്ഥലത്ത് ഭാര്യയായ സാറയുടെ അടുത്ത് അബ്രാഹാമിനെ അടക്കം ചെയ്‌തു.+
11 അബ്രാഹാമിന്റെ മരണശേഷവും അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചുകൊണ്ടിരുന്നു.+ യിസ്ഹാക്ക് ബേർ-ലഹയീ-രോയിക്കടുത്താണു താമസിച്ചിരുന്നത്.+
12 സാറയുടെ ഈജിപ്തുകാരിയായ ദാസി ഹാഗാർ+ അബ്രാഹാമിനു പ്രസവിച്ച മകൻ യിശ്‌മായേലിന്റെ+ ചരിത്രം:
13 യിശ്‌മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്‌മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്‌ശാം,+
14 മിശ്‌മ, ദൂമ, മസ്സ,
15 ഹദദ്, തേമ, യതൂർ, നാഫീശ്, കേദെമ.
16 വാസസ്ഥലങ്ങളും പാളയങ്ങളും* അനുസരിച്ച് യിശ്‌മായേലിന്റെ ആൺമക്കളുടെ പേരുകൾ ഇവയാണ്. കുലമനുസരിച്ച് 12 തലവന്മാർ.+
17 യിശ്‌മായേൽ ആകെ 137 വർഷം ജീവിച്ചു. പിന്നെ അന്ത്യശ്വാസം വലിച്ചു. യിശ്‌മായേൽ മരിച്ച് തന്റെ ജനത്തോടു ചേർന്നു.*
18 അവർ ഈജിപ്തിന് അരികെ ശൂരിന്+ അടുത്തുള്ള ഹവീല+ മുതൽ അസീറിയ വരെയുള്ള പ്രദേശത്ത് താമസമാക്കി. അവർ അവരുടെ സഹോദരന്മാരുടെയെല്ലാം അടുത്ത് താമസിച്ചു.*+
19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ ചരിത്രം:+
അബ്രാഹാമിനു യിസ്ഹാക്ക് ജനിച്ചു.
20 പദ്ദൻ-അരാമിലെ അരാമ്യനായ ബഥൂവേലിന്റെ മകളും+ അരാമ്യനായ ലാബാന്റെ പെങ്ങളും ആയ റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസ്ഹാക്കിന് 40 വയസ്സായിരുന്നു.
21 റിബെക്കയ്‌ക്കു മക്കൾ ഉണ്ടാകാത്തതിനാൽ യിസ്ഹാക്ക് റിബെക്കയ്ക്കുവേണ്ടി യഹോവയോട് ഇടവിടാതെ അപേക്ഷിച്ചുകൊണ്ടിരുന്നു. അവസാനം, യഹോവ യിസ്ഹാക്കിന്റെ അപേക്ഷ കേട്ടു. റിബെക്ക ഗർഭിണിയായി.
22 റിബെക്കയുടെ വയറ്റിൽ കിടന്ന് കുഞ്ഞുങ്ങൾ പരസ്‌പരം തിക്കിഞെരുക്കാൻതുടങ്ങി.+ അപ്പോൾ റിബെക്ക, “ഇതാണ് എന്റെ അവസ്ഥയെങ്കിൽ ഞാൻ എന്തിനു ജീവിക്കണം!” എന്നു പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് റിബെക്ക യഹോവയോടു ചോദിച്ചു.
23 യഹോവ പറഞ്ഞു: “രണ്ടു ജനതകളാണു നിന്റെ വയറ്റിലുള്ളത്.+ രണ്ടു ജനതകൾ നിന്നിൽനിന്ന് പിറവിയെടുക്കും.+ ഒരു ജനത മറ്റേ ജനതയെക്കാൾ ശക്തരായിരിക്കും.+ മൂത്തവൻ ഇളയവനെ സേവിക്കും.”+
24 അങ്ങനെ, പ്രസവസമയമായി. റിബെക്കയുടെ വയറ്റിൽ ഇരട്ടകളായിരുന്നു!
25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു.
26 തുടർന്ന്, അവന്റെ സഹോദരൻ പുറത്ത് വന്നു. അവൻ ഏശാവിന്റെ ഉപ്പൂറ്റിയിൽ മുറുകെ പിടിച്ചിരുന്നു.+ അതിനാൽ യിസ്ഹാക്ക് അവനു യാക്കോബ്*+ എന്നു പേരിട്ടു. റിബെക്ക അവരെ പ്രസവിക്കുമ്പോൾ യിസ്ഹാക്കിന് 60 വയസ്സായിരുന്നു.
27 കുട്ടികൾ വളർന്നു. ഏശാവ് സമർഥനായ ഒരു വേട്ടക്കാരനായിത്തീർന്നു.+ വേട്ടയാടി നടക്കാനായിരുന്നു ഏശാവിന് ഇഷ്ടം. എന്നാൽ യാക്കോബ് ശാന്തസ്വഭാവമുള്ളവനായിരുന്നു.* യാക്കോബ് കൂടാരങ്ങളിൽ താമസിച്ചു.+
28 ഏശാവ് വേട്ടയിറച്ചി കൊണ്ടുവന്ന് കൊടുക്കാറുണ്ടായിരുന്നതുകൊണ്ട് യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു. പക്ഷേ റിബെക്ക യാക്കോബിനെ സ്നേഹിച്ചു.+
29 ഒരിക്കൽ ഏശാവ് ക്ഷീണിച്ച് അവശനായി വയലിൽനിന്ന് വരുമ്പോൾ യാക്കോബ് ഒരുതരം സൂപ്പ് ഉണ്ടാക്കുകയായിരുന്നു.
30 അപ്പോൾ ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഈ ചുവന്ന സൂപ്പ്* കുറച്ച്* എനിക്കു തരൂ. വേഗമാകട്ടെ, ഞാൻ ആകെ തളർന്നിരിക്കുകയാണ്.” അങ്ങനെയാണ് ഏശാവിന് ഏദോം*+ എന്ന പേര് കിട്ടിയത്.
31 യാക്കോബ് പറഞ്ഞു: “ആദ്യം, മൂത്ത മകൻ എന്ന അവകാശം എനിക്കു വിൽക്കുക.”+
32 അതിന് ഏശാവ്: “ഞാൻ വിശന്ന് ചാകാറായി! ഈ ജന്മാവകാശംകൊണ്ട് എനിക്ക് എന്തു പ്രയോജനം?”
33 അപ്പോൾ യാക്കോബ്, “ആദ്യം എന്നോടു സത്യം ചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ ഏശാവ് യാക്കോബിനോടു സത്യം ചെയ്‌ത് മൂത്ത മകൻ എന്ന അവകാശം വിറ്റു.+
34 പിന്നെ യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള സൂപ്പും കൊടുത്തു. ഏശാവ് അതു കഴിച്ചശേഷം എഴുന്നേറ്റ് അവിടെനിന്ന് പോയി. ഏശാവ് തന്റെ ജന്മാവകാശത്തിന് ഒരു വിലയും കല്പിച്ചില്ല.
അടിക്കുറിപ്പുകള്‍
^ മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
^ അഥവാ “മതിലുകളുള്ള പാളയങ്ങളും.”
^ മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
^ മറ്റൊരു സാധ്യത “സഹോദരന്മാരുമായി ശത്രുതയിൽ കഴിഞ്ഞു.”
^ അർഥം: “രോമാവൃതൻ.”
^ അർഥം: “കുതികാലിൽ കടന്നുപിടിക്കുന്നവൻ; സ്ഥാനം തട്ടിയെടുക്കുന്നവൻ.”
^ അഥവാ “കുറ്റമറ്റവനായിരുന്നു.”
^ അക്ഷ. “ചുവപ്പ്, ഇക്കാണുന്ന ചുവപ്പ്.”
^ അഥവാ “ഒരു ഇറക്ക്.”
^ അർഥം: “ചുവപ്പ്.”