ഉൽപത്തി 26:1-35
26 അബ്രാഹാമിന്റെ കാലത്ത് ഉണ്ടായ ആദ്യത്തെ ക്ഷാമത്തിനു+ ശേഷം ദേശത്ത് മറ്റൊരു ക്ഷാമം ഉണ്ടായി. അതുകൊണ്ട് യിസ്ഹാക്ക് ഗരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുത്തേക്കു പോയി.
2 അപ്പോൾ യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഈജിപ്തിലേക്കു പോകരുത്. ഞാൻ കാണിച്ചുതരുന്ന ദേശത്ത് താമസിക്കുക.
3 ഈ ദേശത്ത് ഒരു പരദേശിയായി കഴിയുക.+ ഞാൻ നിന്റെകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും. കാരണം നിനക്കും നിന്റെ സന്തതിക്കും* ആണ് ഞാൻ ഈ ദേശം മുഴുവൻ തരാൻപോകുന്നത്.+ നിന്റെ അപ്പനായ അബ്രാഹാമിനോടു ഞാൻ ആണയിട്ട് സത്യം ചെയ്‌ത എന്റെ ഈ വാക്കുകൾ ഞാൻ നിറവേറ്റും:+
4 ‘ഞാൻ നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഈ ദേശം മുഴുവൻ അവർക്കു കൊടുക്കുകയും ചെയ്യും;+ നിന്റെ സന്തതിയിലൂടെ* ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹം നേടും.’+
5 കാരണം, അബ്രാഹാം എന്റെ വാക്കു കേൾക്കുകയും എന്റെ നിബന്ധനകളും കല്പനകളും ചട്ടങ്ങളും നിയമങ്ങളും* എല്ലായ്പോഴും പാലിക്കുകയും ചെയ്‌തു.”+
6 അങ്ങനെ യിസ്ഹാക്ക് ഗരാരിൽത്തന്നെ കഴിഞ്ഞു.+
7 ആ സ്ഥലത്തെ ആളുകൾ ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം, “ഇത് എന്റെ പെങ്ങളാണ്”+ എന്നു യിസ്ഹാക്ക് പറഞ്ഞു. “റിബെക്ക നിമിത്തം ദേശത്തെ പുരുഷന്മാർ എന്നെ കൊന്നുകളഞ്ഞേക്കാം” എന്നു പറഞ്ഞ്, “ഇത് എന്റെ ഭാര്യയാണ്” എന്നു പറയാൻ യിസ്ഹാക്കിനു ഭയം തോന്നി. കാരണം റിബെക്ക വളരെ സുന്ദരിയായിരുന്നു.+
8 കുറച്ച് നാൾ കഴിഞ്ഞ് ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് ഭാര്യ റിബെക്കയെ ആലിംഗനം ചെയ്യുന്നതു*+ കണ്ടു.
9 ഉടനെ അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “അവൾ താങ്കളുടെ ഭാര്യയാണ്, തീർച്ച! എന്തിനാണ് ‘ഇത് എന്റെ പെങ്ങളാണ്’ എന്നു താങ്കൾ പറഞ്ഞത്?” അപ്പോൾ യിസ്ഹാക്ക് പറഞ്ഞു: “അവൾ കാരണം ആരെങ്കിലും എന്നെ കൊന്നാലോ എന്നു പേടിച്ചാണു ഞാൻ അങ്ങനെ പറഞ്ഞത്.”+
10 പക്ഷേ അബീമേലെക്ക് പറഞ്ഞു: “താങ്കൾ ഞങ്ങളോട് ഈ ചെയ്‌തത് എന്താണ്?+ എന്റെ ജനത്തിൽ ആരെങ്കിലും താങ്കളുടെ ഭാര്യയോടൊപ്പം കിടന്നിരുന്നെങ്കിലോ? താങ്കൾ ഞങ്ങളുടെ മേൽ കുറ്റം വരുത്തിവെക്കുമായിരുന്നില്ലേ?”+
11 പിന്നെ അബീമേലെക്ക്, “ഇദ്ദേഹത്തെയോ ഭാര്യയെയോ തൊടുന്നത് ആരായാലും അയാളെ കൊന്നുകളയും” എന്നു ജനങ്ങളോടെല്ലാം കല്പിച്ചു.
12 പിന്നീട് യിസ്ഹാക്ക് ആ ദേശത്ത് വിത്തു വിതച്ചു. യഹോവയുടെ അനുഗ്രഹത്താൽ+ ആ വർഷം നൂറുമേനി വിളഞ്ഞു.
13 അങ്ങനെ യിസ്ഹാക്ക് സമ്പന്നനായി. സമ്പത്തു വർധിച്ചുവർധിച്ച് യിസ്ഹാക്ക് വലിയ പണക്കാരനായിത്തീർന്നു.
14 നിരവധി ആടുമാടുകളെയും വലിയൊരു കൂട്ടം ദാസീദാസന്മാരെയും+ യിസ്ഹാക്ക് സമ്പാദിച്ചു. ഫെലിസ്ത്യർക്ക് അദ്ദേഹത്തോട് അസൂയ തോന്നിത്തുടങ്ങി.
15 അങ്ങനെ, യിസ്‌ഹാക്കിന്റെ അപ്പനായ അബ്രാഹാമിന്റെ കാലത്ത് അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം+ ഫെലിസ്ത്യർ മണ്ണിട്ട് മൂടി.
16 പിന്നെ അബീമേലെക്ക് യിസ്ഹാക്കിനോടു പറഞ്ഞു: “ഞങ്ങളുടെ അടുത്തുനിന്ന് പോകൂ; താങ്കൾ വളർന്ന് ഞങ്ങളെക്കാളെല്ലാം വളരെ ശക്തനായിരിക്കുന്നു.”
17 അതുകൊണ്ട് യിസ്ഹാക്ക് അവിടം വിട്ട് ഗരാർ+ താഴ്‌വരയിൽ* കൂടാരം അടിച്ച് അവിടെ താമസംതുടങ്ങി.
18 അപ്പനായ അബ്രാഹാമിന്റെ കാലത്ത് അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ചതും അബ്രാഹാമിന്റെ മരണശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതും ആയ കിണറുകൾ+ യിസ്ഹാക്ക് വീണ്ടും കുഴിച്ചു. അപ്പൻ കൊടുത്തിരുന്ന പേരുകൾതന്നെ അവയ്‌ക്കു കൊടുത്തു.+
19 യിസ്‌ഹാക്കിന്റെ ദാസന്മാർ ആ താഴ്‌വരയിൽ* കുഴിച്ചപ്പോൾ ശുദ്ധജലമുള്ള ഒരു കിണർ കണ്ടെത്തി.
20 അപ്പോൾ ഗരാരിലെ ഇടയന്മാർ വന്ന്, “ഈ വെള്ളം ഞങ്ങളുടേതാണ്” എന്നു പറഞ്ഞ് യിസ്‌ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു. അവർ വഴക്കിട്ടതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശക്ക്* എന്നു പേരിട്ടു.
21 അവർ മറ്റൊരു കിണർ കുഴിച്ചുതുടങ്ങിയപ്പോൾ അതിനുവേണ്ടിയും അവർ വഴക്കിട്ടു. അതിനാൽ യിസ്ഹാക്ക് അതിനു സിത്‌ന* എന്നു പേരിട്ടു.
22 പിന്നെ അവിടെനിന്ന് ദൂരെ പോയി മറ്റൊരു കിണർ കുഴിച്ചു. എന്നാൽ, അതിനുവേണ്ടി അവർ വഴക്കുകൂടിയില്ല. അതുകൊണ്ട്, അതിനു രഹോബോത്ത്* എന്നു പേരിട്ടു. യിസ്ഹാക്ക് പറഞ്ഞു: “കാരണം, യഹോവ നമുക്ക് ഈ ദേശത്ത് വേണ്ടത്ര ഇടം നൽകുകയും നമ്മളെ വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.”+
23 പിന്നെ യിസ്ഹാക്ക് അവിടെനിന്ന് ബേർ-ശേബയിലേക്കു+ പോയി.
24 ആ രാത്രി യഹോവ പ്രത്യക്ഷനായി യിസ്ഹാക്കിനോടു പറഞ്ഞു: “ഞാൻ നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവമാണ്.+ പേടിക്കേണ്ടാ,+ ഞാൻ നിന്റെകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ച് നിന്റെ സന്തതിയെ* അനേകമായി വർധിപ്പിക്കും.”+
25 അങ്ങനെ യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ അവിടെ യിസ്ഹാക്ക് കൂടാരം അടിച്ചു.+ യിസ്‌ഹാക്കിന്റെ ദാസന്മാർ അവിടെയും ഒരു കിണർ കുഴിച്ചു.
26 പിന്നീട് അബീമേലെക്ക് ഗരാരിൽനിന്ന്, തന്റെ ഉപദേഷ്ടാവായ അഹൂസത്തിനോടും സൈന്യാധിപനായ ഫീക്കോലിനോടും+ ഒപ്പം യിസ്‌ഹാക്കിന്റെ അടുത്ത് വന്നു.
27 അപ്പോൾ യിസ്ഹാക്ക് അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് എന്റെ അടുത്ത് വന്നിരിക്കുന്നത്, നിങ്ങൾ എന്നെ വെറുത്ത് നിങ്ങളുടെ അടുത്തുനിന്ന് ഓടിച്ചുവിട്ടതല്ലേ?”
28 അപ്പോൾ അവർ പറഞ്ഞു: “യഹോവ താങ്കളുടെകൂടെയുണ്ടെന്നു ഞങ്ങൾക്കു വ്യക്തമായി.+ അതുകൊണ്ട് ഞങ്ങൾ പറഞ്ഞു: ‘ഇരുകൂട്ടർക്കും ആണയിട്ട് ഒരു ഉടമ്പടി ചെയ്യാം,+ ഒരു സമാധാനബന്ധം സ്ഥാപിക്കാം.
29 നമ്മൾ നല്ലതു മാത്രം ചെയ്‌ത് സമാധാനത്തോടെയാണല്ലോ യിസ്ഹാക്കിനെ പറഞ്ഞയച്ചത്. നമ്മൾ ദ്രോഹമൊന്നും ചെയ്യാതിരുന്നതുപോലെ നമ്മളോടും ദ്രോഹമൊന്നും ചെയ്യാതിരിക്കാൻ നമുക്കു യിസ്ഹാക്കുമായി ഒരു ഉടമ്പടി ചെയ്യാം. യിസ്ഹാക്ക് യഹോവയുടെ അനുഗ്രഹം ലഭിച്ചവനാണ്.’”
30 പിന്നെ യിസ്ഹാക്ക് അവർക്ക് ഒരു വിരുന്ന് ഒരുക്കി. അവർ ഭക്ഷണം കഴിച്ചു.
31 പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവർ പരസ്‌പരം ആണയിട്ട് സത്യം ചെയ്‌തു.+ അതിനു ശേഷം യിസ്ഹാക്ക് അവരെ പറഞ്ഞയച്ചു; അവർ സമാധാനത്തിൽ അവിടെനിന്ന് പോയി.
32 ആ ദിവസംതന്നെ യിസ്‌ഹാക്കിന്റെ ദാസന്മാർ വന്ന് അവർ കുഴിച്ച കിണറിനെക്കുറിച്ച്,+ “ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു.
33 അതിനാൽ യിസ്ഹാക്ക് അതിനു ശിബ എന്നു പേരിട്ടു. അതുകൊണ്ടാണ് ആ നഗരത്തെ ഇന്നുവരെയും ബേർ-ശേബ+ എന്നു വിളിക്കുന്നത്.
34 ഏശാവിന് 40 വയസ്സായപ്പോൾ ഏശാവ് ഹിത്യനായ ബയേരിയുടെ മകൾ യഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും വിവാഹം കഴിച്ചു.+
35 യിസ്‌ഹാക്കിനും റിബെക്കയ്ക്കും അവർ വലിയ മനോവേദനയ്ക്കു കാരണമായിത്തീർന്നു.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “വിത്തിനും.”
^ അക്ഷ. “വിത്തിനെ.”
^ അക്ഷ. “വിത്തിലൂടെ.”
^ അഥവാ “റിബെക്കയുമായി പ്രണയലീലകളിൽ ഏർപ്പെടുന്നത്.”
^ അഥവാ “നീർച്ചാലിൽ.”
^ അഥവാ “നീർച്ചാലിൽ.”
^ അർഥം: “ശണ്‌ഠ.”
^ അർഥം: “ആരോപണം.”
^ അർഥം: “വിശാലസ്ഥലം.”
^ അക്ഷ. “വിത്തിനെ.”