ഉൽപത്തി 28:1-22
28 അങ്ങനെ യിസ്‌ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ച് ഇങ്ങനെ കല്പിച്ചു: “നീ കനാന്യപുത്രിമാരെ വിവാഹം കഴിക്കരുത്.+
2 പകരം പദ്ദൻ-അരാമിൽ, നിന്റെ അമ്മയുടെ അപ്പനായ ബഥൂവേലിന്റെ വീട്ടിൽ ചെന്ന് നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ പെൺമക്കളിൽ+ ഒരാളെ വിവാഹം കഴിക്കണം.
3 സർവശക്തനായ ദൈവം നിന്നെ അനുഗ്രഹിച്ച് നിന്നെ സന്താനസമൃദ്ധിയുള്ളവനാക്കി വർധിപ്പിക്കും; നീ ജനതകളുടെ ഒരു സഭയായിത്തീരും.+
4 അബ്രാഹാമിനോടു വാഗ്ദാനം ചെയ്‌ത അനുഗ്രഹങ്ങൾ+ ദൈവം നിനക്കും നിന്റെ സന്തതിക്കും* തരും. അങ്ങനെ നീ പരദേശിയായി താമസിക്കുന്ന ദേശം, ദൈവം അബ്രാഹാമിനു നൽകിയ ഈ ദേശം,+ നീ അവകാശമാക്കും.”
5 അങ്ങനെ യിസ്‌ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. യാക്കോബ് പദ്ദൻ-അരാമിൽ അരാമ്യനായ ബഥൂവേലിന്റെ മകൻ ലാബാന്റെ+ അടുത്തേക്ക്, അതായത് യാക്കോബിന്റെയും ഏശാവിന്റെയും അമ്മ റിബെക്കയുടെ ആങ്ങളയുടെ+ അടുത്തേക്ക്, യാത്രയായി.
6 യിസ്‌ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ച് പദ്ദൻ-അരാമിലേക്കു പറഞ്ഞയച്ചെന്നും അവിടെനിന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർദേശിച്ചെന്നും ഏശാവ് കേട്ടു. മാത്രമല്ല, യാക്കോബിനെ അനുഗ്രഹിച്ചപ്പോൾ, “കനാന്യപുത്രിമാരെ വിവാഹം കഴിക്കരുത്” എന്നു കല്പിച്ചതും,+
7 മാതാപിതാക്കൾ പറഞ്ഞത് അനുസരിച്ച് യാക്കോബ് പദ്ദൻ-അരാമിലേക്കു പോയതും+ ഏശാവ് അറിഞ്ഞു.
8 കനാന്യപുത്രിമാരെ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമല്ലെന്ന്+ അപ്പോൾ ഏശാവിനു മനസ്സിലായി.
9 അതുകൊണ്ട് ഏശാവ് യിശ്മായേല്യരുടെ അടുത്ത് ചെന്ന്, തന്റെ മറ്റു ഭാര്യമാർക്കു പുറമേ, അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകൾ മഹലത്തിനെയും വിവാഹം കഴിച്ചു. നെബായോത്തിന്റെ പെങ്ങളാണു മഹലത്ത്.+
10 യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ട് ഹാരാനിലേക്കു പോയി.+
11 യാത്രയ്‌ക്കിടെ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചിരുന്നതുകൊണ്ട് അവിടെ രാത്രികഴിയാനുള്ള ഒരുക്കങ്ങൾ നടത്തി. യാക്കോബ് ഒരു കല്ല് എടുത്ത് അതിൽ തല വെച്ച് അവിടെ കിടന്നു.+
12 അപ്പോൾ ഒരു സ്വപ്‌നം കണ്ടു. അതാ, ഭൂമിയിൽനിന്ന് പണിതുയർത്തിയിരിക്കുന്ന ഒരു ഗോവണി! അതിന്റെ അറ്റം സ്വർഗത്തോളം എത്തിയിരുന്നു. അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു!+
13 അതിനു മുകളിൽ ദൈവമായ യഹോവയുണ്ടായിരുന്നു. ദൈവം ഇങ്ങനെ പറഞ്ഞു:
“നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും ആയ യഹോവയാണു ഞാൻ.+ ഈ ദേശവും നീ കിടക്കുന്ന ഈ സ്ഥലവും ഞാൻ നിനക്കും നിന്റെ സന്തതിക്കും* നൽകും.+
14 നിന്റെ സന്തതി* ഉറപ്പായും ഭൂമിയിലെ പൊടിപോലെ അസംഖ്യമാകും;+ നിന്റെ മക്കൾ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നീയും നിന്റെ സന്തതിയും* മുഖാന്തരം ഭൂമിയിലെ കുടുംബങ്ങളെല്ലാം അനുഗ്രഹം നേടും.*+
15 ഞാൻ നിന്നോടുകൂടെയുണ്ട്. നീ എവിടെ പോയാലും ഞാൻ നിന്നെ സംരക്ഷിച്ച് ഈ ദേശത്തേക്കു മടക്കിവരുത്തും.+ വാഗ്ദാനം ചെയ്‌തതു നിവർത്തിക്കുന്നതുവരെ ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.”+
16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു. “സത്യമായും യഹോവ ഈ സ്ഥലത്തുണ്ട്; എന്നാൽ ഞാൻ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു.
17 ഭയന്നുപോയ യാക്കോബ് ഇങ്ങനെയും പറഞ്ഞു: “എത്ര ഭയാനകമാണ് ഈ സ്ഥലം! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല.+ ഇതു സ്വർഗത്തിന്റെ കവാടംതന്നെ!”+
18 യാക്കോബ് അതിരാവിലെ എഴുന്നേറ്റ് താൻ തല വെച്ച് ഉറങ്ങിയ കല്ല് എടുത്ത് തൂണായി നാട്ടി, അതിനു മുകളിൽ എണ്ണ ഒഴിച്ചു.+
19 യാക്കോബ് ആ സ്ഥലത്തിനു ബഥേൽ* എന്നു പേരിട്ടു. അതിനു മുമ്പ് ആ നഗരത്തിന്റെ പേര് ലുസ് എന്നായിരുന്നു.+
20 യാക്കോബ് ഒരു നേർച്ച നേർന്ന് ഇങ്ങനെ പറഞ്ഞു: “ദൈവം ഇനിയും എന്നോടൊപ്പം ഇരുന്ന് എന്റെ യാത്രയിൽ എന്നെ സംരക്ഷിക്കുകയും കഴിക്കാൻ അപ്പവും ധരിക്കാൻ വസ്ത്രവും തരുകയും,
21 അങ്ങനെ ഞാൻ എന്റെ അപ്പന്റെ വീട്ടിൽ സമാധാനത്തോടെ തിരിച്ചെത്തുകയും ചെയ്‌താൽ യഹോവ എന്റെ ദൈവമാണെന്നതിന് അതു തെളിവായിരിക്കും.
22 ഞാൻ തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ഒരു ഭവനമാകും.+ എനിക്കു തരുന്ന എല്ലാത്തിന്റെയും പത്തിലൊന്നു ഞാൻ മുടങ്ങാതെ അങ്ങയ്‌ക്കു തരും.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “വിത്തിനും.”
^ അക്ഷ. “വിത്തിനും.”
^ അക്ഷ. “വിത്ത്.”
^ അക്ഷ. “വിത്തും.”
^ അഥവാ “നേടിയെടുക്കും.”
^ അർഥം: “ദൈവത്തിന്റെ ഭവനം.”