ഉൽപത്തി 31:1-55
31 കുറച്ച് കാലത്തിനു ശേഷം ലാബാന്റെ ആൺമക്കൾ ഇങ്ങനെ പറയുന്നതു യാക്കോബ് കേട്ടു: “യാക്കോബ് നമ്മുടെ അപ്പന്റെ സ്വത്തെല്ലാം തട്ടിയെടുത്തു. നമ്മുടെ അപ്പന്റെ സ്വത്തിൽനിന്നാണു യാക്കോബ് ഈ സമ്പത്തെല്ലാം ഉണ്ടാക്കിയത്.”+
2 തന്നോടുള്ള ലാബാന്റെ മനോഭാവവും മാറിയെന്നു+ ലാബാന്റെ മുഖഭാവത്തിൽനിന്ന് യാക്കോബ് മനസ്സിലാക്കി.
3 ഒടുവിൽ യഹോവ യാക്കോബിനോടു പറഞ്ഞു: “നിന്റെ പൂർവികരുടെയും ബന്ധുക്കളുടെയും ദേശത്തേക്കു തിരിച്ചുപോകുക.+ ഞാൻ ഇനിയും നിന്നോടൊപ്പമുണ്ടായിരിക്കും.”
4 പിന്നീട് യാക്കോബ് റാഹേലിനെയും ലേയയെയും മേച്ചിൽപ്പുറത്തേക്ക്, തന്റെ ആട്ടിൻപറ്റത്തിന്റെ അടുത്തേക്ക്, വിളിപ്പിച്ച്
5 അവരോടു പറഞ്ഞു:
“എന്നോടുള്ള നിങ്ങളുടെ അപ്പന്റെ മനോഭാവം മാറിയതായി ഞാൻ ശ്രദ്ധിച്ചു.+ എന്നാൽ എന്റെ അപ്പന്റെ ദൈവം ഇന്നുവരെ എന്നോടൊപ്പമുണ്ടായിരുന്നു.+
6 എന്റെ ശക്തി മുഴുവൻ ഉപയോഗിച്ചാണു ഞാൻ നിങ്ങളുടെ അപ്പനെ സേവിച്ചതെന്ന+ കാര്യം നിങ്ങൾക്കു നന്നായി അറിയാമല്ലോ.
7 എന്നാൽ നിങ്ങളുടെ അപ്പൻ എന്നെ പറ്റിക്കുകയും പത്തു തവണ എന്റെ കൂലി മാറ്റുകയും ചെയ്‌തു. പക്ഷേ എന്നെ ദ്രോഹിക്കാൻ ദൈവം അനുവദിച്ചില്ല.
8 ‘പുള്ളിയുള്ളവയായിരിക്കും നിന്റെ കൂലി’ എന്നു നിങ്ങളുടെ അപ്പൻ പറഞ്ഞപ്പോൾ ആട്ടിൻപറ്റം മുഴുവൻ പുള്ളിയുള്ളവയെ പ്രസവിച്ചു. ‘വരയുള്ളവയായിരിക്കും നിന്റെ കൂലി’ എന്ന് എന്നോടു പറഞ്ഞപ്പോൾ ആട്ടിൻപറ്റം മുഴുവൻ വരയുള്ളവയെ പ്രസവിച്ചു.+
9 അങ്ങനെ, ദൈവം നിങ്ങളുടെ അപ്പന്റെ ആടുകളെ എനിക്കു തന്നുകൊണ്ടിരുന്നു.
10 ഒരിക്കൽ, ആടുകൾ ഇണചേരുന്ന കാലത്ത് ഞാൻ നോക്കിയപ്പോൾ, പെണ്ണാടുകളുമായി ഇണചേരുന്ന ആൺകോലാടുകൾ വരയും പുള്ളിയും മറുകും+ ഉള്ളവയാണെന്നു ഞാൻ ഒരു സ്വപ്നത്തിൽ കണ്ടു.
11 അപ്പോൾ സത്യദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ, ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഞാൻ ഇതാ’ എന്നു ഞാൻ വിളി കേട്ടു.
12 ദൂതൻ എന്നോടു പറഞ്ഞു: ‘ദയവായി നീ തല ഉയർത്തി നോക്കുക. പെണ്ണാടുകളുമായി ഇണചേരുന്ന കോലാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്. ലാബാൻ നിന്നോടു ചെയ്യുന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു.+
13 നീ തൂണിനെ അഭിഷേകം ചെയ്‌ത് എനിക്കു നേർച്ച നേർന്ന+ സ്ഥലമായ ബഥേലിലെ+ സത്യദൈവമാണു ഞാൻ. എഴുന്നേറ്റ്, ഈ ദേശം വിട്ട് നിന്റെ ജന്മദേശത്തേക്കു+ മടങ്ങിപ്പോകുക.’”
14 അപ്പോൾ റാഹേലും ലേയയും പറഞ്ഞു: “ഞങ്ങൾക്ക് ഇനി ഞങ്ങളുടെ അപ്പന്റെ വീട്ടിൽ ഓഹരിയോ അവകാശമോ ഉണ്ടോ?
15 ഞങ്ങളെ അന്യദേശക്കാരെപ്പോലെയല്ലേ അപ്പൻ കാണുന്നത്? അപ്പൻ ഞങ്ങളെ വിറ്റു, ഞങ്ങൾക്കു തന്ന പണവും അപ്പൻ ഉപയോഗിക്കുന്നു!+
16 വാസ്‌തവത്തിൽ ദൈവം ഞങ്ങളുടെ അപ്പന്റെ അടുത്തുനിന്ന് എടുത്തുമാറ്റിയ സമ്പത്തെല്ലാം ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും ആണ്.+ ദൈവം അങ്ങയോടു പറഞ്ഞതുപോലെയെല്ലാം ചെയ്തുകൊള്ളൂ.”+
17 അപ്പോൾ യാക്കോബ് കുട്ടികളെയും ഭാര്യമാരെയും ഒട്ടകപ്പുറത്ത് കയറ്റി.+
18 പിന്നെ യാക്കോബ് താൻ സ്വരുക്കൂട്ടിയ എല്ലാ വസ്‌തുവകകളുമായി+ അപ്പനായ യിസ്ഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ആടുമാടുകളെയും പദ്ദൻ-അരാമിൽവെച്ച് സമ്പാദിച്ച എല്ലാ മൃഗങ്ങളെയും തെളിച്ചുകൊണ്ട് യാക്കോബ് കനാൻ ദേശത്തേക്കു പോന്നു.+
19 ലാബാൻ അപ്പോൾ ആടുകളുടെ രോമം കത്രിക്കാൻ പോയിരിക്കുകയായിരുന്നു. ആ സമയത്ത്, റാഹേൽ അപ്പന്റെ കുലദൈവപ്രതിമകൾ*+ മോഷ്ടിച്ചെടുത്തു.+
20 താൻ പോകുന്ന കാര്യം അരാമ്യനായ ലാബാനോടു പറയാതെ യാക്കോബ് തന്ത്രപൂർവം ലാബാന്റെ അടുത്തുനിന്ന് ഓടിപ്പോന്നു.
21 അങ്ങനെ യാക്കോബ് തനിക്കുള്ളതെല്ലാമായി നദി*+ കടന്ന് ഓടിപ്പോയി. പിന്നെ യാക്കോബ് ഗിലെയാദിലെ+ മലനാടു ലക്ഷ്യമാക്കി നീങ്ങി.
22 മൂന്നാം ദിവസമാണു യാക്കോബ് ഓടിപ്പോയ വിവരം ലാബാൻ അറിയുന്നത്.
23 അപ്പോൾ ലാബാൻ ബന്ധുക്കളെയും കൂട്ടി യാക്കോബിനെ പിന്തുടർന്നു; ഏഴാം ദിവസം ഗിലെയാദിലെ മലനാട്ടിൽവെച്ച് യാക്കോബിനൊപ്പം എത്തി.
24 എന്നാൽ രാത്രി ഒരു സ്വപ്നത്തിൽ ദൈവം അരാമ്യനായ+ ലാബാനു പ്രത്യക്ഷപ്പെട്ട്,+ “ഗുണമായാലും ദോഷമായാലും നീ സൂക്ഷിച്ച് വേണം യാക്കോബിനോടു സംസാരിക്കാൻ” എന്നു പറഞ്ഞു.+
25 ലാബാനും ബന്ധുക്കളും ഗിലെയാദിലെ മലനാട്ടിലെത്തി അവിടെ കൂടാരം അടിച്ചു. യാക്കോബും ആ മലയിലാണു കൂടാരം അടിച്ചിരുന്നത്. പിന്നെ ലാബാൻ യാക്കോബിന്റെ അടുത്ത് ചെന്ന്
26 ചോദിച്ചു: “നീ എന്താണ് ഈ ചെയ്‌തത്? എന്തിനാണു നീ തന്ത്രപൂർവം ഓടിപ്പോകുന്നത്? വാളുകൊണ്ട് പിടിച്ച ബന്ദികളെപ്പോലെ എന്റെ പെൺമക്കളെ കൊണ്ടുപോകുന്നത് എന്തിനാണ്?
27 എന്തുകൊണ്ടാണു നീ എന്നെ അറിയിക്കാതെ രഹസ്യത്തിൽ, തന്ത്രപൂർവം ഓടിപ്പോന്നത്? എന്നെ അറിയിച്ചിരുന്നെങ്കിൽ തപ്പോടും കിന്നരത്തോടും കൂടെ പാട്ടു പാടി ആഹ്ലാദത്തോടെ നിന്നെ യാത്രയയയ്ക്കുമായിരുന്നല്ലോ.
28 പക്ഷേ എന്റെ പെൺമക്കൾക്കും പേരക്കുട്ടികൾക്കും* ഉമ്മ കൊടുക്കാനുള്ള അവസരം നീ എനിക്കു തന്നില്ല. വിഡ്ഢിത്തമാണു നീ കാണിച്ചത്.
29 നിന്നെ ദ്രോഹിക്കാൻ എനിക്കു കഴിയാഞ്ഞിട്ടല്ല, എന്നാൽ ഇന്നലെ രാത്രി നിന്റെ അപ്പന്റെ ദൈവം എന്നോട്, ‘ഗുണമായാലും ദോഷമായാലും നീ സൂക്ഷിച്ച് വേണം യാക്കോബിനോടു സംസാരിക്കാൻ’+ എന്നു പറഞ്ഞു.
30 നിന്റെ അപ്പന്റെ വീട്ടിലേക്കു മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹം കാരണമാണു നീ പോന്നതെങ്കിൽ, പിന്നെ എന്തിനാണു നീ എന്റെ ദൈവങ്ങളെ മോഷ്ടിച്ചത്?”+
31 യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങയെ പേടിച്ചിട്ടാണു ഞാൻ അങ്ങനെ ചെയ്‌തത്. അങ്ങ് അങ്ങയുടെ പെൺമക്കളെ ബലമായി പിടിച്ചുവെക്കുമെന്നു ഞാൻ കരുതി.
32 എന്നാൽ ആരുടെയെങ്കിലും കൈവശം അങ്ങയുടെ ദൈവങ്ങളെ കണ്ടാൽ അയാൾ ജീവനോടിരിക്കരുത്. നമ്മുടെ ബന്ധുക്കൾ കാൺകെ എനിക്കുള്ളതെല്ലാം പരിശോധിച്ച് അങ്ങയുടേത് എന്തെങ്കിലും കാണുന്നെങ്കിൽ എടുത്തുകൊള്ളുക.” റാഹേൽ അവ മോഷ്ടിച്ച കാര്യം യാക്കോബ് അറിഞ്ഞിരുന്നില്ല.
33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലേക്കും ലേയയുടെ കൂടാരത്തിലേക്കും രണ്ടു ദാസിമാരുടെ+ കൂടാരത്തിലേക്കും ചെന്നു. എന്നാൽ അവ കണ്ടെത്താനായില്ല. പിന്നെ ലാബാൻ ലേയയുടെ കൂടാരത്തിൽനിന്ന് പുറത്ത് വന്ന് റാഹേലിന്റെ കൂടാരത്തിൽ കയറി.
34 റാഹേൽ ആ പ്രതിമകൾ ഒട്ടകക്കോപ്പിൽ സ്ത്രീകളുടെ സഞ്ചിയിലിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. അതിനാൽ കൂടാരം മുഴുവൻ പരതിയിട്ടും അവ കണ്ടുകിട്ടിയില്ല.
35 അപ്പോൾ റാഹേൽ അപ്പനോടു പറഞ്ഞു: “എന്റെ യജമാനൻ കോപിക്കരുതേ. എനിക്കു മാസമുറയുടെ സമയമായതിനാൽ അപ്പന്റെ മുന്നിൽ എഴുന്നേൽക്കാൻ കഴിയില്ല.”+ അതുകൊണ്ട് ലാബാൻ എത്ര തിരഞ്ഞിട്ടും പ്രതിമകൾ കണ്ടെത്താനായില്ല.+
36 അപ്പോൾ ലാബാനെ കുറ്റപ്പെടുത്തിക്കൊണ്ട് യാക്കോബ് ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു: “എന്താണു ഞാൻ ചെയ്‌ത കുറ്റം? ഞാൻ എന്തു പാപം ചെയ്തിട്ടാണ് ഇത്ര തിടുക്കത്തിൽ എന്റെ പുറകേ വന്നത്?
37 എന്റെ വസ്തുവകകളെല്ലാം അങ്ങ് പരിശോധിച്ചു. അങ്ങയുടെ വീട്ടിലുള്ള എന്തെങ്കിലും ഇവിടെനിന്ന് കിട്ടിയോ? എങ്കിൽ അതു നമ്മുടെ ബന്ധുക്കളുടെ മുന്നിൽ വെക്ക്. അവർ നമ്മളെ വിധിക്കട്ടെ.
38 ഇക്കഴിഞ്ഞ 20 വർഷം ഞാൻ അങ്ങയോടൊപ്പമുണ്ടായിരുന്നു. ഒരിക്കൽപ്പോലും അങ്ങയുടെ ചെമ്മരിയാടുകളുടെയോ കോലാടുകളുടെയോ ഗർഭം അലസിയിട്ടില്ല.+ ഞാൻ ഒരിക്കലും അങ്ങയുടെ ആട്ടിൻപറ്റത്തിലെ മുട്ടനാടുകളെ പിടിച്ച് തിന്നിട്ടില്ല.
39 വന്യമൃഗങ്ങൾ+ കടിച്ചുകീറിയ ഒന്നിനെയും ഞാൻ അങ്ങയുടെ അടുത്ത് കൊണ്ടുവന്നിട്ടില്ല; ഞാൻതന്നെ അതിന്റെ നഷ്ടം സഹിച്ചു. പകലാകട്ടെ രാത്രിയാകട്ടെ ഒരു മൃഗം മോഷണം പോയാൽ അതിന്റെ നഷ്ടപരിഹാരം എന്നോടു ചോദിക്കില്ലായിരുന്നോ?
40 പകൽ ചൂടും രാത്രി തണുപ്പും എന്നെ കാർന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളിൽനിന്ന് ഓടിയകന്നു.+
41 അങ്ങനെ 20 വർഷം ഞാൻ അങ്ങയുടെ വീട്ടിൽ കഴിഞ്ഞു. അങ്ങയുടെ രണ്ടു പെൺമക്കൾക്കുവേണ്ടി 14 വർഷവും ആട്ടിൻപറ്റത്തിനുവേണ്ടി 6 വർഷവും ഞാൻ സേവിച്ചു. പത്തു തവണ എന്റെ കൂലി മാറ്റി.+
42 എന്റെ അപ്പന്റെ ദൈവം,+ അതായത് അബ്രാഹാമിന്റെ ദൈവം, യിസ്ഹാക്ക് ഭയഭക്തിയോടെ വീക്ഷിക്കുന്ന ദൈവം,*+ എന്നോടൊപ്പമില്ലായിരുന്നെങ്കിൽ എന്നെ ഇന്ന് അങ്ങ് വെറുങ്കൈയോടെ പറഞ്ഞയയ്ക്കില്ലായിരുന്നോ? ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അധ്വാനവും കണ്ടിരിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രി ദൈവം അങ്ങയെ ശാസിച്ചത്.”+
43 അപ്പോൾ ലാബാൻ യാക്കോബിനോടു പറഞ്ഞു: “പെൺമക്കൾ എന്റെ പെൺമക്കളും കുട്ടികൾ എന്റെ കുട്ടികളും ആട്ടിൻപറ്റം എന്റെ ആട്ടിൻപറ്റവും ആണ്. നീ ഈ കാണുന്നതെല്ലാം എന്റെയും എന്റെ പെൺമക്കളുടെയും ആണ്. ഇവർക്കും ഇവർ പ്രസവിച്ച മക്കൾക്കും എതിരെ ഇന്നു ഞാൻ എന്തെങ്കിലും ചെയ്യുമോ?
44 വരുക, നമുക്കു രണ്ടു പേർക്കും ഒരു ഉടമ്പടി ചെയ്യാം. അതു നമുക്കിടയിൽ ഒരു സാക്ഷിയായിരിക്കും.”
45 അങ്ങനെ യാക്കോബ് ഒരു കല്ല് എടുത്ത് തൂണായി നാട്ടി.+
46 പിന്നെ യാക്കോബ് ബന്ധുക്കളോട്, “കല്ലുകൾ എടുക്കുക” എന്നു പറഞ്ഞു. അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമായി കൂട്ടി. തുടർന്ന് അവർ ആ കൂമ്പാരത്തിൽവെച്ച് ഭക്ഷണം കഴിച്ചു.
47 അന്നുമുതൽ ലാബാൻ അതിനെ യഗർ-സാഹദൂഥ* എന്നു വിളിച്ചു. എന്നാൽ യാക്കോബ് അതിനെ ഗലേദ്* എന്നു വിളിച്ചു.
48 അപ്പോൾ ലാബാൻ, “ഈ കൽക്കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ടാണ് യാക്കോബ് അതിനു ഗലേദ്+ എന്നും
49 കാവൽഗോപുരം എന്നും പേരിട്ടത്. കാരണം ലാബാൻ പറഞ്ഞു: “ഞാനും നീയും പരസ്‌പരം അകന്നിരിക്കുമ്പോൾ യഹോവ നിനക്കും എനിക്കും മധ്യേ കാവൽ നിൽക്കട്ടെ.
50 നീ എന്റെ പെൺമക്കളെ ഉപദ്രവിക്കുകയോ മറ്റു സ്ത്രീകളെ വിവാഹം കഴിക്കുകയോ ചെയ്‌താൽ, മനുഷ്യർ ആരും കാണുന്നില്ലെങ്കിലും, ദൈവം നിനക്കും എനിക്കും മധ്യേ സാക്ഷിയാണെന്ന കാര്യം നീ ഓർക്കണം.”
51 ലാബാൻ ഇങ്ങനെയും പറഞ്ഞു: “ഇതാ, എനിക്കും നിനക്കും മധ്യേ ഞാൻ ഉയർത്തിയ കൽക്കൂമ്പാരവും തൂണും!
52 നിന്നെ ദ്രോഹിക്കാൻ ഈ കൽക്കൂമ്പാരം കടന്ന് ഞാനും, എന്നെ ദ്രോഹിക്കാൻ ഈ കൽക്കൂമ്പാരവും തൂണും കടന്ന് നീയും വരില്ല എന്നതിന് ഈ കൽക്കൂമ്പാരവും തൂണും സാക്ഷിയാണ്.+
53 അബ്രാഹാമിന്റെ ദൈവവും+ നാഹോരിന്റെ ദൈവവും, അതായത് അവരുടെ അപ്പന്റെ ദൈവം, നമുക്കു മധ്യേ ന്യായം വിധിക്കട്ടെ.” അപ്പോൾ യാക്കോബ് അപ്പനായ യിസ്ഹാക്ക് ഭയഭക്തിയോടെ വീക്ഷിക്കുന്ന ദൈവത്തിന്റെ+ നാമത്തിൽ* സത്യം ചെയ്‌തു.
54 പിന്നെ യാക്കോബ് ആ മലയിൽ ഒരു ബലി അർപ്പിച്ചശേഷം ബന്ധുക്കളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അവർ ഭക്ഷണം കഴിച്ച് ആ മലയിൽ രാത്രിതങ്ങി.
55 ലാബാൻ അതിരാവിലെ എഴുന്നേറ്റ് പെൺമക്കൾക്കും പേരക്കുട്ടികൾക്കും*+ ഉമ്മ കൊടുത്ത് അവരെ അനുഗ്രഹിച്ചു.+ പിന്നെ ലാബാൻ അവരെ വിട്ട് വീട്ടിലേക്കു തിരിച്ചുപോയി.+
അടിക്കുറിപ്പുകള്‍
^ അഥവാ “കുടുംബദൈവങ്ങൾ; വിഗ്രഹങ്ങൾ.”
^ അതായത്, യൂഫ്രട്ടീസ്.
^ അക്ഷ. “ആൺമക്കൾക്കും.”
^ അക്ഷ. “യിസ്ഹാക്കിന്റെ ഭയം.”
^ ഒരു അരമായ പദപ്രയോഗം. അർഥം: “സാക്ഷ്യത്തിന്റെ കൂമ്പാരം.”
^ ഒരു എബ്രായ പദപ്രയോഗം. അർഥം: “സാക്ഷ്യത്തിന്റെ കൂമ്പാരം.”
^ അക്ഷ. “യിസ്ഹാക്കിന്റെ ഭയത്തെച്ചൊല്ലി.”
^ അക്ഷ. “ആൺമക്കൾക്കും.”