ഉൽപത്തി 35:1-29
35 അതിനു ശേഷം ദൈവം യാക്കോബിനോടു പറഞ്ഞു: “എഴുന്നേറ്റ് ബഥേലിലേക്കു+ ചെന്ന് അവിടെ താമസിക്കുക. നിന്റെ ചേട്ടനായ ഏശാവിന്റെ അടുത്തുനിന്ന് ഓടിപ്പോന്നപ്പോൾ+ നിനക്കു പ്രത്യക്ഷനായ സത്യദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുക.”
2 അപ്പോൾ യാക്കോബ് വീട്ടിലുള്ളവരോടും കൂടെയുള്ള എല്ലാവരോടും പറഞ്ഞു: “നിങ്ങൾക്കിടയിലെ അന്യദൈവങ്ങളെയെല്ലാം നീക്കിക്കളഞ്ഞിട്ട്+ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം മാറുക.
3 നമുക്കു ബഥേലിലേക്കു പോകാം. എന്റെ കഷ്ടകാലങ്ങളിലെല്ലാം എനിക്ക് ഉത്തരം തരുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം*+ എന്നോടുകൂടെ ഇരിക്കുകയും ചെയ്‌ത സത്യദൈവത്തിന് അവിടെ ഞാൻ ഒരു യാഗപീഠം പണിയും.”
4 അങ്ങനെ അവർ അവരുടെ കൈയിലുണ്ടായിരുന്ന എല്ലാ അന്യദേവവിഗ്രഹങ്ങളും ചെവിയിലണിഞ്ഞിരുന്ന കമ്മലുകളും യാക്കോബിനു കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിന് അടുത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.*
5 പിന്നെ അവർ യാത്ര ആരംഭിച്ചു. ദൈവത്തെക്കുറിച്ചുള്ള ഉഗ്രഭയം ചുറ്റുമുള്ള നഗരങ്ങളെ പിടികൂടിയിരുന്നതിനാൽ അവർ യാക്കോബിന്റെ മക്കളെ പിന്തുടർന്നില്ല.
6 ഒടുവിൽ യാക്കോബും കൂടെയുള്ള എല്ലാവരും കനാൻ ദേശത്തെ ലുസിൽ,+ അതായത് ബഥേലിൽ, എത്തിച്ചേർന്നു.
7 യാക്കോബ് അവിടെ ഒരു യാഗപീഠം പണിത് ആ സ്ഥലത്തെ ഏൽ-ബഥേൽ* എന്നു വിളിച്ചു. കാരണം സ്വന്തം ചേട്ടന്റെ അടുത്തുനിന്ന് ഓടിപ്പോയ സമയത്ത്+ അവിടെവെച്ചാണു യാക്കോബിനു സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത്.
8 പിന്നീട് റിബെക്കയുടെ വളർത്തമ്മയായ ദബോര+ മരിച്ചു. ബഥേലിന്റെ അടിവാരത്തുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ദബോരയെ അടക്കം ചെയ്‌തു. അതുകൊണ്ട്, യാക്കോബ് അതിന് അല്ലോൻ-ബാഖൂത്ത്* എന്നു പേരിട്ടു.
9 യാക്കോബ് പദ്ദൻ-അരാമിൽനിന്ന് മടങ്ങിവരുമ്പോൾ ദൈവം ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെട്ട് യാക്കോബിനെ അനുഗ്രഹിച്ചു.
10 ദൈവം പറഞ്ഞു: “നിന്റെ പേര് യാക്കോബ് എന്നാണല്ലോ.+ എന്നാൽ ഇനിമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും.”+ അങ്ങനെ ദൈവം യാക്കോബിനെ ഇസ്രായേൽ എന്നു വിളിച്ചുതുടങ്ങി.
11 ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്.+ നീ സന്താനസമൃദ്ധിയുള്ളവനായി പെരുകുക! ജനതകളും ജനതകളുടെ ഒരു സഭയും നിന്നിൽനിന്ന് പുറപ്പെടും.+ രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും.*+
12 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും* കൊടുക്കും.”+
13 പിന്നെ, യാക്കോബിനോടു സംസാരിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്ന് ദൈവം പോയി.
14 ദൈവം തന്നോടു സംസാരിച്ച ആ സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നാട്ടി. അതിനു മേൽ പാനീയയാഗം ചൊരിഞ്ഞു; എണ്ണയും പകർന്നു.+
15 ദൈവം സംസാരിച്ച ആ സ്ഥലത്തെ യാക്കോബ് ബഥേൽ എന്നുതന്നെ വിളിച്ചു.+
16 പിന്നെ അവർ ബഥേലിൽനിന്ന് യാത്ര തിരിച്ചു. അവർ എഫ്രാത്തയിൽ എത്തുന്നതിനു വളരെ മുമ്പുതന്നെ റാഹേൽ പ്രസവിച്ചു. പക്ഷേ പ്രസവസമയത്ത് റാഹേലിന് അസാധാരണമായ വേദന അനുഭവപ്പെട്ടു.
17 പ്രസവിക്കാൻ വളരെ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ വയറ്റാട്ടി പറഞ്ഞു: “പേടിക്കേണ്ടാ, നിനക്ക് ഈ മകനെയും ലഭിക്കും.”+
18 പ്രാണൻ പോകുന്ന സമയത്ത് (കാരണം റാഹേൽ മരിക്കുകയായിരുന്നു.) റാഹേൽ കുഞ്ഞിനു ബനോനി* എന്നു പേരിട്ടു. എന്നാൽ അവന്റെ അപ്പൻ അവനെ ബന്യാമീൻ*+ എന്നു വിളിച്ചു.
19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്‌തു.
20 യാക്കോബ് റാഹേലിന്റെ ശവകുടീരത്തിനു മുകളിൽ ഒരു തൂൺ നാട്ടി. ആ തൂണാണു റാഹേലിന്റെ ശവകുടീരത്തിന്റെ തൂൺ എന്ന പേരിൽ ഇന്നും നിൽക്കുന്നത്.
21 അതിനു ശേഷം ഇസ്രായേൽ പുറപ്പെട്ട് ഏദെർ ഗോപുരത്തിന് അപ്പുറം കുറെ മാറി കൂടാരം അടിച്ചു.
22 ഇസ്രായേൽ ആ ദേശത്ത് താമസിക്കുമ്പോൾ ഒരിക്കൽ രൂബേൻ ചെന്ന് അപ്പന്റെ ഉപപത്‌നിയായ* ബിൽഹയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇക്കാര്യം ഇസ്രായേൽ അറിഞ്ഞു.+
യാക്കോബിന് 12 ആൺമക്കളായിരുന്നു.
23 ലേയയിൽ ഉണ്ടായ ആൺമക്കൾ: മൂത്ത മകൻ രൂബേൻ,+ പിന്നെ ശിമെയോൻ, ലേവി, യഹൂദ, യിസ്സാഖാർ, സെബുലൂൻ.
24 റാഹേലിൽ ഉണ്ടായ ആൺമക്കൾ: യോസേഫ്, ബന്യാമീൻ.
25 റാഹേലിന്റെ ദാസി ബിൽഹയിൽ ഉണ്ടായ ആൺമക്കൾ: ദാൻ, നഫ്താലി.
26 ലേയയുടെ ദാസി സില്പയിൽ ഉണ്ടായ ആൺമക്കൾ: ഗാദ്, ആശേർ. ഇവരെല്ലാമാണു പദ്ദൻ-അരാമിൽവെച്ച് യാക്കോബിന് ഉണ്ടായ ആൺമക്കൾ.
27 ഒടുവിൽ യാക്കോബ് അപ്പൻ താമസിച്ചിരുന്ന സ്ഥലത്ത്, അതായത് ഹെബ്രോൻ എന്ന് അറിയപ്പെടുന്ന കിര്യത്ത്-അർബയിലെ മമ്രേയിൽ,+ എത്തി. അവിടെയാണ് അബ്രാഹാമും യിസ്ഹാക്കും പരദേശികളായി താമസിച്ചിരുന്നത്.+
28 യിസ്‌ഹാക്ക് 180 വർഷം ജീവിച്ചു.+
29 പിന്നെ അന്ത്യശ്വാസം വലിച്ചു. സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ* യിസ്‌ഹാക്ക് മരിച്ച് തന്റെ ജനത്തോടു ചേർന്നു.* മക്കളായ ഏശാവും യാക്കോബും ചേർന്ന് യിസ്ഹാക്കിനെ അടക്കം ചെയ്‌തു.+
അടിക്കുറിപ്പുകള്‍
^ അഥവാ “വഴിയിലെല്ലാം.”
^ അഥവാ “മറച്ചുവെച്ചു.”
^ അർഥം: “ബഥേലിലെ ദൈവം.”
^ അർഥം: “വിലാപത്തിന്റെ ഓക്ക് മരം.”
^ അക്ഷ. “നിന്റെ അരയിൽനിന്ന് പുറപ്പെടും.”
^ അക്ഷ. “വിത്തിനും.”
^ അർഥം: “എന്റെ ദുഃഖത്തിന്റെ പുത്രൻ.”
^ അർഥം: “വലതുകൈയായ പുത്രൻ.”
^ അക്ഷ. “പ്രായംചെന്ന് നാളുകൾ നിറഞ്ഞവനായി.”
^ മരണത്തെ കുറിക്കുന്ന കാവ്യഭാഷ.