ഉൽപത്തി 37:1-36
37 അപ്പനായ യിസ്ഹാക്ക് പരദേശിയായി+ താമസിച്ചിരുന്ന കനാൻ ദേശത്തുതന്നെ യാക്കോബ് തുടർന്നും താമസിച്ചു.
2 യാക്കോബിന്റെ ചരിത്രം:
യോസേഫിന്+ 17 വയസ്സുള്ളപ്പോൾ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും ആൺമക്കളോടൊപ്പം+ യോസേഫ് ആടുകളെ മേയ്‌ക്കാൻ+ പോയി. അവരുടെ ദുഷ്ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയ യോസേഫ് അക്കാര്യം അപ്പനെ അറിയിച്ചു.
3 തനിക്കു വാർധക്യത്തിൽ ഉണ്ടായ മകനായതുകൊണ്ട് ഇസ്രായേൽ മറ്റു മക്കളെക്കാൾ+ അധികം യോസേഫിനെ സ്നേഹിച്ചു. ഇസ്രായേൽ വിശേഷപ്പെട്ട ഒരു നീളൻ കുപ്പായം* ഉണ്ടാക്കി യോസേഫിനു കൊടുത്തു.
4 അപ്പനു തങ്ങളെക്കാൾ ഇഷ്ടം യോസേഫിനോടാണെന്നു കണ്ടപ്പോൾ യോസേഫിന്റെ ചേട്ടന്മാർ യോസേഫിനെ വെറുത്തുതുടങ്ങി. യോസേഫിനോടു സമാധാനത്തോടെ സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല.
5 പിന്നീട് ഒരിക്കൽ, യോസേഫ് ഒരു സ്വപ്‌നം കണ്ടു. അതെക്കുറിച്ച് യോസേഫ് തന്റെ ചേട്ടന്മാരോടു പറഞ്ഞപ്പോൾ+ അവർക്കു യോസേഫിനോടു കൂടുതൽ വെറുപ്പു തോന്നി.
6 യോസേഫ് അവരോടു പറഞ്ഞു: “ഞാൻ കണ്ട സ്വപ്നമൊന്നു കേൾക്കൂ.
7 നമ്മൾ വയലിന്റെ നടുവിൽവെച്ച് കറ്റ കെട്ടുകയായിരുന്നു. അപ്പോൾ എന്റെ കറ്റ എഴുന്നേറ്റ് നിവർന്ന് നിന്നു. നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ കുമ്പിട്ട് നമസ്കരിച്ചു.”+
8 അപ്പോൾ അവർ യോസേഫിനോട്, “നീ നിന്നെത്തന്നെ രാജാവാക്കി ഞങ്ങളെ ഭരിക്കുമെന്നാണോ”+ എന്നു ചോദിച്ചു. യോസേഫിന്റെ സ്വപ്നങ്ങളും യോസേഫ് പറഞ്ഞ കാര്യങ്ങളും കാരണം അവർക്കു യോസേഫിനോടുള്ള വെറുപ്പു കൂടി.
9 പിന്നീട് യോസേഫ് മറ്റൊരു സ്വപ്‌നം കണ്ടു. യോസേഫ് അതും അവരോടു വിവരിച്ചു: “ഞാൻ വേറെയൊരു സ്വപ്‌നം കണ്ടു. ഇത്തവണ, സൂര്യനും ചന്ദ്രനും 11 നക്ഷത്രങ്ങളും എന്റെ മുന്നിൽ കുമ്പിടുന്നതാണു ഞാൻ കണ്ടത്.”+
10 യോസേഫ് അത് അപ്പനോടും ചേട്ടന്മാരോടും വിവരിച്ചപ്പോൾ അപ്പൻ യോസേഫിനെ ശകാരിച്ചുകൊണ്ട് പറഞ്ഞു: “എന്താണു നിന്റെ ഈ സ്വപ്നത്തിന്റെ അർഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്റെ മുന്നിൽ വന്ന് നിന്നെ കുമ്പിട്ട് നമസ്കരിക്കുമെന്നാണോ?”
11 യോസേഫിന്റെ ചേട്ടന്മാർക്കു യോസേഫിനോടുള്ള അസൂയ വർധിച്ചു.+ എന്നാൽ അപ്പൻ യോസേഫിന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു.
12 ഒരിക്കൽ യോസേഫിന്റെ ചേട്ടന്മാർ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്‌ക്കാൻ ശെഖേമിന്+ അടുത്തേക്കു പോയി.
13 കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “നിന്റെ ചേട്ടന്മാർ ശെഖേമിന് അടുത്ത് ആടുകളെ മേയ്ക്കുകയല്ലേ? വരൂ, ഞാൻ നിന്നെ അവരുടെ അടുത്തേക്ക് അയയ്‌ക്കട്ടെ.” യോസേഫ് അപ്പനോട്, “ഞാൻ പോകാം” എന്നു പറഞ്ഞു.
14 അപ്പോൾ ഇസ്രായേൽ പറഞ്ഞു: “നീ ചെന്ന് നിന്റെ ചേട്ടന്മാർ സുഖമായിരിക്കുന്നോ എന്ന് അന്വേഷിക്കുക; ആടുകൾ എങ്ങനെയുണ്ടെന്നും നോക്കണം. എന്നിട്ട്, മടങ്ങിവന്ന് എന്നെ വിവരം അറിയിക്കുക.” അങ്ങനെ ഇസ്രായേൽ യോസേഫിനെ ഹെബ്രോൻ+ താഴ്വരയിൽനിന്ന് യാത്രയാക്കി. യോസേഫ് ശെഖേമിലേക്കു പോയി.
15 പിന്നീട്, യോസേഫ് ഒരു വയലിലൂടെ ചുറ്റിനടക്കുന്നതു കണ്ട് ഒരു മനുഷ്യൻ, “നീ എന്താണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു.
16 യോസേഫ് പറഞ്ഞു: “ഞാൻ എന്റെ ചേട്ടന്മാരെ അന്വേഷിക്കുകയാണ്. അവർ എവിടെയാണ് ആടുകളെ മേയ്ക്കുന്നതെന്നു പറയാമോ?”
17 ആ മനുഷ്യൻ പറഞ്ഞു: “അവർ ഇവിടെനിന്ന് പോയി. ‘നമുക്കു ദോഥാനിലേക്കു പോകാം’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു.” അങ്ങനെ യോസേഫ് തന്റെ ചേട്ടന്മാരെ തേടിച്ചെന്ന് ദോഥാനിൽ അവരെ കണ്ടെത്തി.
18 യോസേഫ് വരുന്നതു ദൂരെനിന്നുതന്നെ അവർ കണ്ടു. യോസേഫ് അടുത്ത് എത്തുന്നതിനു മുമ്പ് അവർ കൂടിയാലോചിച്ച് യോസേഫിനെ കൊല്ലാൻ പദ്ധതിയിട്ടു.
19 അവർ തമ്മിൽത്തമ്മിൽ പറഞ്ഞു: “ദേ, നോക്ക്, സ്വപ്‌നക്കാരൻ+ വരുന്നുണ്ട്.
20 നമുക്ക് അവനെ കൊന്ന് ഇവിടെയുള്ള ഒരു കുഴിയിൽ ഇട്ടിട്ട് ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞെന്നു പറയാം. അവന്റെ സ്വപ്നങ്ങളൊക്കെ എന്താകുമെന്നു കാണാമല്ലോ!”
21 ഇതു കേട്ട രൂബേൻ,+ യോസേഫിനെ അവരുടെ കൈയിൽനിന്ന് രക്ഷിക്കാൻവേണ്ടി ഇങ്ങനെ പറഞ്ഞു: “നമ്മൾ അവന്റെ ജീവനെടുക്കാൻ പാടില്ല.”+
22 രൂബേൻ പിന്നെ ഇങ്ങനെ പറഞ്ഞു: “രക്തം ചൊരിയരുത്.+ നമുക്ക് അവനെ വിജനഭൂമിയിലെ ഈ കുഴിയിൽ ഇടാം. അവന്റെ മേൽ കൈവയ്ക്കരുത്.”+ യോസേഫിനെ അവരുടെ കൈയിൽനിന്ന് രക്ഷിച്ച് അപ്പന്റെ അടുത്ത് എത്തിക്കുക എന്നതായിരുന്നു രൂബേന്റെ ഉദ്ദേശ്യം.
23 യോസേഫ് അടുത്ത് എത്തിയ ഉടനെ അവർ യോസേഫ് ഇട്ടിരുന്ന വിശേഷപ്പെട്ട ആ നീളൻ കുപ്പായം+ ഊരിയെടുത്തു.
24 പിന്നെ യോസേഫിനെ പിടിച്ച് ഒരു കുഴിയിൽ തള്ളി. ആ സമയത്ത് അതിൽ വെള്ളമുണ്ടായിരുന്നില്ല.
25 പിന്നെ അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവർ നോക്കിയപ്പോൾ ഗിലെയാദിൽനിന്ന് യിശ്‌മായേല്യരുടെ+ ഒരു കച്ചവടസംഘം വരുന്നതു കണ്ടു. സുഗന്ധപ്പശ, സുഗന്ധക്കറ, മരപ്പട്ട+ എന്നിവ ഒട്ടകങ്ങളുടെ പുറത്ത് കയറ്റി ഈജിപ്തിലേക്കു പോകുകയായിരുന്നു അവർ.
26 അപ്പോൾ യഹൂദ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ അനിയനെ കൊന്ന് അവന്റെ രക്തം മറച്ചുവെച്ചിട്ട്+ നമുക്ക് എന്തു പ്രയോജനം?
27 വരൂ, നമുക്ക് അവനെ യിശ്മായേല്യർക്കു വിൽക്കാം;+ അവന്റെ മേൽ കൈവയ്ക്കേണ്ടാ. ഒന്നുമല്ലെങ്കിലും അവൻ നമ്മുടെ അനിയനല്ലേ, നമ്മുടെതന്നെ രക്തം!”* അവർ യഹൂദയുടെ വാക്കു കേട്ടു.
28 മിദ്യാന്യവ്യാപാരികൾ+ അതുവഴി കടന്നുപോയപ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്ന് വലിച്ചുകയറ്റി, 20 വെള്ളിക്കാശിനു യിശ്മായേല്യർക്കു വിറ്റു.+ അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി.
29 പിന്നീട്, രൂബേൻ വന്ന് നോക്കിയപ്പോൾ യോസേഫ് കുഴിയിലില്ലെന്നു കണ്ടിട്ട് വസ്‌ത്രം കീറി,
30 മറ്റു സഹോദരന്മാരുടെ അടുത്ത് ചെന്ന് പരിഭ്രമത്തോടെ പറഞ്ഞു: “കുട്ടിയെ കാണാനില്ല! ഞാൻ, ഞാൻ ഇനി എന്തു ചെയ്യും?”
31 അവർ ഒരു മുട്ടനാടിനെ കൊന്ന് അതിന്റെ രക്തത്തിൽ യോസേഫിന്റെ കുപ്പായം മുക്കി.
32 പിന്നെ അവർ ആ കുപ്പായം അപ്പനു കൊടുത്തയച്ചിട്ട് ഇങ്ങനെ അറിയിച്ചു: “ഇതു ഞങ്ങൾക്കു കിട്ടിയതാണ്. ഇതു മകന്റെ കുപ്പായമാണോ+ എന്നു നോക്കാമോ?”
33 യാക്കോബ് അതു നോക്കിയിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു: “ഇത് എന്റെ മോന്റെ കുപ്പായംതന്നെയാണ്! ഏതെങ്കിലും ക്രൂരമൃഗം അവനെ കൊന്ന് തിന്നുകാണും! അതു യോസേഫിനെ പിച്ചിച്ചീന്തിയിട്ടുണ്ടാകും, ഉറപ്പ്!”
34 പിന്നെ യാക്കോബ് വസ്‌ത്രം കീറി, അരയിൽ വിലാപവസ്ത്രം ഉടുത്ത് കുറെ ദിവസം മകനെ ഓർത്ത് കരഞ്ഞു.
35 ആൺമക്കളും പെൺമക്കളും എല്ലാം യാക്കോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആശ്വാസം സ്വീകരിക്കാൻ മനസ്സില്ലാതെ യാക്കോബ് പറഞ്ഞു: “എന്റെ മകനെ ഓർത്ത് കരഞ്ഞുകൊണ്ട് ഞാൻ ശവക്കുഴിയിൽ*+ ഇറങ്ങും.” അങ്ങനെ യോസേഫിന്റെ അപ്പൻ അവനെ ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു.
36 എന്നാൽ, മിദ്യാന്യർ യോസേഫിനെ ഈജിപ്തിൽ ഫറവോന്റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥന്, കാവൽക്കാരുടെ മേധാവിയായ+ പോത്തിഫറിന്, വിറ്റു.+