ഉൽപത്തി 40:1-23
40 അങ്ങനെയിരിക്കെ, ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകരുടെ പ്രമാണിയും+ അപ്പക്കാരുടെ പ്രമാണിയും അവരുടെ യജമാനനായ രാജാവിനോടു പാപം ചെയ്‌തു.
2 അതുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥന്മാരോടും—പാനപാത്രവാഹകരുടെ പ്രമാണിയോടും അപ്പക്കാരുടെ പ്രമാണിയോടും+—ഫറവോൻ കോപിച്ചു.
3 അവരെ കാവൽക്കാരുടെ മേധാവിയുടെ+ വീട്ടിലെ ജയിലിൽ, യോസേഫ് തടവുകാരനായി കഴിഞ്ഞിരുന്ന അതേ സ്ഥലത്ത്,+ ഏൽപ്പിച്ചു.
4 അപ്പോൾ കാവൽക്കാരുടെ മേധാവി അവരെ പരിചരിക്കാനായി യോസേഫിനെ അവരുടെകൂടെ നിയമിച്ചു.+ അവർ കുറച്ച് കാലം* ആ ജയിലിൽ കഴിഞ്ഞു.
5 തടവറയിലായിരുന്ന അവർ ഇരുവരും—ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും—ഒരു രാത്രിതന്നെ ഓരോ സ്വപ്‌നം കണ്ടു. ഓരോന്നിനും അതിന്റേതായ വ്യാഖ്യാനമുണ്ടായിരുന്നു.
6 പിറ്റേന്നു രാവിലെ യോസേഫ് അകത്ത് വന്ന് നോക്കിയപ്പോൾ അവർ വിഷമിച്ചിരിക്കുന്നതു കണ്ടു.
7 അപ്പോൾ യോസേഫ് തന്നോടൊപ്പം യജമാനന്റെ ഭവനത്തിൽ തടവിലായിരുന്ന ഫറവോന്റെ ഉദ്യോഗസ്ഥരോട്, “എന്താണ് ഇന്നു നിങ്ങളുടെ മുഖം വാടിയിരിക്കുന്നത്” എന്നു ചോദിച്ചു.
8 അവർ പറഞ്ഞു: “ഞങ്ങൾ രണ്ടും ഓരോ സ്വപ്‌നം കണ്ടു. പക്ഷേ അവ വ്യാഖ്യാനിച്ചുതരാൻ ഇവിടെ ആരുമില്ല.” യോസേഫ് അവരോടു പറഞ്ഞു: “സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?+ ദയവായി അത് എന്നോടു പറയുക.”
9 അങ്ങനെ പാനപാത്രവാഹകരുടെ പ്രമാണി തന്റെ സ്വപ്‌നം യോസേഫിനോടു വിവരിച്ചു. അയാൾ പറഞ്ഞു: “സ്വപ്നത്തിൽ ഞാൻ ഒരു മുന്തിരിവള്ളി കണ്ടു.
10 ആ മുന്തിരിവള്ളിയിൽ മൂന്നു ചെറുചില്ലകളുണ്ടായിരുന്നു. അവയിൽ മുള പൊട്ടുകയും അതു പൂവിടുകയും അതിൽ മുന്തിരിക്കുലകൾ പഴുത്ത് പാകമാകുകയും ചെയ്‌തു.
11 എന്റെ കൈകളിൽ ഫറവോന്റെ പാനപാത്രമുണ്ടായിരുന്നു. ഞാൻ മുന്തിരിപ്പഴങ്ങൾ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ചു. അതിനു ശേഷം ഞാൻ പാനപാത്രം ഫറവോന്റെ കൈയിൽ കൊടുത്തു.”
12 അപ്പോൾ യോസേഫ് അയാളോടു പറഞ്ഞു: “സ്വപ്നത്തിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു ചില്ല മൂന്നു ദിവസം.
13 മൂന്നു ദിവസത്തിനകം ഫറവോൻ താങ്കളെ മോചിപ്പിച്ച്* ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കും.+ ഫറവോന്റെ പാനപാത്രവാഹകനായിരുന്ന കാലത്ത് ചെയ്തിരുന്നതുപോലെ താങ്കൾ പാനപാത്രം ഫറവോന്റെ കൈയിൽ കൊടുക്കും.+
14 എന്നാൽ, കാര്യങ്ങളെല്ലാം ശരിയായിക്കഴിയുമ്പോൾ താങ്കൾ എന്നെ ഓർക്കണം. ദയവുചെയ്ത് എന്നോട് അചഞ്ചലമായ സ്‌നേഹം കാണിച്ച് എന്റെ കാര്യം ഫറവോനോട് ഉണർത്തിക്കുകയും എന്നെ ഇവിടെനിന്ന് മോചിപ്പിക്കുകയും വേണം.
15 വാസ്‌തവത്തിൽ എന്നെ എബ്രായരുടെ ദേശത്തുനിന്ന് തട്ടിക്കൊണ്ടുപോന്നതാണ്.+ അവർ എന്നെ ഈ തടവറയിൽ* ഇടാൻ ഒരു കാരണവുമില്ല; ഇവിടെയും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.”+
16 യോസേഫിന്റെ വ്യാഖ്യാനം നല്ലതെന്നു കണ്ടപ്പോൾ അപ്പക്കാരുടെ പ്രമാണിയും യോസേഫിനോടു പറഞ്ഞു: “ഞാനും ഒരു സ്വപ്‌നം കണ്ടു. എന്റെ തലയിൽ മൂന്നു കൊട്ട വെളുത്ത അപ്പമുണ്ടായിരുന്നു.
17 മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാ തരം പലഹാരങ്ങളുമുണ്ടായിരുന്നു. എന്റെ തലയിലെ ആ കൊട്ടയിൽനിന്ന് പക്ഷികൾ അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.”
18 അപ്പോൾ യോസേഫ് പറഞ്ഞു: “സ്വപ്നത്തിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കൊട്ട മൂന്നു ദിവസം.
19 മൂന്നു ദിവസത്തിനകം ഫറവോൻ താങ്കളുടെ തല വെട്ടി താങ്കളെ സ്തംഭത്തിൽ തൂക്കും; പക്ഷികൾ താങ്കളുടെ മാംസം തിന്നും.”+
20 മൂന്നാം ദിവസം ഫറവോന്റെ ജന്മദിനമായിരുന്നു.+ അന്നു ഫറവോൻ തന്റെ എല്ലാ ദാസർക്കുംവേണ്ടി ഒരു വിരുന്നു നടത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും പുറത്ത് കൊണ്ടുവന്ന് തന്റെ ദാസരുടെ മുമ്പാകെ നിറുത്തി.
21 ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെ തത്സ്ഥാനത്ത് തിരികെ നിയമിച്ചു; അയാൾ പഴയതുപോലെ ഫറവോനു പാനപാത്രം കൊടുത്തുതുടങ്ങി.
22 എന്നാൽ അപ്പക്കാരുടെ പ്രമാണിയെ ഫറവോൻ സ്തംഭത്തിൽ തൂക്കി. യോസേഫ് അവരോട് അർഥം വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.+
23 എന്നാൽ പാനപാത്രവാഹകരുടെ പ്രമാണി യോസേഫിനെ ഓർത്തില്ല; അയാൾ യോസേഫിനെ മറന്നുപോയി.+