ഉൽപത്തി 46:1-34
46 അങ്ങനെ, തനിക്കുള്ളതെല്ലാംകൊണ്ട്* ഇസ്രായേൽ പുറപ്പെട്ടു. ബേർ-ശേബയിൽ+ എത്തിയപ്പോൾ ഇസ്രായേൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ ദൈവത്തിനു+ ബലികൾ അർപ്പിച്ചു.
2 പിന്നീട്, രാത്രി ഒരു ദിവ്യദർശനത്തിൽ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. “യാക്കോബേ, യാക്കോബേ!” എന്നു വിളിച്ചപ്പോൾ, “ഞാൻ ഇതാ” എന്ന് ഇസ്രായേൽ വിളി കേട്ടു.
3 ദൈവം പറഞ്ഞു: “ഞാൻ സത്യദൈവമാണ്, നിന്റെ അപ്പന്റെ ദൈവം!+ ഈജിപ്‌തിലേക്കു പോകാൻ നീ പേടിക്കേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.+
4 ഞാൻ, ഞാൻതന്നെ നിന്നോടൊപ്പം ഈജിപ്‌തിലേക്കു വരും. ഞാൻ അവിടെനിന്ന് നിന്നെ മടക്കിവരുത്തുകയും ചെയ്യും.+ നീ മരിക്കുമ്പോൾ യോസേഫ് നിന്റെ കണ്ണടയ്‌ക്കും.”+
5 അതിനു ശേഷം യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ടു. ഇസ്രായേലിന്റെ ആൺമക്കൾ അപ്പനായ യാക്കോബിനെയും തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും ഫറവോൻ അയച്ച വണ്ടികളിൽ കൊണ്ടുപോയി.
6 കനാൻ ദേശത്തുവെച്ച് സമ്പാദിച്ച ആടുമാടുകൾ, വസ്തുവകകൾ എന്നിവയെല്ലാം അവർ കൂടെ കൊണ്ടുപോയി. ഒടുവിൽ അവർ, അതായത് യാക്കോബും കൂടെയുണ്ടായിരുന്ന എല്ലാ മക്കളും പേരക്കുട്ടികളും, ഈജിപ്തിൽ എത്തി.
7 യാക്കോബ് സന്തതികളെയെല്ലാം, ആൺമക്കളെയും പെൺമക്കളെയും പേരക്കുട്ടികളെയും, തന്നോടൊപ്പം ഈജിപ്‌തിലേക്കു കൊണ്ടുവന്നു.
8 ഈജിപ്‌തിലേക്കു വന്ന ഇസ്രായേൽമക്കളുടെ, അതായത് യാക്കോബിന്റെ ആൺമക്കളുടെ,+ പേരുകൾ: യാക്കോബിന്റെ മൂത്ത മകൻ രൂബേൻ.+
9 രൂബേന്റെ ആൺമക്കൾ: ഹാനോക്ക്, പല്ലു, ഹെസ്രോൻ, കർമ്മി.+
10 ശിമെയോന്റെ+ ആൺമക്കൾ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.+
11 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാത്ത്, മെരാരി.+
12 യഹൂദയുടെ+ ആൺമക്കൾ: ഏർ, ഓനാൻ, ശേല,+ പേരെസ്,+ സേരഹ്.+ ഏരും ഓനാനും കനാൻ ദേശത്തുവെച്ച് മരിച്ചുപോയിരുന്നു.+
പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+
13 യിസ്സാഖാരിന്റെ ആൺമക്കൾ: തോല, പുവ്വ, യോബ്, ശിമ്രോൻ.+
14 സെബുലൂന്റെ+ ആൺമക്കൾ: സേരെദ്, ഏലോൻ, യഹ്ലെയേൽ.+
15 ഇവരാണു പദ്ദൻ-അരാമിൽവെച്ച് ലേയ യാക്കോബിനു പ്രസവിച്ച ആൺമക്കൾ. ദീന+ എന്നൊരു മകളെയും അവൾ പ്രസവിച്ചു. അങ്ങനെ ആകെ 33 മക്കൾ.
16 ഗാദിന്റെ+ ആൺമക്കൾ: സിഫ്യോൻ, ഹഗ്ഗി, ശൂനി, എസ്‌ബോൻ, ഏരി, അരോദി, അരേലി.+
17 ആശേരിന്റെ+ ആൺമക്കൾ: ഇമ്‌ന, യിശ്വ, യിശ്വി, ബരീയ. അവരുടെ പെങ്ങളായിരുന്നു സേര.
ബരീയയുടെ ആൺമക്കൾ: ഹേബെർ, മൽക്കിയേൽ.+
18 ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ ലേയയ്‌ക്കു ദാസിയായി കൊടുത്ത സില്‌പയുടെ+ മക്കൾ. സില്‌പ ഇവരെ യാക്കോബിനു പ്രസവിച്ചു: ആകെ 16 പേർ.
19 യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ആൺമക്കൾ: യോസേഫ്,+ ബന്യാമീൻ.+
20 ഈജിപ്‌ത് ദേശത്തുവെച്ച് ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്‌നത്ത്+ യോസേഫിനു പ്രസവിച്ച ആൺമക്കൾ: മനശ്ശെ,+ എഫ്രയീം.+
21 ബന്യാമീന്റെ ആൺമക്കൾ:+ ബേല, ബേഖെർ, അസ്‌ബേൽ, ഗേര,+ നയമാൻ, ഏഹി, രോശ്, മുപ്പീം, ഹുപ്പീം,+ അർദ്.+
22 ഇവരെല്ലാമാണു യാക്കോബിനു റാഹേലിലുണ്ടായ മക്കൾ: ആകെ 14 പേർ.
23 ദാന്റെ+ മകനാണു* ഹൂശീം.+
24 നഫ്‌താലിയുടെ+ ആൺമക്കൾ: യഹ്‌സേൽ, ഗൂനി, യേസെർ, ശില്ലേം.+
25 ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ റാഹേലിനു ദാസിയായി കൊടുത്ത ബിൽഹയുടെ മക്കൾ. ഇവരെയെല്ലാം ബിൽഹ യാക്കോബിനു പ്രസവിച്ചു: ആകെ ഏഴു പേർ.
26 യാക്കോബിനോടൊപ്പം ഈജിപ്‌തിലേക്കു പോയ മക്കൾ ആകെ 66 പേരായിരുന്നു.+ ഇതിൽ യാക്കോബിന്റെ ആൺമക്കളുടെ ഭാര്യമാരെ കൂട്ടിയിട്ടില്ല.
27 ഈജിപ്‌തിൽവെച്ച് യോസേഫിനു ജനിച്ചതു രണ്ട് ആൺമക്കൾ. അങ്ങനെ, ഈജിപ്‌തിലേക്കു വന്ന യാക്കോബിന്റെ കുടുംബത്തിൽ ആകെ 70 പേർ.+
28 താൻ ഗോശെനിലേക്കു വരുകയാണെന്നു യോസേഫിനെ അറിയിക്കാൻ യാക്കോബ് യഹൂദയെ ആദ്യം അയച്ചു.+ അവർ ഗോശെൻ ദേശത്ത്+ എത്തിയപ്പോൾ
29 യോസേഫ് രഥം ഒരുക്കി, അപ്പനെ കാണാൻ ഗോശെനിലേക്കു ചെന്നു. അപ്പനെ കണ്ട ഉടനെ യോസേഫ് അപ്പനെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.
30 അപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “ഇനി ഞാൻ മരിച്ചാലും കുഴപ്പമില്ല! നിന്റെ മുഖം കാണാനും നീ ജീവനോടെയുണ്ടെന്ന് അറിയാനും കഴിഞ്ഞല്ലോ!”
31 യോസേഫ് സഹോദരന്മാരോടും അപ്പന്റെ വീട്ടിലുള്ളവരോടും പറഞ്ഞു: “ഞാൻ ചെന്ന് ഇക്കാര്യം ഫറവോനെ അറിയിക്കട്ടെ.+ ഞാൻ പറയും, ‘കനാൻ ദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ വീട്ടിലുള്ളവരും എന്റെ അടുത്ത് വന്നിരിക്കുന്നു.+
32 അവർ ഇടയന്മാരാണ്,+ മൃഗങ്ങളെ വളർത്തുന്നവർ.+ ആടുകൾ, കന്നുകാലികൾ എന്നിങ്ങനെ അവർക്കുള്ളതെല്ലാമായാണ് അവർ വന്നിരിക്കുന്നത്.’+
33 ഫറവോൻ നിങ്ങളെ വിളിച്ച്, ‘എന്താണു നിങ്ങളുടെ തൊഴിൽ’ എന്നു ചോദിക്കുമ്പോൾ
34 ‘ഞങ്ങളുടെ പൂർവികർ മൃഗങ്ങളെ വളർത്തുന്നവരായിരുന്നു;+ ചെറുപ്പംമുതൽ ഇന്നുവരെയും ഞങ്ങളും അതുതന്നെയാണു ചെയ്തുവരുന്നത്’ എന്നു പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ ദേശത്ത് താമസിക്കാനാകും.+ കാരണം ആടുകളെ മേയ്ക്കുന്നവരെയെല്ലാം ഈജിപ്തുകാർക്ക് അറപ്പാണ്.”+
അടിക്കുറിപ്പുകള്‍
^ അഥവാ “തനിക്കുള്ള എല്ലാവരുമായി.”
^ അതായത്, ഹീലിയോപൊലിസിലെ.
^ അക്ഷ. “ആൺമക്കളാണ്.”