ഉൽപത്തി 9:1-29
9 ദൈവം നോഹയെയും മക്കളെയും അനുഗ്രഹിച്ച് അവരോടു പറഞ്ഞു: “സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുക.+
2 ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ എല്ലാ പറവകളും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളും കടലിലെ എല്ലാ മത്സ്യങ്ങളും തുടർന്നും നിങ്ങളെ പേടിക്കും; അവ നിങ്ങളെ വല്ലാതെ ഭയപ്പെടും. അവയെ ഇതാ, നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.*+
3 ഭൂമിയിൽ കാണുന്ന ജീവനുള്ള ജന്തുക്കളെല്ലാം നിങ്ങൾക്ക് ആഹാരമായിരിക്കും.+ പച്ചസസ്യം നിങ്ങൾക്ക് ആഹാരമായി തന്നതുപോലെ, അവയെയും ഞാൻ തരുന്നു.+
4 എന്നാൽ അവയുടെ പ്രാണനായ രക്തത്തോടുകൂടെ+ നിങ്ങൾ മാംസം തിന്നരുത്.+
5 നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും, ജീവനുള്ള സൃഷ്ടികളോടെല്ലാം ഞാൻ കണക്കു ചോദിക്കും. ഓരോ മനുഷ്യനോടും അവന്റെ സഹോദരന്റെ ജീവനു ഞാൻ കണക്കു ചോദിക്കും.+
6 മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻതന്നെ ചൊരിയും.+ കാരണം ദൈവം സ്വന്തം ഛായയിലാണു മനുഷ്യനെ സൃഷ്ടിച്ചത്.+
7 എന്നാൽ നിങ്ങൾ, സന്താനസമൃദ്ധിയുള്ളവരായി പെരുകുക. ഭൂമിയിൽ മനുഷ്യരുടെ എണ്ണം വർധിക്കട്ടെ.”+
8 പിന്നെ ദൈവം നോഹയോടും മക്കളോടും പറഞ്ഞു:
9 “ഇപ്പോൾ ഞാൻ നിങ്ങളോടും നിങ്ങൾക്കു ശേഷമുള്ള നിങ്ങളുടെ സന്തതികളോടും
10 നിങ്ങളോടുകൂടെയുള്ള പക്ഷികൾ, മൃഗങ്ങൾ എന്നിങ്ങനെ ജീവനുള്ള എല്ലാത്തിനോടും നിങ്ങളോടൊപ്പമുള്ള ഭൂമിയിലെ എല്ലാ ജീവികളോടും—പെട്ടകത്തിൽനിന്ന് പുറത്ത് വന്ന ഭൂമിയിലെ എല്ലാ ജീവജന്തുക്കളോടും+—ഒരു ഉടമ്പടി ചെയ്യുന്നു.+
11 ഞാൻ നിങ്ങളോടു ചെയ്യുന്ന എന്റെ ഉടമ്പടി ഇതാണ്: ഇനി ഒരിക്കലും ജീവജന്തുക്കളെല്ലാം* ഒരു ജലപ്രളയത്താൽ നശിക്കില്ല. ഭൂമിയെ നശിപ്പിക്കുന്ന ഒരു ജലപ്രളയം ഇനിമേൽ ഉണ്ടാകുകയുമില്ല.”+
12 ദൈവം ഇങ്ങനെയും പറഞ്ഞു: “ഞാൻ നിങ്ങളോടും നിങ്ങളോടുകൂടെയുള്ള എല്ലാ ജീവികളോടും ഒരു ഉടമ്പടി ചെയ്യും. തലമുറകളോളം നിലനിൽക്കുന്ന ആ ഉടമ്പടിയുടെ അടയാളം ഇതായിരിക്കും:
13 ഞാൻ മേഘത്തിൽ എന്റെ മഴവില്ലു വെക്കുന്നു. അതു ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും.
14 ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോഴെല്ലാം മേഘത്തിൽ മഴവില്ലു കാണാനാകും.
15 അപ്പോൾ നിങ്ങളുമായും എല്ലാ തരം ജീവികളുമായും ചെയ്‌ത എന്റെ ഉടമ്പടി ഞാൻ ഉറപ്പായും ഓർക്കും. ഇനി ഒരിക്കലും ജീവജന്തുക്കളെല്ലാം നശിക്കുന്ന ഒരു പ്രളയം ഉണ്ടാകില്ല.+
16 മേഘത്തിൽ മഴവില്ല് ഉണ്ടാകുമ്പോൾ ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ എല്ലാ തരം ജീവികളും തമ്മിലുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.”
17 ദൈവം നോഹയോടു വീണ്ടും പറഞ്ഞു: “ഞാൻ ഭൂമിയിലെ എല്ലാ ജീവജന്തുക്കളോടും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ഇതാണ്.”+
18 നോഹയുടെ ആൺമക്കളായ ശേം, ഹാം, യാഫെത്ത് എന്നിവർ പെട്ടകത്തിൽനിന്ന് നോഹയോടൊപ്പം പുറത്ത് വന്നു.+ പിന്നീട് ഹാമിനു ജനിച്ച മകനാണു കനാൻ.+
19 ഈ മൂന്നു പേരാണു നോഹയുടെ മക്കൾ. ഇവരിൽനിന്നാണു ഭൂമി മുഴുവനുമുള്ള ജനങ്ങൾ ഉണ്ടായത്.+
20 നോഹ മണ്ണിൽ കൃഷി ചെയ്യാൻതുടങ്ങി; നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
21 അതിൽനിന്നുള്ള വീഞ്ഞു കുടിച്ചപ്പോൾ ലഹരി പിടിച്ച് നോഹ കൂടാരത്തിൽ നഗ്നനായി കിടന്നു.
22 കനാന്റെ അപ്പനായ ഹാം തന്റെ അപ്പന്റെ നഗ്നത കണ്ടിട്ട് പുറത്ത് ചെന്ന് രണ്ടു സഹോദരന്മാരോടും അക്കാര്യം പറഞ്ഞു.
23 അപ്പോൾ ശേമും യാഫെത്തും ഒരു തുണി എടുത്ത് തങ്ങളുടെ തോളുകളിലിട്ട് പുറകോട്ടു നടന്നുചെന്ന് അപ്പന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചുപിടിച്ചിരുന്നതിനാൽ അപ്പന്റെ നഗ്നത കണ്ടില്ല.
24 വീഞ്ഞിന്റെ ലഹരി വിട്ട് ഉണർന്നപ്പോൾ ഏറ്റവും ഇളയ മകൻ ചെയ്‌തതു നോഹ അറിഞ്ഞു.
25 അപ്പോൾ നോഹ പറഞ്ഞു:
“കനാൻ ശപിക്കപ്പെട്ടവൻ.+
അവൻ സഹോദരന്മാർക്ക് അടിമയായിത്തീരട്ടെ.”+
26 നോഹ ഇങ്ങനെയും പറഞ്ഞു:
“ശേമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,കനാൻ അവന് അടിമയായിത്തീരട്ടെ.+
27 ദൈവം യാഫെത്തിനു വേണ്ടുവോളം സ്ഥലം കൊടുക്കട്ടെ,അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കട്ടെ.
കനാൻ അവന്റെയും അടിമയായിത്തീരട്ടെ.”
28 ജലപ്രളയത്തിനു ശേഷം 350 വർഷംകൂടി നോഹ ജീവിച്ചിരുന്നു.+
29 നോഹ ആകെ 950 വർഷം ജീവിച്ചു. പിന്നെ നോഹ മരിച്ചു.