എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത് 1:1-23
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിരിക്കുന്ന പൗലോസ്, വിശ്വസ്തരും യേശുക്രിസ്തുവിനോടു യോജിപ്പിലുള്ളവരും ആയ എഫെസൊസിലെ+ വിശുദ്ധർക്ക് എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെടട്ടെ. ക്രിസ്തുവിനോടു യോജിപ്പിലുള്ള നമുക്കു സ്വർഗീയസ്ഥലങ്ങളിൽ ആത്മീയമായ എല്ലാ അനുഗ്രഹങ്ങളും തന്ന് ദൈവം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നല്ലോ.+
4 സ്നേഹത്താൽ നമ്മൾ തിരുസന്നിധിയിൽ വിശുദ്ധരും കളങ്കമില്ലാത്തവരും+ ആയിരിക്കാൻവേണ്ടി ലോകാരംഭത്തിനു* മുമ്പുതന്നെ ദൈവം നമ്മളെ ക്രിസ്തുവിനോടു യോജിപ്പിലാകാൻ തിരഞ്ഞെടുത്തു.
5 ദൈവം തന്റെ ഉദ്ദേശ്യത്തിനും ഇഷ്ടത്തിനും ചേർച്ചയിൽ,+ യേശുക്രിസ്തുവിലൂടെ നമ്മളെ സ്വന്തം പുത്രന്മാരായി ദത്തെടുക്കാൻ+ നേരത്തേതന്നെ നിശ്ചയിച്ചതാണ്.+
6 തന്റെ പ്രിയപ്പെട്ടവനിലൂടെ+ നമ്മുടെ മേൽ കനിവോടെ ചൊരിഞ്ഞ മഹത്തായ അനർഹദയയെപ്രതി+ തനിക്കു പുകഴ്ച കിട്ടാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്തത്.
7 ആ പ്രിയപ്പെട്ടവൻ മോചനവിലയായി* നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി,+ ദൈവത്തിന്റെ സമൃദ്ധമായ അനർഹദയ കാരണം നമ്മുടെ പിഴവുകൾ ക്ഷമിച്ചുകിട്ടി.+
8 ദൈവം സകല ജ്ഞാനവും ഗ്രാഹ്യവും പകർന്നുകൊണ്ട് ആ അനർഹദയ നമ്മുടെ മേൽ സമൃദ്ധമായി ചൊരിയുകയും
9 ദൈവേഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം+ നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്തു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ചുള്ളതും ദൈവം മനസ്സിൽ തീരുമാനിച്ചതും ആയ
10 ഈ രഹസ്യത്തിൽ, നിശ്ചയിച്ച കാലം തികയുമ്പോൾ നടക്കുന്ന ഒരു ഭരണനിർവഹണം* ഉൾപ്പെട്ടിട്ടുണ്ട്. സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുക എന്നതാണ് അത്.+
11 ക്രിസ്തുവിനോടു യോജിപ്പിലായ ഞങ്ങളെ ക്രിസ്തുവിൽ അവകാശികളുമാക്കിയിരിക്കുന്നു.+ താൻ തീരുമാനിക്കുന്നതുപോലെ, തന്റെ ഇഷ്ടമനുസരിച്ച് എല്ലാം ചെയ്യുന്ന ദൈവം തന്റെ ഉദ്ദേശ്യപ്രകാരം നേരത്തേതന്നെ ഞങ്ങളെ ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു.
12 ക്രിസ്തുവിൽ ആദ്യം പ്രത്യാശ വെച്ച ഞങ്ങളിലൂടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും കൈവരാനാണു ദൈവം ഇതു ചെയ്തത്.
13 എന്നാൽ നിങ്ങളും സത്യവചനം, അതായത് നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സന്തോഷവാർത്ത, കേട്ടപ്പോൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചു. നിങ്ങൾ വിശ്വസിച്ചപ്പോൾ, വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ* ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു.+
14 ദൈവത്തിനു സ്വന്തമായതിനെ+ ദൈവം തന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കും വേണ്ടി ഒരു മോചനവില+ കൊടുത്ത് വിടുവിക്കുന്നതുവരെ നമ്മുടെ അവകാശത്തിന്റെ+ ഒരു ഉറപ്പെന്ന നിലയിൽ* മുൻകൂറായി തന്നതാണു പരിശുദ്ധാത്മാവിനെ.
15 അതുകൊണ്ടുതന്നെ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും വിശുദ്ധരോടെല്ലാം നിങ്ങൾ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും കേട്ടതുമുതൽ
16 നിങ്ങളെ ഓർത്ത് ഇടവിടാതെ ഞാൻ ദൈവത്തിനു നന്ദി പറയുന്നു.
17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവമായ മഹത്ത്വത്തിന്റെ പിതാവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടാൻ+ ശ്രമിക്കുന്ന നിങ്ങൾക്കു ദൈവം ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
18 ദൈവം നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകൾക്കു പ്രകാശം പകർന്നിരിക്കുന്നു. ദൈവം നിങ്ങളെ ഏതു പ്രത്യാശയിലേക്കാണു വിളിച്ചിരിക്കുന്നതെന്നും വിശുദ്ധർക്ക് അവകാശമായി കൊടുക്കാൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന+ മഹത്ത്വമാർന്ന സമ്പത്ത് എന്താണെന്നും
19 വിശ്വാസികളായ നമുക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവത്തിന്റെ മഹനീയശക്തി എത്ര ശ്രേഷ്ഠമാണെന്നും+ നിങ്ങൾ മനസ്സിലാക്കാൻവേണ്ടിയാണു ദൈവം അതു ചെയ്തത്. തന്റെ മഹത്തായ ശക്തി ഉപയോഗിച്ചാണു ദൈവം
20 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ തന്റെ വലതുഭാഗത്ത് ഇരുത്തുകയും ചെയ്തത്.+
21 അങ്ങനെ ക്രിസ്തുവിന്റെ സ്ഥാനം എല്ലാ ഗവൺമെന്റുകളെക്കാളും അധികാരങ്ങളെക്കാളും ശക്തികളെക്കാളും ആധിപത്യങ്ങളെക്കാളും പേരുകളെക്കാളും+ ഏറെ ഉന്നതമായി. ഈ വ്യവസ്ഥിതിയിൽ* മാത്രമല്ല വരാനുള്ളതിലും അത് അങ്ങനെതന്നെയായിരിക്കും.
22 ദൈവം എല്ലാം ക്രിസ്തുവിന്റെ കാൽക്കീഴാക്കുകയും+ ക്രിസ്തുവിനെ സഭയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും തലയാക്കുകയും ചെയ്തു.+
23 ക്രിസ്തുവിന്റെ ശരീരമാണു സഭ.+ എല്ലാ വിധത്തിലും എല്ലാം തികയ്ക്കുന്നവനായ ക്രിസ്തു അതിൽ നിറഞ്ഞുനിൽക്കുന്നു.
അടിക്കുറിപ്പുകള്
^ ‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
^ അഥവാ “തികയുമ്പോൾ കാര്യങ്ങൾ നോക്കിനടത്തുന്നത്.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അഥവാ “ആദ്യഗഡുവായി (അച്ചാരമായി); അഡ്വാൻസ് തുകയായി; ഈടായി.”
^ അഥവാ “സൂക്ഷ്മമായ.”