എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത് 2:1-22
2 പിഴവുകളും പാപങ്ങളും കാരണം നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ജീവിപ്പിച്ചു.+
2 അന്ന് അവയിൽ മുഴുകിയിരുന്ന നിങ്ങൾ ഈ ലോകവ്യവസ്ഥിതിയുടെ വഴികളിൽ,+ വായുവിന്റെ സ്വാധീനശക്തിക്ക് അധിപതിയായവനെ+ അനുസരിച്ച് നടന്നു; അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആ ആത്മാവിനു*+ ചേർച്ചയിൽ ജീവിച്ചു.
3 അവർക്കിടയിൽ നമ്മളെല്ലാം ഒരിക്കൽ ശരീരത്തിന്റെയും മനസ്സിന്റെയും ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തി ജഡമോഹങ്ങളനുസരിച്ച്*+ നടന്നു.+ സ്വാഭാവികമായി നമ്മളും അന്നു മറ്റുള്ളവരെപ്പോലെ ക്രോധത്തിന്റെ മക്കളായിരുന്നു.+
4 പക്ഷേ കരുണാസമ്പന്നനായ ദൈവത്തിനു+ നമ്മളോടു വലിയ സ്നേഹമുള്ളതുകൊണ്ട്+
5 നമ്മൾ പിഴവുകൾ കാരണം മരിച്ചവരായിരുന്നപ്പോൾത്തന്നെ നമ്മളെ ജീവിപ്പിച്ച് ക്രിസ്തുവിനോടു ചേർത്തു.+ അനർഹദയ കാരണമാണു നിങ്ങൾക്കു രക്ഷ കിട്ടിയത്.
6 മാത്രമല്ല, ദൈവം നമ്മളെ ക്രിസ്തുവിന്റെകൂടെ ഉയർത്തി ക്രിസ്തുയേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ* ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ഇരുത്തുകയും ചെയ്തു.+
7 ക്രിസ്തുയേശുവിന്റെ അനുഗാമികളായ നമ്മളോടുള്ള കൃപ* കാരണം വരാനിരിക്കുന്ന വ്യവസ്ഥിതികളിലും* നമ്മളോട് അളവറ്റ അനർഹദയ കാണിക്കാൻവേണ്ടിയാണു ദൈവം ഇതു ചെയ്തത്.
8 ഈ അനർഹദയകൊണ്ടാണു നിങ്ങൾ വിശ്വാസത്താൽ രക്ഷ പ്രാപിച്ചത്.+ ഈ ക്രമീകരണം ചെയ്തതു നിങ്ങളല്ല, ഇതു ദൈവത്തിന്റെ സമ്മാനമാണ്.
9 അത് ആർക്കും സ്വന്തം പ്രവൃത്തികളുടെ പേരിലല്ല കിട്ടുന്നത്.+ കാരണം, അതിന്റെ പേരിൽ ആരും വീമ്പിളക്കരുതല്ലോ.
10 നമ്മൾ ദൈവത്തിന്റെ കരവിരുതാണ്. നമ്മൾ ക്രിസ്തുയേശുവിനോടു യോജിപ്പിലായതുകൊണ്ട്+ താൻ മുൻകൂട്ടി തീരുമാനിച്ചിരുന്ന നല്ല കാര്യങ്ങൾ ചെയ്യാൻവേണ്ടി ദൈവം നമ്മളെ സൃഷ്ടിച്ചു.+
11 മനുഷ്യകരങ്ങളാൽ ജഡത്തിൽ പരിച്ഛേദനയേറ്റവർ,* ജന്മംകൊണ്ട്* ജനതകളിൽപ്പെട്ട നിങ്ങളെ മുമ്പ് “അഗ്രചർമികൾ” എന്നു വിളിച്ചിരുന്നത് ഓർക്കുക.
12 അക്കാലത്ത് നിങ്ങൾ ക്രിസ്തുവില്ലാത്തവരും ഇസ്രായേൽ ജനതയുമായി ബന്ധമില്ലാത്തവരും വാഗ്ദാനത്തിന്റെ ഉടമ്പടികളിൽ+ പങ്കില്ലാത്തവരും ആയിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും ആയി നിങ്ങൾ ലോകത്തിൽ ജീവിച്ചു.+
13 പക്ഷേ ഒരിക്കൽ വളരെ അകലെയായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിനോടു യോജിപ്പിലായവരും ക്രിസ്തുവിന്റെ രക്തത്താൽ അരികെയുള്ളവരും ആയിരിക്കുന്നു.
14 കാരണം രണ്ടു കൂട്ടരെയും തമ്മിൽ വേർതിരിക്കുന്ന, അവർക്കിടയിലെ മതിൽ ഇടിച്ചുകളഞ്ഞ്+ അവരെ ഒന്നിപ്പിച്ചുകൊണ്ട്+ ക്രിസ്തു സമാധാനം വരുത്തി.+
15 ശത്രുതയ്ക്ക് ഇടയാക്കിയിരുന്ന ചട്ടങ്ങളുടെയും കല്പനകളുടെയും നിയമത്തെ* ക്രിസ്തു തന്റെ ശരീരംകൊണ്ട് നീക്കം ചെയ്തു. രണ്ടു കൂട്ടരെയും തന്നോടു യോജിപ്പിലാക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടിക്കാനും സമാധാനം ഉണ്ടാക്കാനും
16 ദണ്ഡനസ്തംഭംവഴി*+ ഇരുകൂട്ടരെയും ഒറ്റ ശരീരമായി ദൈവത്തോട് അനുരഞ്ജനത്തിലാക്കാനും വേണ്ടിയാണു ക്രിസ്തു അതു ചെയ്തത്. വാസ്തവത്തിൽ തന്റെ മരണത്തിലൂടെ ക്രിസ്തു ശത്രുതയെ നിഗ്രഹിച്ചു.+
17 ക്രിസ്തു വന്ന്, അകലെയായിരുന്ന നിങ്ങളോടും അരികെയായിരുന്ന ഞങ്ങളോടും സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിച്ചു.
18 അങ്ങനെ, ക്രിസ്തുവിലൂടെ നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിനാൽ പിതാവിന്റെ അടുത്തേക്കു തടസ്സം കൂടാതെ ചെല്ലാൻ കഴിയുന്നു.
19 അതുകൊണ്ട് നിങ്ങൾ ഇനി അന്യരോ വിദേശികളോ അല്ല,+ വിശുദ്ധരുടെ സഹപൗരന്മാരും+ ദൈവത്തിന്റെ വീട്ടുകാരും ആണ്.+
20 അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തിയതാണു നിങ്ങളെ.+ ഈ അടിസ്ഥാനത്തിന്റെ മുഖ്യ മൂലക്കല്ലു ക്രിസ്തുയേശുവാണ്.+
21 നന്നായി കൂട്ടിയിണക്കി പണിതിരിക്കുന്ന ആ കെട്ടിടം ക്രിസ്തുവിനോടുള്ള യോജിപ്പിൽ+ വിശുദ്ധമായ ഒരു ദേവാലയമായി യഹോവയ്ക്കുവേണ്ടി* വളരുന്നു.+
22 ദൈവത്തിനു തന്റെ ആത്മാവിനാൽ വസിക്കാനുള്ള സ്ഥലമായി നിങ്ങളെയും ക്രിസ്തുവിനോടുള്ള യോജിപ്പിൽ പണിതുകൊണ്ടിരിക്കുകയാണ്.+
അടിക്കുറിപ്പുകള്
^ അതായത്, മനോഭാവത്തിന്.
^ അഥവാ “ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ.”
^ അഥവാ “പ്രീതി.”
^ അക്ഷ. “ജഡസംബന്ധമായി.”