എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത് 3:1-21
3 ഇക്കാരണത്താൽ ജനതകളിൽപ്പെട്ട നിങ്ങൾക്കുവേണ്ടി ക്രിസ്തുയേശുവിനെപ്രതി തടവിലായിരിക്കുന്ന+ പൗലോസ് എന്ന ഞാൻ. . . *
2 നിങ്ങൾക്കുവേണ്ടി ദൈവത്തിന്റെ അനർഹദയയുടെ കാര്യസ്ഥനായി+ എന്നെയാണു നിയമിച്ചിരിക്കുന്നതെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
3 ഒരു വെളിപാടിലൂടെയാണു പാവനരഹസ്യം എന്നെ അറിയിച്ചത്. ഞാൻ അക്കാര്യം ചുരുക്കമായി എഴുതിയിരുന്നല്ലോ.
4 ഇതു വായിക്കുമ്പോൾ ക്രിസ്തുവിനെപ്പറ്റിയുള്ള പാവനരഹസ്യത്തെക്കുറിച്ച്+ എനിക്കുള്ള ഗ്രാഹ്യം നിങ്ങൾക്കു മനസ്സിലാകും.
5 ഈ രഹസ്യം ക്രിസ്തുവിന്റെ വിശുദ്ധരായ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ദൈവാത്മാവിനാൽ ഇപ്പോൾ വെളിപ്പെടുത്തിയതുപോലെ മുൻതലമുറകളിലെ മനുഷ്യർക്കു വെളിപ്പെടുത്തിയിരുന്നില്ല.+
6 ജനതകളിൽപ്പെട്ടവർ ക്രിസ്തുയേശുവിനോടു യോജിപ്പിൽ, സന്തോഷവാർത്തയാൽ കൂട്ടവകാശികളും ഒരേ ശരീരത്തിലെ അവയവങ്ങളും+ വാഗ്ദാനത്തിൽ നമ്മളോടൊപ്പം ഓഹരിക്കാരും ആകണമെന്നതാണ് ആ രഹസ്യം.
7 ഞാൻ അതിന്റെ ശുശ്രൂഷകനായതു ദൈവത്തിന്റെ സൗജന്യസമ്മാനമായ അനർഹദയ കാരണമാണ്. ദൈവത്തിന്റെ ശക്തിയുടെ പ്രവർത്തനഫലമായാണ് എനിക്ക് അതു കിട്ടിയത്.+
8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനെക്കാൾ താഴെയായിട്ടും+ ദൈവം എന്നോട് ഈ അനർഹദയ കാണിച്ചത്,+ ഞാൻ ക്രിസ്തുവിന്റെ അളവറ്റ ധനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ജനതകളിൽപ്പെട്ടവരോടു ഘോഷിക്കാനും
9 എല്ലാം സൃഷ്ടിച്ച ദൈവത്തിൽ യുഗങ്ങളായി മറഞ്ഞിരുന്ന പാവനരഹസ്യത്തിലെ കാര്യാദികൾ നിർവഹിക്കപ്പെടുന്നത്+ എങ്ങനെയാണെന്ന് എല്ലാവർക്കും കാണിച്ചുകൊടുക്കാനും വേണ്ടിയാണ്.
10 അങ്ങനെ ഇപ്പോൾ സഭയെ ഉപയോഗിച്ച്+ സ്വർഗത്തിലെ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുമുഖജ്ഞാനം അറിയിച്ചുകൊടുക്കുകയായിരുന്നു ഉദ്ദേശ്യം.+
11 ഇതു ദൈവം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ രൂപം കൊടുത്ത നിത്യമായ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്.+
12 ക്രിസ്തുവിലുള്ള വിശ്വാസം കാരണം ക്രിസ്തുവിലൂടെ നമുക്കു പേടിയില്ലാതെ സംസാരിക്കാനും ധൈര്യത്തോടെ ദൈവത്തെ സമീപിക്കാനും കഴിയുന്നു.+
13 അതുകൊണ്ട് നിങ്ങൾക്കുവേണ്ടി ഞാൻ കഷ്ടതകൾ സഹിക്കുന്നതിന്റെ പേരിൽ നിങ്ങൾ അധൈര്യപ്പെടരുതെന്നു ഞാൻ അപേക്ഷിക്കുന്നു. കാരണം അവ നിങ്ങളുടെ മഹത്ത്വത്തിന് ഇടയാകും.+
14 ഇക്കാരണത്താൽ ഞാൻ പിതാവിന്റെ സന്നിധിയിൽ,
15 സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ കുടുംബങ്ങൾക്കും പേര് വരാൻ കാരണമായവന്റെ സന്നിധിയിൽ, മുട്ടുകുത്തുന്നു.
16 ഉജ്ജ്വലമായ മഹത്ത്വമുള്ള ദൈവം തന്റെ ആത്മാവിലൂടെ ശക്തി തന്ന് നിങ്ങളിലെ ആന്തരികമനുഷ്യനെ ബലപ്പെടുത്താൻ+ ഞാൻ പ്രാർഥിക്കുകയാണ്.
17 നിങ്ങൾ സ്നേഹം നിറഞ്ഞവരാകണമെന്നും നിങ്ങളുടെ വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമെന്നും+ ഞാൻ പ്രാർഥിക്കുന്നു. നിങ്ങൾ നന്നായി വേരൂന്നിയവരും+ അടിസ്ഥാനത്തിന്മേൽ ഉറച്ചുനിൽക്കുന്നവരും+ ആയിരിക്കട്ടെ.
18 അപ്പോൾ നിങ്ങൾ എല്ലാ വിശുദ്ധരോടുമൊപ്പം സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ പ്രാപ്തരാകും.
19 കൂടാതെ, അറിവിനെപ്പോലും കവച്ചുവെക്കുന്ന ക്രിസ്തുവിന്റെ സ്നേഹവും+ നിങ്ങൾ തിരിച്ചറിയും. അങ്ങനെ എല്ലാ ദൈവികഗുണങ്ങളും നിങ്ങളിൽ നിറയട്ടെ.
20 നമ്മളിൽ പ്രവർത്തിക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായി ചെയ്തുതരാൻ കഴിയുന്ന ദൈവത്തിനു+
21 സഭയാലും ക്രിസ്തുയേശുവിനാലും തലമുറതലമുറയോളം, എന്നുമെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.
അടിക്കുറിപ്പുകള്
^ പറഞ്ഞുവരുന്ന കാര്യത്തിന്റെ തുടർച്ച 14-ാം വാക്യത്തിലാണെന്നു തോന്നുന്നു.