എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത് 4:1-32
4 അതുകൊണ്ട് കർത്താവിനെപ്രതി തടവുകാരനായിരിക്കുന്ന ഞാൻ+ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾക്കു കിട്ടിയ വിളിക്കു യോജിച്ച രീതിയിൽ നടക്കുക.+
2 എപ്പോഴും താഴ്മയും+ സൗമ്യതയും ക്ഷമയും+ ഉള്ളവരായി സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും+
3 നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം+ കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുക.
4 ഒരേ പ്രത്യാശയ്ക്കായി+ നിങ്ങളെ വിളിച്ചിരിക്കുന്നതുപോലെതന്നെ ശരീരം ഒന്ന്,+ ആത്മാവ് ഒന്ന്,+
5 കർത്താവ് ഒന്ന്,+ വിശ്വാസം ഒന്ന്, സ്നാനം ഒന്ന്.
6 എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും എല്ലാവരിലൂടെയും പ്രവർത്തിക്കുന്നവനും ആയി എല്ലാവരുടെയും ദൈവവും പിതാവും ആയവനും ഒരുവൻ മാത്രം.
7 ക്രിസ്തു തന്ന സൗജന്യസമ്മാനത്തിന്റെ അളവനുസരിച്ച്+ നമ്മളോട് ഓരോരുത്തരോടും അനർഹദയ കാണിച്ചിരിക്കുന്നു.
8 “ഉന്നതങ്ങളിലേക്കു കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടുപോയി; അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.
9 ‘അവൻ കയറി’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് അവൻ താഴെ ഭൂമിയിലേക്ക് ഇറങ്ങി എന്നു മനസ്സിലാക്കാമല്ലോ.
10 എല്ലാത്തിനെയും അവയുടെ പൂർത്തീകരണത്തിലേക്കു കൊണ്ടുവരേണ്ടതിന്, ഇറങ്ങിയവൻതന്നെയാണു സ്വർഗാധിസ്വർഗങ്ങൾക്കു+ മീതെ കയറിയതും.+
11 ക്രിസ്തു ചിലരെ അപ്പോസ്തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാരായും ചിലരെ അധ്യാപകരായും+ തന്നു.
12 വിശുദ്ധരെ നേരെയാക്കാനും* ശുശ്രൂഷ നിർവഹിക്കാനും ക്രിസ്തുവിന്റെ ശരീരം ബലപ്പെടുത്താനും വേണ്ടിയാണ് അവരെ തന്നത്.+
13 നമ്മൾ എല്ലാവരും വിശ്വാസത്തിലെ ഒരുമയും* ദൈവപുത്രനെക്കുറിച്ചുള്ള ശരിയായ* അറിവും നേടി പൂർണവളർച്ചയെത്തിയ* ഒരു പുരുഷനായി+ വളർന്ന് ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്തുന്നതുവരെ അവർ അതു ചെയ്യും.
14 അതുകൊണ്ട് നമ്മൾ ഇനി കുട്ടികളെപ്പോലെ മനുഷ്യരുടെ കൗശലങ്ങളിലും വഞ്ചന നിറഞ്ഞ ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിലും പെട്ട് അങ്ങിങ്ങു പറന്നുനടക്കുന്നവരും തിരകളിൽപ്പെട്ടതുപോലെ ആടിയുലയുന്നവരും ആയിരിക്കരുത്.+
15 പകരം, സത്യം സംസാരിച്ചുകൊണ്ട് നമുക്കു സ്നേഹത്തിൽ, തലയായ ക്രിസ്തുവിലേക്ക്+ എല്ലാ കാര്യത്തിലും വളർന്നുവരാം.
16 ശരീരത്തിലെ+ എല്ലാ അവയവങ്ങളും ക്രിസ്തുവിനോടു പരസ്പരയോജിപ്പിൽ കൂട്ടിയിണക്കിയിരിക്കുന്നു. അവയ്ക്കു വേണ്ടതെല്ലാം നൽകുന്ന സന്ധിബന്ധങ്ങളാൽ അവ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ അവയവങ്ങൾ ഓരോന്നും ശരിയായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ ശരീരം വളർന്ന് സ്നേഹത്തിൽ ശക്തിയാർജിക്കുന്നു.+
17 അതുകൊണ്ട് കർത്താവിനെ സാക്ഷിയാക്കി ഞാൻ നിങ്ങളോടു പറയുന്നത് ഇതാണ്: നിങ്ങൾ ഇനി ജനതകളെപ്പോലെ നടക്കരുത്.+ പ്രയോജനമില്ലാത്ത* കാര്യങ്ങളെക്കുറിച്ചാണല്ലോ അവരുടെ ചിന്ത മുഴുവൻ.+
18 അവരുടെ ഹൃദയം കല്ലിച്ചുപോയതുകൊണ്ടും,* അതുപോലെ അവരുടെ അജ്ഞതകൊണ്ടും അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനിന്ന് അവർ അകന്നുപോയിരിക്കുന്നു.
19 സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോടെ എല്ലാ തരം അശുദ്ധിയിലും മുഴുകി ധിക്കാരത്തോടെ പെരുമാറുന്നു.*+
20 പക്ഷേ നിങ്ങൾ പഠിച്ച ക്രിസ്തു ഇങ്ങനെയുള്ള ഒരാളല്ല.
21 നിങ്ങൾ യേശുവിൽനിന്ന് കേൾക്കുകയും യേശുവിലുള്ള സത്യത്തിനു ചേർച്ചയിൽ യേശുവിൽനിന്ന് പഠിക്കുകയും ചെയ്തതും ഇതല്ല.
22 നിങ്ങളുടെ കഴിഞ്ഞകാലത്തെ ജീവിതരീതിക്കു ചേർച്ചയിലുള്ളതും വഴിതെറ്റിക്കുന്ന മോഹങ്ങളാൽ+ വഷളായിക്കൊണ്ടിരിക്കുന്നതും ആയ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയണം+ എന്നാണല്ലോ നിങ്ങൾ പഠിച്ചത്.
23 നിങ്ങളുടെ ചിന്താരീതി*+ പുതുക്കിക്കൊണ്ടേയിരിക്കുക.
24 കൂടാതെ ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കുകയും വേണം.+
25 അതുകൊണ്ട്, വഞ്ചന ഉപേക്ഷിച്ചിരിക്കുന്ന നിങ്ങൾ ഓരോരുത്തരും അയൽക്കാരനോടു സത്യം സംസാരിക്കണം.+ കാരണം നമ്മളെല്ലാം ഒരേ ശരീരത്തിലെ അവയവങ്ങളാണല്ലോ.+
26 കോപം വന്നാലും പാപം ചെയ്യരുത്.+ സൂര്യൻ അസ്തമിക്കുന്നതുവരെ ദേഷ്യം വെച്ചുകൊണ്ടിരിക്കരുത്.+
27 പിശാചിന് അവസരം കൊടുക്കരുത്.*+
28 മോഷ്ടിക്കുന്നവൻ ഇനി മോഷ്ടിക്കാതെ സ്വന്തകൈകൊണ്ട് അധ്വാനിച്ച് മാന്യമായ ജോലി ചെയ്ത് ജീവിക്കട്ടെ.+ അപ്പോൾ ദരിദ്രർക്കു കൊടുക്കാൻ അയാളുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകും.+
29 ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്.+ പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.+
30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനും പാടില്ല.+ ആ ആത്മാവിനാലാണല്ലോ മോചനവിലകൊണ്ട്+ വിടുവിക്കുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.+
31 എല്ലാ തരം പകയും+ കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും+ ഹാനികരമായ എല്ലാ കാര്യങ്ങളും+ നിങ്ങളിൽനിന്ന് നീക്കിക്കളയുക.
32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ഉദാരമായി ക്ഷമിക്കുക.+
അടിക്കുറിപ്പുകള്
^ അഥവാ “സന്തോഷവാർത്ത അറിയിക്കുന്നവരായും.”
^ അഥവാ “പരിശീലിപ്പിക്കാനും.”
^ അഥവാ “ഐക്യവും.”
^ അഥവാ “സൂക്ഷ്മമായ.”
^ അഥവാ “പക്വതയുള്ള.”
^ അഥവാ “പൊള്ളയായ; വ്യർഥമായ.”
^ അക്ഷ. “മാന്ദ്യമുള്ളതായതുകൊണ്ടും.”
^ അഥവാ “നിങ്ങളുടെ മനസ്സിനെ പ്രചോദിപ്പിക്കുന്ന ശക്തി.” അക്ഷ. “നിങ്ങളുടെ മനസ്സിന്റെ ആത്മാവ്.”
^ അഥവാ “പിശാചിന് ഇടം കൊടുക്കരുത്.”