എബ്രായർക്ക് എഴുതിയ കത്ത് 10:1-39
10 നിയമത്തിലുള്ളതു വരാനുള്ള നന്മകളുടെ+ നിഴലാണ്,+ ശരിക്കുമുള്ള രൂപമല്ല. അതിനാൽ, വർഷംതോറും മുടങ്ങാതെ അർപ്പിച്ചുവരുന്ന അതേ ബലികൾകൊണ്ട്, ദൈവമുമ്പാകെ വരുന്നവരെ പരിപൂർണരാക്കാൻ അതിന്* ഒരിക്കലും കഴിയില്ല.+
2 കഴിയുമായിരുന്നെങ്കിൽ ബലികൾ നിന്നുപോകില്ലായിരുന്നോ? കാരണം, ആരാധകർ* ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ അവർക്കു പാപത്തെക്കുറിച്ച് കുറ്റബോധം തോന്നില്ലല്ലോ.
3 വാസ്തവത്തിൽ ഈ ബലികൾ വർഷംതോറും പാപങ്ങൾ ഓർമിപ്പിക്കുകയാണു ചെയ്യുന്നത്;+
4 കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ ഇല്ലാതാക്കാനാകില്ല.
5 അതുകൊണ്ട് ലോകത്തിലേക്കു വരുമ്പോൾ ക്രിസ്തു ഇങ്ങനെ പറയുന്നു: “‘ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല; എന്നാൽ അങ്ങ് എനിക്കായി ഒരു ശരീരം ഒരുക്കി.
6 സമ്പൂർണദഹനയാഗങ്ങളിലും പാപയാഗങ്ങളിലും അങ്ങ് പ്രസാദിച്ചില്ല.’+
7 അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നിരിക്കുന്നു. (ചുരുളിൽ* എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.) ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.’”+
8 (നിയമപ്രകാരം അർപ്പിച്ചുപോന്ന) “ബലികളും യാഗങ്ങളും സമ്പൂർണദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല; അവയിൽ പ്രസാദിച്ചുമില്ല” എന്നു പറഞ്ഞശേഷം,
9 “ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു”+ എന്നു ക്രിസ്തു പറയുന്നു. രണ്ടാമത്തേതു സ്ഥാപിക്കാൻ ക്രിസ്തു ഒന്നാമത്തേതു നീക്കിക്കളയുന്നു.
10 ആ ‘ഇഷ്ടത്താൽ’+ യേശുക്രിസ്തു ഒരിക്കലായിട്ട്* തന്റെ ശരീരം അർപ്പിക്കുകയും അങ്ങനെ നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്തു.+
11 വിശുദ്ധസേവനം* ചെയ്യാനും പാപങ്ങളെ അപ്പാടേ നീക്കിക്കളയാൻ കഴിയാത്ത+ അതേ ബലികൾ+ വീണ്ടുംവീണ്ടും അർപ്പിക്കാനും+ വേണ്ടി പുരോഹിതന്മാർ എല്ലാ ദിവസവും അവരവരുടെ സ്ഥാനത്ത് നിൽക്കുന്നു.
12 എന്നാൽ ക്രിസ്തു പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഒരേ ഒരു ബലി അർപ്പിച്ചിട്ട് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു.+
13 ശത്രുക്കൾ തന്റെ പാദപീഠമാകുന്ന സമയത്തിനായി അന്നുമുതൽ ക്രിസ്തു കാത്തിരിക്കുകയാണ്.+
14 വിശുദ്ധീകരിക്കപ്പെട്ടവരെ ഒരേ ഒരു ബലിയിലൂടെയാണു ക്രിസ്തു എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നത്.+
15 പരിശുദ്ധാത്മാവും നമ്മളോട് ഇങ്ങനെ സാക്ഷി പറയുന്നു:
16 “‘ആ നാളുകൾക്കു ശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാൻ എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ വെക്കും; അവരുടെ മനസ്സുകളിൽ ഞാൻ അവ എഴുതും’+ എന്ന് യഹോവ* പറയുന്നു.”
17 അത് ഇങ്ങനെയും പറയുന്നു: “അവരുടെ പാപങ്ങളും ധിക്കാരപ്രവൃത്തികളും* ഞാൻ പിന്നെ ഓർക്കില്ല.”+
18 ഇവ ക്ഷമിച്ചിരിക്കുന്ന സ്ഥിതിക്ക്, പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ഇനി ആവശ്യമില്ല.
19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു.
20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.*
21 ദൈവഭവനത്തിന്മേൽ അധികാരമുള്ള ശ്രേഷ്ഠനായ ഒരു പുരോഹിതനും നമുക്കുണ്ട്.+
22 ഇക്കാരണങ്ങളാൽ, പൂർണവിശ്വാസത്തോടും ആത്മാർഥഹൃദയത്തോടും കൂടെ നമുക്കു ദൈവമുമ്പാകെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയവും ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കിയ ശരീരവും ഇപ്പോൾ നമുക്കുണ്ട്.+
23 നമ്മുടെ പ്രത്യാശ പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു പതറാതെ ഉറച്ചുനിൽക്കാം.+ കാരണം വാഗ്ദാനം നൽകിയവൻ വിശ്വസ്തനാണ്.
24 സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു* നന്നായി ചിന്തിക്കുക.*+
25 അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്;+ പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.+ ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ+ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.
26 സത്യത്തിന്റെ ശരിയായ* അറിവ് ലഭിച്ചശേഷം നമ്മൾ മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ,+ പാപങ്ങൾക്കുവേണ്ടി പിന്നെ ഒരു ബലിയും ബാക്കിയില്ല;+
27 ആകെയുള്ളതു ന്യായവിധിക്കായി ഭയത്തോടെയുള്ള കാത്തിരിപ്പും എതിർത്തുനിൽക്കുന്നവരെ ദഹിപ്പിക്കുന്ന കോപാഗ്നിയും മാത്രമാണ്.+
28 മോശയുടെ നിയമം ലംഘിക്കുന്നയാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മരണശിക്ഷ നൽകിയിരുന്നു;+ അയാളോട് ഒരു അനുകമ്പയും കാണിച്ചിരുന്നില്ല.
29 അങ്ങനെയെങ്കിൽ, ഒരാൾ ദൈവപുത്രനെ ചവിട്ടിമെതിക്കുകയും അയാളെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ+ വെറും സാധാരണ രക്തംപോലെ കണക്കാക്കുകയും അനർഹദയയുടെ ആത്മാവിനെ നിന്ദിച്ച് അപമാനിക്കുകയും ചെയ്താൽ+ അയാൾക്കു കിട്ടുന്നത് എത്ര കഠിനമായ ശിക്ഷയായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ!
30 “പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധിക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക് അറിയാമല്ലോ.
31 ജീവനുള്ള ദൈവത്തിന്റെ കൈയിൽ അകപ്പെടുന്നത് എത്ര ഭയങ്കരം!
32 നിങ്ങളുടെ പഴയ കാലം എപ്പോഴും ഓർത്തുകൊള്ളുക. സത്യത്തിന്റെ വെളിച്ചം ലഭിച്ചശേഷം+ നിങ്ങൾ വലിയ കഷ്ടതകളോടു പൊരുതി പിടിച്ചുനിന്നു.
33 ചിലപ്പോഴൊക്കെ നിങ്ങൾ പരസ്യമായി* നിന്ദയ്ക്കും ഉപദ്രവത്തിനും ഇരയായി. മറ്റു ചിലപ്പോൾ നിങ്ങൾ അത്തരം കാര്യങ്ങൾ അനുഭവിക്കുന്നവരോടു ചേർന്നുനിന്നു.*
34 ജയിലിലായവരോടു നിങ്ങൾ സഹതാപം കാണിച്ചു. നിങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെട്ടപ്പോൾ, നിലനിൽക്കുന്നതും ഏറെ നല്ലതും ആയ ഒരു സമ്പത്തു നിങ്ങൾക്കുണ്ടെന്നു മനസ്സിലാക്കി നിങ്ങൾ സന്തോഷത്തോടെ അതു സഹിച്ചു.+
35 അതുകൊണ്ട് നിങ്ങൾ ധൈര്യം* കൈവിടരുത്; അതിനു വലിയ പ്രതിഫലമുണ്ട്.+
36 ദൈവേഷ്ടം ചെയ്യാനും വാഗ്ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം.+
37 ഇനി, “അൽപ്പസമയമേ ഉള്ളൂ,”+ “വരാനുള്ളവൻ വരും; താമസിക്കില്ല.”+
38 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;”+ “പിന്മാറുന്നെങ്കിൽ ഞാൻ അവനിൽ പ്രസാദിക്കില്ല.”+
39 നമ്മൾ നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല,+ വിശ്വസിച്ച് ജീവരക്ഷ നേടുന്ന തരക്കാരാണ്.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “പുരോഹിതന്മാർക്ക്.”
^ അഥവാ “വിശുദ്ധസേവനം അർപ്പിക്കുന്നവർ.”
^ അക്ഷ. “പുസ്തകച്ചുരുളിൽ.”
^ അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
^ അഥവാ “പൊതുജനസേവനം.”
^ അഥവാ “നിയമലംഘനങ്ങളും.”
^ അഥവാ “ആത്മവിശ്വാസം.”
^ അക്ഷ. “ഉദ്ഘാടനം ചെയ്തുതന്നത്.”
^ അക്ഷ. “തളിച്ച് ശുദ്ധീകരിച്ച.” അതായത്, യേശുവിന്റെ രക്തം തളിച്ച് ശുദ്ധീകരിച്ച.
^ അഥവാ “പ്രോത്സാഹിപ്പിക്കാമെന്ന്.”
^ അഥവാ “പ്രചോദിപ്പിക്കാമെന്നതിനു ശ്രദ്ധ കൊടുക്കുക.”
^ അഥവാ “സൂക്ഷ്മമായ.”
^ അക്ഷ. “ഒരു പ്രദർശനശാലയിൽ എന്നപോലെ പരസ്യമായി.”
^ അഥവാ “അനുഭവിക്കുന്നവർക്കു തുണയായി.”
^ അഥവാ “സംസാരിക്കാനുള്ള ധൈര്യം.”