എബ്രായർക്ക് എഴുതിയ കത്ത് 11:1-40
11 വിശ്വാസം എന്നത്, പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ച ബോധ്യവും+ കണ്ടിട്ടില്ലാത്ത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ശക്തമായ തെളിവിൽ അധിഷ്ഠിതമായ നിശ്ചയവും ആണ്.*
2 തങ്ങൾക്കു ദൈവപ്രീതിയുണ്ടെന്നു പണ്ടുകാലത്തുള്ളവർക്ക്* ഉറപ്പു ലഭിച്ചത് ഈ വിശ്വാസത്താലാണ്.
3 വിശ്വാസത്താൽ നമ്മൾ പ്രപഞ്ചത്തിലുള്ളതെല്ലാം* ദൈവത്തിന്റെ വചനത്താലാണ് ഉണ്ടായതെന്നും* അങ്ങനെ, കാണാൻ പറ്റാത്തവയിൽനിന്ന് കാണുന്നവയെല്ലാം ഉണ്ടായി എന്നും ഗ്രഹിക്കുന്നു.
4 വിശ്വാസത്താൽ ഹാബേൽ, ദൈവത്തിനു കയീന്റേതിനെക്കാൾ ഏറെ മൂല്യമുള്ള ഒരു ബലി അർപ്പിച്ചു.+ ആ വിശ്വാസം കാരണം, ദൈവം ഹാബേലിന്റെ കാഴ്ചകൾ സ്വീകരിച്ചു;+ ഹാബേലിനു താൻ നീതിമാനാണെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു. ഹാബേൽ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു.+
5 വിശ്വാസമുണ്ടായിരുന്നതിനാൽ ഹാനോക്കിനെ+ ദൈവം, മരണം കാണാതിരിക്കാൻവേണ്ടി മാറ്റി.+ ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു എന്ന ഉറപ്പു ഹാനോക്കിന് അതിനു മുമ്പുതന്നെ ലഭിച്ചിരുന്നു. ദൈവം ഹാനോക്കിനെ മാറ്റിയതുകൊണ്ട് പിന്നെ ആരും ഹാനോക്കിനെ കണ്ടില്ല.
6 വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.+
7 വിശ്വാസത്താൽ നോഹ,+ അതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ദൈവത്തിൽനിന്ന് മുന്നറിയിപ്പു ലഭിച്ചപ്പോൾ+ ദൈവഭയം കാണിക്കുകയും കുടുംബത്തെ രക്ഷിക്കാൻവേണ്ടി ഒരു പെട്ടകം പണിയുകയും ചെയ്തു.+ ആ വിശ്വാസത്താൽ നോഹ ലോകത്തെ കുറ്റം വിധിക്കുകയും+ വിശ്വാസത്താൽ ഉണ്ടാകുന്ന നീതിക്ക് അവകാശിയാകുകയും ചെയ്തു.
8 വിശ്വാസത്താൽ അബ്രാഹാം,+ തനിക്ക് അവകാശമായി കിട്ടാനിരുന്ന ദേശത്തേക്കു പോകാൻ ദൈവം പറഞ്ഞപ്പോൾ എവിടേക്കാണു പോകുന്നതെന്ന് അറിയില്ലായിരുന്നിട്ടും ഇറങ്ങിപ്പുറപ്പെട്ടു;+ അങ്ങനെ അനുസരണം കാണിച്ചു.
9 വിശ്വാസം കാരണം അബ്രാഹാം, ദൈവം തനിക്കു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് ഒരു പരദേശിയെപ്പോലെ കഴിഞ്ഞു.+ അവിടെ അബ്രാഹാം അതേ വാഗ്ദാനം ലഭിച്ച യിസ്ഹാക്കിനോടും യാക്കോബിനോടും+ കൂടെ ഒരു വിദേശനാട്ടിലെന്നപോലെ കൂടാരങ്ങളിൽ താമസിച്ചു.+
10 കാരണം ദൈവം രൂപരചയിതാവും* നിർമാതാവും ആയ, ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനുവേണ്ടിയാണ് അബ്രാഹാം കാത്തിരുന്നത്.+
11 വിശ്വാസത്താൽ സാറയ്ക്ക്, ഗർഭിണിയാകാനുള്ള* പ്രായം കഴിഞ്ഞിട്ടും+ അതിനുള്ള പ്രാപ്തി ലഭിച്ചു. കാരണം തനിക്കു വാഗ്ദാനം നൽകിയ ദൈവം വിശ്വസ്തനാണെന്നു* സാറ വിശ്വസിച്ചു.
12 അങ്ങനെ ഒരാളിൽനിന്ന്, മരിച്ചതിനു തുല്യനായ* ഒരാളിൽനിന്ന്,+ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും+ അസംഖ്യം മക്കൾ ജനിച്ചു.+
13 ഇപ്പറഞ്ഞ എല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. അവർക്കു ലഭിച്ച വാഗ്ദാനങ്ങൾ അവരുടെ ജീവിതകാലത്ത് നിറവേറിയില്ലെങ്കിലും+ അവർ ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിക്കുകയും+ ദേശത്ത് തങ്ങൾ അന്യരും താത്കാലികതാമസക്കാരും മാത്രമാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
14 അങ്ങനെ പറയുന്നവർ സ്വന്തമായ ഒരു ദേശം താത്പര്യത്തോടെ അന്വേഷിക്കുകയാണെന്നു വ്യക്തമാക്കുന്നു.
15 തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ചായിരുന്നു+ അവരുടെ ചിന്തയെങ്കിൽ അവിടേക്കു മടങ്ങിപ്പോകാൻ അവർക്ക് അവസരങ്ങളുണ്ടായിരുന്നു.
16 എന്നാൽ ഇപ്പോൾ അവർ കൂടുതൽ മെച്ചമായ ഒരു സ്ഥലം, സ്വർഗീയമായ ഒന്ന്, നേടാൻ ശ്രമിക്കുന്നു. അതുകൊണ്ട് അവരുടെ ദൈവം എന്ന് അറിയപ്പെടാൻ ദൈവം ലജ്ജിക്കുന്നില്ല.+ ദൈവം അവർക്കായി ഒരു നഗരംതന്നെ ഒരുക്കിയിരിക്കുന്നു.+
17 വിശ്വാസത്താൽ അബ്രാഹാം, പരീക്ഷിക്കപ്പെട്ടപ്പോൾ+ ഒരേ ഒരു മകനെ യാഗം അർപ്പിക്കാൻ തയ്യാറായി.+ വാഗ്ദാനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച അബ്രാഹാം യിസ്ഹാക്കിനെ യാഗം അർപ്പിച്ചതായിത്തന്നെ ദൈവം കണക്കാക്കി.
18 “നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും”+ എന്നു ദൈവം പറഞ്ഞിരുന്നെങ്കിലും അബ്രാഹാം അതിനു മടിച്ചില്ല.
19 മകനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന് അബ്രാഹാം നിഗമനം ചെയ്തു. ഒരു പ്രതീകമെന്ന+ നിലയിൽ അബ്രാഹാമിനു മകനെ മരണത്തിൽനിന്ന് തിരികെ കിട്ടുകയും ചെയ്തു.
20 വിശ്വാസത്താൽ യിസ്ഹാക്ക്, സംഭവിക്കാനിരുന്ന കാര്യങ്ങൾ പറഞ്ഞ് യാക്കോബിനെയും+ ഏശാവിനെയും+ അനുഗ്രഹിച്ചു.
21 വിശ്വാസത്താൽ യാക്കോബ്, മരണത്തോട് അടുത്ത സമയത്ത്+ യോസേഫിന്റെ ആൺമക്കളെ അനുഗ്രഹിക്കുകയും+ തന്റെ വടിയുടെ അറ്റത്ത് ഊന്നി ദൈവത്തെ ആരാധിക്കുകയും ചെയ്തു.+
22 വിശ്വാസത്താൽ യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഇസ്രായേൽമക്കൾ പുറപ്പെട്ടുപോകുന്നതിനെക്കുറിച്ച് സംസാരിക്കുകയും തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്* നിർദേശങ്ങൾ* നൽകുകയും ചെയ്തു.+
23 വിശ്വാസത്താൽ മോശയുടെ മാതാപിതാക്കൾ, മോശ സുന്ദരനെന്നു കണ്ടിട്ട്+ മൂന്നു മാസം പ്രായമാകുന്നതുവരെ മോശയെ ഒളിപ്പിച്ചുവെച്ചു;+ അവർ രാജകല്പന ഭയപ്പെട്ടില്ല.+
24 മോശ വളർന്നപ്പോൾ,+ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ഫറവോന്റെ മകളുടെ മകൻ എന്ന് അറിയപ്പെടുന്നതു വേണ്ടെന്നുവെച്ചു.+
25 പാപത്തിന്റെ താത്കാലികമായ സുഖത്തിനു പകരം ദൈവജനത്തോടൊപ്പം ദ്രോഹം സഹിക്കുന്നതു മോശ തിരഞ്ഞെടുത്തു.
26 കാരണം ലഭിക്കാനിരുന്ന പ്രതിഫലത്തിൽ ദൃഷ്ടി പതിപ്പിച്ചതുകൊണ്ട്, ദൈവത്തിന്റെ ക്രിസ്തു* എന്ന നിലയിൽ സഹിക്കേണ്ടിയിരുന്ന നിന്ദയെ മോശ ഈജിപ്തിലെ സമ്പത്തിനെക്കാൾ ശ്രേഷ്ഠമായ ധനമായി കണക്കാക്കി.
27 വിശ്വാസത്താൽ മോശ, ഈജിപ്തിൽനിന്ന് പോയി;+ രാജകോപം ഭയന്നിട്ടല്ല പോയത്.+ അദൃശ്യനായ ദൈവത്തെ+ കണ്ടാലെന്നപോലെ മോശ ഉറച്ചുനിന്നു.
28 വിശ്വാസത്താൽ മോശ, സംഹാരകൻ തങ്ങളുടെ കടിഞ്ഞൂലുകളെ തൊടാതിരിക്കാൻവേണ്ടി പെസഹ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്തു.+
29 വിശ്വാസത്താൽ ജനം, ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു.+ എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിച്ച ഈജിപ്തുകാർ മുങ്ങിമരിച്ചു.+
30 വിശ്വാസത്താൽ അവർ, ഏഴു ദിവസം യരീഹൊയുടെ മതിലിനെ വലംവെച്ചപ്പോൾ അതു നിലംപൊത്തി.+
31 വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ചാരന്മാരെ സമാധാനത്തോടെ സ്വീകരിച്ചതുകൊണ്ട് അനുസരണംകെട്ടവരോടൊപ്പം മരിച്ചില്ല.+
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ.
33 വിശ്വാസത്താൽ അവർ രാജ്യങ്ങൾ കീഴടക്കി,+ നീതി നടപ്പാക്കി, വാഗ്ദാനങ്ങൾ സ്വന്തമാക്കി,+ സിംഹങ്ങളുടെ വായ് അടച്ചു,+
34 തീയുടെ ബലം കെടുത്തി,+ വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു,+ ബലഹീനരായിരുന്നപ്പോൾ ശക്തി നേടി,+ യുദ്ധത്തിൽ വീരന്മാരായി,+ അതിക്രമിച്ചുകടന്ന സൈന്യങ്ങളെ തുരത്തി.+
35 സ്ത്രീകൾക്ക് അവരുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിലൂടെ തിരിച്ചുകിട്ടി.+ മറ്റു ചിലരാകട്ടെ, ഒരു മോചനവിലയുടെ അടിസ്ഥാനത്തിൽ വിട്ടയയ്ക്കാമെന്ന വാഗ്ദാനം നിരസിച്ച് കൂടുതൽ ശ്രേഷ്ഠമായ ഒരു പുനരുത്ഥാനം നേടാൻവേണ്ടി ഉപദ്രവം സഹിച്ചു.
36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+
37 അവർ കല്ലേറു കൊണ്ടു,+ പരീക്ഷകൾ സഹിച്ചു, രണ്ടായി അറുക്കപ്പെട്ടു, വാളിന്റെ വെട്ടേറ്റ് മരിച്ചു,+ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു,+ ദാരിദ്ര്യവും കഷ്ടതയും+ ഉപദ്രവവും+ സഹിച്ചു.
38 അവരെ താമസിപ്പിക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. അവർ മരുഭൂമികളിലും മലകളിലും ഗുഹകളിലും+ മടകളിലും അഭയം തേടി.
39 വിശ്വാസം കാരണം അവർക്കെല്ലാം ദൈവത്തിന്റെ അംഗീകാരം കിട്ടിയെങ്കിലും, വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാൻ അവർക്കു കഴിഞ്ഞില്ല.
40 കാരണം നമ്മളെക്കൂടാതെ അവർ പരിപൂർണരാകാതിരിക്കാൻ ദൈവം നമുക്കുവേണ്ടി കൂടുതൽ ശ്രേഷ്ഠമായതു മുൻകൂട്ടി കണ്ടിരുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “ശക്തമായ തെളിവും ആണ്.”
^ അഥവാ “നമ്മുടെ പൂർവികർക്ക്.”
^ അഥവാ “സ്ഥാപിക്കപ്പെട്ടതെന്നും.”
^ അതായത്, രൂപരേഖ തയ്യാറാക്കുന്ന ആൾ.
^ അഥവാ “ആശ്രയയോഗ്യനാണെന്ന്.”
^ അഥവാ “സന്തതിയെ ഗർഭം ധരിക്കാനുള്ള.”
^ അതായത്, പുനരുത്പാദനശേഷി നഷ്ടമായ.
^ അക്ഷ. “വിത്ത്.”
^ അഥവാ “കല്പന.”
^ അഥവാ “തന്റെ ശവസംസ്കാരത്തെക്കുറിച്ച്.”