എബ്രായർക്ക് എഴുതിയ കത്ത് 12:1-29
12 അതുകൊണ്ട് സാക്ഷികളുടെ ഇത്ര വലിയൊരു കൂട്ടം* ചുറ്റുമുള്ളതിനാൽ നമുക്കും, എല്ലാ ഭാരവും നമ്മളെ എളുപ്പം വരിഞ്ഞുമുറുക്കുന്ന പാപവും എറിഞ്ഞുകളഞ്ഞ്+ മുന്നിലുള്ള ഓട്ടമത്സരം തളർന്നുപോകാതെ* ഓടാം;+
2 നമ്മുടെ വിശ്വാസത്തിന്റെ മുഖ്യനായകനും അതിനു പൂർണത വരുത്തുന്നവനും ആയ യേശുവിനെത്തന്നെ+ നോക്കിക്കൊണ്ട് നമുക്ക് ഓടാം. മുന്നിലുണ്ടായിരുന്ന സന്തോഷം ഓർത്ത് യേശു അപമാനം വകവെക്കാതെ ദണ്ഡനസ്തംഭത്തിലെ* മരണം സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു.+
3 തങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് പാപികൾ പകയോടെ സംസാരിച്ചപ്പോൾ+ അതു സഹിച്ചുനിന്ന യേശുവിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നെങ്കിൽ നിങ്ങൾ ക്ഷീണിച്ച് പിന്മാറില്ല.+
4 ആ പാപത്തോടുള്ള പോരാട്ടത്തിൽ നിങ്ങളുടെ രക്തം ചൊരിയുന്ന അളവോളം നിങ്ങൾക്ക് ഇതുവരെ എതിർത്തുനിൽക്കേണ്ടിവന്നിട്ടില്ല.
5 മക്കൾക്ക് എന്നപോലെ നിങ്ങൾക്കു തന്ന ഈ ഉപദേശം നിങ്ങൾ പാടേ മറന്നുകളഞ്ഞു: “മകനേ, യഹോവയുടെ* ശിക്ഷണം നിസ്സാരമായി എടുക്കരുത്; ദൈവം തിരുത്തുമ്പോൾ മടുത്ത് പിന്മാറുകയുമരുത്;
6 യഹോവ* താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്ന എല്ലാവരെയും അടിക്കുന്നു.”*+
7 ശിക്ഷണത്തിന്റെ* ഭാഗമായി നിങ്ങൾ പലതും സഹിക്കേണ്ടിവരും. മക്കളോട് ഇടപെടുന്നതുപോലെയാണു ദൈവം നിങ്ങളോട് ഇടപെടുന്നത്.+ അപ്പൻ ശിക്ഷണം നൽകാത്ത മക്കളുണ്ടോ?+
8 നിങ്ങൾക്കെല്ലാം ഈ ശിക്ഷണം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മക്കളല്ല, അവിഹിതബന്ധത്തിൽ ജനിച്ചവരാണ്.
9 മനുഷ്യരായ പിതാക്കന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാനിച്ചല്ലോ. ആ സ്ഥിതിക്ക്, നമ്മൾ ജീവനോടിരിക്കാൻ നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?+
10 അവർക്കു നല്ലതെന്നു തോന്നിയ വിധത്തിൽ അൽപ്പകാലം മാത്രമാണ് അവർ നമുക്കു ശിക്ഷണം തന്നത്. എന്നാൽ ദൈവം ശിക്ഷണം തരുന്നതു നമുക്കു നല്ലതു വരാനും അങ്ങനെ നമ്മൾ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കാളികളാകാനും വേണ്ടിയാണ്.+
11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.
12 അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ബലപ്പെടുത്തുക.+
13 അങ്ങനെ, ദുർബലമായത് ഉളുക്കിപ്പോകാതെ സുഖപ്പെടാനായി നിങ്ങളുടെ പാദങ്ങൾക്കു നേരായ പാത ഒരുക്കുക.+
14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല.
15 എല്ലാവരും ദൈവത്തിന്റെ അനർഹദയ നേടുന്നെന്ന് ഉറപ്പു വരുത്തുക. അങ്ങനെയാകുമ്പോൾ ഏതെങ്കിലും വിഷവേരു വളർന്നുവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയോ അങ്ങനെ കുറെ പേർ അശുദ്ധരാകുകയോ ഇല്ല.+
16 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരോ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മൂത്ത മകൻ എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ വെച്ചുമാറിയ ഏശാവിനെപ്പോലെ വിശുദ്ധകാര്യങ്ങളെ മാനിക്കാത്തവരോ+ നിങ്ങളുടെ ഇടയിലില്ലെന്ന് ഉറപ്പു വരുത്തുക.
17 പിന്നീട് അനുഗ്രഹം നേടാൻ ആഗ്രഹിച്ചപ്പോൾ ഏശാവിന്റെ അപേക്ഷ തള്ളിക്കളഞ്ഞെന്നു നിങ്ങൾക്ക് അറിയാമല്ലോ. മനസ്സു മാറ്റാൻ ഏശാവ് അപ്പനോടു കണ്ണീരോടെ യാചിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.+
18 നിങ്ങൾ സമീപിച്ചിരിക്കുന്നതു തൊട്ടറിയാവുന്നതും+ തീ കത്തുന്നതും ആയ+ എന്തിനെയെങ്കിലുമോ ഇരുണ്ട മേഘം, കൂരിരുട്ട്, കൊടുങ്കാറ്റ്,+
19 കാഹളത്തിന്റെ മുഴക്കം,+ ദൈവത്തിന്റെ വാക്കുകൾ+ എന്നിവയെയോ അല്ല. ആ ശബ്ദം കേട്ട ജനം, ഇനിയൊന്നും പറയരുതേ എന്ന് അപേക്ഷിച്ചു.+
20 “പർവതത്തിൽ തൊടുന്നത് ഒരു മൃഗമാണെങ്കിൽപ്പോലും അതിനെ കല്ലെറിഞ്ഞുകൊല്ലണം”+ എന്ന കല്പന കേട്ടപ്പോൾത്തന്നെ അവർ പേടിച്ചുപോയിരുന്നു.
21 “ഞാൻ പേടിച്ചുവിറയ്ക്കുന്നു”+ എന്നു മോശ പറയത്തക്കവിധം ആ കാഴ്ച അത്ര ഭയങ്കരമായിരുന്നു.
22 എന്നാൽ നിങ്ങൾ സമീപിച്ചിരിക്കുന്നതു സീയോൻ മലയെയും+ ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയയരുശലേമിനെയും+ ആയിരമായിരം ദൈവദൂതന്മാരുടെ
23 മഹാസദസ്സിനെയും+ സ്വർഗത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയെയും എല്ലാവരുടെയും ന്യായാധിപനായ ദൈവത്തെയും+ പൂർണരാക്കപ്പെട്ട നീതിമാന്മാരുടെ+ ആത്മീയജീവനെയും+
24 പുതിയ ഉടമ്പടിയുടെ+ മധ്യസ്ഥനായ യേശുവിനെയും+ ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന രക്തത്തെയും,+ അതായത് നമ്മുടെ മേൽ തളിച്ച രക്തത്തെയും, ആണ്.
25 സംസാരിക്കുന്നവനെ ഒരു കാരണവശാലും ശ്രദ്ധിക്കാതിരിക്കരുത്!* ഭൂമിയിൽ ദിവ്യമുന്നറിയിപ്പു നൽകിയവനെ ശ്രദ്ധിക്കാതിരുന്നവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് സംസാരിക്കുന്നവനു പുറംതിരിഞ്ഞാൽ എങ്ങനെ രക്ഷപ്പെടാനാണ്?+
26 അന്നു ദൈവത്തിന്റെ ശബ്ദം ഭൂമിയെ ഇളക്കി.+ എന്നാൽ ഇപ്പോൾ ദൈവം, “ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും”+ എന്നു വാഗ്ദാനം ചെയ്തിരിക്കുന്നു.
27 “വീണ്ടും” എന്ന പ്രയോഗം, ഇളക്കമില്ലാത്തതു നിലനിറുത്താനായി ഇളകിയവയെ അഥവാ നിർമിതമായവയെ നീക്കിക്കളയുമെന്നു സൂചിപ്പിക്കുന്നു.
28 ഇളക്കാനാകാത്ത ഒരു രാജ്യം നമുക്കു കിട്ടുമെന്നതിനാൽ അനർഹദയ സ്വീകരിക്കുന്നതിൽ തുടരാം; അതുവഴി, ദൈവം അംഗീകരിക്കുന്ന വിധത്തിൽ ഭയഭക്തിയോടെ നമുക്കു ദൈവത്തെ സേവിക്കാം.*
29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണല്ലോ.+
അടിക്കുറിപ്പുകള്
^ അഥവാ “സഹനശക്തിയോടെ.”
^ അക്ഷ. “മേഘം.”
^ അഥവാ “ശിക്ഷിക്കുന്നു.”
^ അഥവാ “പരിശീലനത്തിന്റെ.”
^ അഥവാ “സങ്കടം.”
^ അഥവാ “വിശുദ്ധിക്കായി.”
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ അഥവാ “സംസാരിച്ചുകൊണ്ടിരിക്കുന്നയാളോട് ഒഴികഴിവുകൾ പറയരുത്; സംസാരിച്ചുകൊണ്ടിരിക്കുന്നയാളെ അവഗണിക്കരുത്.”
^ അഥവാ “ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കാം.”