എബ്രായർക്ക് എഴുതിയ കത്ത് 13:1-25
13 നിങ്ങൾ തുടർന്നും സഹോദരസ്നേഹം കാണിക്കുക.+
2 ആതിഥ്യം* കാണിക്കാൻ മറക്കരുത്.+ അതുവഴി ചിലർ ദൈവദൂതന്മാരെ ആളറിയാതെ സത്കരിച്ചിട്ടുണ്ട്.+
3 ജയിലിൽ കിടക്കുന്നവരെ,* നിങ്ങളും അവരോടൊപ്പം ജയിലിലാണെന്നപോലെ ഓർക്കണം.+ ദ്രോഹം സഹിക്കുന്നവരെയും ഓർക്കുക. കാരണം, നിങ്ങളും ഇപ്പോൾ മനുഷ്യശരീരത്തിലാണല്ലോ.*
4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+
5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.
6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.
7 നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക;+ ദൈവത്തിന്റെ വാക്കുകൾ നിങ്ങളെ അറിയിച്ചവരാണല്ലോ അവർ. അവരുടെ പ്രവൃത്തികളുടെ ഫലം നിരീക്ഷിച്ചറിഞ്ഞ് അവരുടെ വിശ്വാസം അനുകരിക്കുക.+
8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്.
9 വിചിത്രമായ പലപല ഉപദേശങ്ങളാൽ വഴിതെറ്റിപ്പോകരുത്. ഭക്ഷണത്താലല്ല,* അനർഹദയയാൽ ഹൃദയത്തെ ബലപ്പെടുത്തുന്നതാണു നല്ലത്. ഭക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ട് ആളുകൾക്കു പ്രയോജനമൊന്നും ഉണ്ടാകുന്നില്ലല്ലോ.+
10 നമുക്ക് ഒരു യാഗപീഠമുണ്ട്; അതിൽനിന്ന് കഴിക്കാൻ കൂടാരത്തിൽ ശുശ്രൂഷ* ചെയ്യുന്നവർക്ക് അവകാശമില്ല.+
11 മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം പാപയാഗം എന്ന നിലയിൽ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുപോകും. എന്നാൽ അവയുടെ ശരീരം പാളയത്തിനു പുറത്ത് കൊണ്ടുപോയി ചുട്ടുകളയുന്നു.+
12 അതുപോലെ യേശുവും സ്വന്തം രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കാൻവേണ്ടി+ നഗരകവാടത്തിനു പുറത്തുവെച്ച് കഷ്ടത സഹിച്ചു.+
13 അതുകൊണ്ട് യേശു സഹിച്ച നിന്ദ ചുമന്നുകൊണ്ട്+ നമുക്കു പാളയത്തിനു പുറത്ത് യേശുവിന്റെ അടുത്ത് ചെല്ലാം.
14 കാരണം ഇവിടെ നമുക്കു നിലനിൽക്കുന്ന ഒരു നഗരമില്ല. വരാനുള്ള ഒരു നഗരത്തിനുവേണ്ടിയാണല്ലോ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.+
15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+
16 മാത്രമല്ല, നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.+ അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.+
17 നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ+ നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട്*+ അവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുക.+ അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.
18 ഞങ്ങൾക്കുവേണ്ടി തുടർന്നും പ്രാർഥിക്കുക. എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.+
19 ഞാൻ എത്രയും വേഗം നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരാൻ നിങ്ങൾ പ്രാർഥിക്കണമെന്നു ഞാൻ പ്രത്യേകം അഭ്യർഥിക്കുന്നു.
20 ആടുകളുടെ വലിയ ഇടയനും+ നമ്മുടെ കർത്താവും ആയ യേശുവിനെ നിത്യമായ ഉടമ്പടിയുടെ രക്തത്താൽ മരിച്ചവരിൽനിന്ന് തിരിച്ചുകൊണ്ടുവന്ന സമാധാനത്തിന്റെ ദൈവം
21 തന്റെ ഇഷ്ടം ചെയ്യാൻ എല്ലാ നന്മകളും നൽകിക്കൊണ്ട് നിങ്ങളെ പ്രാപ്തരാക്കുകയും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ യേശുക്രിസ്തുവിലൂടെ നമ്മളിൽ പ്രവർത്തിക്കുകയും ചെയ്യട്ടെ. ദൈവത്തിന് എന്നുമെന്നേക്കും മഹത്ത്വം. ആമേൻ.
22 സഹോദരങ്ങളേ, എന്റെ ഈ പ്രോത്സാഹനവാക്കുകൾ ക്ഷമയോടെ കേൾക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു. ഞാൻ ചുരുക്കമായിട്ടാണല്ലോ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
23 നമ്മുടെ സഹോദരനായ തിമൊഥെയൊസ് മോചിതനായെന്ന വിവരം നിങ്ങളെ അറിയിക്കുന്നു. തിമൊഥെയൊസ് വേഗം എത്തിയാൽ ഞങ്ങൾ ഒരുമിച്ച് വന്ന് നിങ്ങളെ കാണും.
24 എല്ലാ വിശുദ്ധരെയും നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്ന എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. ഇറ്റലിയിലുള്ളവർ+ നിങ്ങളെ സ്നേഹം അറിയിക്കുന്നു.
25 കർത്താവിന്റെ അനർഹദയ നിങ്ങൾ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
അടിക്കുറിപ്പുകള്
^ അഥവാ “അപരിചിതരോടു ദയ.”
^ അക്ഷ. “ബന്ദികളെ; ബന്ധനത്തിൽ കഴിയുന്നവരെ.”
^ മറ്റൊരു സാധ്യത “ഉപദ്രവം സഹിക്കുന്നവരെ, നിങ്ങളും അവരോടൊപ്പം ഉപദ്രവം സഹിക്കുകയാണെന്നപോലെ ഓർക്കണം.”
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ അഥവാ “അമൂല്യമായി.”
^ അതായത്, ഭക്ഷണത്തെക്കുറിച്ചുള്ള നിയമങ്ങളാലല്ല.
^ അഥവാ “വിശുദ്ധസേവനം.”
^ അഥവാ “കാവലിരിക്കുന്നതുകൊണ്ട്.”