എബ്രായർക്ക് എഴുതിയ കത്ത് 2:1-18
2 അതുകൊണ്ട് കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ+ കൊടുക്കേണ്ടത് ആവശ്യമാണ്. അങ്ങനെയാകുമ്പോൾ നമ്മൾ ഒരിക്കലും ഒഴുകിപ്പോകില്ല.+
2 ദൂതന്മാരിലൂടെ അറിയിച്ച കാര്യങ്ങൾ+ മാറ്റമില്ലാതെ നിൽക്കുകയും ഓരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്ത സ്ഥിതിക്ക്+
3 ഇത്ര മഹത്തായ ഒരു രക്ഷ അവഗണിച്ചാൽ നമുക്കു ശിക്ഷയിൽനിന്ന് ഒഴിവാകാൻ പറ്റുമോ?+ ആ രക്ഷയെക്കുറിച്ച് നമ്മുടെ കർത്താവാണ് ആദ്യം പറഞ്ഞത്.+ കർത്താവിനെ ശ്രദ്ധിച്ചവർ അതു സത്യമാണെന്നു നമുക്ക് ഉറപ്പു തരുകയും ചെയ്തു.
4 തന്റെ ഇഷ്ടപ്രകാരം നൽകിയ പരിശുദ്ധാത്മാവിലൂടെയും*+ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും പല വിസ്മയപ്രവൃത്തികളിലൂടെയും+ ദൈവവും അതു സ്ഥിരീകരിച്ചു.
5 ഭാവിയിൽ വരുമെന്നു നമ്മൾ പ്രസംഗിക്കുന്ന ലോകത്തെ,* ദൈവം ദൂതന്മാരെയല്ല ഏൽപ്പിച്ചിരിക്കുന്നത്.+
6 ഇതെക്കുറിച്ച് ഒരാൾ ഒരിക്കൽ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “അങ്ങ് മനുഷ്യനെ ഓർക്കാൻമാത്രം അവൻ ആരാണ്? അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+
7 അങ്ങ് അവനെ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി; അവനെ മഹത്ത്വവും ബഹുമാനവും അണിയിച്ചു. അങ്ങയുടെ സൃഷ്ടികളുടെ മേൽ അവനെ നിയമിച്ചു.
8 എല്ലാം അങ്ങ് അവന്റെ കാൽക്കീഴാക്കിക്കൊടുത്തു.”+ ദൈവം എല്ലാം യേശുവിനു കീഴിലാക്കിയതുകൊണ്ട്+ യേശുവിന്റെ കീഴിലല്ലാത്തതായി ഒന്നുമില്ല.+ പക്ഷേ ഇപ്പോൾ, എല്ലാം യേശുവിന്റെ കീഴിലായിരിക്കുന്നതായി നമ്മൾ കാണുന്നില്ല;+
9 എന്നാൽ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ത്തപ്പെട്ടവനായ യേശു+ മഹത്ത്വവും ബഹുമാനവും അണിഞ്ഞതായി നമ്മൾ കാണുന്നു; കാരണം യേശു മരണത്തിനു വിധേയനായി.+ ദൈവത്തിന്റെ അനർഹദയയാൽ എല്ലാവർക്കുംവേണ്ടി യേശു മരണം വരിച്ചു.+
10 എല്ലാം ദൈവത്തിനുവേണ്ടിയും ദൈവത്തിലൂടെയും നിലനിൽക്കുന്നു. തന്റെ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളിലൂടെ പരിപൂർണനാക്കുന്നത്+ ഉചിതമാണെന്നു ദൈവത്തിനു തോന്നി.
11 വിശുദ്ധീകരിക്കുന്നവന്റെയും വിശുദ്ധീകരിക്കപ്പെടുന്നവരുടെയും+ പിതാവ് ഒന്നാണല്ലോ.+ അതുകൊണ്ട് അവരെ സഹോദരന്മാർ എന്നു വിളിക്കാൻ യേശു മടിക്കുന്നില്ല.+
12 “എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും; സഭാമധ്യേ ഞാൻ അങ്ങയെ പാടി സ്തുതിക്കും”+ എന്നും
13 “ഞാൻ ദൈവത്തിൽ ആശ്രയിക്കും”+ എന്നും “ഇതാ, ഞാനും യഹോവ* എനിക്കു തന്ന മക്കളും”+ എന്നും യേശു പറയുന്നു.
14 ‘മക്കൾ’ മാംസവും രക്തവും കൊണ്ടുള്ളവരായതിനാൽ യേശുവും അങ്ങനെതന്നെയായി.+ അതുകൊണ്ടുതന്നെ, മരണം വരുത്താൻ കഴിവുള്ള+ പിശാചിനെ+ ഇല്ലാതാക്കാനും
15 ആയുഷ്കാലം മുഴുവൻ മരണഭീതിയുടെ അടിമത്തത്തിൽ കഴിയുന്നവരെയെല്ലാം സ്വതന്ത്രരാക്കാനും തന്റെ മരണത്തിലൂടെ യേശുവിനു കഴിയുമായിരുന്നു.+
16 യേശു സഹായിക്കുന്നതു ദൈവദൂതന്മാരെയല്ല, അബ്രാഹാമിന്റെ സന്തതിയെയാണ്.*+
17 അതുകൊണ്ട് യേശു എല്ലാ വിധത്തിലും തന്റെ ‘സഹോദരന്മാരെപ്പോലെ’+ ആകേണ്ടത് ആവശ്യമായിരുന്നു. അപ്പോൾ മാത്രമേ കരുണയും വിശ്വസ്തതയും ഉള്ള മഹാപുരോഹിതനായി ദൈവശുശ്രൂഷ ചെയ്തുകൊണ്ട് ജനത്തിന്റെ പാപങ്ങൾക്ക് അനുരഞ്ജനബലി+ അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.*+
18 പരീക്ഷിക്കപ്പെട്ടപ്പോൾ+ കഷ്ടതകൾ അനുഭവിച്ചതുകൊണ്ട് ഇപ്പോൾ യേശുവിനു പരീക്ഷിക്കപ്പെടുന്നവരുടെ സഹായത്തിന് എത്താൻ കഴിയും.+
അടിക്കുറിപ്പുകള്
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അഥവാ “നിവസിതഭൂമിയെ.”
^ അഥവാ “രക്ഷയുടെ മുഖ്യനായകനെ.”
^ അക്ഷ. “വിത്തിനെയാണ്.”
^ അഥവാ “ജനത്തിന്റെ പാപപരിഹാരത്തിനുള്ള ബലി അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ; ജനത്തിനു പാപപരിഹാരം വരുത്താൻ കഴിയുമായിരുന്നുള്ളൂ.”