എബ്രായർക്ക് എഴുതിയ കത്ത് 3:1-19
3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക.
2 മോശ ദൈവഭവനത്തിലെല്ലാം വിശ്വസ്തതയോടെ സേവിച്ചതുപോലെ+ യേശുവും തന്നെ നിയമിച്ച+ ദൈവത്തോടു വിശ്വസ്തനായിരുന്നു.
3 എന്നാൽ യേശുവിനെ മോശയെക്കാൾ കൂടുതൽ മഹത്ത്വത്തിനു യോഗ്യനായി+ കണക്കാക്കുന്നു; വീടു പണിയുന്നയാൾക്കാണല്ലോ വീടിനെക്കാൾ ശ്രേഷ്ഠത.
4 ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്.
5 മോശ ഒരു സേവകനെന്ന നിലയിലാണു ദൈവഭവനത്തിൽ വിശ്വസ്തമായി സേവിച്ചത്. മോശ ചെയ്ത സേവനം, പിന്നീടു വെളിപ്പെടുത്താനിരുന്നതിന്റെ ഒരു സൂചനയായിരുന്നു.
6 എന്നാൽ ക്രിസ്തു വിശ്വസ്തനായ പുത്രനെന്ന+ നിലയിലാണു ദൈവഭവനത്തിന്റെ അധികാരിയായിരുന്നത്. സംസാരിക്കാനുള്ള ധൈര്യവും നമ്മുടെ അഭിമാനമായ പ്രത്യാശയും അവസാനത്തോളം മുറുകെ പിടിക്കുമെങ്കിൽ നമ്മൾതന്നെയാണു ദൈവഭവനം.+
7 അതുകൊണ്ട് പരിശുദ്ധാത്മാവ് പറയുന്നു:+ “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ,
8 വിജനഭൂമിയിൽവെച്ച്* നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ച ദിവസം,+ അവർ എന്നെ കോപിപ്പിച്ച സമയത്ത്, ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9 അവിടെ 40 വർഷം+ ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.
10 അതുകൊണ്ടാണ് ആ തലമുറയെ അങ്ങേയറ്റം വെറുത്ത് ഞാൻ ഇങ്ങനെ പറഞ്ഞത്: ‘അവർ എപ്പോഴും വഴിതെറ്റിപ്പോകുന്ന ഹൃദയമുള്ളവർ; അവർ എന്റെ വഴികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.’
11 അതുകൊണ്ട്, ‘അവർ എന്റെ സ്വസ്ഥതയിൽ* കടക്കില്ല’ എന്നു ഞാൻ കോപത്തോടെ സത്യം ചെയ്തു.”+
12 സഹോദരങ്ങളേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്ന് അകന്നുപോയിട്ട്+ വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ എപ്പോഴും സൂക്ഷിക്കണം.
13 പാപത്തിന്റെ വഞ്ചനയിൽ കുടുങ്ങി നിങ്ങൾ ആരും കഠിനഹൃദയരാകാതിരിക്കാൻ, “ഇന്ന്”+ എന്നു പറഞ്ഞിരിക്കുന്ന ദിവസം അവസാനിക്കുന്നതുവരെ ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക.
14 നമുക്ക് ആദ്യമുണ്ടായിരുന്ന ബോധ്യം അവസാനംവരെ മുറുകെ പിടിക്കുന്നെങ്കിൽ+ മാത്രമേ നമ്മൾ ക്രിസ്തുവിൽ* പങ്കാളികളാകൂ.
15 കാരണം, “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ എന്നെ കോപിപ്പിച്ച സമയത്ത് ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”+ എന്നു പറഞ്ഞിട്ടുണ്ടല്ലോ.
16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+
17 അതുപോലെ, 40 വർഷം ദൈവം അങ്ങേയറ്റം വെറുത്തത് ആരെയായിരുന്നു?+ പാപം ചെയ്തവരെയല്ലേ? അവരുടെ ശവങ്ങൾ വിജനഭൂമിയിൽ വീണു.+
18 ‘നിങ്ങൾ എന്റെ സ്വസ്ഥതയിൽ കടക്കില്ല’ എന്നു ദൈവം ആണയിട്ട് പറഞ്ഞത് ആരോടായിരുന്നു? അനുസരണക്കേടു കാണിച്ചവരോടല്ലേ?
19 അതെ, വിശ്വാസമില്ലാതിരുന്നതുകൊണ്ടാണ് അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ കഴിയാതെവന്നത്.+
അടിക്കുറിപ്പുകള്
^ അഥവാ “സ്വർഗത്തിലേക്കുള്ള ക്ഷണത്തിൽ.”
^ അഥവാ “വിശ്രമത്തിൽ.”
^ അഥവാ “ക്രിസ്തുവിന്റെ.”