എബ്രായർക്ക് എഴുതിയ കത്ത് 4:1-16
4 ദൈവത്തിന്റെ സ്വസ്ഥതയിൽ* പ്രവേശിക്കാമെന്ന വാഗ്ദാനം നിലനിൽക്കുന്നതുകൊണ്ട് നമ്മൾ ആരും അയോഗ്യരായിത്തീരാതിരിക്കാൻ ശ്രദ്ധിക്കാം.*+
2 അവരെ അറിയിച്ചതുപോലെതന്നെ നമ്മളെയും സന്തോഷവാർത്ത അറിയിച്ചു.+ പക്ഷേ അവർ കേട്ട കാര്യങ്ങൾ അവർക്കു പ്രയോജനപ്പെടാതെപോയി. കാരണം അത് അനുസരിച്ചവർക്കുണ്ടായിരുന്ന അതേ വിശ്വാസം അവർക്കില്ലായിരുന്നു.
3 എന്നാൽ അക്കാര്യങ്ങൾ വിശ്വസിക്കുന്ന നമ്മൾ ആ സ്വസ്ഥതയിൽ പ്രവേശിക്കുന്നു. പക്ഷേ, ലോകസ്ഥാപനത്തോടെ* തന്റെ പ്രവൃത്തികൾ പൂർത്തിയാക്കി സ്വസ്ഥമായിരിക്കുകയായിരുന്നിട്ടും+ ദൈവം അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “‘അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല’+ എന്നു ഞാൻ കോപത്തോടെ സത്യം ചെയ്തു.”
4 ഏഴാം ദിവസത്തെക്കുറിച്ച് ദൈവം ഒരിടത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: “തന്റെ എല്ലാ പ്രവൃത്തിയും തീർത്ത് ദൈവം ഏഴാം ദിവസം വിശ്രമിച്ചു.”+
5 എന്നാൽ ഇവിടെ ദൈവം, “അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല”+ എന്നു പറഞ്ഞിരിക്കുന്നു.
6 ചിലർ ഇനിയും അതിൽ കടക്കാനുള്ളതുകൊണ്ടും മുമ്പ് ഈ സന്തോഷവാർത്ത കേട്ടവർ അനുസരണക്കേടു കാണിച്ച് അതിൽ കടക്കാതിരുന്നതുകൊണ്ടും+
7 കുറെ കാലത്തിനു ശേഷം ദാവീദിന്റെ സങ്കീർത്തനത്തിൽ “ഇന്ന്” എന്നു പറഞ്ഞുകൊണ്ട് ദൈവം വീണ്ടും ഒരു ദിവസത്തെ വേർതിരിച്ചുകാണിക്കുന്നു; “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”+ എന്നു മുകളിൽ പറഞ്ഞല്ലോ.
8 യോശുവ+ അവരെ സ്വസ്ഥതയിലേക്കു നയിച്ചിരുന്നെങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ച് ദൈവം പിന്നീടു പറയുമായിരുന്നില്ല.
9 അതുകൊണ്ട് ദൈവജനത്തിനു ശബത്തിലേതുപോലുള്ള ഒരു സ്വസ്ഥത ഇപ്പോഴും ബാക്കിയുണ്ട്.+
10 ദൈവം സ്വന്തം പ്രവൃത്തികളിൽനിന്ന് സ്വസ്ഥനായതുപോലെ ദൈവത്തിന്റെ സ്വസ്ഥതയിൽ കടന്ന മനുഷ്യനും സ്വന്തം പ്രവൃത്തികളിൽനിന്ന് സ്വസ്ഥനായിരിക്കുന്നു.+
11 ആ സ്വസ്ഥതയിൽ പ്രവേശിക്കാൻ നമുക്കു പരമാവധി ശ്രമിക്കാം. അങ്ങനെയാകുമ്പോൾ നമ്മൾ ആരും അതേ രീതിയിൽ അനുസരണക്കേടു കാണിക്കില്ല.+
12 ദൈവത്തിന്റെ വാക്കുകൾ* ജീവനുള്ളതും ശക്തി ചെലുത്തുന്നതും+ ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും+ മൂർച്ചയുള്ളതും ആണ്. ദേഹിയെയും* ആത്മാവിനെയും* വേർതിരിക്കുംവിധം അത് ഉള്ളിലേക്കു തുളച്ചുകയറുന്നു; മജ്ജയെയും സന്ധികളെയും വേർപെടുത്തുന്നു. അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്.
13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല;+ എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.+
14 സ്വർഗത്തിലേക്കു പോയ ശ്രേഷ്ഠനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്—ദൈവപുത്രനായ യേശു.+ അതുകൊണ്ട് യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു തുടരാം.+
15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+
16 അതുകൊണ്ട് നമ്മൾ ധൈര്യമായി അനർഹദയയുടെ സിംഹാസനത്തെ സമീപിക്കണം.+ എങ്കിൽ, സഹായം ആവശ്യമുള്ള സമയത്തുതന്നെ നമുക്കു കരുണയും അനർഹദയയും ലഭിക്കും.
അടിക്കുറിപ്പുകള്
^ അഥവാ “വിശ്രമത്തിൽ.”
^ അക്ഷ. “പേടിയോടിരിക്കാം.”
^ അഥവാ “ലോകാരംഭത്തോടെ.” ‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
^ അഥവാ “വചനം.”