എബ്രായർക്ക് എഴുതിയ കത്ത് 7:1-28
7 ശാലേംരാജാവും അത്യുന്നതദൈവത്തിന്റെ പുരോഹിതനും ആയ ഈ മൽക്കീസേദെക്ക്, അബ്രാഹാം രാജാക്കന്മാരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോൾ എതിരേറ്റുചെന്ന് അനുഗ്രഹിച്ചു.+
2 അബ്രാഹാം മൽക്കീസേദെക്കിന് എല്ലാത്തിന്റെയും പത്തിലൊന്നു കൊടുത്തു.* മൽക്കീസേദെക്ക് എന്ന പേരിന്റെ അർഥം, “നീതിയുടെ രാജാവ്” എന്നാണ്. കൂടാതെ മൽക്കീസേദെക്ക് ശാലേംരാജാവുമാണ്, എന്നുവെച്ചാൽ, “സമാധാനത്തിന്റെ രാജാവ്.”
3 മൽക്കീസേദെക്കിന് അപ്പനില്ല, അമ്മയില്ല, വംശാവലിയില്ല, ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല. അങ്ങനെ ദൈവം മൽക്കീസേദെക്കിനെ ദൈവപുത്രനെപ്പോലെ ആക്കിത്തീർത്തതുകൊണ്ട് അദ്ദേഹം എന്നെന്നും പുരോഹിതനാണ്.+
4 മൽക്കീസേദെക്ക് എത്ര വലിയവനാണെന്നു കണ്ടോ! ഗോത്രപിതാവായ അബ്രാഹാംപോലും താൻ പിടിച്ചെടുത്ത കൊള്ളവസ്തുക്കളിൽ വിശേഷപ്പെട്ടവയുടെ പത്തിലൊന്നു മൽക്കീസേദെക്കിനു കൊടുത്തല്ലോ.+
5 അബ്രാഹാമിന്റെ വംശജരായിട്ടുപോലും* ജനത്തിൽനിന്ന്, അതായത് തങ്ങളുടെ സഹോദരന്മാരിൽനിന്ന്, ലേവിയുടെ പുത്രന്മാരിൽ+ പുരോഹിതസ്ഥാനം ലഭിക്കുന്നവർ ദശാംശം വാങ്ങണമെന്ന കല്പന നിയമത്തിലുണ്ടായിരുന്നു*+ എന്നതു ശരിയാണ്.
6 എന്നാൽ മൽക്കീസേദെക്ക് അവരുടെ വംശാവലിയിൽപ്പെട്ടവനല്ലാഞ്ഞിട്ടും അബ്രാഹാമിൽനിന്ന് ദശാംശം വാങ്ങുകയും വാഗ്ദാനങ്ങൾ ലഭിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു.+
7 ഉയർന്നയാളാണു താഴ്ന്നയാളെ അനുഗ്രഹിക്കുന്നത് എന്നതിനു തർക്കമില്ല.
8 ആദ്യത്തേതിൽ മരണമുള്ള മനുഷ്യരാണു ദശാംശം വാങ്ങുന്നത്; എന്നാൽ രണ്ടാമത്തേതിൽ ജീവിക്കുന്നവൻ എന്നു തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നവനാണു ദശാംശം വാങ്ങുന്നത്.+
9 ഒരർഥത്തിൽ, ദശാംശം വാങ്ങുന്ന ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം കൊടുത്തു എന്നു പറയാം;
10 കാരണം മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റുചെന്നപ്പോൾ+ ലേവി തന്റെ പൂർവികനായ അബ്രാഹാമിൽനിന്ന് വരാനിരിക്കുകയായിരുന്നല്ലോ.*
11 ജനത്തിനു കൊടുത്ത നിയമത്തിന്റെ ഒരു സവിശേഷതയായിരുന്നു ലേവ്യപൗരോഹിത്യം. ഈ പൗരോഹിത്യത്താൽ പൂർണത നേടാൻ കഴിയുമായിരുന്നെങ്കിൽ+ അഹരോനെപ്പോലുള്ള ഒരു പുരോഹിതൻതന്നെ മതിയായിരുന്നല്ലോ; മൽക്കീസേദെക്കിനെപ്പോലുള്ള ഒരു പുരോഹിതൻ+ വരേണ്ട ആവശ്യമില്ലായിരുന്നു.
12 പൗരോഹിത്യത്തിനു മാറ്റം വരുന്ന സ്ഥിതിക്കു നിയമത്തിനും മാറ്റം വരണം.+
13 കാരണം ഇക്കാര്യങ്ങൾ ആരെക്കുറിച്ചാണോ പറഞ്ഞിരിക്കുന്നത് ആ വ്യക്തി മറ്റൊരു ഗോത്രത്തിൽപ്പെട്ടയാളാണ്. ആ ഗോത്രത്തിൽപ്പെട്ട ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.+
14 നമ്മുടെ കർത്താവ് യഹൂദയുടെ വംശത്തിൽ+ പിറന്നയാളാണെന്നു വ്യക്തമാണ്. എന്നാൽ ആ ഗോത്രത്തിൽനിന്ന് പുരോഹിതന്മാർ വരുന്നതിനെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ല.
15 മൽക്കീസേദെക്കിനെപ്പോലുള്ള മറ്റൊരു പുരോഹിതൻ+ എഴുന്നേറ്റ സ്ഥിതിക്ക് ഇക്കാര്യം കൂടുതൽ വ്യക്തമാണ്.
16 ആ പുരോഹിതൻ വംശാവലിയുടെ അടിസ്ഥാനത്തിലുള്ള നിബന്ധനയാലല്ല, തനിക്ക് അനശ്വരമായ ജീവൻ+ സാധ്യമാക്കുന്ന ശക്തിയാലാണു പുരോഹിതനായിരിക്കുന്നത്.
17 “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ”+ എന്നാണല്ലോ ആ പുരോഹിതനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
18 അതെ, മുമ്പത്തെ കല്പന ദുർബലവും നിഷ്ഫലവും+ ആയതുകൊണ്ടാണ് അതു നീക്കിക്കളഞ്ഞത്.
19 കാരണം നിയമം ഒന്നിനും പൂർണത വരുത്തിയില്ല.+ എന്നാൽ നമ്മളെ ഇപ്പോൾ ദൈവത്തോട് അടുപ്പിക്കുന്ന+ കൂടുതൽ നല്ലൊരു പ്രത്യാശ+ വന്നതിലൂടെ പൂർണത സാധ്യമായി.
20 മാത്രമല്ല, ഒരു ആണ കൂടാതെയല്ല ഇതു സംഭവിച്ചിരിക്കുന്നത്.
21 (ആണ കൂടാതെ പുരോഹിതന്മാരായവരുണ്ടല്ലോ. എന്നാൽ ഈ വ്യക്തി പുരോഹിതനായത് അദ്ദേഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഈ ആണയനുസരിച്ചാണ്: “‘നീ എന്നെന്നും ഒരു പുരോഹിതൻ’ എന്ന് യഹോവ* ആണയിട്ടിരിക്കുന്നു; ദൈവം മനസ്സു മാറ്റില്ല.”*)+
22 ദൈവത്തിന്റെ ആണ നിമിത്തം യേശു കൂടുതൽ ശ്രേഷ്ഠമായ ഒരു ഉടമ്പടിയുടെ+ ഉറപ്പായിത്തീർന്നിരിക്കുന്നു.*
23 എന്നും പുരോഹിതനായിരിക്കാൻ മരണം ആരെയും അനുവദിക്കാഞ്ഞതുകൊണ്ട് പലരും ഒന്നിനു പുറകേ ഒന്നായി+ ആ സ്ഥാനത്ത് വന്നു.
24 എന്നാൽ യേശു എന്നും ജീവിക്കുന്നതുകൊണ്ട്+ യേശുവിന്റെ പൗരോഹിത്യത്തിനു പിന്തുടർച്ചക്കാരില്ല.
25 അതുകൊണ്ട് തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ യേശു പ്രാപ്തനാണ്; അവർക്കുവേണ്ടി അപേക്ഷിക്കാൻ യേശു എന്നും ജീവനോടെയുണ്ട്.+
26 നമുക്കു വേണ്ടിയിരുന്നതും ഇങ്ങനെയൊരു മഹാപുരോഹിതനെയാണല്ലോ: വിശ്വസ്തൻ, നിഷ്കളങ്കൻ, നിർമലൻ,+ പാപികളിൽനിന്ന് വ്യത്യസ്തൻ, ആകാശങ്ങൾക്കു മീതെ ഉന്നതനാക്കപ്പെട്ടവൻ.+
27 മറ്റു മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും+ എല്ലാ ദിവസവും ബലി അർപ്പിക്കേണ്ട ആവശ്യം+ ഈ മഹാപുരോഹിതനില്ല. കാരണം സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം അദ്ദേഹം അതു ചെയ്തല്ലോ.+
28 നിയമം മഹാപുരോഹിതന്മാരാക്കുന്നതു ബലഹീനതകളുള്ള+ മനുഷ്യരെയാണ്. എന്നാൽ നിയമത്തിനു ശേഷം ചെയ്ത ആണ,+ എന്നേക്കുമായി പൂർണനായിത്തീർന്ന+ പുത്രനെ മഹാപുരോഹിതനാക്കുന്നു.
അടിക്കുറിപ്പുകള്
^ അക്ഷ. “വീതിച്ചുകൊടുത്തു.”
^ അക്ഷ. “അരയിൽനിന്ന് പുറപ്പെട്ടവരായിരുന്നിട്ടുപോലും.”
^ അക്ഷ. “അബ്രാഹാമിന്റെ അരയിലുണ്ടായിരുന്നല്ലോ.”
^ അഥവാ “ദൈവത്തിനു ഖേദം തോന്നില്ല.”
^ അഥവാ “ഈടായിത്തീർന്നിരിക്കുന്നു.”