എസ്ഥേർ 3:1-15

3  ഇതിനു ശേഷം അഹശ്വേ​രശ്‌ രാജാവ്‌ ആഗാഗ്യനായ+ ഹമ്മെദാ​ഥ​യു​ടെ മകൻ ഹാമാനു സ്ഥാനക്ക​യറ്റം കൊടുത്ത്‌+ ഒപ്പമു​ണ്ടാ​യി​രുന്ന പ്രഭുക്കന്മാരെക്കാളെല്ലാം+ ഉയർന്ന പദവി​യി​ലാ​ക്കി ഹാമാനെ മഹത്ത്വപ്പെ​ടു​ത്തി.  രാജകൊട്ടാരത്തിന്റെ കവാട​ത്തി​ലുള്ള എല്ലാ ഭൃത്യ​ന്മാ​രും ഹാമാനെ താണു​വ​ണങ്ങി സാഷ്ടാം​ഗം നമസ്‌ക​രി​ച്ചി​രു​ന്നു. കാരണം, അതു രാജക​ല്‌പ​ന​യാ​യി​രു​ന്നു. മൊർദെ​ഖാ​യി പക്ഷേ, വണങ്ങാ​നോ നമസ്‌ക​രി​ക്കാ​നോ തയ്യാറാ​യില്ല.  അതുകൊണ്ട്‌ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തി​ലുള്ള രാജഭൃ​ത്യർ മൊർദെ​ഖാ​യിയോട്‌ “താങ്കൾ എന്താ രാജക​ല്‌പന അനുസ​രി​ക്കാ​ത്തത്‌” എന്നു ചോദി​ച്ചു.  അവർ ദിവസ​ങ്ങളോ​ളം ചോദി​ച്ചി​ട്ടും മൊർദെ​ഖാ​യി അവർക്കു ശ്രദ്ധ​കൊ​ടു​ത്തില്ല. അപ്പോൾ അവർ ഹാമാ​നോ​ട്‌, മൊർദെ​ഖാ​യി​യു​ടെ ഈ പെരു​മാ​റ്റം വെച്ചുപൊ​റു​പ്പി​ക്കാ​വു​ന്ന​താ​ണോ എന്ന്‌ ഒന്ന്‌ ഉറപ്പി​ക്ക​ണമെന്നു പറഞ്ഞു.+ കാരണം, താൻ ഒരു ജൂതനാ​ണെന്നു മൊർദെ​ഖാ​യി അവരോ​ടു പറഞ്ഞി​രു​ന്നു.+  തന്നെ താണു​വ​ണങ്ങി സാഷ്ടാം​ഗം നമസ്‌ക​രി​ക്കാൻ മൊർദെ​ഖാ​യി കൂട്ടാ​ക്കു​ന്നില്ലെന്നു കണ്ടപ്പോൾ ഹാമാനു കടുത്ത ദേഷ്യം വന്നു.+  പക്ഷേ, മൊർദെ​ഖാ​യി​യെ മാത്രം വകവരുത്തുന്നതു* തനിക്കു കുറച്ചി​ലാ​യി അയാൾക്കു തോന്നി. കാരണം, മൊർദെ​ഖാ​യി​യു​ടെ ജനത്തെ​ക്കു​റിച്ച്‌ അവർ അയാ​ളോ​ടു പറഞ്ഞി​രു​ന്നു. അങ്ങനെ, അഹശ്വേ​രശ്‌ രാജാ​വി​ന്റെ സാമ്രാ​ജ്യ​ത്തിലെ​ങ്ങു​മുള്ള എല്ലാ ജൂതന്മാരെ​യും, അതായത്‌ മൊർദെ​ഖാ​യി​യു​ടെ ജനത്തെ ഒന്നടങ്കം, കൊ​ന്നൊ​ടു​ക്കാൻ ഹാമാൻ ശ്രമം തുടങ്ങി.  അതിനുള്ള ദിവസ​വും മാസവും തീരു​മാ​നി​ക്കാൻ അവർ അഹശ്വേ​രശ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്‌,+ അതായത്‌ നറുക്ക്‌, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു.  അപ്പോൾ ഹാമാൻ അഹശ്വേ​രശ്‌ രാജാ​വിനോ​ടു പറഞ്ഞു: “അങ്ങയുടെ സാമ്രാ​ജ്യ​ത്തി​ലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കി​ട​യിൽ അങ്ങിങ്ങാ​യി ചിതറി​ക്കി​ട​ക്കുന്ന ഒരു ജനമുണ്ട്‌.+ അവരുടെ നിയമങ്ങൾ മറ്റെല്ലാ​വ​രുടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാണ്‌. മാത്രമല്ല, രാജാ​വി​ന്റെ നിയമങ്ങൾ അവർ അനുസ​രി​ക്കു​ന്നു​മില്ല. അവരെ അങ്ങനെ വിടു​ന്നതു രാജാ​വി​നു നല്ലതല്ല.  തിരുമനസ്സിനു പ്രസാ​ദമെ​ങ്കിൽ അവരെ നശിപ്പി​ക്കാ​നുള്ള ഒരു കല്‌പന എഴുതി​യു​ണ്ടാ​ക്കി​യാ​ലും. രാജാ​വി​ന്റെ ഖജനാ​വിൽ നിക്ഷേ​പി​ക്കാൻ 10,000 താലന്തു* വെള്ളി ഞാൻ ഉദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ കൈയിൽ ഏൽപ്പി​ക്കാം.”* 10  അപ്പോൾ രാജാവ്‌ സ്വന്തം മുദ്രമോതിരം+ ഊരി ആഗാഗ്യനായ+ ഹമ്മെദാ​ഥ​യു​ടെ മകനും ജൂതന്മാ​രു​ടെ ശത്രു​വും ആയ ഹാമാനു+ കൊടു​ത്തു. 11  രാജാവ്‌ ഹാമാനോ​ടു പറഞ്ഞു: “വെള്ളി​യും ജനവും, രണ്ടും ഞാൻ നിന്നെ ഏൽപ്പി​ക്കു​ന്നു. ഉചിത​മെന്നു തോന്നു​ന്നതു ചെയ്‌തുകൊ​ള്ളുക.” 12  അങ്ങനെ, ഒന്നാം മാസം 13-ാം ദിവസം രാജാ​വി​ന്റെ സെക്രട്ടറിമാരെ+ വിളി​ച്ചു​കൂ​ട്ടി. ഹാമാന്റെ ആജ്ഞക​ളെ​ല്ലാം അവർ രാജാ​വി​ന്റെ സംസ്ഥാ​നാ​ധി​പ​തി​മാർക്കും സംസ്ഥാ​ന​ങ്ങ​ളു​ടെ മേൽ അധികാ​ര​മുള്ള ഗവർണർമാർക്കും വ്യത്യ​സ്‌ത​ജ​ന​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാർക്കും വേണ്ടി ഓരോ സംസ്ഥാ​ന​ത്തിന്‌ അതതിന്റെ ലിപിയിലും* ഓരോ ജനത്തിന്‌ അവരവ​രു​ടെ ഭാഷയി​ലും എഴുതി​യു​ണ്ടാ​ക്കി.+ ഇത്‌ അഹശ്വേ​രശ്‌ രാജാ​വി​ന്റെ നാമത്തിൽ എഴുതി രാജാ​വി​ന്റെ മുദ്രമോ​തി​രംകൊണ്ട്‌ മുദ്ര​വെച്ചു.+ 13  യുവാക്കളെന്നോ പ്രായ​മാ​യ​വരെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ കുട്ടി​ക​ളും സ്‌ത്രീ​ക​ളും ഉൾപ്പെടെ ജൂതന്മാ​രെ മുഴുവൻ 12-ാം മാസമായ ആദാർ+ മാസം 13-ാം തീയതി, ഒരൊറ്റ ദിവസം​കൊ​ണ്ട്‌ കൊന്നു​മു​ടിച്ച്‌ നിശ്ശേഷം നശിപ്പി​ക്കാ​നും അവരുടെ വസ്‌തു​വ​കകൾ കൈവ​ശപ്പെ​ടു​ത്താ​നും ആജ്ഞാപി​ച്ചുകൊണ്ട്‌ രാജാ​വി​ന്റെ എല്ലാ സംസ്ഥാ​ന​ങ്ങ​ളിലേ​ക്കും സന്ദേശ​വാ​ഹകർ മുഖേന കത്തുകൾ അയച്ചു.+ 14  ആ ദിവസ​ത്തി​നുവേണ്ടി ജനമെ​ല്ലാം ഒരുങ്ങാൻ പ്രസ്‌തുത രേഖയു​ടെ ഒരു പകർപ്പ്‌ ഓരോ സംസ്ഥാ​ന​ത്തി​ലും ഒരു നിയമ​മാ​യി കൊടു​ത്ത്‌ എല്ലാ ജനങ്ങളുടെ​യും ഇടയിൽ പ്രസി​ദ്ധ​മാ​ക്ക​ണ​മാ​യി​രു​ന്നു. 15  രാജകല്‌പനപ്രകാരം സന്ദേശ​വാ​ഹകർ തിടു​ക്ക​ത്തിൽ പോയി.+ ശൂശൻ*+ കോട്ടയിലും* ആ നിയമം പുറ​പ്പെ​ടു​വി​ച്ചു. പിന്നെ രാജാ​വും ഹാമാ​നും കുടി​ക്കാൻ ഇരുന്നു; പക്ഷേ ശൂശൻ നഗരം ആകെ പരി​ഭ്രാ​ന്തി​യി​ലാ​യി.

അടിക്കുറിപ്പുകള്‍

അഥവാ “മൊർദെ​ഖാ​യി​യു​ടെ മേൽ മാത്രം കൈവ​യ്‌ക്കു​ന്നത്‌.”
അനു. ബി15 കാണുക.
അനു. ബി15 കാണുക.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “ഇതു നടപ്പാ​ക്കു​ന്ന​വർക്കു​വേണ്ടി ഞാൻ രാജാ​വി​ന്റെ ഖജനാ​വിൽ 10,000 താലന്ത്‌ നിക്ഷേ​പി​ക്കും.”
അഥവാ “എഴുത്തു​രീ​തി​യി​ലും.”
അഥവാ “സൂസ.”
അഥവാ “കൊട്ടാ​ര​ത്തി​ലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം