എസ്ഥേർ 5:1-14
5 മൂന്നാം ദിവസം+ എസ്ഥേർ രാജകീയവസ്ത്രം അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ, രാജഗൃഹത്തിനു നേരെയായി വന്ന് നിന്നു. രാജാവ് അപ്പോൾ അവിടെ തന്റെ സിംഹാസനത്തിൽ വാതിലിന് അഭിമുഖമായി ഇരിക്കുകയായിരുന്നു.
2 എസ്ഥേർ രാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടപ്പോൾ രാജാവിനു രാജ്ഞിയോടു പ്രീതി തോന്നി കൈയിലെ പൊൻചെങ്കോൽ രാജ്ഞിയുടെ നേരെ നീട്ടി.+ അപ്പോൾ എസ്ഥേർ അടുത്ത് ചെന്ന് ചെങ്കോലിന്റെ അഗ്രത്തിൽ തൊട്ടു.
3 രാജാവ് ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ അപേക്ഷ? രാജ്യത്തിന്റെ പകുതിയായാലും അതു നിനക്കു തന്നിരിക്കും!”
4 അപ്പോൾ എസ്ഥേർ, “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്ക്കായി ഞാൻ ഒരുക്കിയ വിരുന്നിന് ഇന്നു രാജാവും ഹാമാനും+ വന്നാലും” എന്നു പറഞ്ഞു.
5 അപ്പോൾ രാജാവ് ആളുകളോട്, “എസ്ഥേറിന്റെ അഭ്യർഥനപോലെ ഹാമാനോട് ഉടൻ വരാൻ പറയൂ” എന്നു കല്പിച്ചു. അങ്ങനെ എസ്ഥേർ ഒരുക്കിയ വിരുന്നിനു രാജാവും ഹാമാനും പോയി.
6 വീഞ്ഞുസത്‌കാരവേളയിൽ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+
7 അപ്പോൾ എസ്ഥേർ പറഞ്ഞു: “എന്റെ അപേക്ഷയും അഭ്യർഥനയും ഇതാണ്:
8 രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളമെങ്കിൽ, നാളെ ഞാൻ രാജാവിനും ഹാമാനും വേണ്ടി ഒരുക്കുന്ന വിരുന്നിനു വന്നാലും. അപ്പോൾ എന്റെ ആഗ്രഹം ഞാൻ രാജാവിനോടു പറഞ്ഞുകൊള്ളാം.”
9 ഹാമാനു സന്തോഷമായി. ഹൃദയാനന്ദത്തോടെ അയാൾ അവിടെനിന്ന് പോയി. പോകുന്ന വഴി അയാൾ രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്ന മൊർദെഖായിയെ കണ്ടു. പക്ഷേ, മൊർദെഖായി തന്നെ കണ്ടിട്ടും എഴുന്നേൽക്കുകയോ പേടിച്ചുവിറയ്ക്കുകയോ ചെയ്യാത്തതുകൊണ്ട് ഹാമാനു കടുത്ത കോപം തോന്നി.+
10 എങ്കിലും സ്വയം നിയന്ത്രിച്ച് അയാൾ വീട്ടിലേക്കു പോയി. പിന്നെ ഹാമാൻ സ്നേഹിതരെയും ഭാര്യ സേരെശിനെയും+ വിളിപ്പിച്ചു.
11 ഹാമാൻ തന്റെ ധനമാഹാത്മ്യത്തെയും പുത്രസമ്പത്തിനെയും+ കുറിച്ചും രാജാവ് തനിക്കു സ്ഥാനക്കയറ്റം തന്ന് രാജാവിന്റെ പ്രഭുക്കന്മാരെക്കാളും ദാസന്മാരെക്കാളും ഉയർത്തിയതിനെക്കുറിച്ചും+ വീമ്പിളക്കി.
12 ഹാമാൻ ഇങ്ങനെയും പറഞ്ഞു: “അതു മാത്രമല്ല, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു രാജാവിനോടൊപ്പം ചെല്ലാൻ എന്നെയല്ലാതെ മറ്റാരെയും രാജ്ഞി ക്ഷണിച്ചില്ല.+ രാജാവിനോടും രാജ്ഞിയോടും ഒപ്പമായിരിക്കാൻ നാളെയും എനിക്കു ക്ഷണമുണ്ട്.+
13 പക്ഷേ, ജൂതനായ ആ മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എന്നെ സന്തോഷിപ്പിക്കില്ല.”
14 അതു കേട്ട്, ഭാര്യ സേരെശും ഹാമാന്റെ സ്നേഹിതരും അയാളോടു പറഞ്ഞു: “50 മുഴം* ഉയരമുള്ള ഒരു സ്‌തംഭം നാട്ടുക. എന്നിട്ട്, മൊർദെഖായിയെ അതിൽ തൂക്കണമെന്നു രാവിലെ രാജാവിനോടു പറയണം.+ പിന്നെ രാജാവിനോടൊപ്പം വിരുന്നിനു പോയി സന്തോഷിച്ചുകൊള്ളൂ.” ഈ നിർദേശം ഹാമാന് ഇഷ്ടപ്പെട്ടു. അയാൾ സ്‌തംഭം നാട്ടി.