എസ്ഥേർ 8:1-17
8 അന്ന് അഹശ്വേരശ് രാജാവ് ജൂതന്മാരുടെ ശത്രുവായ ഹാമാന്റെ+ വസ്‌തുവകകളെല്ലാം+ എസ്ഥേർ രാജ്ഞിക്കു കൊടുത്തു. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം+ എസ്ഥേർ വെളിപ്പെടുത്തിയതുകൊണ്ട് മൊർദെഖായി രാജസന്നിധിയിൽ വന്നു.
2 രാജാവ് ഹാമാന്റെ പക്കൽനിന്ന് തിരിച്ചെടുത്ത മുദ്രമോതിരം+ ഊരി മൊർദെഖായിക്കു കൊടുത്തു. എസ്ഥേർ ഹാമാന്റെ വസ്തുവകകളുടെ ചുമതല മൊർദെഖായിയെ ഏൽപ്പിച്ചു.+
3 എസ്ഥേർ വീണ്ടും രാജാവിനോടു സംസാരിച്ചു. എസ്ഥേർ രാജാവിന്റെ കാൽക്കൽ വീണ്, ആഗാഗ്യനായ ഹാമാൻ വരുത്തിവെച്ച ദ്രോഹവും ജൂതന്മാർക്കെതിരെയുള്ള അയാളുടെ ഗൂഢതന്ത്രവും+ നിഷ്ഫലമാക്കാൻ കരഞ്ഞപേക്ഷിച്ചു.
4 രാജാവ് പൊൻചെങ്കോൽ എസ്ഥേറിനു നേരെ നീട്ടി.+ എസ്ഥേർ എഴുന്നേറ്റ് രാജാവിന്റെ മുന്നിൽ നിന്നു.
5 എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ, അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്‌ക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ, തൃക്കണ്ണിൽ ഞാൻ പ്രിയയെങ്കിൽ, രാജാവിന്റെ സംസ്ഥാനങ്ങളിലെല്ലാമുള്ള ജൂതന്മാരെ കൊന്നുകളയാൻ ഗൂഢാലോചന നടത്തിയ ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാൻ തയ്യാറാക്കിയ രേഖകൾ+ അസാധുവാക്കാൻ ഒരു കല്‌പന എഴുതിയുണ്ടാക്കിയാലും.
6 എന്റെ ജനത്തിനു വരുന്ന ആപത്തു ഞാൻ എങ്ങനെ കണ്ടുനിൽക്കും? എന്റെ ബന്ധുക്കളുടെ നാശം ഞാൻ എങ്ങനെ സഹിക്കും?”
7 അപ്പോൾ അഹശ്വേരശ് രാജാവ് എസ്ഥേർ രാജ്ഞിയോടും ജൂതനായ മൊർദെഖായിയോടും പറഞ്ഞു: “ഹാമാൻ ജൂതന്മാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുകൊണ്ട്* ഞാൻ അയാളുടെ വസ്തുവകകൾ എസ്ഥേറിനു കൊടുത്തു.+ ഞാൻ അയാളെ സ്തംഭത്തിൽ തൂക്കുകയും ചെയ്‌തു.+
8 ഇപ്പോൾ, ശരിയെന്നു നിങ്ങൾക്കു തോന്നുന്നതെന്തും രാജാവിന്റെ പേരിൽ ജൂതന്മാർക്കുവേണ്ടി എഴുതിയുണ്ടാക്കി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രയിട്ടുകൊള്ളുക. രാജനാമത്തിൽ എഴുതി രാജമോതിരംകൊണ്ട് മുദ്രയിട്ട കല്‌പന പിൻവലിക്കാനാകില്ലല്ലോ.”+
9 അങ്ങനെ അന്ന്, അതായത് മൂന്നാം മാസമായ സീവാൻ* മാസം 23-ാം തീയതി, രാജാവിന്റെ സെക്രട്ടറിമാരെ വിളിപ്പിച്ചു. അവർ മൊർദെഖായി കല്പിച്ചതെല്ലാം ജൂതന്മാർക്കും അതുപോലെ സംസ്ഥാനാധിപതിമാർക്കും+ ഗവർണർമാർക്കും ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള 127 സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാർക്കും+ വേണ്ടി എഴുതിയുണ്ടാക്കി. ഓരോ സംസ്ഥാനത്തിനും അതതിന്റെ ലിപിയിലും* ഓരോ ജനതയ്‌ക്കും അവരവരുടെ ഭാഷയിലും ജൂതന്മാർക്ക് അവരുടെ സ്വന്തം ലിപിയിലും ഭാഷയിലും ആണ് എഴുതിയത്.
10 മൊർദെഖായി അത് അഹശ്വേരശ് രാജാവിന്റെ പേരിൽ എഴുതിയുണ്ടാക്കി രാജാവിന്റെ മുദ്രമോതിരംകൊണ്ട്+ മുദ്രവെച്ചു; എന്നിട്ട്, സന്ദേശവാഹകരുടെ കൈവശം ഈ ലിഖിതങ്ങൾ കൊടുത്തുവിട്ടു. രാജാവിന്റെ ആവശ്യങ്ങൾക്കായി വളർത്തുന്ന അതിവേഗ തപാൽക്കുതിരകളുടെ പുറത്താണ് അവർ പോയത്.
11 ഈ ലിഖിതങ്ങൾ മുഖേന, എല്ലാ നഗരങ്ങളിലുമുള്ള ജൂതന്മാർക്ക് ഒന്നിച്ചുകൂടി സ്വയരക്ഷയ്ക്കുവേണ്ടി പൊരുതാനും അവരെ ആക്രമിക്കാൻ ഏതൊരു സംസ്ഥാനത്തുനിന്നോ ജനതയിൽനിന്നോ സേനകൾ വന്നാലും അവരെ, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ, കൊന്നുമുടിച്ച് നിശ്ശേഷം സംഹരിക്കാനും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്താനും രാജാവ് അനുമതി കൊടുത്തു.+
12 ഇത് അഹശ്വേരശ് രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസം, അതായത് 12-ാം മാസമായ ആദാർ* മാസം 13-ാം തീയതിതന്നെ, നടക്കേണ്ടതായിരുന്നു.+
13 ലിഖിതത്തിൽ എഴുതിയിരിക്കുന്നതു* സംസ്ഥാനങ്ങളിലെല്ലാം അങ്ങോളമിങ്ങോളം നിയമമായി കൊടുക്കണമായിരുന്നു. ജൂതന്മാർ അന്നേ ദിവസം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യാൻവേണ്ടി ഒരുങ്ങിയിരിക്കാൻ ഇത് എല്ലാ ജനതകളോടും പ്രസിദ്ധമാക്കണമായിരുന്നു.+
14 രാജാവിന്റെ ആവശ്യങ്ങൾക്കായുള്ള തപാൽക്കുതിരകളുടെ പുറത്ത് സന്ദേശവാഹകർ രാജാവിന്റെ കല്പനയനുസരിച്ച് അടിയന്തിരതയോടെ അതിവേഗം പോയി. ശൂശൻ*+ കോട്ടയിലും* ഈ നിയമം പുറപ്പെടുവിച്ചു.
15 മൊർദെഖായിയോ നീലയും വെള്ളയും നിറമുള്ള രാജകീയവസ്‌ത്രവും+ വിശിഷ്ടമായ പൊൻകിരീടവും പർപ്പിൾ നിറത്തിലുള്ള മേത്തരം കമ്പിളിനൂലുകൊണ്ടുള്ള മേലങ്കിയും അണിഞ്ഞ് രാജസന്നിധിയിൽനിന്ന് പോയി. ശൂശൻ നഗരത്തിലെങ്ങും സന്തോഷാരവം മുഴങ്ങി.
16 ജൂതന്മാർക്ക് ആശ്വാസവും* ആഹ്ലാദവും ആനന്ദവും ഉണ്ടായി, ബഹുമാനവും കിട്ടി.
17 രാജാവിന്റെ കല്പനയും നിയമവും എത്തിയ എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജൂതന്മാർ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്‌തു. അവർക്ക് അത് ഗംഭീരവിരുന്നിന്റെയും ആഘോഷത്തിന്റെയും അവസരമായിരുന്നു. ജൂതന്മാരെക്കുറിച്ചുള്ള പേടി കാരണം സാമ്രാജ്യത്തിൽ എല്ലായിടത്തുമുള്ള അനേകർ ജൂതന്മാരായിത്തീർന്നു.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ജൂതന്മാർക്കു വിരോധമായി കൈ നീട്ടിയതുകൊണ്ട്.”
^ അഥവാ “എഴുത്തുരീതിയിലും.”
^ അഥവാ “ലിഖിതത്തിന്റെ പകർപ്പ്.”
^ അഥവാ “സൂസ.”
^ അഥവാ “കൊട്ടാരത്തിലും.”
^ അക്ഷ. “വെളിച്ചവും.”