എസ്ര 4:1-24
4 പ്രവാസത്തിൽനിന്ന്* തിരിച്ചുവന്നവർ+ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുന്നെന്ന് യഹൂദയുടെയും ബന്യാമീന്റെയും ശത്രുക്കൾ+ കേട്ടപ്പോൾ
2 അവർ ഉടനെ ചെന്ന് സെരുബ്ബാബേലിനോടും പിതൃഭവനത്തലവന്മാരോടും പറഞ്ഞു: “ഞങ്ങളും നിങ്ങളോടൊപ്പം പണിയട്ടേ? നിങ്ങളുടെ ദൈവത്തെത്തന്നെയാണു ഞങ്ങളും ആരാധിക്കുന്നത്.*+ ഞങ്ങളെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ച അസീറിയൻ രാജാവായ+ ഏസെർ-ഹദ്ദോന്റെ+ കാലംമുതൽ ഞങ്ങൾ ആ ദൈവത്തിനാണു ബലി അർപ്പിക്കുന്നത്.”
3 പക്ഷേ സെരുബ്ബാബേലും യേശുവയും ഇസ്രായേലിലെ മറ്റു പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന്റെ ഭവനം പണിയുന്ന കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ടാ.+ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഭവനം ഞങ്ങൾതന്നെ നിർമിച്ചുകൊള്ളാം. അങ്ങനെ ചെയ്യാനാണു പേർഷ്യൻ രാജാവായ കോരെശ് ഞങ്ങളോടു കല്പിച്ചിരിക്കുന്നത്.”+
4 എന്നാൽ ദേവാലയം പണിയുന്ന യഹൂദാജനത്തെ നിരുത്സാഹപ്പെടുത്താനും അവരുടെ മനസ്സിടിച്ചുകളയാനും ദേശത്തെ ആളുകൾ ശ്രമിച്ചുകൊണ്ടിരുന്നു.+
5 ജനത്തിന്റെ പദ്ധതികൾ തകർക്കാൻ അവർ പേർഷ്യൻ രാജാവായ കോരെശിന്റെ ഭരണകാലംമുതൽ ദാര്യാവേശിന്റെ+ ഭരണകാലംവരെ ഉപദേശകരെ കൂലിക്കെടുത്തു.+
6 യഹൂദയിലും യരുശലേമിലും താമസിക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അഹശ്വേരശിന്റെ വാഴ്ചയുടെ തുടക്കത്തിൽ അവർ ഒരു കത്ത് എഴുതി.
7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്ത് അരമായലിപിയിൽ എഴുതി.*
8 * മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും ചേർന്ന് യരുശലേമിന് എതിരെ അർഥഹ്ശഷ്ട രാജാവിന് ഇങ്ങനെയൊരു കത്ത് എഴുതി:
9 (മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരായ ന്യായാധിപന്മാർ, ഉപഗവർണർമാർ എന്നിവരും സെക്രട്ടറിമാരും ഏരെക്കിലെ+ ജനങ്ങളും ബാബിലോൺകാരും ശൂശയിലെ+ ഏലാമ്യരും+ ചേർന്നാണ് അത് എഴുതിയത്.
10 ആദരണീയനും ശ്രേഷ്ഠനും ആയ അസ്നപ്പാർ ബന്ദികളായി പിടിച്ചുകൊണ്ടുവന്ന് ശമര്യനഗരങ്ങളിൽ താമസിപ്പിച്ച മറ്റു ജനതകളും+ അക്കരപ്രദേശത്ത്* താമസിക്കുന്ന മറ്റെല്ലാവരും കത്ത് എഴുതുന്നതിൽ പങ്കുചേർന്നു.
11 അവർ രാജാവിന് അയച്ച കത്തിന്റെ പകർപ്പാണ് ഇത്.)
“അർഥഹ്ശഷ്ട രാജാവിന് അക്കരപ്രദേശത്ത് താമസിക്കുന്ന ദാസന്മാർ എഴുതുന്നത്:
12 രാജാവേ, അങ്ങയുടെ അടുത്തുനിന്ന് ഞങ്ങളുടെ അടുത്തേക്കു പോന്ന ജൂതന്മാർ ഇവിടെ യരുശലേമിൽ എത്തിയിരിക്കുന്നെന്ന വിവരം അങ്ങ് അറിഞ്ഞാലും. ദുഷ്ടതയും ധിക്കാരവും നിറഞ്ഞ ആ നഗരം അവർ പുതുക്കിപ്പണിയുകയാണ്. അവർ ഇതാ അതിന്റെ മതിലുകൾ പണിയുകയും+ അടിസ്ഥാനങ്ങളുടെ കേടുപാടുകൾ നീക്കുകയും ചെയ്യുന്നു.
13 ആ നഗരം പുതുക്കിപ്പണിയാനും അതിന്റെ മതിലുകളുടെ പണി പൂർത്തിയാക്കാനും അനുവദിച്ചാൽ അവർ പിന്നെ കരമോ കപ്പമോ+ യാത്രാനികുതിയോ തരില്ല. അങ്ങനെ രാജാക്കന്മാരുടെ ഖജനാവിലേക്കുള്ള വരുമാനം കുറഞ്ഞുപോകും എന്ന് അങ്ങ് അറിഞ്ഞാലും.
14 ഞങ്ങൾ കൊട്ടാരത്തിലെ ഉപ്പു തിന്നുന്നവരാണ്;* രാജാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നതു ഞങ്ങൾക്കു കണ്ടുനിൽക്കാനാകില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതു രാജാവിനെ എഴുതി അറിയിക്കുന്നത്.
15 അങ്ങയുടെ പൂർവികരുടെ രേഖകൾ+ പരിശോധിച്ചുനോക്കിയാലും. ആ നഗരം രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ദോഷം ചെയ്തിട്ടുള്ള, ധിക്കാരികളുടെ നഗരമാണെന്നും പണ്ടുമുതലേ അവിടെ വിപ്ലവകാരികൾ ഉണ്ടായിരുന്നെന്നും അങ്ങയ്ക്കു ബോധ്യമാകും. വാസ്തവത്തിൽ, അക്കാരണങ്ങൾകൊണ്ടാണ് ആ നഗരം നശിപ്പിക്കപ്പെട്ടത്.+
16 നഗരം പുതുക്കിപ്പണിയാനും അതിന്റെ മതിലുകളുടെ പണി പൂർത്തിയാക്കാനും അനുവദിച്ചാൽ, പിന്നെ അക്കരപ്രദേശത്തിന്മേൽ അങ്ങയ്ക്ക് ഒരു നിയന്ത്രണവുമുണ്ടായിരിക്കില്ല*+ എന്ന് ഇതിനാൽ ഞങ്ങൾ രാജാവിനെ അറിയിച്ചുകൊള്ളുന്നു.”
17 രാജാവ് മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമിനും പകർപ്പെഴുത്തുകാരനായ ശിംശായിക്കും ശമര്യയിൽ താമസിക്കുന്ന അവരുടെ സഹപ്രവർത്തകർക്കും അക്കരപ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർക്കും ഇങ്ങനെ സന്ദേശം അയച്ചു:
“നിങ്ങൾക്കു വന്ദനം!
18 നിങ്ങൾ അയച്ച നിവേദനം ഞാൻ വ്യക്തമായി വായിച്ചുകേട്ടു.*
19 എന്റെ ആജ്ഞയനുസരിച്ച് ഒരു അന്വേഷണം നടത്തിയപ്പോൾ, ആ നഗരത്തിൽ പണ്ടുമുതലേ രാജാക്കന്മാർക്കെതിരെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവിടെ പ്രക്ഷോഭങ്ങളും ലഹളകളും നടന്നിട്ടുണ്ടെന്നും+ എനിക്കു ബോധ്യപ്പെട്ടു.
20 യരുശലേമിൽ ശക്തരായ രാജാക്കന്മാരുണ്ടായിരുന്നെന്നും അവർ അക്കരപ്രദേശം മുഴുവനും ഭരിച്ച് കരവും കപ്പവും യാത്രാനികുതിയും പിരിച്ചിരുന്നെന്നും ഞാൻ കണ്ടെത്തി.
21 അതുകൊണ്ട്, പണി നിറുത്തിവെക്കാൻ അവരോട് ആജ്ഞാപിക്കുക. ഞാൻ ഇനി കല്പിക്കുന്നതുവരെ ആ നഗരത്തിന്റെ പുനർനിർമാണം നടത്തരുത്.
22 ഇക്കാര്യത്തിൽ നിങ്ങൾ വീഴ്ചയൊന്നും വരുത്തരുത്; രാജാവിന്റെ താത്പര്യങ്ങൾക്കു ഭീഷണിയാകുന്നതൊന്നും ഇനി അനുവദിച്ചുകൂടാ.”+
23 അർഥഹ്ശഷ്ട രാജാവ് അയച്ച ഔദ്യോഗിക സന്ദേശത്തിന്റെ പകർപ്പു വായിച്ചുകേട്ടപ്പോൾ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരും ഉടൻതന്നെ യരുശലേമിലുള്ള ജൂതന്മാരുടെ അടുത്ത് ചെന്ന് ബലം പ്രയോഗിച്ച് പണി നിറുത്തിച്ചു.
24 അക്കാലത്താണ് യരുശലേമിലെ ദൈവഭവനത്തിന്റെ പണി നിന്നുപോയത്. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അതു മുടങ്ങിക്കിടന്നു.+
അടിക്കുറിപ്പുകള്
^ അക്ഷ. “അന്വേഷിക്കുന്നത്.”
^ മറ്റൊരു സാധ്യത “അരമായ ഭാഷയിൽ എഴുതിയിട്ട് തർജമ ചെയ്തു.”
^ എസ്ര 4:8 മുതൽ 6:18 വരെ അരമായ ഭാഷയിലാണ് ആദ്യം എഴുതിയത്.
^ അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
^ അഥവാ “കൊട്ടാരത്തിൽനിന്നാണു ഞങ്ങൾക്കു ശമ്പളം കിട്ടുന്നത്.”
^ അക്ഷ. “ഓഹരിയുമുണ്ടായിരിക്കില്ല.”
^ മറ്റൊരു സാധ്യത “അവർ തർജമ ചെയ്ത് എന്നെ വായിച്ചുകേൾപ്പിച്ചു.”