കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്ത് 1:1-29
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിരിക്കുന്ന പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയൊസും+
2 കൊലോസ്യയിലുള്ള വിശുദ്ധർക്ക്, ക്രിസ്തുവിനോടു യോജിപ്പിലുള്ള വിശ്വസ്തരായ സഹോദരങ്ങൾക്ക്, എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദി പറയാറുണ്ട്.
4 കാരണം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും എല്ലാ വിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.
5 ഇതു സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിയിരിക്കുന്ന പ്രത്യാശയിൽനിന്ന് ഉളവായതാണല്ലോ.+ നിങ്ങളോട് അറിയിച്ച സന്തോഷവാർത്തയുടെ സത്യവചനത്തിൽനിന്നല്ലേ ഈ പ്രത്യാശയെക്കുറിച്ച് നിങ്ങൾ മുമ്പ് കേട്ടത്?
6 ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താണെന്നു കേട്ട് നിങ്ങൾ അതു കൃത്യമായി മനസ്സിലാക്കിയ നാൾമുതൽ ആ സന്തോഷവാർത്ത ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളുടെ ഇടയിലും വളർന്ന് ഫലം കായ്ച്ചുവരുന്നു.
7 ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹയടിമയായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്.
8 എപ്പഫ്രാസ് നിങ്ങളുടെ ആത്മീയസ്നേഹം* ഞങ്ങളെ അറിയിക്കുകയും ചെയ്തു.
9 അതു കേട്ട നാൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു.+ നിങ്ങൾ തികഞ്ഞ ജ്ഞാനവും ആത്മീയഗ്രാഹ്യവും ഉള്ളവരായി+ ദൈവേഷ്ടത്തെക്കുറിച്ചുള്ള ശരിയായ* അറിവ് നിറഞ്ഞവരാകണമെന്നാണു+ ഞങ്ങളുടെ പ്രാർഥന.
10 അങ്ങനെ, ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുകയും ചെയ്തുകൊണ്ട് യഹോവയ്ക്ക്* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനും നിങ്ങൾക്കു കഴിയട്ടെ.
11 അതോടൊപ്പം എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ കഴിയേണ്ടതിനു ദൈവത്തിന്റെ മഹനീയശക്തിയാൽ+ നിങ്ങൾക്കു വേണ്ടത്ര ശക്തി കിട്ടട്ടെ.
12 വെളിച്ചത്തിലുള്ള വിശുദ്ധരുടെ അവകാശത്തിൽ പങ്കുകാരാകാൻ+ നിങ്ങളെ യോഗ്യരാക്കിയ പിതാവിനു നന്ദി പറയുക.
13 ദൈവം നമ്മളെ ഇരുട്ടിന്റെ അധികാരത്തിൽനിന്ന്+ വിടുവിച്ച് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.
14 മോചനവില* കൊടുത്ത് ആ പുത്രനിലൂടെ നമ്മളെ മോചിപ്പിച്ചു, നമ്മുടെ പാപങ്ങൾ ക്ഷമിച്ചുതന്നു.+
15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+
16 കാരണം സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്. കാണാനാകുന്നതും കാണാനാകാത്തതും,+ സിംഹാസനങ്ങളാകട്ടെ ആധിപത്യങ്ങളാകട്ടെ ഗവൺമെന്റുകളാകട്ടെ അധികാരങ്ങളാകട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്രനുവേണ്ടിയും സൃഷ്ടിച്ചു.
17 മാത്രമല്ല, പുത്രൻ മറ്റെല്ലാത്തിനും മുമ്പേ ഉള്ളവനാണ്.+ അവയെല്ലാം പുത്രനിലൂടെയാണ് അസ്തിത്വത്തിൽ വന്നത്.
18 ക്രിസ്തു, സഭയെന്ന ശരീരത്തിന്റെ തലയാണ്.+ മരിച്ചവരിൽനിന്നുള്ള ആദ്യജാതനും+ ആരംഭവും ആണ്. ഇങ്ങനെ, ക്രിസ്തു എല്ലാത്തിലും ഒന്നാമനായിരിക്കുന്നു.
19 എല്ലാം ക്രിസ്തുവിൽ അതിന്റെ പരിപൂർണതയിലുണ്ടായിരിക്കാൻ ദൈവം ആഗ്രഹിച്ചു.+
20 ദണ്ഡനസ്തംഭത്തിൽ* ക്രിസ്തു ചൊരിഞ്ഞ രക്തത്താൽ സമാധാനം സ്ഥാപിച്ച്+ ഭൂമിയിലും സ്വർഗത്തിലും ഉള്ള മറ്റെല്ലാത്തിനെയും താനുമായി വീണ്ടും അനുരഞ്ജനത്തിലാക്കാനും+ ദൈവത്തിനു പ്രസാദം തോന്നി.
21 ഒരു കാലത്ത് ദുഷിച്ച പ്രവൃത്തികളിൽ മനസ്സു പതിപ്പിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിൽനിന്ന് അകന്നവരും ദൈവത്തിന്റെ ശത്രുക്കളും ആയിരുന്നു.
22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും കുറ്റമറ്റവരും ആയി+ നിറുത്താൻവേണ്ടി, ആ ഒരാളുടെ ജഡശരീരത്താൽ,* അദ്ദേഹത്തിന്റെ മരണത്തിലൂടെ അനുരഞ്ജനത്തിലാക്കിയിരിക്കുന്നു.
23 നിങ്ങൾ പക്ഷേ, സന്തോഷവാർത്ത കേട്ടപ്പോൾ ലഭിച്ച പ്രത്യാശയിൽനിന്ന് വ്യതിചലിക്കാതെ അടിസ്ഥാനത്തിൽ+ ഉറച്ചുനിൽക്കുന്നവരും+ ഇളകാത്തവരും ആയി വിശ്വാസത്തിൽ നിലനിൽക്കണമെന്നു മാത്രം.+ ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും+ ഘോഷിച്ച ഈ സന്തോഷവാർത്തയ്ക്കു പൗലോസ് എന്ന ഞാൻ ഒരു ശുശ്രൂഷകനായി.+
24 നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിക്കേണ്ടിവരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്ക്കുവേണ്ടി ഞാൻ ഈ ശരീരത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തിയായിട്ടില്ല.
25 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ കാര്യസ്ഥനായി+ നിയമിച്ചു. അങ്ങനെ ഞാൻ ഈ സഭയുടെ ശുശ്രൂഷകനായി. ദൈവവചനം പൂർണമായി ഘോഷിക്കുകയെന്നതാണ് എന്റെ നിയോഗം.
26 ഈ പാവനരഹസ്യം,+ കഴിഞ്ഞുപോയ വ്യവസ്ഥിതികൾക്കും*+ തലമുറകൾക്കും മറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതു ദൈവത്തിന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നു.+
27 ഈ പാവനരഹസ്യത്തിന്റെ മഹത്ത്വമാർന്ന സമ്പത്തിനെക്കുറിച്ച്+ ജനതകളുടെ ഇടയിൽ അറിയിക്കാൻ ദൈവത്തിന് ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്തുവിനോടു യോജിപ്പിലായ നിങ്ങൾ ക്രിസ്തുവിന്റെ മഹത്ത്വത്തിൽ പങ്കാളികളാകും+ എന്നതാണ് ആ പാവനരഹസ്യം.
28 ക്രിസ്തുവിനെക്കുറിച്ചാണു ഞങ്ങൾ ഘോഷിക്കുന്നത്. ഓരോരുത്തരെയും ക്രിസ്തുവിനോടുള്ള യോജിപ്പിൽ+ തികഞ്ഞവരായി ദൈവമുമ്പാകെ നിറുത്താൻവേണ്ടി ഞങ്ങൾ അവർക്കു വേണ്ട ഉപദേശം കൊടുത്ത് സകല ജ്ഞാനത്തോടുംകൂടെ പഠിപ്പിക്കുന്നു.
29 ഈ ലക്ഷ്യം കൈവരിക്കാൻവേണ്ടി ഞാൻ, എന്നിൽ ശക്തമായി പ്രവർത്തിക്കുന്ന ദൈവശക്തിയുടെ സഹായത്തോടെ+ കഠിനമായി അധ്വാനിക്കുകയാണ്.