കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്ത് 3:1-25
3 നിങ്ങൾ ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നത്.+
2 ഭൂമിയിലുള്ളവയിലല്ല,+ ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കുക.+
3 കാരണം നിങ്ങൾ മരിച്ചതാണ്. നിങ്ങളുടെ ജീവനോ ദൈവത്തോടു യോജിപ്പിലുള്ള ക്രിസ്തുവിനൊപ്പം മറഞ്ഞിരിക്കുന്നു.
4 നമ്മുടെ ജീവനായ ക്രിസ്തു+ പ്രത്യക്ഷനാകുമ്പോൾ നിങ്ങളും ക്രിസ്തുവിന്റെകൂടെ തേജസ്സോടെ പ്രത്യക്ഷരാകും.+
5 അതുകൊണ്ട് ലൈംഗിക അധാർമികത,* അശുദ്ധി, അനിയന്ത്രിതമായ കാമാവേശം,+ ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.+
6 ഇക്കാര്യങ്ങളുടെ പേരിൽ ദൈവക്രോധം വരാൻപോകുകയാണ്.
7 കഴിഞ്ഞ കാലത്ത് നിങ്ങളും ഇങ്ങനെയൊക്കെയാണല്ലോ ജീവിച്ചിരുന്നത്.+
8 എന്തായാലും ഇപ്പോൾ ക്രോധം, കോപം, വഷളത്തം,+ അസഭ്യസംസാരം+ എന്നിവയെല്ലാം ഉപേക്ഷിക്കാനുള്ള സമയമായി. അശ്ലീലം+ നിങ്ങളുടെ വായിൽനിന്ന് വരരുത്.
9 അന്യോന്യം നുണ പറയരുത്.+ പഴയ വ്യക്തിത്വം*+ അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളഞ്ഞ്
10 പുതിയ വ്യക്തിത്വം ധരിക്കുക.+ ശരിയായ* അറിവ് നേടുന്നതനുസരിച്ച് ഈ വ്യക്തിത്വം അതിനെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിച്ഛായയോടു കൂടുതൽക്കൂടുതൽ സാമ്യമുള്ളതായി പുതുക്കപ്പെടുന്നു.+
11 ഇതിൽ ഗ്രീക്കുകാരനെന്നോ ജൂതനെന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ* പരിച്ഛേദനയേൽക്കാത്തവനെന്നോ ഇല്ല. വിദേശി, സിഥിയൻ,* അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്തുവാണല്ലോ എല്ലാവരിലും എല്ലാമായിരിക്കുന്നത്.+
12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക.
13 ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.+ യഹോവ* നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.+
14 ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള+ സ്നേഹം ധരിക്കുക.+
15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ.*+ ആ സമാധാനത്തിലേക്കാണല്ലോ നിങ്ങളെ ഒരൊറ്റ ശരീരമായി വിളിച്ചത്. നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുകയും വേണം.
16 ക്രിസ്തുവിന്റെ വചനം എല്ലാ ജ്ഞാനത്തോടെയും നിങ്ങളിൽ സമൃദ്ധമായി കുടികൊള്ളട്ടെ. സങ്കീർത്തനങ്ങളാലും+ സ്തുതികളാലും നന്ദിയോടെ* ആലപിക്കുന്ന ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും* ചെയ്യുക. നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവയ്ക്കു* പാടുക.+
17 നിങ്ങൾ എന്തു പറഞ്ഞാലും പ്രവർത്തിച്ചാലും അതു കർത്താവായ യേശുവിന്റെ നാമത്തിലായിരിക്കട്ടെ. യേശുവിലൂടെ പിതാവായ ദൈവത്തിനു നന്ദി പറയുകയും ചെയ്യുക.+
18 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.+ അതാണല്ലോ ഒരു ക്രിസ്ത്യാനിക്കു ചേർന്നത്.*
19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.+ അവരോടു വല്ലാതെ ദേഷ്യപ്പെടരുത്.*+
20 മക്കളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക.+ കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്.
21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്,*+ അവരുടെ മനസ്സിടിഞ്ഞുപോകും.*
22 അടിമകളേ, നിങ്ങളുടെ യജമാനന്മാരെ* എല്ലാ കാര്യങ്ങളിലും അനുസരിക്കുക.+ എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്.* പകരം ആത്മാർഥഹൃദയത്തോടെ യഹോവയെ* ഭയപ്പെട്ട് എല്ലായ്പോഴും അവരെ അനുസരിക്കുക.
23 നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക്* എന്നപോലെ മുഴുദേഹിയോടെ* ചെയ്യുക.+
24 കാരണം യഹോവയാണ്* അവകാശം എന്ന പ്രതിഫലം തരുന്നതെന്നു നിങ്ങൾക്ക് അറിയാമല്ലോ.+ ക്രിസ്തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുക.
25 തെറ്റു ചെയ്യുന്നവനു തക്ക ശിക്ഷ കിട്ടുകതന്നെ ചെയ്യും.+ ഇക്കാര്യത്തിൽ ഒരു പക്ഷപാതവും കാണിക്കില്ല.+
അടിക്കുറിപ്പുകള്
^ അക്ഷ. “പഴയ മനുഷ്യനെ.”
^ അഥവാ “സൂക്ഷ്മമായ.”
^ സിഥിയൻ എന്നത് അപരിഷ്കൃതനായ ഒരാളെ കുറിക്കുന്നു.
^ അഥവാ “നിയന്ത്രിക്കട്ടെ.”
^ അഥവാ “ഹൃദ്യമായി.”
^ അഥവാ “ഉപദേശിക്കുകയും.”
^ അക്ഷ. “അതാണല്ലോ കർത്താവിൽ ഉചിതം.”
^ അഥവാ “പരുഷമായി ഇടപെടരുത്.”
^ അഥവാ “പ്രകോപിപ്പിക്കരുത്; അസ്വസ്ഥരാക്കരുത്.”
^ അഥവാ “ഉത്സാഹം നശിക്കും.”
^ അക്ഷ. “പക്ഷേ മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവ ചെയ്തുകൊണ്ടായിരിക്കരുത്.”
^ അഥവാ “മനുഷ്യയജമാനന്മാരെ.”