കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്ത് 4:1-18
4 യജമാനന്മാരേ, സ്വർഗത്തിൽ നിങ്ങൾക്കും ഒരു യജമാനനുണ്ടെന്ന്+ ഓർത്ത് നിങ്ങളുടെ അടിമകളോടു നീതിയോടെയും ന്യായത്തോടെയും പെരുമാറുക.
2 മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.+ നന്ദി പറഞ്ഞുകൊണ്ട്+ ഉണർന്നിരുന്ന് പ്രാർഥിക്കുക.
3 ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം.+ ഞാൻ തടവിലാകാൻ+ കാരണമായ, ക്രിസ്തുവിനെക്കുറിച്ചുള്ള പാവനരഹസ്യം അറിയിക്കാൻ ഞങ്ങൾക്കു ദൈവം വചനത്തിന്റെ വാതിൽ തുറന്നുതരേണ്ടതിനും
4 അത് എത്ര വ്യക്തമായി ഘോഷിക്കേണ്ടതുണ്ടോ അത്രയും വ്യക്തമായി ഘോഷിക്കാൻ എനിക്കു കഴിയേണ്ടതിനും ആണ് നിങ്ങൾ പ്രാർഥിക്കേണ്ടത്.
5 പുറത്തുള്ളവരോട് എപ്പോഴും ജ്ഞാനത്തോടെ പെരുമാറുക. സമയം എറ്റവും നന്നായി ഉപയോഗിക്കുക.*+
6 എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.+ അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.+
7 എന്റെ പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ എന്റെ സഹയടിമയും വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ എന്റെ വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കും.
8 ഞങ്ങളുടെ വിവരങ്ങൾ നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനും വേണ്ടിയാണു ഞാൻ തിഹിക്കൊസിനെ അയയ്ക്കുന്നത്.
9 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും വിശ്വസ്തനായ എന്റെ പ്രിയസഹോദരനും ആയ ഒനേസിമൊസിനോടൊപ്പമാണു+ തിഹിക്കൊസ് വരുന്നത്. ഇവിടുത്തെ കാര്യങ്ങളെല്ലാം അവർ നിങ്ങളെ അറിയിക്കും.
10 എന്റെ സഹതടവുകാരനായ അരിസ്തർഹോസും+ ബർന്നബാസിന്റെ ബന്ധുവായ മർക്കോസും+ നിങ്ങളെ സ്നേഹം അറിയിക്കുന്നു. (മർക്കോസ് നിങ്ങളുടെ അടുത്ത് വന്നാൽ സ്വീകരിക്കാൻ+ നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ.)
11 യുസ്തൊസ് എന്നും പേരുള്ള യേശുവും നിങ്ങളെ സ്നേഹം അറിയിക്കുന്നു. ഇവരെല്ലാം പരിച്ഛേദനയേറ്റവരാണ്.* ഇവർ മാത്രമാണ് ഇവിടെ ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്റെ സഹപ്രവർത്തകർ. ഇവർ ഇവിടെയുള്ളത് എനിക്കു വലിയ ഒരു ആശ്വാസമാണ്.*
12 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും ക്രിസ്തുയേശുവിന്റെ അടിമയും ആയ എപ്പഫ്രാസ്+ നിങ്ങൾക്ക് ആശംസകൾ അയയ്ക്കുന്നു. നിങ്ങൾ ഒടുവിൽ തികഞ്ഞവരും ദൈവേഷ്ടത്തെക്കുറിച്ചെല്ലാം പൂർണബോധ്യമുള്ളവരും ആയി നിലകൊള്ളേണ്ടതിന് എപ്പഫ്രാസ് നിങ്ങൾക്കുവേണ്ടി നിരന്തരം തീവ്രമായി പ്രാർഥിക്കുന്നുണ്ട്.
13 നിങ്ങൾക്കുവേണ്ടിയും ലവൊദിക്യയിലും ഹിയരപൊലിയിലും ഉള്ളവർക്കുവേണ്ടിയും എപ്പഫ്രാസ് കഠിനമായി അധ്വാനിക്കുന്നു എന്നതിനു ഞാൻ സാക്ഷി.
14 നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും+ അതുപോലെ ദേമാസും+ നിങ്ങളെ സ്നേഹം അറിയിക്കുന്നു.
15 ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും നുംഫയുടെ വീട്ടിലെ സഭയെയും+ എന്റെ സ്നേഹാന്വേഷണം അറിയിക്കുക.
16 ഈ കത്തു നിങ്ങൾ വായിച്ചുകഴിഞ്ഞാൽ ലവൊദിക്യസഭയിലും വായിക്കാൻ+ ഏർപ്പാടാക്കണം. ലവൊദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കണം.
17 കൂടാതെ “കർത്താവിൽ ഏറ്റെടുത്ത ശുശ്രൂഷ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം” എന്ന് അർഹിപ്പൊസിനോടും+ പറയുക.
18 പൗലോസ് എന്ന ഞാനും ഇതാ, സ്വന്തം കൈപ്പടയിൽ എന്റെ ആശംസ അറിയിക്കുന്നു.+ എന്റെ ബന്ധനങ്ങളെ എപ്പോഴും ഓർക്കണം.+ ദൈവത്തിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.