ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത് 5:1-26
5 ആ സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ക്രിസ്തു നമ്മളെ സ്വതന്ത്രരാക്കിയത്. അതുകൊണ്ട് ഉറച്ചുനിൽക്കുക.+ വീണ്ടും നിങ്ങൾ അടിമനുകത്തിനു കീഴിലാകാൻ സമ്മതിക്കരുത്.+
2 പൗലോസ് എന്ന ഞാൻ ഒരു കാര്യം നിങ്ങളോടു പറയാം: പരിച്ഛേദനയേറ്റാൽ* ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല.+
3 പരിച്ഛേദനയേൽക്കുന്നവരോടെല്ലാം ഞാൻ വീണ്ടും പറയുന്നു: അവർ നിയമം മുഴുവൻ പാലിക്കാൻ കടപ്പെട്ടവരാണ്.+
4 നിയമത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ+ ശ്രമിക്കുന്ന നിങ്ങൾ ക്രിസ്തുവിൽനിന്ന് വേർപെട്ടിരിക്കുന്നു, ക്രിസ്തുവിന്റെ അനർഹദയയിൽനിന്ന് അകന്നുപോയിരിക്കുന്നു.
5 എന്നാൽ ഞങ്ങൾ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെ നീതിമാന്മാരായി കണക്കാക്കുമെന്ന പ്രത്യാശയോടെ ദൈവാത്മാവിന്റെ സഹായത്താൽ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു.
6 ക്രിസ്തുയേശുവിനോടു യോജിപ്പിലായവർക്കു പരിച്ഛേദനയേൽക്കുന്നതോ പരിച്ഛേദനയേൽക്കാതിരിക്കുന്നതോ അല്ല,+ സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണു പ്രധാനം.
7 നിങ്ങൾ നന്നായി ഓടിയിരുന്നതാണ്.+ സത്യം അനുസരിക്കുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞത് ആരാണ്?
8 എന്തായാലും ഇത്തരമൊരു പ്രേരണ നിങ്ങളെ വിളിച്ച ദൈവത്തിൽനിന്ന് വരില്ല.
9 അൽപ്പം പുളിച്ച മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കും.+
10 കർത്താവിനോടു യോജിപ്പിലായ+ നിങ്ങൾക്കു മറ്റൊരു അഭിപ്രായം കാണില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ നിങ്ങളുടെ ഇടയിൽ കുഴപ്പമുണ്ടാക്കുന്നവൻ+ ആരുതന്നെയായാലും അയാൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടും.
11 സഹോദരങ്ങളേ, ഞാൻ ഇപ്പോഴും പരിച്ഛേദനയാണു പ്രസംഗിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും ഉപദ്രവമുണ്ടാകുന്നത്? ഞാൻ അതാണു പ്രസംഗിച്ചിരുന്നതെങ്കിൽ ദണ്ഡനസ്തംഭം* ആർക്കും ഒരു തടസ്സമാകുമായിരുന്നില്ല.*+
12 പരിച്ഛേദനയുടെ പേരിൽ നിങ്ങളെ ഇളക്കിമറിക്കാൻ നോക്കുന്നവർക്ക് അവരുടെ ആ അവയവംതന്നെ ഛേദിച്ചുകളയരുതോ?*
13 സഹോദരങ്ങളേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. പക്ഷേ ഈ സ്വാതന്ത്ര്യം ജഡത്തിന്റെ* മോഹങ്ങളുടെ പിന്നാലെ പോകാനുള്ള ഒരു അവസരമാക്കരുത്.+ പകരം, ഓരോരുത്തരും സ്നേഹത്തോടെ പരസ്പരം അടിമകളെപ്പോലെ പ്രവർത്തിക്കുക.+
14 “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്ന ഒറ്റ കല്പനയിൽ നിയമം മുഴുവനും നിറവേറിയിരിക്കുന്നു.*
15 എന്നാൽ നിങ്ങൾ എപ്പോഴും പരസ്പരം കടിച്ചുകീറിത്തിന്നുന്നെങ്കിലോ?+ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാൻ സൂക്ഷിക്കണം.+
16 എപ്പോഴും ദൈവാത്മാവിനെ അനുസരിച്ച് നടക്കുക.+ അപ്പോൾ ജഡത്തിന്റെ മോഹങ്ങൾ തൃപ്തിപ്പെടുത്താൻ നിങ്ങൾ ഒരിക്കലും മുതിരില്ല.+
17 കാരണം ജഡത്തിന്റെ മോഹം ആത്മാവിനും ആത്മാവിന്റെ മോഹം ജഡത്തിനും എതിരാണ്. ഇവ പരസ്പരവിരുദ്ധമായതുകൊണ്ട് യഥാർഥത്തിൽ ആഗ്രഹിക്കുന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയാതെപോകുന്നു.+
18 ഒരു കാര്യംകൂടെ പറയാം: ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കിൽ നിങ്ങൾ നിയമത്തിന് അധീനരല്ല.
19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+
20 വിഗ്രഹാരാധന, ഭൂതവിദ്യ,*+ ശത്രുത, വഴക്ക്, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്, വിഭാഗീയത,
21 മത്സരം,* മുഴുക്കുടി,+ വന്യമായ ആഘോഷങ്ങൾ എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും അതിൽപ്പെടുന്നു.+ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശമാക്കില്ല+ എന്നു മുമ്പത്തെപ്പോലെതന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറിയിപ്പു തരുകയാണ്.
22 പക്ഷേ ദൈവാത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ,+ വിശ്വാസം,
23 സൗമ്യത, ആത്മനിയന്ത്രണം+ എന്നിവയാണ്. ഇവയ്ക്ക് എതിരുനിൽക്കുന്ന ഒരു നിയമവുമില്ല.
24 മാത്രമല്ല ക്രിസ്തുയേശുവിനുള്ളവർ അവരുടെ ശരീരത്തെ അതിന്റെ എല്ലാ മോഹങ്ങളും വികാരങ്ങളും സഹിതം സ്തംഭത്തിൽ തറച്ചതുമാണല്ലോ.+
25 നമ്മൾ ദൈവാത്മാവിനാൽ ജീവിക്കുന്നെങ്കിൽ നമുക്ക് ഇനിയും ദൈവാത്മാവിനെ അനുസരിച്ച് ചിട്ടയോടെ നടക്കാം.+
26 നമുക്കു ദുരഭിമാനികളാകാതിരിക്കാം.+ പരസ്പരം മത്സരിക്കുന്നതും+ അസൂയപ്പെടുന്നതും ഒഴിവാക്കാം.
അടിക്കുറിപ്പുകള്
^ അഥവാ “ആരെയും ഇടറിക്കുമായിരുന്നില്ല.”
^ അഥവാ “തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കരുതോ?” അതുവഴി, നിയമം അനുസരിക്കണമെന്നു വാദിക്കുന്ന ചിലർ അതേ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അയോഗ്യരാകുമായിരുന്നു.
^ മറ്റൊരു സാധ്യത “നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.”
^ അഥവാ “ആഭിചാരം.”
^ അതായത്, അസൂയകൊണ്ട് ഉണ്ടാകുന്ന മത്സരം.