തീത്തോസിന് എഴുതിയ കത്ത് 3:1-15
3 ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട്+ അനുസരണം കാണിക്കാനും എല്ലാ സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും
2 ആരെക്കുറിച്ചും മോശമായി സംസാരിക്കാതിരിക്കാനും വഴക്കാളികളാകാതെ വിട്ടുവീഴ്ച ചെയ്യുന്നവരായി*+ എല്ലാ മനുഷ്യരോടും നല്ല സൗമ്യത കാണിക്കാനും+ അവരെ തുടർന്നും ഓർമിപ്പിക്കണം.
3 കാരണം ഒരു കാലത്ത് നമ്മളും വിവേകമില്ലാത്തവരും അനുസരണംകെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും പല തരം മോഹങ്ങൾക്കും ജീവിതസുഖങ്ങൾക്കും അടിമകളും പരസ്പരം വെറുത്ത് വഷളത്തത്തിലും അസൂയയിലും കാലം കഴിച്ചവരും അറയ്ക്കപ്പെട്ടവരും ആയിരുന്നല്ലോ.
4 എന്നാൽ നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ദയയും+ മനുഷ്യരോടുള്ള സ്നേഹവും വെളിപ്പെട്ടപ്പോൾ
5 (അതു നമ്മൾ എന്തെങ്കിലും നീതിപ്രവൃത്തികൾ ചെയ്തിട്ടല്ല,+ ദൈവത്തിനു നമ്മളോടു കരുണ തോന്നിയിട്ടാണ്.)+ നമുക്കു ജീവൻ കിട്ടാനായി നമ്മളെ കഴുകുകയും+ പരിശുദ്ധാത്മാവിനെ* ഉപയോഗിച്ച് പുതുക്കുകയും+ ചെയ്ത് ദൈവം നമ്മളെ രക്ഷിച്ചു.
6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെ ദൈവം ഈ ആത്മാവിനെ നമ്മുടെ മേൽ സമൃദ്ധമായി* ചൊരിഞ്ഞു.+
7 ദൈവത്തിന്റെ അനർഹദയയാൽ നമ്മൾ നീതിമാന്മാർ എന്നു പ്രഖ്യാപിക്കപ്പെട്ടതിനു+ ശേഷം നിത്യജീവന്റെ പ്രത്യാശയനുസരിച്ച്+ അവകാശികളാകാൻവേണ്ടിയാണു+ ദൈവം അതു ചെയ്തത്.
8 ഇതു വിശ്വാസയോഗ്യമായ വാക്കുകളാണ്. ദൈവത്തെ വിശ്വസിച്ചിരിക്കുന്നവർ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ മനസ്സു കേന്ദ്രീകരിച്ചുനിറുത്താൻ നീ എപ്പോഴും ഇക്കാര്യങ്ങൾ ഊന്നിപ്പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം മനുഷ്യർക്കു പ്രയോജനം ചെയ്യുന്ന ഉത്തമകാര്യങ്ങളാണ്.
9 ബുദ്ധിശൂന്യമായ തർക്കങ്ങളും വംശാവലികളുടെ വിശകലനങ്ങളും വാദപ്രതിവാദങ്ങളും നിയമത്തെച്ചൊല്ലിയുള്ള* വഴക്കുകളും ഒഴിവാക്കുക. കാരണം ഇതെല്ലാം ഒരു പ്രയോജനവുമില്ലാത്ത വ്യർഥകാര്യങ്ങളാണ്.+
10 സഭയിൽ തെറ്റായ ഉപദേശം പ്രചരിപ്പിക്കുന്നയാൾക്ക്+ ഒരു പ്രാവശ്യം താക്കീതു* കൊടുക്കുക. രണ്ടാമത് ഒന്നുകൂടെ താക്കീതു കൊടുത്തിട്ടും+ കൂട്ടാക്കുന്നില്ലെങ്കിൽ അയാളെ തീർത്തും ഒഴിവാക്കുക.+
11 അയാൾ നേർവഴി വിട്ട് പാപത്തിൽ നടക്കുന്നവനും അങ്ങനെ തനിക്കുതന്നെ ശിക്ഷ വിധിച്ചവനും ആണല്ലോ.
12 ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ+ നിന്റെ അടുത്തേക്ക് അയയ്ക്കുമ്പോൾ നീ എങ്ങനെയെങ്കിലും നിക്കൊപ്പൊലിയിൽ എന്റെ അടുത്ത് എത്താൻ നോക്കണം. ഞാൻ മഞ്ഞുകാലം ചെലവഴിക്കുന്നത് അവിടെയായിരിക്കും.
13 നിയമത്തിൽ നല്ല പാണ്ഡിത്യമുള്ള സേനാസിനും അപ്പൊല്ലോസിനും യാത്രയിൽ ഒന്നിനും ഒരു കുറവ് വരാതിരിക്കാൻ നിന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്തുകൊടുക്കണം.+
14 ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നമ്മുടെ ആളുകളും പഠിക്കേണ്ടതാണ്. അപ്പോൾ അടിയന്തിരമായി സഹായം വേണ്ടവർക്കെല്ലാം സഹായം ചെയ്തുകൊടുക്കാൻ+ അവർക്കു കഴിയും. അങ്ങനെയെങ്കിൽ അവർ ഫലം കായ്ക്കാത്തവരായിപ്പോകില്ല.+
15 എന്റെകൂടെയുള്ള എല്ലാവരും നിന്നെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ വിശ്വാസികളെയും എന്റെ അന്വേഷണം അറിയിക്കുക.
അനർഹദയ നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
അടിക്കുറിപ്പുകള്
^ അഥവാ “ന്യായബോധമുള്ളവരായി; വഴക്കമുള്ളവരായി.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അഥവാ “ഉദാരമായി.”
^ അഥവാ “മുന്നറിയിപ്പ്.”