ദാനിയേൽ 2:1-49
2 നെബൂഖദ്നേസർ തന്റെ ഭരണത്തിന്റെ രണ്ടാം വർഷം ചില സ്വപ്നങ്ങൾ കണ്ടു. ആകെ അസ്വസ്ഥനായ*+ അദ്ദേഹത്തിന് ഉറക്കമില്ലാതായി.
2 അതുകൊണ്ട്, താൻ കണ്ട സ്വപ്നങ്ങൾ പറഞ്ഞുതരാൻ മന്ത്രവാദികളെയും മാന്ത്രികരെയും ആഭിചാരകന്മാരെയും* കൽദയരെയും* വിളിച്ചുവരുത്താൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.+
3 രാജാവ് അവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഞാൻ കണ്ടത് എന്താണെന്ന് എനിക്ക് അറിയണം. അത് അറിയാഞ്ഞിട്ട് ഞാൻ ആകെ അസ്വസ്ഥനാണ്.”*
4 കൽദയർ അരമായ ഭാഷയിൽ+ രാജാവിനോടു പറഞ്ഞു:* “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. അങ്ങ് അടിയങ്ങളോടു സ്വപ്നം വിവരിച്ചാലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുതരാം.”
5 അപ്പോൾ, രാജാവ് കൽദയരോടു* പറഞ്ഞു: “എന്റെ അന്തിമതീരുമാനം കേട്ടുകൊള്ളൂ: നിങ്ങൾ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങളെ തുണ്ടംതുണ്ടമാക്കും, നിങ്ങളുടെ വീടുകൾ പൊതുശൗചാലയമാക്കും.*
6 എന്നാൽ, നിങ്ങൾ സ്വപ്നവും അതിന്റെ അർഥവും പറഞ്ഞാൽ ഞാൻ നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും ബഹുമതിയും തരും.+ അതുകൊണ്ട് സ്വപ്നവും അർഥവും എന്നോടു പറയൂ!”
7 അവർ വീണ്ടും രാജാവിനോടു പറഞ്ഞു: “രാജാവ് അടിയങ്ങളോടു സ്വപ്നം വിവരിച്ചാലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുതരാം.”
8 അപ്പോൾ രാജാവ് പറഞ്ഞു: “എന്റെ അന്തിമതീരുമാനം അറിഞ്ഞിട്ടു നിങ്ങൾ മനഃപൂർവം കാലതാമസം വരുത്തുകയാണ്. എന്തെങ്കിലും ഒഴികഴിവ് കണ്ടുപിടിക്കാനാണു നിങ്ങൾ നോക്കുന്നതെന്ന് എനിക്കു നന്നായി അറിയാം.
9 സ്വപ്നം എന്താണെന്ന് എന്നോടു പറയുന്നില്ലെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും ഒറ്റ ശിക്ഷയേ ഉള്ളൂ. സ്ഥിതിഗതികൾ മാറുന്നതുവരെ നുണ പറഞ്ഞ് എന്നെ വഞ്ചിക്കാൻ എല്ലാവരുംകൂടെ ഒത്തുകളിക്കുകയാണല്ലേ? സ്വപ്നം എന്താണെന്നു പറയൂ! അപ്പോൾ, അതിന്റെ അർഥം വിശദീകരിക്കാൻ നിങ്ങൾക്കാകുമെന്ന് എനിക്കു ബോധ്യമാകും.”
10 അപ്പോൾ, കൽദയർ* രാജാവിനോടു പറഞ്ഞു: “രാജാവ് ആവശ്യപ്പെടുന്ന ഈ കാര്യം ചെയ്യാൻ പറ്റുന്ന ഒരാൾപ്പോലും ഈ ഭൂമുഖത്തില്ല. ഏതെങ്കിലും മഹാരാജാവോ ഗവർണറോ ഇതുവരെ ഇങ്ങനെയൊരു കാര്യം ഒരു മന്ത്രവാദിയോടോ മാന്ത്രികനോടോ ജ്യോത്സ്യനോടോ* ആവശ്യപ്പെട്ടിട്ടില്ല.
11 രാജാവ് ആവശ്യപ്പെടുന്ന ഈ കാര്യം അത്ര എളുപ്പമല്ല. ദൈവങ്ങൾക്കല്ലാതെ മറ്റാർക്കും രാജാവിനോട് ഇക്കാര്യം പറയാനാകില്ല; അവരാണെങ്കിൽ മനുഷ്യരുടെ ഇടയിൽ കഴിയുന്നവരുമല്ല.”
12 ഇതു കേട്ട് കോപാക്രാന്തനായ രാജാവ് ബാബിലോണിലെ ജ്ഞാനികളെയെല്ലാം കൊന്നുകളയാൻ ഉത്തരവിട്ടു.+
13 ജ്ഞാനികളെ കൊല്ലാനുള്ള ഉത്തരവ് വിളംബരം ചെയ്തു. അവരെ കൊല്ലേണ്ട സമയമായപ്പോൾ ദാനിയേലിനെയും കൂട്ടുകാരെയും കൊന്നുകളയേണ്ടതിന് അവരെയും തിരഞ്ഞു.
14 ദാനിയേൽ ആ സമയത്ത് രാജാവിന്റെ അംഗരക്ഷകരുടെ പ്രമാണിയായ അര്യോക്കിനോടു നയത്തോടെയും വിവേകത്തോടെയും സംസാരിച്ചു. ബാബിലോണിലെ ജ്ഞാനികളെ കൊല്ലാൻവേണ്ടി ഇറങ്ങിയതായിരുന്നു അര്യോക്ക്.
15 രാജാവിന്റെ ഉദ്യോഗസ്ഥനായ അര്യോക്കിനോടു ദാനിയേൽ, “എന്തിനാണു രാജാവ് ഇത്ര കഠിനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്” എന്നു ചോദിച്ചു. നടന്നതെല്ലാം അര്യോക്ക് ദാനിയേലിനോടു പറഞ്ഞു.+
16 അപ്പോൾ ദാനിയേൽ രാജസന്നിധിയിൽ ചെന്ന് സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാമെന്നും അതിനു കുറച്ച് സമയം തരണമെന്നും അപേക്ഷിച്ചു.
17 പിന്നെ, ദാനിയേൽ വീട്ടിൽ ചെന്ന് കൂട്ടുകാരായ ഹനന്യ, മീശായേൽ, അസര്യ എന്നിവരോടു കാര്യം പറഞ്ഞു.
18 ബാബിലോണിലെ മറ്റു ജ്ഞാനികളോടൊപ്പം തങ്ങളും കൊല്ലപ്പെടാതിരിക്കാൻ, കനിവ് തോന്നി ഈ രഹസ്യം വെളിപ്പെടുത്തിത്തരണമെന്നു സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിക്കാൻ ദാനിയേൽ അവരോടു പറഞ്ഞു.
19 അങ്ങനെ, രാത്രിയിലുണ്ടായ ഒരു ദിവ്യദർശനത്തിൽ+ ദാനിയേലിന് ആ രഹസ്യം വെളിപ്പെട്ടു. ദാനിയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു.
20 ദാനിയേൽ പറഞ്ഞു:
“ദൈവനാമം എന്നെന്നും* വാഴ്ത്തപ്പെടട്ടെ;ജ്ഞാനവും ശക്തിയും ദൈവത്തിന്റേതു മാത്രമല്ലോ.+
21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+
22 ആഴമേറിയ കാര്യങ്ങളും മറഞ്ഞിരിക്കുന്ന കാര്യങ്ങളും വെളിപ്പെടുത്തുന്നു;+ഇരുളിലുള്ളത് എന്തെന്നു ദൈവത്തിന് അറിയാം;+ദൈവത്തോടൊപ്പം വെളിച്ചം വസിക്കുന്നു.+
23 എന്റെ പൂർവികരുടെ ദൈവമേ, അങ്ങയ്ക്കു ഞാൻ നന്ദിയേകുന്നു, അങ്ങയെ സ്തുതിക്കുന്നു;അങ്ങാണല്ലോ എനിക്കു ജ്ഞാനവും ശക്തിയും തന്നത്.
ഞങ്ങൾ അപേക്ഷിച്ചത് അങ്ങ് ഇപ്പോൾ എനിക്കു വെളിപ്പെടുത്തിത്തരുകയും ചെയ്തു;രാജാവിനെ ആകുലപ്പെടുത്തിയ കാര്യം അങ്ങ് ഞങ്ങളെ അറിയിച്ചല്ലോ.”+
24 പിന്നെ ദാനിയേൽ, ബാബിലോണിലെ ജ്ഞാനികളെ കൊന്നുകളയാൻ രാജാവ് നിയമിച്ച അര്യോക്കിന്റെ അടുത്ത് ചെന്ന് പറഞ്ഞു:+ “ബാബിലോണിലെ ജ്ഞാനികളെയൊന്നും കൊല്ലരുത്. എന്നെ രാജസന്നിധിയിൽ കൊണ്ടുപോയാലും. സ്വപ്നത്തിന്റെ അർഥമെന്താണെന്നു ഞാൻ രാജാവിനോടു പറയാം.”
25 പെട്ടെന്നുതന്നെ അര്യോക്ക് ദാനിയേലിനെ രാജസന്നിധിയിൽ കൂട്ടിക്കൊണ്ടുചെന്ന് ഇങ്ങനെ പറഞ്ഞു: “യഹൂദയിൽനിന്ന് പിടിച്ചുകൊണ്ടുവന്നവരുടെ കൂട്ടത്തിൽ,+ സ്വപ്നത്തിന്റെ അർഥം രാജാവിനെ അറിയിക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടു.”
26 അപ്പോൾ, ബേൽത്ത്ശസ്സർ+ എന്നു പേരുള്ള ദാനിയേലിനോടു രാജാവ് ചോദിച്ചു: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വിശദീകരിക്കാൻ ശരിക്കും നിനക്കു പറ്റുമോ?”+
27 ദാനിയേൽ രാജാവിനോടു പറഞ്ഞു: “രാജാവ് ചോദിക്കുന്ന ആ രഹസ്യം വെളിപ്പെടുത്താൻ ഒരു ജ്ഞാനിക്കും മാന്ത്രികനും മന്ത്രവാദിക്കും ജ്യോത്സ്യനും കഴിയില്ല.+
28 എന്നാൽ, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്.+ അവസാനനാളുകളിൽ എന്തു സംഭവിക്കുമെന്ന് ആ ദൈവം നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. ഇതാണ് അങ്ങ് കണ്ട സ്വപ്നം; കിടക്കയിലായിരുന്നപ്പോൾ അങ്ങയ്ക്കുണ്ടായ ദിവ്യദർശനങ്ങൾ ഇവയാണ്:
29 “രാജാവേ, പള്ളിമെത്തയിൽവെച്ച് അങ്ങയുടെ മനസ്സു തിരിഞ്ഞതു ഭാവിയിൽ സംഭവിക്കാനുള്ള കാര്യങ്ങളിലേക്കാണ്. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കാനിരിക്കുന്നത് അങ്ങയെ അറിയിച്ചിരിക്കുന്നു.
30 ജീവിച്ചിരിക്കുന്ന മറ്റാരെക്കാളും ജ്ഞാനിയായതുകൊണ്ടല്ല ഈ രഹസ്യം എനിക്കു വെളിപ്പെട്ടത്. പകരം, സ്വപ്നത്തിന്റെ അർഥം രാജാവിനെ അറിയിക്കാനും അങ്ങനെ, അങ്ങയുടെ ഹൃദയത്തിലെ ചിന്തകൾ അങ്ങയ്ക്കു മനസ്സിലാകാനും വേണ്ടിയാണ്.+
31 “രാജാവേ, അങ്ങ് നോക്കിക്കൊണ്ടിരുന്നപ്പോൾ അതാ, ഭീമാകാരമായൊരു പ്രതിമ! ഉജ്ജ്വലശോഭയുള്ള ആ കൂറ്റൻ പ്രതിമ അങ്ങയുടെ മുന്നിൽ നിൽക്കുകയായിരുന്നു. കണ്ടാൽ ഭയം തോന്നുന്ന രൂപം!
32 അതിന്റെ തല മേത്തരം സ്വർണംകൊണ്ടുള്ളതും+ നെഞ്ചും കൈകളും വെള്ളികൊണ്ടുള്ളതും+ വയറും തുടകളും ചെമ്പുകൊണ്ടുള്ളതും+
33 കാലുകൾ ഇരുമ്പുകൊണ്ടുള്ളതും+ ആയിരുന്നു. പാദങ്ങളാകട്ടെ ഭാഗികമായി ഇരുമ്പുകൊണ്ടുള്ളതും ഭാഗികമായി കളിമണ്ണുകൊണ്ടുള്ളതും.*+
34 രാജാവ് നോക്കിക്കൊണ്ടിരുന്നപ്പോൾ കൈ ഉപയോഗിക്കാതെ ഒരു കല്ലു വെട്ടിയെടുക്കപ്പെടുന്നതു കണ്ടു! അതു പ്രതിമയുടെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദങ്ങളിൽ വന്നിടിച്ച് അവ തകർത്തുകളഞ്ഞു.+
35 അപ്പോൾ, ഇരുമ്പും കളിമണ്ണും ചെമ്പും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്ന് വേനൽക്കാലത്ത് മെതിക്കളത്തിൽ കാണുന്ന പതിരുപോലെയായി. പൊടിപോലും ബാക്കി വെക്കാതെ കാറ്റ് അവ പറത്തിക്കൊണ്ടുപോയി. പ്രതിമയെ ഇടിച്ച ആ കല്ലാകട്ടെ ഒരു വലിയ പർവതമായി ഭൂമി മുഴുവൻ നിറഞ്ഞു.
36 “ഇതാണു സ്വപ്നം. ഇനി അതിന്റെ അർഥം ഞങ്ങൾ രാജാവിനോടു പറയാം.
37 രാജാവേ, സ്വർഗസ്ഥനായ ദൈവം രാജ്യാധികാരവും ബലവും ശക്തിയും മഹത്ത്വവും തന്നിരിക്കുന്ന രാജാധിരാജാ,+
38 എല്ലായിടത്തും താമസിക്കുന്ന മനുഷ്യരെയും കാട്ടുമൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കൈയിൽ ഏൽപ്പിച്ച് അവയുടെയെല്ലാം ഭരണാധികാരിയായി ദൈവം വാഴിച്ച രാജാവേ,+ അങ്ങുതന്നെയാണു സ്വർണംകൊണ്ടുള്ള തല.+
39 “എന്നാൽ അങ്ങയ്ക്കു ശേഷം അങ്ങയെക്കാൾ താണ മറ്റൊരു രാജ്യം നിലവിൽ വരും.+ അതിനു ശേഷം, ചെമ്പുകൊണ്ടുള്ള, മൂന്നാമതൊരു രാജ്യം ഉയർന്നുവരും; അതു മുഴുഭൂമിയെയും ഭരിക്കും.+
40 “നാലാമത്തെ രാജ്യം ഇരുമ്പുപോലെ ശക്തമായിരിക്കും.+ ഇരുമ്പു മറ്റെല്ലാം തകർത്ത് തരിപ്പണമാക്കുന്നതുപോലെ, അതെ, തച്ചുടയ്ക്കുന്ന ഇരുമ്പുപോലെ, അത് ഇവയെ മുഴുവൻ ഇടിച്ച് തകർക്കും.+
41 “പാദവും കാൽവിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടാണെന്നു കണ്ടല്ലോ. അതുപോലെ ആ രാജ്യം ഭിന്നിച്ചതായിരിക്കും. എന്നാൽ, മയമുള്ള കളിമണ്ണിനോട് ഇരുമ്പു കലർന്നിരിക്കുന്നതിനാൽ അതിനു കുറച്ചൊക്കെ ഇരുമ്പിന്റെ ഉറപ്പുണ്ടായിരിക്കും.
42 പാദത്തിലെ വിരലുകൾ ഭാഗികമായി ഇരുമ്പും ഭാഗികമായി കളിമണ്ണും കൊണ്ടായിരുന്നതുപോലെ രാജ്യം ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും ആയിരിക്കും.
43 മയമുള്ള കളിമണ്ണിനോട് ഇരുമ്പു കലർന്നതായി കണ്ടതുപോലെ ജനങ്ങളുമായി* അവ ഇടകലർന്നിരിക്കും. എന്നാൽ, ഇരുമ്പു കളിമണ്ണുമായി ചേരാത്തതുപോലെ അവ തമ്മിൽ ചേരില്ല.
44 “ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപിക്കും.+ ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല.+ ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട്+ അതു മാത്രം എന്നും നിലനിൽക്കും.+
45 പർവതത്തിൽനിന്ന് കൈകൊണ്ട് വെട്ടിയെടുക്കാതെ വന്ന കല്ല് ഇരുമ്പും ചെമ്പും കളിമണ്ണും വെള്ളിയും സ്വർണവും തകർക്കുന്നതായി കണ്ടത് ഇങ്ങനെ നിറവേറും.+ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതു മഹാദൈവം രാജാവിനെ അറിയിച്ചിരിക്കുന്നു.+ സ്വപ്നം സത്യവും അതിന്റെ അർഥം ആശ്രയയോഗ്യവും ആണ്.”
46 അപ്പോൾ, നെബൂഖദ്നേസർ രാജാവ് ദാനിയേലിനു മുന്നിൽ നിലത്ത് കമിഴ്ന്നുവീണ് ദാനിയേലിനെ ആദരിച്ചു. ദാനിയേലിന് ഒരു സമ്മാനം കൊടുക്കാനും ദാനിയേലിനുവേണ്ടി സുഗന്ധക്കൂട്ട് അർപ്പിക്കാനും രാജാവ് ഉത്തരവിട്ടു.
47 രാജാവ് ദാനിയേലിനോടു പറഞ്ഞു: “താങ്കളുടെ ദൈവം ശരിക്കും ദൈവങ്ങളുടെ ദൈവവും രാജാക്കന്മാരുടെ കർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആണ്. അതുകൊണ്ടാണല്ലോ താങ്കൾക്ക് ഈ രഹസ്യം വെളിപ്പെടുത്താനായത്.”+
48 രാജാവ് ദാനിയേലിനു സ്ഥാനക്കയറ്റം നൽകി, ധാരാളം വിശിഷ്ടസമ്മാനങ്ങളും കൊടുത്തു. ദാനിയേലിനെ ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധികാരിയും+ ബാബിലോണിലെ ജ്ഞാനികളുടെയെല്ലാം പ്രധാനമേധാവിയും ആക്കി.
49 ദാനിയേലിന്റെ അപേക്ഷയനുസരിച്ച് ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ+ എന്നിവരെ രാജാവ് ബാബിലോൺ സംസ്ഥാനത്തിന്റെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏൽപ്പിച്ചു. ദാനിയേലോ രാജകൊട്ടാരത്തിൽ സേവനം അനുഷ്ഠിച്ചു.
അടിക്കുറിപ്പുകള്
^ അക്ഷ. “ആത്മാവ് അസ്വസ്ഥമായിട്ട്.”
^ അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
^ അക്ഷ. “എന്റെ ആത്മാവ് ആകെ അസ്വസ്ഥമാണ്.”
^ ദാനി 2:4ബി മുതൽ 7:28 വരെയുള്ള ഭാഗം ആദ്യം എഴുതിയത് അരമായ ഭാഷയിലായിരുന്നു.
^ അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
^ മറ്റൊരു സാധ്യത “ചവറ്റുകൂനയാക്കും; ചാണകക്കൂനയാക്കും.”
^ അതായത്, ഭാവിഫലം പറയുന്നതിലും ജ്യോതിഷത്തിലും വിദഗ്ധരായ ഒരു വിഭാഗം.
^ അക്ഷ. “കൽദയനോടോ.”
^ അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
^ അഥവാ “കളിമണ്ണ് (രൂപപ്പെടുത്തി) ചുട്ടെടുത്തതും.”
^ അഥവാ “മനുഷ്യസന്താനങ്ങളുമായി.” അതായത്, പൊതുജനം.