നെഹമ്യ 13:1-31
13 അന്നേ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം വായിച്ചു;+ അതിൽ ഇങ്ങനെ എഴുതിയിരുന്നു: അമ്മോന്യനോ മോവാബ്യനോ+ ഒരിക്കലും സത്യദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത്.+
2 കാരണം, ഇസ്രായേല്യരെ അപ്പവും വെള്ളവും കൊടുത്ത് സ്വീകരിക്കുന്നതിനു പകരം അവർ അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനുഗ്രഹമാക്കി മാറ്റി.+
3 നിയമം വായിച്ചുകേട്ട ഉടനെ, വിദേശവേരുകളുള്ള എല്ലാവരെയും* അവർ ഇസ്രായേല്യരിൽനിന്ന് വേർതിരിച്ചുതുടങ്ങി.+
4 ദൈവഭവനത്തിലെ* സംഭരണമുറികളുടെ*+ ചുമതലയുള്ള പുരോഹിതൻ എല്യാശീബായിരുന്നു;+ തോബീയയുടെ+ ഒരു ബന്ധുവായിരുന്നു എല്യാശീബ്.
5 അദ്ദേഹം വലിയൊരു സംഭരണമുറി തോബീയയ്ക്കു വിട്ടുകൊടുത്തിരുന്നു. ഈ മുറിയിലാണു മുമ്പ് ധാന്യയാഗവും കുന്തിരിക്കവും ഉപകരണങ്ങളും വെച്ചിരുന്നത്. കൂടാതെ, ലേവ്യർക്കും+ ഗായകർക്കും കവാടത്തിന്റെ കാവൽക്കാർക്കും അർഹതപ്പെട്ട ധാന്യം, പുതുവീഞ്ഞ്, എണ്ണ+ എന്നിവയുടെ പത്തിലൊന്ന്,* പുരോഹിതന്മാർക്കുള്ള സംഭാവന എന്നിവ സൂക്ഷിച്ചിരുന്നതും ഇവിടെയാണ്.+
6 ഈ സമയത്തൊന്നും ഞാൻ യരുശലേമിലില്ലായിരുന്നു. കാരണം, ബാബിലോൺരാജാവായ അർഥഹ്ശഷ്ടയുടെ+ ഭരണത്തിന്റെ 32-ാം വർഷം+ ഞാൻ രാജാവിന്റെ അടുത്തേക്കു പോയിരുന്നു. കുറച്ച് കാലം കഴിഞ്ഞ് ഞാൻ രാജാവിനോട് അവധിക്കായി അപേക്ഷിച്ചു.
7 യരുശലേമിൽ മടങ്ങിയെത്തിയപ്പോൾ, എല്യാശീബ്+ ചെയ്ത ഒരു ഹീനകൃത്യം എന്റെ ശ്രദ്ധയിൽപ്പെട്ടു; അയാൾ തോബീയയ്ക്കു+ ദൈവഭവനത്തിന്റെ മുറ്റത്തുതന്നെ ഒരു സംഭരണമുറി വിട്ടുകൊടുത്തിരിക്കുന്നു.
8 ഇത് എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്, ഞാൻ തോബീയയുടെ വീട്ടുസാമാനങ്ങളെല്ലാം സംഭരണമുറിയിൽനിന്ന് വലിച്ചെറിഞ്ഞു.
9 അതിനു ശേഷം, എന്റെ ആജ്ഞയനുസരിച്ച് അവർ സംഭരണമുറികൾ ശുദ്ധീകരിച്ചു. എന്നിട്ട്, സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളും+ ധാന്യയാഗവും കുന്തിരിക്കവും വീണ്ടും അവിടെ കൊണ്ടുവന്ന് വെച്ചു.+
10 ലേവ്യരുടെ വിഹിതം+ അവർക്കു കൊടുക്കാതിരുന്നതുകൊണ്ട്+ ലേവ്യരും ഗായകരും ശുശ്രൂഷ ഉപേക്ഷിച്ച് സ്വന്തം വയലുകളിലേക്കു+ പോയെന്നും ഞാൻ മനസ്സിലാക്കി.
11 അതുകൊണ്ട്, ഞാൻ ഉപഭരണാധികാരികളെ+ ശകാരിച്ചു. “സത്യദൈവത്തിന്റെ ഭവനം അവഗണിക്കപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ്”+ എന്നു ഞാൻ ചോദിച്ചു. എന്നിട്ട്, ഞാൻ ലേവ്യരെ ഒരുമിച്ചുകൂട്ടി യഥാസ്ഥാനങ്ങളിൽ വീണ്ടും നിയമിച്ചു.
12 യഹൂദാജനം മുഴുവനും ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ പത്തിലൊന്നു+ സംഭരണമുറികളിലേക്കു കൊണ്ടുവന്നു.+
13 പിന്നെ, ഞാൻ പുരോഹിതനായ ശേലെമ്യ, പകർപ്പെഴുത്തുകാരനായ* സാദോക്ക്, ലേവ്യനായ പെദായ എന്നിവരെ സംഭരണമുറികളുടെ ചുമതല ഏൽപ്പിച്ചു. മത്ഥന്യയുടെ മകനായ സക്കൂരിന്റെ മകൻ ഹാനാനായിരുന്നു അവരുടെ സഹായി. ആശ്രയയോഗ്യരായിരുന്നതുകൊണ്ടാണ് ഇവരെ നിയമിച്ചത്. തങ്ങളുടെ സഹോദരന്മാർക്കുള്ള വിഹിതം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇവർക്കായിരുന്നു.
14 എന്റെ ദൈവമേ, ഞാൻ ചെയ്ത ഈ കാര്യത്തിന്റെ പേരിൽ എന്നെ ഓർക്കേണമേ.+ എന്റെ ദൈവത്തിന്റെ ഭവനത്തോടും അതിലെ സേവനങ്ങളോടും* ഉള്ള ബന്ധത്തിൽ ഞാൻ കാണിച്ച അചഞ്ചലമായ സ്നേഹം മറന്നുകളയരുതേ.+
15 അക്കാലത്ത്, യഹൂദയിലെ ജനം ശബത്തിൽ മുന്തിരിച്ചക്കു* ചവിട്ടുന്നതും+ ധാന്യം ധാരാളമായി കൊണ്ടുവന്ന് കഴുതകളുടെ പുറത്ത് കയറ്റുന്നതും ഞാൻ കണ്ടു. വീഞ്ഞും മുന്തിരിപ്പഴവും അത്തിപ്പഴവും എല്ലാ തരം ചുമടുകളും ശബത്തുദിവസം യരുശലേമിൽ കൊണ്ടുവരുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു.+ അതുകൊണ്ട്, ആ ദിവസം ഭക്ഷണസാധനങ്ങൾ വിൽക്കരുതെന്നു ഞാൻ അവർക്കു മുന്നറിയിപ്പു കൊടുത്തു.*
16 ആ നഗരത്തിൽ താമസിച്ചിരുന്ന സോർദേശക്കാർ ശബത്തിൽ മത്സ്യവും എല്ലാ തരം വ്യാപാരച്ചരക്കുകളും കൊണ്ടുവന്ന് യഹൂദ്യർക്കും യരുശലേമിലുള്ളവർക്കും വിറ്റുപോന്നു.+
17 അതുകൊണ്ട്, ഞാൻ യഹൂദയിലെ പ്രധാനികളെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കൊള്ളരുതായ്കയാണ് ഈ കാണിക്കുന്നത്? ശബത്തുദിവസം അശുദ്ധമാക്കുന്നോ?
18 ഇതുതന്നെയല്ലേ നിങ്ങളുടെ പൂർവികരും ചെയ്തത്? അതുകൊണ്ടാണല്ലോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഇക്കണ്ട നാശമെല്ലാം വരുത്തിയത്. നിങ്ങളാകട്ടെ, ഇപ്പോൾ ശബത്തിനെ അശുദ്ധമാക്കി ഇസ്രായേലിനോടുള്ള ദൈവകോപം വർധിപ്പിക്കുകയാണ്.”+
19 ശബത്തിനു മുമ്പ് യരുശലേംകവാടങ്ങളിൽ ഇരുട്ടു വീഴാൻ തുടങ്ങിയ ഉടൻ കതകുകൾ അടയ്ക്കാൻ ഞാൻ കല്പിച്ചു. ശബത്ത് കഴിയുന്നതുവരെ അവ തുറക്കരുതെന്നും ഞാൻ പറഞ്ഞു. ശബത്തുദിവസം ഒരു ചുമടും അകത്ത് കൊണ്ടുവരാതിരിക്കാൻ ഞാൻ കവാടങ്ങളിൽ എന്റെ ചില പരിചാരകന്മാരെ നിറുത്തുകയും ചെയ്തു.
20 അതുകൊണ്ട്, കച്ചവടക്കാരും പല തരം വ്യാപാരച്ചരക്കുകൾ വിൽക്കുന്നവരും യരുശലേമിനു വെളിയിൽ രാത്രി കഴിച്ചുകൂട്ടി. ഒന്നുരണ്ടു തവണ ഇങ്ങനെ സംഭവിച്ചു.
21 അപ്പോൾ, ഞാൻ അവർക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “എന്തിനാണു നിങ്ങൾ മതിലിനു മുന്നിൽ രാത്രി കഴിച്ചുകൂട്ടുന്നത്? ഇനി ഇത് ആവർത്തിച്ചാൽ എനിക്കു ബലം പ്രയോഗിക്കേണ്ടിവരും.” അതിൽപ്പിന്നെ, ശബത്തുദിവസം അവരെ അവിടെയെങ്ങും കണ്ടിട്ടില്ല.
22 ശബത്തുദിവസത്തിന്റെ പവിത്രത+ നിലനിറുത്തേണ്ടതിനു ലേവ്യർ ക്രമമായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കണമെന്നും കവാടങ്ങളിൽ വന്ന് കാവൽ നിൽക്കണമെന്നും ഞാൻ അവരോടു പറഞ്ഞു. എന്റെ ദൈവമേ, ഇതും എന്റെ പേരിൽ കണക്കിടേണമേ. അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹത്തിനൊത്ത് എന്നോടു കനിവ് തോന്നേണമേ.+
23 അസ്തോദ്യർ,+ അമ്മോന്യർ, മോവാബ്യർ+ എന്നിവരിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച* ചില ജൂതന്മാരെയും ഞാൻ അവിടെ കണ്ടു.+
24 അവരുടെ മക്കളിൽ പകുതി പേർ അസ്തോദ്യഭാഷയും പകുതി പേർ മറ്റു പല ജനതകളുടെ ഭാഷകളും ആണ് സംസാരിച്ചിരുന്നത്. അവരുടെ മക്കൾക്ക് ആർക്കും പക്ഷേ, ജൂതന്മാരുടെ ഭാഷ സംസാരിക്കാൻ അറിയില്ലായിരുന്നു.
25 അതുകൊണ്ട്, ഞാൻ അവരെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. അവരിൽ ചില പുരുഷന്മാരെ അടിച്ചു;+ അവരുടെ മുടി വലിച്ചുപറിച്ചു. എന്നിട്ട്, അവരെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചു. ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കരുത്. അവരുടെ പെൺമക്കളിൽ ആരെയും നിങ്ങൾക്കോ നിങ്ങളുടെ ആൺമക്കൾക്കോ വേണ്ടി എടുക്കുകയുമരുത്.+
26 ഇവർ കാരണമല്ലേ ഇസ്രായേലിലെ ശലോമോൻ രാജാവ് പാപം ചെയ്തത്? മറ്റൊരു ജനതയ്ക്കും ഇതുപോലൊരു രാജാവുണ്ടായിരുന്നില്ല.+ ശലോമോൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു.+ അതുകൊണ്ട്, ദൈവം ശലോമോനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കി. പക്ഷേ, വിദേശികളായ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.+
27 നിങ്ങൾ വിദേശികളായ സ്ത്രീകളെ വിവാഹം കഴിച്ച് നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടുകയോ?+ നിങ്ങൾ ഇങ്ങനെയൊരു മഹാദോഷം ചെയ്തെന്ന് എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല.”
28 മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്കളിലൊരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ+ മരുമകനായതുകൊണ്ട് ഞാൻ അയാളെ എന്റെ അടുത്തുനിന്ന് ഓടിച്ചുകളഞ്ഞു.
29 എന്റെ ദൈവമേ, പുരോഹിതന്മാരുമായും ലേവ്യരുമായും ചെയ്ത ഉടമ്പടിയും+ പൗരോഹിത്യവും അവർ മലിനമാക്കിയത് ഓർത്ത് അവരെ ശിക്ഷിക്കേണമേ.
30 വിദേശീയമായ എല്ലാ മലിനതയിൽനിന്നും ഞാൻ അവരെ ശുദ്ധീകരിച്ച് പുരോഹിതന്മാർക്കും ലേവ്യർക്കും അവരവർ ചെയ്യേണ്ട കാര്യങ്ങൾ നിയമിച്ചുകൊടുത്തു.+
31 കൂടാതെ, ആദ്യഫലങ്ങൾക്കുള്ള ഏർപ്പാടും നിശ്ചിതസമയങ്ങളിൽ വിറകു കൊണ്ടുവരാൻ വേണ്ട ക്രമീകരണവും ചെയ്തു.+
എന്റെ ദൈവമേ, എന്നെ പ്രിയത്തോടെ* ഓർക്കേണമേ.+
അടിക്കുറിപ്പുകള്
^ അഥവാ “എല്ലാ സങ്കരസന്താനത്തെയും.”
^ അഥവാ “ദൈവത്തിന്റെ ആലയത്തിലെ.”
^ അഥവാ “ഊണുമുറികളുടെ.”
^ അഥവാ “ദശാംശം.”
^ അഥവാ “ശാസ്ത്രിയായ.”
^ അഥവാ “അതിന്റെ പരിപാലനത്തോടും.”
^ മറ്റൊരു സാധ്യത “ഭക്ഷണസാധനങ്ങൾ വിൽക്കരുതെന്ന് ആ ദിവസം ഞാൻ അവർക്കു മുന്നറിയിപ്പു കൊടുത്തു.”
^ അഥവാ “വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന.”
^ അഥവാ “എന്നെന്നും.”