നെഹമ്യ 4:1-23
4 ഞങ്ങൾ മതിൽ വീണ്ടും പണിയുന്നെന്ന വാർത്ത കേട്ടപ്പോൾ സൻബല്ലത്ത്+ രോഷാകുലനായി. ആകെ അസ്വസ്ഥനായ അയാൾ ജൂതന്മാരെ സ്ഥിരം പരിഹസിച്ചുകൊണ്ടിരുന്നു.
2 തന്റെ സഹോദരന്മാരുടെയും ശമര്യസൈന്യത്തിന്റെയും മുന്നിൽവെച്ച് അയാൾ പറഞ്ഞു: “ദുർബലരായ ഈ ജൂതന്മാർ എന്താണ് ഈ ചെയ്യുന്നത്? ഇത് ഒറ്റയ്‌ക്കു ചെയ്യാമെന്നാണോ അവരുടെ വിചാരം? അവർ ബലികൾ അർപ്പിക്കുമോ? ഒറ്റ ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? നാശാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ് കിടക്കുന്ന കല്ലുകൾക്ക് ഇവർ ജീവൻ കൊടുക്കുമോ?”+
3 അപ്പോൾ, സൻബല്ലത്തിന്റെ അടുത്ത് നിന്നിരുന്ന അമ്മോന്യനായ+ തോബീയ+ പറഞ്ഞു: “ഒരു കുറുക്കൻ കയറിയാൽ മതി, അവർ പണിയുന്ന ആ കൻമതിൽ ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴും.”
4 ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ. അവർ ഞങ്ങളെ നിന്ദിക്കുന്നല്ലോ.+ അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടങ്ങാൻ ഇടയാക്കണേ.+ അടിമത്തത്തിന്റെ നാട്ടിലേക്ക് അവരെ കൊള്ളവസ്തുക്കളെപ്പോലെ കൊണ്ടുപോകാൻ ഇടയാക്കേണമേ.
5 അവരുടെ കുറ്റം മൂടിക്കളയുകയോ അവരുടെ പാപം അങ്ങയുടെ മുന്നിൽനിന്ന് മായ്ച്ചുകളയുകയോ അരുതേ,+ അവർ ഈ പണിക്കാരെ അപമാനിച്ചല്ലോ.
6 ഞങ്ങൾ മതിലിന്റെ പണി തുടർന്നു. പൊളിഞ്ഞുകിടക്കുന്ന ഭാഗമെല്ലാം കേടുപോക്കി ചുറ്റും പാതി പൊക്കംവരെ മതിൽ കെട്ടിപ്പൊക്കി. ജനമെല്ലാം മനസ്സും ഹൃദയവും അർപ്പിച്ച് തുടർന്നും പണിയെടുത്തു.
7 യരുശലേംമതിലുകളുടെ അറ്റകുറ്റപ്പണികളും അതിന്റെ വിടവുകളുടെ കേടുപോക്കലും പുരോഗമിക്കുന്നെന്നു കേട്ടപ്പോൾ സൻബല്ലത്തും തോബീയയും+ അറേബ്യക്കാരും+ അമ്മോന്യരും അസ്‌തോദ്യരും+ അങ്ങേയറ്റം കുപിതരായി.
8 യരുശലേമിനു നേരെ ചെന്ന് യുദ്ധം ചെയ്‌ത് അവിടെ കുഴപ്പം സൃഷ്ടിക്കാൻ അവർ സംഘംചേർന്ന് ഗൂഢാലോചന നടത്തി.
9 പക്ഷേ, ഞങ്ങൾ ദൈവത്തോടു പ്രാർഥിച്ചു; അവർ കാരണം രാവും പകലും കാവൽ ഏർപ്പെടുത്തുകയും ചെയ്‌തു.
10 എന്നാൽ, യഹൂദാജനം ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “പണിക്കാർ* ആകെ തളർന്നു. പക്ഷേ, ഇനിയും കുറെയധികം അവശിഷ്ടങ്ങൾ നീക്കാനുണ്ട്. ഈ മതിൽ പണിയാൻ ഒരിക്കലും നമ്മളെക്കൊണ്ട് പറ്റില്ല.”
11 ഞങ്ങളുടെ ശത്രുക്കൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അവർക്ക് എന്തെങ്കിലും സൂചന കിട്ടുകയോ അവർ നമ്മളെ കാണുകയോ ചെയ്യുന്നതിനു മുമ്പ് നമുക്ക് അവരുടെ ഇടയിലേക്കു ചെന്ന് അവരെ കൊല്ലാം. അങ്ങനെ, അവരുടെ പണി നിറുത്തിക്കണം.”
12 അവരുടെ സമീപത്ത് താമസിക്കുന്ന ജൂതന്മാർ വരുമ്പോഴെല്ലാം ഞങ്ങളോട്, “അവർ നാലുപാടുനിന്നും നമ്മുടെ നേരെ വരും” എന്നു കൂടെക്കൂടെ* പറയുമായിരുന്നു.
13 അതുകൊണ്ട്, മതിലിനു പിന്നിലെ താഴ്‌ന്ന സ്ഥലങ്ങളിൽ ഞാൻ പുരുഷന്മാരെ കുലമനുസരിച്ച് നിറുത്തി. തുറസ്സായ പ്രദേശങ്ങളിൽ നിന്ന അവരുടെ കൈയിൽ വാളും കുന്തവും വില്ലും കൊടുത്തിരുന്നു.
14 ഇവർക്കു പേടിയുണ്ടെന്നു മനസ്സിലായ ഉടനെ ഞാൻ എഴുന്നേറ്റ് പ്രധാനികളോടും+ ഉപഭരണാധികാരികളോടും ബാക്കിയുള്ളവരോടും പറഞ്ഞു: “അവരെ ഭയപ്പെടേണ്ടാ.+ മഹാനും ഭയാദരവ് ഉണർത്തുന്നവനും+ ആയ യഹോവയെ ഓർത്ത് നിങ്ങളുടെ സഹോദരങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും വീടുകൾക്കും വേണ്ടി പോരാടുവിൻ.”
15 അവരുടെ ഗൂഢാലോചന ഞങ്ങൾ അറിഞ്ഞെന്നും അവരുടെ പദ്ധതി സത്യദൈവം വിഫലമാക്കിയെന്നും ശത്രുക്കൾക്കു മനസ്സിലായി. അതോടെ, ഞങ്ങളെല്ലാം വീണ്ടും മതിൽപ്പണി ആരംഭിച്ചു.
16 അന്നുമുതൽ പകുതി പേർ ജോലി ചെയ്യുകയും+ പകുതി പേർ പടച്ചട്ട ധരിച്ച് കുന്തങ്ങളും പരിചകളും വില്ലുകളും ഏന്തി കാവൽ നിൽക്കുകയും ചെയ്‌തു. പ്രഭുക്കന്മാരാകട്ടെ,+ മതിൽ പണിയുന്ന യഹൂദാഗൃഹത്തെ മുഴുവനും പിന്തുണച്ചുകൊണ്ട് പിന്നിൽ നിന്നു.
17 ചുമട്ടുകാർ ഒരു കൈകൊണ്ടാണു പണി ചെയ്‌തത്; മറ്റേ കൈയിൽ ആയുധം* പിടിച്ചിരുന്നു.
18 നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഓരോ പണിക്കാരനും അരയിൽ വാൾ കെട്ടിയിരുന്നു. കൊമ്പു വിളിക്കുന്നയാൾ+ എന്റെ അടുത്താണു നിന്നിരുന്നത്.
19 പിന്നെ ഞാൻ പ്രധാനികളോടും ഉപഭരണാധികാരികളോടും ബാക്കിയുള്ളവരോടും പറഞ്ഞു: “വലുതും വിപുലവും ആയ ഒരു പണിയാണ് ഇത്. പണി നടക്കുന്നതു മതിലിന്റെ പല ഭാഗങ്ങളിലായതുകൊണ്ട് നമ്മൾ ഓരോരുത്തരും ഓരോ സ്ഥലത്താണ്.
20 അതുകൊണ്ട്, കൊമ്പുവിളി കേട്ടാൽ ഉടൻ നിങ്ങളെല്ലാം ഞങ്ങളുടെ അടുത്ത് ഒന്നിച്ചുകൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.”+
21 അങ്ങനെ, അതിരാവിലെമുതൽ നക്ഷത്രങ്ങൾ കണ്ടുതുടങ്ങുന്നതുവരെ ഞങ്ങൾ പണിയിൽ മുഴുകി. ഈ സമയമെല്ലാം മറ്റേ പകുതിപ്പേർ കുന്തവും ഏന്തി നിന്നു.
22 ഞാൻ ജനത്തോടു പറഞ്ഞു: “പുരുഷന്മാരെല്ലാം അവരുടെ പരിചാരകരുടെകൂടെ യരുശലേമിൽ രാത്രി കഴിച്ചുകൂട്ടട്ടെ. രാത്രിയിൽ അവർ നമുക്കു കാവൽ നിൽക്കും; പകൽസമയത്ത് പണിയും ചെയ്യും.”
23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ പരിചാരകരോ+ എന്നെ അനുഗമിച്ചിരുന്ന കാവൽക്കാരോ വസ്‌ത്രം മാറിയില്ല. ഞങ്ങൾ ഓരോരുത്തരും വലങ്കൈയിൽ ആയുധവും പിടിച്ചിരുന്നു.