ന്യായാധിപന്മാർ 1:1-36
1 യോശുവയുടെ മരണശേഷം+ ഇസ്രായേല്യർ യഹോവയോട്, “കനാന്യരോടു യുദ്ധം ചെയ്യാൻ ഞങ്ങളിൽ ആരാണ് ആദ്യം പോകേണ്ടത്” എന്നു ചോദിച്ചു.+
2 യഹോവ പറഞ്ഞു: “യഹൂദ പോകട്ടെ.+ ഇതാ, ഞാൻ ദേശം അവന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
3 അപ്പോൾ യഹൂദ സഹോദരനായ ശിമെയോനോടു പറഞ്ഞു: “എനിക്കു നിയമിച്ചുകിട്ടിയ പ്രദേശത്ത്*+ കനാന്യരോടു യുദ്ധം ചെയ്യാൻ എന്റെകൂടെ വരുക. എങ്കിൽ നിനക്കു നിയമിച്ചുകിട്ടിയ പ്രദേശത്തേക്കു നിന്റെകൂടെ ഞാനും വരാം.” അങ്ങനെ ശിമെയോൻ യഹൂദയുടെകൂടെ പോയി.
4 യഹൂദ യുദ്ധത്തിനു ചെന്നപ്പോൾ യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏൽപ്പിച്ചു.+ 10,000 പേരെ അവർ ബേസെക്കിൽവെച്ച് പരാജയപ്പെടുത്തി.
5 കനാന്യരെയും+ പെരിസ്യരെയും+ തോൽപ്പിക്കുന്നതിനിടെ അവർ ബേസെക്കിൽവെച്ച് അദോനീ-ബേസെക്കിനെ കണ്ട് അയാളോടും പൊരുതി.
6 അദോനീ-ബേസെക്ക് ഓടിപ്പോയപ്പോൾ അവർ പിന്തുടർന്ന് പിടിച്ച് അയാളുടെ കൈയിലെയും കാലിലെയും പെരുവിരലുകൾ മുറിച്ചുകളഞ്ഞു.
7 അപ്പോൾ അദോനീ-ബേസെക്ക് പറഞ്ഞു: “കൈയിലെയും കാലിലെയും പെരുവിരലുകൾ മുറിച്ചുകളഞ്ഞ 70 രാജാക്കന്മാർ എന്റെ മേശയ്ക്കടിയിൽനിന്ന് ആഹാരം പെറുക്കിത്തിന്നുന്നുണ്ട്. ഇപ്പോൾ ഇതാ, ഞാൻ ചെയ്തതുപോലെതന്നെ ദൈവം എന്നോടും ചെയ്തിരിക്കുന്നു.” പിന്നെ അവർ അയാളെ യരുശലേമിലേക്കു+ കൊണ്ടുപോയി. അവിടെവെച്ച് അദോനീ-ബേസെക്ക് മരിച്ചു.
8 പിന്നീട് യഹൂദാപുരുഷന്മാർ യരുശലേമിന് എതിരെ യുദ്ധം ചെയ്‌ത്+ അതു പിടിച്ചടക്കി. അവർ അവിടെയുള്ളവരെ വാളുകൊണ്ട് വെട്ടിക്കൊന്ന് ആ നഗരത്തിനു തീയിട്ടു.
9 തുടർന്ന് യഹൂദാപുരുഷന്മാർ മലനാട്ടിലും നെഗെബിലും ഷെഫേലയിലും+ താമസിക്കുന്ന കനാന്യരോടു യുദ്ധം ചെയ്യാൻ പോയി.
10 പിന്നെ യഹൂദ ഹെബ്രോനിൽ താമസിക്കുന്ന കനാന്യർക്കെതിരെ ചെന്ന് ശേശായി, അഹീമാൻ, തൽമായി എന്നിവരെ സംഹരിച്ചു.+ (മുമ്പ് ഹെബ്രോന്റെ പേര് കിര്യത്ത്-അർബ എന്നായിരുന്നു.)
11 അവർ അവിടെനിന്ന് ദബീരിലെ (ദബീരിന്റെ പേര് മുമ്പ് കിര്യത്ത്-സേഫെർ എന്നായിരുന്നു.)+ ആളുകളുടെ നേരെ ചെന്നു.+
12 അപ്പോൾ കാലേബ്+ പറഞ്ഞു: “കിര്യത്ത്-സേഫെർ ആക്രമിച്ച് അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യയായി കൊടുക്കും.”+
13 കാലേബിന്റെ അനിയനായ കെനസിന്റെ മകൻ ഒത്‌നീയേൽ+ അതു പിടിച്ചടക്കി. കാലേബ് മകളായ അക്‌സയെ ഒത്നീയേലിനു ഭാര്യയായി കൊടുത്തു.
14 ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട് ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്‌സ ഭർത്താവിനെ നിർബന്ധിച്ചു. അക്‌സ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ* കാലേബ് അക്സയോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.
15 അക്‌സ കാലേബിനോടു പറഞ്ഞു: “എനിക്ക് ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്. ഗുല്ലോത്ത്-മയിമുംകൂടെ* എനിക്കു തരുമോ?” അങ്ങനെ കാലേബ് മകൾക്കു മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും കൊടുത്തു.
16 മോശയുടെ അമ്മായിയപ്പനായ+ കേന്യന്റെ+ വംശജർ ഈന്തപ്പനകളുടെ നഗരത്തിൽനിന്ന്+ യഹൂദാജനത്തോടൊപ്പം അരാദിനു+ തെക്കുള്ള യഹൂദാവിജനഭൂമിയിലേക്കു* വന്നു. അവർ അവിടെ വന്ന് ജനത്തോടൊപ്പം താമസമുറപ്പിച്ചു.+
17 എന്നാൽ യഹൂദ സഹോദരനായ ശിമെയോനോടൊപ്പം ചെന്ന് സെഫാത്തിൽ താമസിക്കുന്ന കനാന്യരെ ആക്രമിച്ച് ആ നഗരം പൂർണമായി നശിപ്പിച്ചു.+ അതുകൊണ്ട് അവർ അതിനു ഹോർമ*+ എന്നു പേരിട്ടു.
18 പിന്നെ യഹൂദ ചെന്ന് ഗസ്സയും+ അതിന്റെ പ്രദേശവും അസ്‌കലോനും+ അതിന്റെ പ്രദേശവും എക്രോനും+ അതിന്റെ പ്രദേശവും പിടിച്ചടക്കി.
19 യഹോവ കൂടെയുണ്ടായിരുന്നതിനാൽ യഹൂദ ആ മലനാടു കൈവശമാക്കി. എന്നാൽ സമതലത്ത് താമസിക്കുന്നവരെ നീക്കിക്കളയാൻ അവർക്കു കഴിഞ്ഞില്ല. കാരണം അവിടെയുള്ളവർക്ക് ഇരുമ്പരിവാൾ ഘടിപ്പിച്ച* യുദ്ധരഥങ്ങളുണ്ടായിരുന്നു.+
20 മോശ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഹെബ്രോൻ അവർ കാലേബിനു കൊടുത്തു.+ കാലേബ് അനാക്കിന്റെ മൂന്ന് ആൺമക്കളെ+ അവിടെനിന്ന് ഓടിച്ചുകളഞ്ഞു.
21 എന്നാൽ ബന്യാമീന്യർ യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ നീക്കിക്കളഞ്ഞില്ല. അതുകൊണ്ട് യബൂസ്യർ ഇന്നും ബന്യാമീന്യരോടൊപ്പം യരുശലേമിൽ താമസിക്കുന്നു.+
22 അതേസമയം യോസേഫിന്റെ ഭവനം+ ബഥേലിനു നേരെ ചെന്നു; യഹോവ അവരോടൊപ്പമുണ്ടായിരുന്നു.+
23 യോസേഫിന്റെ ഭവനം ബഥേൽ ഒറ്റുനോക്കുമ്പോൾ (മുമ്പ് ആ നഗരത്തിന്റെ പേര് ലുസ്+ എന്നായിരുന്നു.)
24 ഒരാൾ നഗരത്തിൽനിന്ന് വരുന്നതു ചാരന്മാർ കണ്ടു. അവർ അയാളോട്, “നഗരത്തിന് അകത്തേക്കുള്ള വഴി കാണിച്ചുതരാമോ? ഞങ്ങൾ നിന്നോടു ദയ* കാണിക്കാം” എന്നു പറഞ്ഞു.
25 അങ്ങനെ അയാൾ അവർക്കു നഗരത്തിന് അകത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. അവർ ആ നഗരം വാളിന് ഇരയാക്കി; എന്നാൽ ആ മനുഷ്യനെയും കുടുംബത്തെയും അവർ വെറുതേ വിട്ടു.+
26 അയാൾ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു നഗരം പണിത് അതിനു ലുസ് എന്നു പേരിട്ടു. അതുതന്നെയാണ് ഇന്നും അതിന്റെ പേര്.
27 എങ്കിലും മനശ്ശെ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* താനാക്കും+ അതിന്റെ ആശ്രിതപട്ടണങ്ങളും കൈവശപ്പെടുത്തിയില്ല. അതുപോലെ, ദോരിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും യിബ്ലെയാമിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും മെഗിദ്ദോയിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും അവർ പിടിച്ചടക്കിയില്ല.+ കനാന്യർ ആ ദേശത്തുതന്നെ താമസിച്ചു.
28 എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു.+ പക്ഷേ അവർ അവരെ പൂർണമായി നീക്കിക്കളഞ്ഞില്ല.+
29 എഫ്രയീമും ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല. കനാന്യർ ഗേസെരിൽ+ അവർക്കിടയിൽത്തന്നെ താമസിച്ചു.
30 സെബുലൂൻ കിത്രോനിലെയും നഹലോലിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല; കനാന്യർ അവർക്കിടയിൽത്തന്നെ താമസിച്ചു. അവർ കനാന്യരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു.+
31 ആശേർ അക്കൊ, സീദോൻ,+ അഹ്ലാബ്, അക്കസീബ്,+ ഹെൽബ, അഫീക്ക്,+ രഹോബ്+ എന്നിവയിലെ ആളുകളെ നീക്കിക്കളഞ്ഞില്ല.
32 അവരെ നീക്കിക്കളയാതിരുന്നതിനാൽ ആശേര്യർ അവിടെയുണ്ടായിരുന്ന കനാന്യർക്കിടയിൽത്തന്നെ താമസിച്ചു.
33 നഫ്‌താലി ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല. അവർ തദ്ദേശവാസികളായ കനാന്യർക്കിടയിൽത്തന്നെ താമസിച്ചു.+ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ആളുകൾ അവർക്ക് അടിമപ്പണി ചെയ്യുന്നവരായിത്തീർന്നു.
34 അമോര്യർ ദാന്യരെ മലനാട്ടിൽ ഒതുക്കിനിറുത്തി; സമതലത്തിലേക്ക് ഇറങ്ങിവരാൻ അവരെ അനുവദിച്ചില്ല.+
35 അങ്ങനെ അമോര്യർ ഹെറെസ് പർവതത്തിലും അയ്യാലോനിലും+ ശാൽബീമിലും+ താമസിച്ചു. എന്നാൽ യോസേഫിന്റെ ഭവനം ശക്തി പ്രാപിച്ചപ്പോൾ* അവർ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു.
36 അമോര്യരുടെ പ്രദേശം അക്രബ്ബീംകയറ്റംമുതലും+ സേലയിൽനിന്ന് മുകളിലേക്കും ആയിരുന്നു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “എന്റെ നറുക്കിൽ.”
^ മറ്റൊരു സാധ്യത “കഴുതപ്പുറത്ത് ഇരുന്ന് കൈ കൊട്ടിയപ്പോൾ.”
^ അഥവാ “നെഗെബിലുള്ള.”
^ അർഥം: “വെള്ളമുള്ള പാത്രങ്ങൾ.”
^ പദാവലിയിൽ “വിജനഭൂമി” കാണുക.
^ അർഥം: “നാശത്തിനു സമർപ്പിക്കൽ.”
^ അക്ഷ. “ഇരുമ്പുകൊണ്ടുള്ള.”
^ അക്ഷ. “അചഞ്ചലസ്നേഹം.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
^ അക്ഷ. “ഭവനത്തിന്റെ കൈ ഭാരമുള്ളതായപ്പോൾ.”