ന്യായാധിപന്മാർ 10:1-18
10 അബീമേലെക്കിനു ശേഷം ദോദൊയുടെ മകനായ പൂവയുടെ മകൻ തോല ഇസ്രായേലിന്റെ രക്ഷകനായി എഴുന്നേറ്റു.+ തോല ഒരു യിസ്സാഖാര്യനായിരുന്നു. എഫ്രയീംമലനാട്ടിലെ ശാമീരിലാണു തോല താമസിച്ചിരുന്നത്.
2 തോല 23 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. പിന്നെ തോല മരിച്ചു, തോലയെ ശാമീരിൽ അടക്കം ചെയ്തു.
3 തോലയ്ക്കു ശേഷം ഗിലെയാദ്യനായ യായീർ 22 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.
4 യായീരിന് 30 ആൺമക്കളുണ്ടായിരുന്നു. അവർ 30 കഴുതകളുടെ പുറത്ത് സഞ്ചരിച്ചു; ഗിലെയാദ് ദേശത്ത് അവർക്ക് 30 നഗരങ്ങളുമുണ്ടായിരുന്നു. അവയുടെ പേര് ഇന്നും ഹവ്വോത്ത്-യായീർ+ എന്നാണ്.
5 പിന്നെ യായീർ മരിച്ചു, യായീരിനെ കാമോനിൽ അടക്കം ചെയ്തു.
6 ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്തോരെത്ത് വിഗ്രഹങ്ങളെയും അരാമിലെ* ദൈവങ്ങളെയും സീദോനിലെ ദൈവങ്ങളെയും മോവാബിലെ ദൈവങ്ങളെയും+ അമ്മോന്യരുടെ ദൈവങ്ങളെയും+ ഫെലിസ്ത്യരുടെ ദൈവങ്ങളെയും+ സേവിച്ചുതുടങ്ങി. അവർ യഹോവയെ ഉപേക്ഷിച്ചു, തങ്ങളുടെ ദൈവത്തെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു.
7 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും വിറ്റു.+
8 അവർ ആ വർഷം ഇസ്രായേല്യരെ വല്ലാതെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്തു. ഗിലെയാദിലെ അമോര്യരുടെ ദേശമായിരുന്ന യോർദാന്റെ തീരപ്രദേശത്ത് താമസിച്ച ഇസ്രായേല്യരെയെല്ലാം അവർ 18 വർഷം അടക്കിഭരിച്ചു.
9 മാത്രമല്ല, അമ്മോന്യർ യോർദാൻ കടന്നുചെന്ന് യഹൂദയോടും ബന്യാമീനോടും എഫ്രയീംഭവനത്തോടും പോരാടുമായിരുന്നു. അങ്ങനെ ഇസ്രായേൽ വലിയ കഷ്ടത്തിലായി.
10 അപ്പോൾ ഇസ്രായേല്യർ സഹായത്തിനുവേണ്ടി യഹോവയോടു നിലവിളിച്ചു.+ അവർ പറഞ്ഞു: “ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷിച്ച് ബാൽ ദൈവങ്ങളെ സേവിച്ചുകൊണ്ട്+ അങ്ങയോടു പാപം ചെയ്തിരിക്കുന്നു.”
11 പക്ഷേ യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളെ അടിച്ചമർത്തിയ ഈജിപ്തുകാരുടെയും+ അമോര്യരുടെയും+ അമ്മോന്യരുടെയും ഫെലിസ്ത്യരുടെയും+
12 സീദോന്യരുടെയും അമാലേക്കിന്റെയും മിദ്യാന്റെയും കൈയിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചില്ലേ? നിങ്ങൾ എന്നോടു കരഞ്ഞുനിലവിളിച്ചപ്പോൾ അവരുടെ കൈയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിച്ചു.
13 എന്നാൽ നിങ്ങൾ എന്നെ ഉപേക്ഷിച്ച് മറ്റു ദൈവങ്ങളെ സേവിച്ചു.+ അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കില്ല.+
14 നിങ്ങൾ തിരഞ്ഞെടുത്ത ദൈവങ്ങളുടെ അടുത്ത് ചെന്ന് അവരോടു യാചിക്കുക.+ ഈ കഷ്ടപ്പാടിൽനിന്ന് അവർ നിങ്ങളെ രക്ഷിക്കട്ടെ.”+
15 അപ്പോൾ ഇസ്രായേല്യർ യഹോവയോടു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്തുപോയി. അങ്ങയ്ക്ക് ഇഷ്ടമുള്ളതുപോലെയെല്ലാം ഞങ്ങളോടു ചെയ്തുകൊള്ളുക. പക്ഷേ ഇപ്പോൾ, ഇന്നൊരു ദിവസത്തേക്കു ഞങ്ങളെ രക്ഷിക്കേണമേ.”
16 അവർ അവർക്കിടയിലുണ്ടായിരുന്ന അന്യദൈവങ്ങളെ നീക്കി+ യഹോവയെ സേവിച്ചു. ഇസ്രായേല്യർ കഷ്ടപ്പെടുന്നതു കണ്ടുനിൽക്കാൻ പിന്നെ ദൈവത്തിനു കഴിഞ്ഞില്ല.+
17 അക്കാലത്ത് അമ്മോന്യരെല്ലാം+ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമടിച്ചു. അപ്പോൾ ഇസ്രായേല്യരും ഒന്നിച്ചുകൂടി. അവർ മിസ്പയിൽ പാളയമടിച്ചു.
18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനങ്ങളും പരസ്പരം ഇങ്ങനെ പറഞ്ഞു: “അമ്മോന്യർക്കെതിരെയുള്ള യുദ്ധത്തിൽ നമ്മളെ ആരു നയിക്കും?+ അയാൾ ഗിലെയാദിലെ നിവാസികൾക്കെല്ലാം തലവനാകും.”
അടിക്കുറിപ്പുകള്
^ അഥവാ “സിറിയയിലെ.”