ന്യായാധിപന്മാർ 12:1-15
12 പിന്നീട് എഫ്രയീമിലുള്ളവർ ഒന്നിച്ചുകൂടി. അവർ നദി കടന്ന് സാഫോനിൽ എത്തി* യിഫ്താഹിനോട്, “നീ അമ്മോന്യരോടു യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാതിരുന്നത് എന്താണ്?+ ഞങ്ങൾ നിന്നെ വീടിന് അകത്തിട്ട് നിന്റെ വീടിനു തീ വെക്കും” എന്നു പറഞ്ഞു.
2 എന്നാൽ യിഫ്താഹ് അവരോടു പറഞ്ഞു: “എന്റെ ജനത്തിനും അമ്മോന്യർക്കും ഇടയിൽ വലിയൊരു സംഘർഷം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ സഹായത്തിനു വിളിച്ചു. എന്നാൽ നിങ്ങൾ എന്നെ അവരുടെ കൈയിൽനിന്ന് രക്ഷിച്ചില്ല.
3 നിങ്ങൾ എന്റെ രക്ഷയ്ക്ക് എത്തില്ലെന്നു കണ്ടപ്പോൾ എന്റെ ജീവൻ പണയം വെച്ച് അമ്മോന്യർക്കെതിരെ ചെല്ലാൻ+ ഞാൻ തീരുമാനിച്ചു. യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നെ എന്തിനാണു നിങ്ങൾ ഇപ്പോൾ എന്നോടു യുദ്ധത്തിനു വരുന്നത്?”
4 തുടർന്ന് യിഫ്താഹ് ഗിലെയാദിലെ പുരുഷന്മാരെയെല്ലാം+ കൂട്ടി എഫ്രയീമിനോടു യുദ്ധം ചെയ്തു. “എഫ്രയീമിലും മനശ്ശെയിലും ഉള്ള ഗിലെയാദ്യരേ, നിങ്ങൾ എഫ്രയീമിൽനിന്നുള്ള അഭയാർഥികൾ മാത്രമാണ്” എന്നു പറഞ്ഞ എഫ്രയീമിനെ ഗിലെയാദിലെ പുരുഷന്മാർ തോൽപ്പിച്ചു.
5 എഫ്രയീമിന്റെ മുന്നിലുള്ള യോർദാന്റെ കടവുകളെല്ലാം+ ഗിലെയാദ്യർ പിടിച്ചെടുത്തു. എഫ്രയീംപുരുഷന്മാർ രക്ഷപ്പെടാൻ നോക്കിക്കൊണ്ട്, “ഞാൻ അക്കര കടന്നോട്ടേ” എന്നു ചോദിക്കുമ്പോൾ ഗിലെയാദ്യർ അവർ ഓരോരുത്തരോടും “നീ ഒരു എഫ്രയീമ്യനാണോ” എന്നു തിരിച്ച് ചോദിക്കും. “അല്ല!” എന്നു പറയുമ്പോൾ
6 അവർ അയാളോട്, “ഷിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. പക്ഷേ ശരിയായി ഉച്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവിൽവെച്ച് കൊല്ലും. അങ്ങനെ, ആ സമയത്ത് 42,000 എഫ്രയീമ്യർ കൊല്ലപ്പെട്ടു.
7 യിഫ്താഹ് ആറു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. അതിനു ശേഷം ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു. ഗിലെയാദിലുള്ള തന്റെ നഗരത്തിൽ യിഫ്താഹിനെ അടക്കം ചെയ്തു.
8 യിഫ്താഹിനു ശേഷം ബേത്ത്ലെഹെമിൽനിന്നുള്ള ഇബ്സാൻ ഇസ്രായേലിൽ ന്യായപാലനം നടത്തി.+
9 ഇബ്സാന് 30 ആൺമക്കളും 30 പെൺമക്കളും ഉണ്ടായിരുന്നു. ഇബ്സാൻ പെൺമക്കളെ തന്റെ കുലത്തിനു പുറത്ത് വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ആൺമക്കളെ കുലത്തിനു പുറത്തുള്ള 30 പെൺകുട്ടികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഇബ്സാൻ ഏഴു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.
10 പിന്നെ ഇബ്സാൻ മരിച്ചു, ഇബ്സാനെ ബേത്ത്ലെഹെമിൽ അടക്കം ചെയ്തു.
11 അതിനു ശേഷം സെബുലൂന്യനായ ഏലോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി. പത്തു വർഷം ഏലോൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.
12 പിന്നെ സെബുലൂന്യനായ ഏലോൻ മരിച്ചു. ഏലോനെ സെബുലൂൻ ദേശത്തെ അയ്യാലോനിൽ അടക്കം ചെയ്തു.
13 ഏലോനു ശേഷം പിരാഥോന്യനായ ഹില്ലേലിന്റെ മകൻ അബ്ദോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി.
14 അബ്ദോന് 40 ആൺമക്കളും 30 കൊച്ചുമക്കളും ഉണ്ടായിരുന്നു. 70 കഴുതകളുടെ പുറത്താണ് ആ പുരുഷന്മാർ യാത്ര ചെയ്തിരുന്നത്. അബ്ദോൻ എട്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.
15 പിന്നെ പിരാഥോന്യനായ ഹില്ലേലിന്റെ മകൻ അബ്ദോൻ മരിച്ചു. അബ്ദോനെ എഫ്രയീം ദേശത്തെ, അമാലേക്യരുടെ+ മലയിലുള്ള പിരാഥോനിൽ അടക്കം ചെയ്തു.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “അവർ വടക്കോട്ട് നദി കടന്നുവന്ന്.”