ന്യായാധിപന്മാർ 2:1-23
2 പിന്നീട് യഹോവയുടെ ദൂതൻ+ ഗിൽഗാലിൽനിന്ന്+ ബോഖീമിലേക്കു വന്ന് ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ ഈജിപ്തിൽനിന്ന് നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്തേക്കു+ കൊണ്ടുവന്നു. കൂടാതെ ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു: ‘നിങ്ങളുമായി ചെയ്‌ത എന്റെ ഉടമ്പടി ഞാൻ ഒരിക്കലും ലംഘിക്കില്ല.+
2 നിങ്ങൾ ഈ ദേശത്തിലെ ആളുകളോട് ഉടമ്പടി ചെയ്യരുത്;+ അവരുടെ യാഗപീഠങ്ങൾ ഇടിച്ചുകളയണം.’+ എന്നാൽ നിങ്ങൾ എന്റെ വാക്ക് അനുസരിച്ചില്ല.+ നിങ്ങൾ എന്തിന് ഇങ്ങനെ ചെയ്‌തു?
3 അതുകൊണ്ട് ഞാൻ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ ആ ആളുകളെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല.+ അവർ നിങ്ങളെ കെണിയിലാക്കും.+ അവരുടെ ദൈവങ്ങൾ നിങ്ങളെ വശീകരിക്കും.’”+
4 യഹോവയുടെ ദൂതൻ ഈ വാക്കുകൾ എല്ലാ ഇസ്രായേല്യരോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരയാൻതുടങ്ങി.
5 അതുകൊണ്ട് അവർ ആ സ്ഥലത്തിനു ബോഖീം* എന്നു പേരിട്ടു. അവർ അവിടെ യഹോവയ്ക്കു ബലി അർപ്പിച്ചു.
6 യോശുവ ജനത്തെ പറഞ്ഞയച്ചു. ദേശം കൈവശമാക്കാൻ ഓരോ ഇസ്രായേല്യനും തന്റെ അവകാശത്തിലേക്കു പോയി.+
7 യോശുവയുടെ കാലത്തും യഹോവ ഇസ്രായേലിനുവേണ്ടി ചെയ്‌ത മഹാകാര്യങ്ങളെല്ലാം കണ്ട, യോശുവയുടെ കാലത്തെ മൂപ്പന്മാർ* മരിക്കുന്നതുവരെയും ജനം യഹോവയെ സേവിച്ചുപോന്നു.+
8 യഹോവയുടെ ദാസനായ, നൂന്റെ മകൻ യോശുവ 110-ാം വയസ്സിൽ മരിച്ചു.+
9 അവർ യോശുവയെ അദ്ദേഹത്തിന് അവകാശമായി കിട്ടിയ പ്രദേശത്ത്, ഗായശ് പർവതത്തിനു വടക്ക് എഫ്രയീംമലനാട്ടിലെ തിമ്നാത്ത്-ഹേരെസിൽ,+ അടക്കം ചെയ്‌തു.+
10 ഒടുവിൽ, ആ തലമുറ മുഴുവൻ അവരുടെ പൂർവികരോടു ചേർന്നു.* അവർക്കു ശേഷം, യഹോവയെയോ ദൈവം ഇസ്രായേലിനുവേണ്ടി ചെയ്‌ത കാര്യങ്ങളെയോ അറിഞ്ഞിട്ടില്ലാത്ത മറ്റൊരു തലമുറ ഉണ്ടായി.
11 അങ്ങനെ ഇസ്രായേല്യർ യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌ത് ബാൽ ദൈവങ്ങളെ സേവിച്ചു.*+
12 അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്ന, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചു.+ അവർ അന്യദൈവങ്ങൾക്ക്—അവർക്കു ചുറ്റുമുണ്ടായിരുന്ന ജനങ്ങളുടെ ദൈവങ്ങൾക്ക്—പിന്നാലെ പോയി അവയെ കുമ്പിട്ട് നമസ്കരിച്ചു.+ അങ്ങനെ അവർ യഹോവയെ കോപിപ്പിച്ചു.+
13 അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് വിഗ്രഹങ്ങളെയും സേവിച്ചു.+
14 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ളയടിച്ചു. ദൈവം ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു.+ ശത്രുക്കളോട് എതിർത്തുനിൽക്കാൻ അവർക്കു കഴിയാതെയായി.+
15 എവിടെ പോയാലും യഹോവയുടെ കൈ അവർക്കെതിരായിരുന്നു. യഹോവ പറഞ്ഞിരുന്നതുപോലെ, അവരോടു സത്യം ചെയ്തിരുന്നതുപോലെതന്നെ, യഹോവ അവരുടെ മേൽ വിനാശം വരുത്തി,+ അവർ വലിയ കഷ്ടത്തിലായി.+
16 അപ്പോൾ കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാനായി യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു.+
17 എന്നാൽ അവർ ന്യായാധിപന്മാരെയും അനുസരിച്ചില്ല. അവർ മറ്റു ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌തു. യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പൂർവികരുടെ+ വഴിയിൽനിന്ന് അവർ പെട്ടെന്നു മാറിപ്പോയി. ആ വഴിയിൽ നടക്കാൻ അവർക്കു കഴിഞ്ഞില്ല.
18 യഹോവ അവർക്കുവേണ്ടി ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ച+ ഓരോ സമയത്തും യഹോവ ആ ന്യായാധിപനോടുകൂടെയിരിക്കുകയും ആ ന്യായാധിപന്റെ കാലത്തെല്ലാം ശത്രുക്കളുടെ കൈയിൽനിന്ന് ജനത്തെ രക്ഷിക്കുകയും ചെയ്‌തു. അവരെ അടിച്ചമർത്തുകയും+ അവരോടു ക്രൂരമായി പെരുമാറുകയും ചെയ്‌തവർ കാരണം അവർ ഞരങ്ങിയപ്പോൾ യഹോവയുടെ മനസ്സ് അലിഞ്ഞു.*+
19 എന്നാൽ ന്യായാധിപൻ മരിക്കുന്നതോടെ അവർ വീണ്ടും അന്യദൈവങ്ങളുടെ പിന്നാലെ പോകുകയും അവയെ സേവിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്തുകൊണ്ട് അവരുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്തം പ്രവർത്തിക്കുമായിരുന്നു.+ അവർ തങ്ങളുടെ ചെയ്തികളും ദുശ്ശാഠ്യവും ഉപേക്ഷിച്ചില്ല.
20 ഒടുവിൽ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം പറഞ്ഞു: “ഈ ജനത ഞാൻ അവരുടെ പൂർവികർക്കു നൽകിയ എന്റെ ഉടമ്പടി ലംഘിച്ച്+ എന്നോട് അനുസരണക്കേടു കാണിച്ചിരിക്കുന്നു.+
21 അതുകൊണ്ട് യോശുവ മരിക്കുമ്പോൾ ബാക്കി വെച്ചിട്ടുപോയ ഒരു ജനതയെപ്പോലും+ ഞാൻ അവരുടെ മുന്നിൽനിന്ന് നീക്കിക്കളയില്ല.
22 ഇസ്രായേൽ അവരുടെ പിതാക്കന്മാരെപ്പോലെ യഹോവയുടെ വഴിയിൽ നടക്കുമോ+ എന്നു പരീക്ഷിക്കാനാണു ഞാൻ ഇങ്ങനെ ചെയ്യുന്നത്.”
23 ആ ജനതകൾ ദേശത്ത് തുടരാൻ യഹോവ അനുവദിച്ചു. ദൈവം അവരെ പെട്ടെന്നു നീക്കിക്കളയുകയോ അവരെ യോശുവയുടെ കൈയിൽ ഏൽപ്പിക്കുകയോ ചെയ്‌തില്ല.
അടിക്കുറിപ്പുകള്‍
^ അർഥം: “കരയുന്നവർ.”
^ മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
^ അഥവാ “ആരാധിച്ചു.”
^ അഥവാ “യഹോവ ഖേദിച്ചു.”