ന്യായാധിപന്മാർ 20:1-48
20 അങ്ങനെ ദാൻ+ മുതൽ ബേർ-ശേബ വരെയുള്ള പ്രദേശത്തുനിന്നും ഗിലെയാദ് ദേശത്തുനിന്നും+ ഉള്ള ഇസ്രായേല്യരെല്ലാം വന്നുചേർന്നു. സമൂഹം മുഴുവൻ മിസ്പയിൽ യഹോവയുടെ മുമ്പാകെ ഏകമനസ്സോടെ* ഒന്നിച്ചുകൂടി.+
2 ജനത്തിന്റെ തലവന്മാരും ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും—വാളേന്തിയ 4,00,000 കാലാളുകൾ—വന്ന് ദൈവജനത്തിന്റെ സഭയിൽ അതാതു സ്ഥാനത്ത് നിലയുറപ്പിച്ചു.+
3 ഇസ്രായേൽപുരുഷന്മാർ മിസ്പയിലേക്കു പോയ വിവരം ബന്യാമീന്യർ അറിഞ്ഞു.
പിന്നെ ഇസ്രായേല്യപുരുഷന്മാർ ഇങ്ങനെ പറഞ്ഞു: “ഈ ഘോരകൃത്യം എങ്ങനെ നടന്നെന്നു ഞങ്ങളോടു പറയുക.”+
4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ+ പറഞ്ഞു: “ഞാൻ എന്റെ ഉപപത്നിയോടൊപ്പം* രാത്രിതങ്ങാൻ ബന്യാമീന്യരുടെ ഗിബെയയിലേക്കു+ ചെന്നു.
5 രാത്രിയായപ്പോൾ ഗിബെയയിലെ ആളുകൾ* എന്റെ നേരെ വന്ന് വീടു വളഞ്ഞു. എന്നെ കൊല്ലാനാണ് അവർ വന്നത്. പക്ഷേ അതിനു പകരം അവർ എന്റെ ഉപപത്നിയെ ബലാത്സംഗം ചെയ്തു, അവൾ മരിച്ചുപോയി.+
6 അവർ ഇസ്രായേലിൽ ഇത്ര നാണംകെട്ടതും ഹീനവും ആയ ഒരു കാര്യം ചെയ്തതുകൊണ്ട് ഞാൻ അവളുടെ ശരീരം പല കഷണങ്ങളായി മുറിച്ച് ഇസ്രായേല്യർക്ക് അവകാശമായി ലഭിച്ച എല്ലാ ദേശത്തേക്കും അയച്ചു.+
7 അതുകൊണ്ട് ഇസ്രായേൽ ജനമേ, ഇക്കാര്യത്തിൽ നിങ്ങളുടെ നിർദേശവും അഭിപ്രായവും പറയുക.”+
8 അപ്പോൾ ജനമെല്ലാം ഒരുമിച്ച് ഇങ്ങനെ പറഞ്ഞു: “നമ്മളിലാരും നമ്മുടെ കൂടാരത്തിലേക്കോ വീട്ടിലേക്കോ പോകരുത്.
9 നമ്മൾ ഗിബെയയ്ക്കെതിരെ ഇങ്ങനെ ചെയ്യണം: നറുക്കിട്ട്+ നമുക്ക് അവരുടെ നേരെ ചെല്ലാം.
10 ബന്യാമീനിലെ ഗിബെയയിലുള്ളവർ ഇസ്രായേലിൽ ചെയ്ത വഷളത്തത്തിന് എതിരെ സൈനികനടപടി വേണം. സൈനികർക്കു ഭക്ഷണം കൊണ്ടുവരാൻ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും 100 പേരിൽനിന്ന് 10 പേർ, 1,000 പേരിൽനിന്ന് 100 പേർ, 10,000 പേരിൽനിന്ന് 1,000 പേർ എന്ന കണക്കിൽ നമുക്കു പുരുഷന്മാരെ എടുക്കാം.”
11 അങ്ങനെ ഇസ്രായേലിലെ എല്ലാ പുരുഷന്മാരും ആ നഗരത്തിന് എതിരെ സഖ്യം ചേർന്ന് ഏകമനസ്സോടെ സംഘടിച്ചു.
12 പിന്നെ ഇസ്രായേൽഗോത്രങ്ങൾ ബന്യാമീൻഗോത്രത്തിൽ എല്ലായിടത്തും ആളയച്ച് ഇങ്ങനെ അറിയിച്ചു: “എത്ര ഭീകരമായ ഒരു സംഭവമാണു നിങ്ങളുടെ ഇടയിൽ നടന്നത്!
13 ഇപ്പോൾ, ഗിബെയയിലെ ആ ആഭാസന്മാരെ+ പിടിച്ച് ഞങ്ങളുടെ കൈയിൽ ഏൽപ്പിക്കുക. അവരെ കൊന്ന് ഞങ്ങൾ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയട്ടെ.”+ എന്നാൽ ഇസ്രായേല്യരായ സഹോദരന്മാർ പറഞ്ഞതു ബന്യാമീന്യർ വകവെച്ചില്ല.
14 തുടർന്ന് ഇസ്രായേല്യരോടു യുദ്ധം ചെയ്യാൻ ബന്യാമീന്യർ തങ്ങളുടെ നഗരങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
15 ഗിബെയയിലെ തിരഞ്ഞെടുക്കപ്പെട്ട 700 പുരുഷന്മാർക്കു പുറമേ വാളേന്തിയ 26,000 ബന്യാമീന്യർ തങ്ങളുടെ നഗരങ്ങളിൽനിന്ന് അന്ന് ഒരുമിച്ചുകൂടി.
16 ആ സൈന്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട 700 പുരുഷന്മാർ ഇടങ്കൈയന്മാരായിരുന്നു. അവരെല്ലാം തലനാരിഴയ്ക്കുപോലും ഉന്നം തെറ്റാതെ കല്ല് എറിയുന്ന കവണക്കാരായിരുന്നു.
17 ബന്യാമീന്യർ ഒഴികെയുള്ള ഇസ്രായേല്യരിൽ വാളേന്തിയ 4,00,000 പുരുഷന്മാർ+ കൂടിവന്നു. അവരെല്ലാം പരിചയസമ്പന്നരായ യോദ്ധാക്കളായിരുന്നു.
18 ദൈവഹിതം അറിയാനായി+ അവർ ബഥേലിലേക്കു ചെന്നു. ഇസ്രായേൽ ജനം ചോദിച്ചു: “ബന്യാമീന്യരുമായുള്ള യുദ്ധത്തിൽ ഞങ്ങളിൽ ആരാണു സൈന്യത്തെ നയിക്കേണ്ടത്?” യഹോവ പറഞ്ഞു: “യഹൂദ സൈന്യത്തെ നയിക്കട്ടെ.”
19 അതിനു ശേഷം ഇസ്രായേല്യർ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കെതിരെ പാളയമിറങ്ങി.
20 ഇസ്രായേല്യർ ബന്യാമീനു നേരെ യുദ്ധത്തിനു ചെന്ന് ഗിബെയയിൽ അവർക്കെതിരെ അണിനിരന്നു.
21 അന്നു ബന്യാമീന്യർ ഗിബെയയിൽനിന്ന് വന്ന് 22,000 ഇസ്രായേൽപുരുഷന്മാരെ സംഹരിച്ചു.
22 എങ്കിലും ഇസ്രായേൽപുരുഷന്മാരുടെ സൈന്യം ധൈര്യസമേതം വീണ്ടും അതേ സ്ഥലത്ത് അണിനിരന്നു.
23 പിന്നെ ഇസ്രായേല്യർ യഹോവയുടെ സന്നിധിയിൽ ചെന്ന് വൈകുന്നേരംവരെ കരഞ്ഞു. അവർ യഹോവയോടു ചോദിച്ചു: “ഞങ്ങൾ വീണ്ടും ഞങ്ങളുടെ സഹോദരങ്ങളായ ബന്യാമീന്യരോടു യുദ്ധത്തിനു പോകണോ?”+ അപ്പോൾ യഹോവ പറഞ്ഞു: “അവർക്കെതിരെ ചെല്ലുക.”
24 അങ്ങനെ രണ്ടാം ദിവസം ഇസ്രായേല്യർ ബന്യാമീന്യരുടെ അടുത്തേക്കു ചെന്നു.
25 അന്നുതന്നെ ബന്യാമീനും ഗിബെയയിൽനിന്ന് വന്നു. അവർ വാളേന്തിയ 18,000 ഇസ്രായേല്യരെക്കൂടി കൊന്നു.+
26 അപ്പോൾ ഇസ്രായേൽപുരുഷന്മാരെല്ലാം ബഥേലിലേക്കു പോയി. അവർ യഹോവയുടെ മുമ്പാകെ ഇരുന്ന് കരഞ്ഞ്+ വൈകുന്നേരംവരെ ഉപവസിച്ചു.+ യഹോവയുടെ സന്നിധിയിൽ അവർ ദഹനയാഗങ്ങളും+ സഹഭോജനയാഗങ്ങളും+ അർപ്പിച്ചു.
27 അതിനു ശേഷം ഇസ്രായേല്യർ യഹോവയുടെ ഹിതം ആരാഞ്ഞു.+ അക്കാലത്ത് സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകമുണ്ടായിരുന്നത് അവിടെയാണ്.
28 അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസാണ്+ ആ സമയത്ത് ഉടമ്പടിപ്പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്തിരുന്നത്.* അവർ ചോദിച്ചു: “ഞങ്ങൾ വീണ്ടും ഞങ്ങളുടെ സഹോദരന്മാരായ ബന്യാമീന്യർക്കെതിരെ യുദ്ധത്തിനു പോകണോ അതോ ഞങ്ങൾ പിന്മാറണോ?”+ യഹോവ പറഞ്ഞു: “പോകുക! നാളെ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.”
29 അപ്പോൾ ഇസ്രായേല്യർ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ+ നിറുത്തി.
30 ഇസ്രായേല്യർ പഴയതുപോലെ ബന്യാമീന്യർക്കു നേരെ ചെന്ന് മൂന്നാം ദിവസവും ഗിബെയയ്ക്കെതിരെ അണിനിരന്നു.+
31 ബന്യാമീന്യർ അവർക്കെതിരെ വന്ന് നഗരത്തിൽനിന്ന് വളരെ ദൂരം പോയി.+ തുടർന്ന് മുമ്പിലത്തെപ്പോലെ അവർ അവരെ ആക്രമിച്ച് അവരിൽ ചിലരെ പ്രധാനവീഥികളിൽവെച്ച് കൊല്ലാൻതുടങ്ങി. ആ വഴികളിൽ ഒന്നു ഗിബെയയിലേക്കു പോകുന്നതും മറ്റേതു ബഥേലിലേക്കു പോകുന്നതും ആയിരുന്നു. ഏകദേശം 30 ഇസ്രായേല്യർ ആ സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു.+
32 അപ്പോൾ ബന്യാമീന്യർ പറഞ്ഞു: “അവർ മുമ്പത്തെപ്പോലെ നമ്മുടെ മുന്നിൽനിന്ന് തോറ്റോടുകയാണ്.”+ എന്നാൽ ഇസ്രായേല്യർ, “നമുക്കു തിരിഞ്ഞ് ഓടി അവരെ നഗരത്തിൽനിന്ന് പ്രധാനവീഥികളിലേക്കു വരുത്താം” എന്നു പറഞ്ഞു.
33 അങ്ങനെ എല്ലാ ഇസ്രായേൽപുരുഷന്മാരും അവരുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ബാൽ-താമാറിൽ അണിനിരന്നു. അതേസമയം ഗിബെയയ്ക്കു ചുറ്റും പതിയിരുന്ന ഇസ്രായേല്യർ നഗരത്തിനു നേരെ പാഞ്ഞുചെന്നു.
34 എല്ലാ ഇസ്രായേലിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 10,000 പുരുഷന്മാർ ഗിബെയയ്ക്കു മുന്നിൽ ചെന്നു; ഉഗ്രമായ പോരാട്ടം നടന്നു. എന്നാൽ ദുരന്തം കാത്തിരിക്കുന്നെന്ന കാര്യം ബന്യാമീന്യർ അറിഞ്ഞില്ല.
35 യഹോവ ബന്യാമീന്യരെ ഇസ്രായേല്യരുടെ മുന്നിൽ തോൽപ്പിച്ചു.+ വാളേന്തിയ 25,100 ബന്യാമീന്യരെ ഇസ്രായേല്യർ അന്നു സംഹരിച്ചു.+
36 ഇസ്രായേൽപുരുഷന്മാർ പിൻവാങ്ങിയപ്പോൾ അവർ തോറ്റോടുകയാണെന്നു ബന്യാമീന്യർ കരുതി.+ എന്നാൽ ഗിബെയയ്ക്കെതിരെ പതിയിരിപ്പുകാരെ നിറുത്തിയിരുന്നതുകൊണ്ടാണ്+ അവർ പിൻവാങ്ങിയത്.
37 ആ പതിയിരിപ്പുകാർ ഒട്ടും വൈകാതെ ഗിബെയയിലേക്കു പാഞ്ഞുചെന്നു. അവർ പലതായി പിരിഞ്ഞ് നഗരത്തെ മുഴുവൻ വാളുകൊണ്ട് സംഹരിച്ചു.
38 നഗരത്തിൽനിന്ന് പുക ഉയർത്തി അടയാളം കൊടുക്കണമെന്നു നഗരത്തിനു ചുറ്റും പതിയിരിക്കുന്നവരോട് ഇസ്രായേൽപുരുഷന്മാർ പറഞ്ഞിട്ടുണ്ടായിരുന്നു.
39 ഇസ്രായേല്യർ പിന്തിരിഞ്ഞ് ഓടിയപ്പോൾ ബന്യാമീന്യർ അവരെ ആക്രമിച്ച് ഏകദേശം 30 ഇസ്രായേൽപുരുഷന്മാരെ കൊന്നു.+ അപ്പോൾ ബന്യാമീന്യർ, “അവർ പഴയതുപോലെതന്നെ നമ്മുടെ മുന്നിൽനിന്ന് തോറ്റോടുകയാണ്”+ എന്നു പറഞ്ഞു.
40 എന്നാൽ അടയാളമായ പുക ഒരു തൂണുപോലെ നഗരത്തിൽനിന്ന് പൊങ്ങിയപ്പോൾ ബന്യാമീന്യർ തിരിഞ്ഞുനോക്കി. അതാ, ആകാശംമുട്ടെ തീ ഉയർന്ന് നഗരം മുഴുവനും കത്തുന്നു!
41 അപ്പോൾ ഇസ്രായേൽപുരുഷന്മാർ അവർക്കെതിരെ തിരിഞ്ഞു. ബന്യാമീന്യർ ആകെ പരിഭ്രമത്തിലായി. തങ്ങൾ ആപത്തിൽപ്പെട്ടെന്ന് അവർക്കു മനസ്സിലായി.
42 അവർ ഇസ്രായേൽപുരുഷന്മാരുടെ മുന്നിൽനിന്ന് വിജനഭൂമിയിലേക്ക് ഓടി. പക്ഷേ സൈന്യം അവരെ പിന്തുടർന്നു. നഗരങ്ങളിൽനിന്ന് വന്ന പുരുഷന്മാരും ബന്യാമീന്യരെ സംഹരിക്കാൻ അവരോടൊപ്പം ചേർന്നു.
43 അവർ ബന്യാമീന്യരെ വളഞ്ഞ് അവരെ വിടാതെ പിന്തുടർന്നു. അവർ അവരെ ഗിബെയയ്ക്കു തൊട്ടുമുന്നിൽ അതിന്റെ കിഴക്കുഭാഗത്തുവെച്ച് പരാജയപ്പെടുത്തി.
44 ഒടുവിൽ വീരന്മാരായ 18,000 ബന്യാമീന്യയോദ്ധാക്കൾ മരിച്ചുവീണു.+
45 ബന്യാമീന്യർ തിരിഞ്ഞ് വിജനഭൂമിയിലെ രിമ്മോൻപാറയിലേക്ക്+ ഓടി. ഇസ്രായേല്യർ അവരിൽ 5,000 പേരെ പ്രധാനവീഥികളിൽവെച്ച് സംഹരിച്ചു.* തുടർന്ന് അവരെ ഗിദോം വരെ പിന്തുടർന്ന് അവരിൽ 2,000 പേരെക്കൂടി കൊന്നു.
46 അങ്ങനെ അന്ന് 25,000 ബന്യാമീന്യർ മരിച്ചുവീണു. അവരെല്ലാം വാളേന്തിയ വീരയോദ്ധാക്കളായിരുന്നു.+
47 എന്നാൽ 600 പേർ വിജനഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടിരക്ഷപ്പെട്ടു. നാലു മാസം അവർ അവിടെ കഴിഞ്ഞു.
48 ഇസ്രായേൽപുരുഷന്മാർ തിരിഞ്ഞ് ബന്യാമീന്യർക്കു നേരെ വന്ന് നഗരങ്ങളിൽ അവശേഷിച്ച മനുഷ്യരെയും മൃഗങ്ങളെയും വാളുകൊണ്ട് സംഹരിച്ചു. വഴിയിൽ കണ്ട എല്ലാ നഗരങ്ങളും അവർ തീയിട്ട് നശിപ്പിച്ചു.
അടിക്കുറിപ്പുകള്
^ അക്ഷ. “ഒരാൾ എന്നപോലെ.”
^ മറ്റൊരു സാധ്യത “ഭൂവുടമകൾ.”
^ അക്ഷ. “മുന്നിൽ നിന്നിരുന്നത്.”
^ അക്ഷ. “കാലാ പെറുക്കി.”