ന്യായാ​ധി​പ​ന്മാർ 3:1-31

3  കനാനി​ലെ യുദ്ധങ്ങ​ളുടെയൊ​ന്നും അനുഭ​വ​മി​ല്ലാത്ത ഇസ്രായേ​ല്യരെയെ​ല്ലാം പരീക്ഷി​ക്കാ​നാ​യി ചില ജനതകൾ ദേശത്ത്‌ തുടരാൻ യഹോവ അനുവ​ദി​ച്ചു.+  (യുദ്ധം അറിഞ്ഞി​ട്ടി​ല്ലാത്ത, ഇസ്രായേ​ല്യ​രു​ടെ വരും​ത​ല​മു​റകൾ യുദ്ധം അഭ്യസി​ക്കാൻവേ​ണ്ടി​യാ​യി​രു​ന്നു ഇത്‌.)  ഫെലിസ്‌ത്യരുടെ അഞ്ചു പ്രഭുക്കന്മാരും+ എല്ലാ കനാന്യ​രും ബാൽ-ഹെർമോൻ പർവതം മുതൽ ലബോ-ഹമാത്ത്‌*+ വരെ ലബാനോൻ+ പർവത​ത്തിൽ താമസി​ക്കുന്ന ഹിവ്യരും+ സീദോന്യരും+ ആയിരു​ന്നു ആ ജനതകൾ.  മോശയിലൂടെ ഇസ്രായേ​ല്യ​രു​ടെ പിതാ​ക്ക​ന്മാർക്ക്‌ യഹോവ കൊടുത്ത കല്‌പ​നകൾ ഇസ്രാ​യേൽ അനുസ​രി​ക്കു​മോ എന്നു പരീക്ഷി​ച്ച​റി​യാ​നാണ്‌ അവരെ ബാക്കി വെച്ചത്‌.+  അങ്ങനെ ഇസ്രായേ​ല്യർ കനാന്യരുടെയും+ ഹിത്യ​രുടെ​യും അമോ​ര്യ​രുടെ​യും പെരി​സ്യ​രുടെ​യും ഹിവ്യ​രുടെ​യും യബൂസ്യ​രുടെ​യും ഇടയിൽ താമസി​ച്ചു.  അവർ അവരുടെ പെൺമ​ക്കളെ ഭാര്യ​മാ​രാ​യി സ്വീക​രി​ക്കു​ക​യും തങ്ങളുടെ പെൺമ​ക്കളെ അവരുടെ ആൺമക്കൾക്കു കൊടു​ക്കു​ക​യും അവരുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യും ചെയ്‌തു.+  അങ്ങനെ ഇസ്രായേ​ല്യർ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു. അവർ അവരുടെ ദൈവ​മായ യഹോ​വയെ മറന്ന്‌ ബാൽ ദൈവ​ങ്ങളെ​യും പൂജാസ്‌തൂപങ്ങളെയും*+ സേവിച്ചു.+  അപ്പോൾ ഇസ്രായേ​ലി​നു നേരെ യഹോ​വ​യു​ടെ കോപം ആളിക്കത്തി. ദൈവം അവരെ മെസൊപ്പൊത്താമ്യയിലെ* രാജാ​വായ കൂശൻ-രിശാ​ഥ​യീ​മി​നു വിറ്റു. ഇസ്രായേ​ല്യർ എട്ടു വർഷം കൂശൻ-രിശാ​ഥ​യീ​മി​നെ സേവിച്ചു.  പക്ഷേ ഇസ്രായേ​ല്യർ യഹോ​വയോ​ടു സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ അവരെ വിടു​വി​ക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേ​ബി​ന്റെ അനിയ​നായ കെനസി​ന്റെ മകൻ ഒത്‌നീയേ​ലി​നെ,+ എഴു​ന്നേൽപ്പി​ച്ചു. 10  യഹോവയുടെ ആത്മാവ്‌+ ഒത്‌നീയേ​ലി​ന്റെ മേൽ വന്നു, ഒത്‌നീ​യേൽ ഇസ്രായേ​ലി​നു ന്യായാ​ധി​പ​നാ​യി​ത്തീർന്നു. ഒത്‌നീ​യേൽ യുദ്ധത്തി​നു പോയ​പ്പോൾ മെസൊപ്പൊത്താമ്യയിലെ* രാജാ​വായ കൂശൻ-രിശാ​ഥ​യീ​മി​നെ യഹോവ ഒത്‌നീയേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു; ഒത്‌നീ​യേൽ അയാളെ പരാജ​യപ്പെ​ടു​ത്തി. 11  അതിനു ശേഷം ദേശത്ത്‌ 40 വർഷം സ്വസ്ഥത* ഉണ്ടായി. പിന്നീട്‌ കെനസി​ന്റെ മകൻ ഒത്‌നീ​യേൽ മരിച്ചു. 12  ഇസ്രായേല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്യാൻതു​ടങ്ങി.+ അവർ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌ത​തുകൊണ്ട്‌ മോവാബുരാജാവായ+ എഗ്ലോൻ ഇസ്രായേ​ല്യ​രു​ടെ മേൽ ആധിപ​ത്യം പുലർത്താൻ യഹോവ അനുവ​ദി​ച്ചു. 13  കൂടാതെ അമ്മോന്യരെയും+ അമാലേക്യരെയും+ അവർക്കെ​തി​രെ വരുത്തി. അവർ ഇസ്രായേ​ലി​നെ ആക്രമി​ച്ച്‌ ഈന്തപ്പ​ന​ക​ളു​ടെ നഗരം+ പിടിച്ചെ​ടു​ത്തു. 14  മോവാബിലെ രാജാ​വായ എഗ്ലോനെ ഇസ്രായേ​ല്യർ 18 വർഷം സേവിച്ചു.+ 15  ഇസ്രായേല്യർ യഹോ​വയോ​ടു സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ യഹോവ ഒരു രക്ഷകനെ,+ ബന്യാമീന്യനായ+ ഗേരയു​ടെ മകൻ ഏഹൂദി​നെ,+ അവർക്കു​വേണ്ടി എഴു​ന്നേൽപ്പി​ച്ചു. ഏഹൂദ്‌ ഒരു ഇട​ങ്കൈ​യ​നാ​യി​രു​ന്നു.+ ഒരിക്കൽ ഇസ്രായേ​ല്യർ ഏഹൂദി​ന്റെ കൈവശം മോവാ​ബു​രാ​ജാ​വായ എഗ്ലോനു കാഴ്‌ച കൊടു​ത്ത​യച്ചു. 16  ഏഹൂദ്‌ ഒരു മുഴം* നീളമുള്ള ഇരുവാ​യ്‌ത്ത​ല​യുള്ള ഒരു വാൾ ഉണ്ടാക്കി വസ്‌ത്ര​ത്തിന്‌ അടിയിൽ വലത്തെ തുടയിൽ കെട്ടി​വെച്ചു. 17  ഏഹൂദ്‌ കാഴ്‌ച കൊണ്ടുപോ​യി മോവാ​ബു​രാ​ജാ​വായ എഗ്ലോനു സമർപ്പി​ച്ചു. തടിച്ചുകൊ​ഴുത്ത ഒരു മനുഷ്യ​നാ​യി​രു​ന്നു എഗ്ലോൻ. 18  കാഴ്‌ച സമർപ്പി​ച്ചശേഷം, അതുമാ​യി തന്റെകൂ​ടെ വന്നവരെ ഏഹൂദ്‌ പറഞ്ഞയച്ചു. 19  എന്നാൽ ഗിൽഗാലിലെ+ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങളുടെ* അടുത്ത്‌ എത്തിയ​പ്പോൾ ഏഹൂദ്‌ ഒറ്റയ്‌ക്കു മടങ്ങി​ച്ചെന്ന്‌ രാജാ​വിനോട്‌ ഇങ്ങനെ പറഞ്ഞു: “രാജാവേ, എനിക്ക്‌ അങ്ങയെ ഒരു രഹസ്യ​സന്ദേശം അറിയി​ക്കാ​നുണ്ട്‌!” അപ്പോൾ രാജാവ്‌, “ഒരു നിമിഷം!” എന്നു പറഞ്ഞു. ഉടനെ ഭൃത്യ​ന്മാരെ​ല്ലാം രാജാ​വി​ന്റെ അടുത്തു​നിന്ന്‌ പോയി. 20  ഏഹൂദ്‌ എഗ്ലോൻ രാജാ​വി​ന്റെ അടു​ത്തേക്കു ചെന്നു. രാജാവ്‌ കൊട്ടാ​ര​ത്തി​നു മുകളി​ലത്തെ തണുപ്പുള്ള മുറി​യിൽ അപ്പോൾ തനിച്ചാ​യി​രു​ന്നു. “ദൈവ​ത്തിൽനി​ന്നുള്ള ഒരു സന്ദേശം അങ്ങയെ അറിയി​ക്കാ​നുണ്ട്‌” എന്ന്‌ ഏഹൂദ്‌ പറഞ്ഞ​പ്പോൾ രാജാവ്‌ സിംഹാസനത്തിൽനിന്ന്‌* എഴു​ന്നേറ്റു. 21  അപ്പോൾ ഏഹൂദ്‌ തന്റെ വലതു​തു​ട​യിൽനിന്ന്‌ ഇട​ങ്കൈകൊണ്ട്‌ വാൾ വലിച്ചൂ​രി രാജാ​വി​ന്റെ വയറ്റിൽ കുത്തി​ക്ക​യറ്റി. 22  വാളിനൊപ്പം അതിന്റെ പിടി​യും അകത്തേക്കു കയറിപ്പോ​യി. ഏഹൂദ്‌ എഗ്ലോന്റെ വയറ്റിൽനി​ന്ന്‌ വാൾ വലിച്ചൂ​രാ​ഞ്ഞ​തുകൊണ്ട്‌ അതിന്മേൽ കൊഴു​പ്പു മൂടി; വിസർജ്യം പുറത്തു​വന്നു. 23  ഏഹൂദ്‌ ആ മുറി​യു​ടെ വാതി​ലു​കൾ പൂട്ടി​യിട്ട്‌ പൂമുഖത്തുകൂടെ* പുറ​ത്തേക്കു പോയി. 24  ഏഹൂദ്‌ പോയ​ശേഷം, സേവക​ന്മാർ തിരി​ച്ചു​വ​ന്നപ്പോൾ മുറി​യു​ടെ വാതി​ലു​കൾ പൂട്ടി​യി​ട്ടി​രി​ക്കു​ന്നതു കണ്ടു. “തിരു​മ​നസ്സ്‌ അകത്തെ മുറി​യിൽ വിസർജ​ന​ത്തിന്‌ ഇരിക്കു​ക​യാ​യി​രി​ക്കും”* എന്നു പറഞ്ഞ്‌ അവർ കാത്തു​നി​ന്നു. 25  ഒടുവിൽ, അബദ്ധം പറ്റി​യെന്ന്‌ അവർക്കു മനസ്സി​ലാ​യി. രാജാവ്‌ മുറി​യു​ടെ വാതിൽ തുറക്കു​ന്നില്ലെന്നു കണ്ടപ്പോൾ അവർ താക്കോൽ എടുത്ത്‌ വാതിൽ തുറന്നു. അപ്പോൾ അതാ, അവരുടെ യജമാനൻ തറയിൽ മരിച്ചു​കി​ട​ക്കു​ന്നു! 26  അവർ കാത്തു​നിന്ന സമയം​കൊ​ണ്ട്‌ ഏഹൂദ്‌ രക്ഷപ്പെ​ട്ടി​രു​ന്നു. കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങളുടെ*+ സ്ഥലം പിന്നിട്ട്‌ സുരക്ഷി​ത​നാ​യി സെയീ​ര​യിൽ എത്തി. 27  ഏഹൂദ്‌ അവിടെ എത്തിയ ഉടനെ എഫ്രയീംമലനാട്ടിൽ+ കൊമ്പു വിളിച്ചു.+ അപ്പോൾ ഇസ്രായേ​ല്യർ ഏഹൂദി​ന്റെ നേതൃ​ത്വ​ത്തിൽ മലനാ​ട്ടിൽനിന്ന്‌ പുറ​പ്പെട്ടു. 28  ഏഹൂദ്‌ അവരോ​ട്‌, “എന്റെകൂ​ടെ വരുക, നിങ്ങളു​ടെ ശത്രു​ക്ക​ളായ മോവാ​ബ്യ​രെ യഹോവ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ കൂടെ ചെന്ന്‌, മോവാ​ബ്യർ രക്ഷപ്പെ​ടാ​തി​രി​ക്കാൻ യോർദാ​ന്റെ കടവുകൾ കയ്യടക്കി. യോർദാൻ കടക്കാൻ അവർ ആരെയും അനുവ​ദി​ച്ചില്ല. 29  ശക്തന്മാരും വീരന്മാ​രും ആയ ഏകദേശം 10,000 മോവാ​ബ്യ​രെ അവർ സംഹരി​ച്ചു;+ ഒരാൾപ്പോ​ലും രക്ഷപ്പെ​ട്ടില്ല.+ 30  അങ്ങനെ മോവാ​ബി​നെ അന്ന്‌ ഇസ്രാ​യേൽ കീഴടക്കി. ദേശത്ത്‌ 80 വർഷം സ്വസ്ഥത ഉണ്ടായി.+ 31  ഏഹൂദിനു ശേഷം ഇസ്രായേ​ലി​നെ രക്ഷിക്കാ​നാ​യി അനാത്തി​ന്റെ മകൻ ശംഗർ+ എഴു​ന്നേറ്റു. മൃഗങ്ങളെ തെളി​ക്കുന്ന മുടിങ്കോലുകൊണ്ട്‌+ ശംഗർ 600 ഫെലിസ്‌ത്യരെ+ സംഹരി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം.”
പദാവലി കാണുക.
അക്ഷ. “അരാം-നഹരേ​യി​മി​ലെ.”
അക്ഷ. “അരാമി​ലെ.”
അഥവാ “സമാധാ​നം.”
ഒരുപക്ഷേ, ഏകദേശം 38 സെ.മീ. (15 ഇഞ്ച്‌) വരുന്ന ചെറിയ മുഴം. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “പാറമ​ട​ക​ളു​ടെ.”
അഥവാ “ഇരിപ്പി​ട​ത്തിൽനി​ന്ന്‌.”
മറ്റൊരു സാധ്യത “വായു​സ​ഞ്ചാ​ര​ത്തി​നുള്ള ദ്വാര​ത്തി​ലൂ​ടെ.”
അക്ഷ. “കാൽ മൂടു​ക​യാ​യി​രി​ക്കും.”
മറ്റൊരു സാധ്യത “പാറമ​ട​ക​ളു​ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം