പുറപ്പാട്‌ 10:1-29

10  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: “ഫറവോ​ന്റെ അടുത്ത്‌ ചെല്ലുക. അവന്റെ​യും അവന്റെ ദാസരുടെ​യും ഹൃദയം കഠിന​മാ​കാൻ ഞാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നു.+ അങ്ങനെ, എന്റെ ഈ അടയാ​ളങ്ങൾ എനിക്ക്‌ അവന്റെ മുന്നിൽ കാണി​ക്കാൻ അവസരം കിട്ടും.+  കൂടാതെ ഈജി​പ്‌തിനോ​ടു ഞാൻ എത്ര കഠിന​മാ​യി പെരു​മാ​റിയെ​ന്നും എന്തെല്ലാം അടയാ​ളങ്ങൾ അവരുടെ ഇടയിൽ കാണിച്ചെ​ന്നും നിങ്ങൾക്കു നിങ്ങളു​ടെ മക്കളോ​ടും മക്കളുടെ മക്കളോ​ടും പറഞ്ഞുകൊടുക്കാനും+ അവസര​മു​ണ്ടാ​കും. ഞാൻ യഹോ​വ​യാണെന്നു നിങ്ങൾ ഉറപ്പാ​യും അറിയും.”  അങ്ങനെ മോശ​യും അഹരോ​നും ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “എബ്രാ​യ​രു​ടെ ദൈവ​മായ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘ഇനിയും എത്ര നാൾ നീ എനിക്കു കീഴ്‌പെ​ടാ​തി​രി​ക്കും?+ എന്റെ ജനത്തിന്‌ എന്നെ സേവി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവരെ വിടുക.  എന്റെ ജനത്തെ വിടാൻ നീ ഇനിയും വിസമ്മ​തി​ച്ചാൽ ഇതാ, നാളെ ഞാൻ നിന്റെ അതിരു​കൾക്കു​ള്ളിൽ വെട്ടു​ക്കി​ളി​കളെ വരുത്താൻപോ​കു​ന്നു!  നിലം കാണാൻ സാധി​ക്കാത്ത വിധം അവ ഭൂമി​യു​ടെ ഉപരി​തലം മൂടും. ആലിപ്പഴം വീണ്‌ നശിക്കാ​ത്തതെ​ല്ലാം അവ തിന്നു​ക​ള​യും. നിലത്ത്‌ വളരുന്ന എല്ലാ മരങ്ങളും അവ തിന്നു​തീർക്കും.+  നിന്റെ പിതാ​ക്ക​ന്മാ​രോ അവരുടെ പിതാ​ക്ക​ന്മാ​രോ ജനിച്ച കാലം​മു​തൽ ഇന്നുവരെ+ കണ്ടിട്ടി​ല്ലാ​ത്തത്ര വെട്ടു​ക്കി​ളി​കൾ നിന്റെ വീടു​ക​ളി​ലും നിന്റെ ദാസരു​ടെ വീടു​ക​ളി​ലും ഈജി​പ്‌തി​ലെ എല്ലാ വീടു​ക​ളി​ലും നിറയും.’” ഇതു പറഞ്ഞിട്ട്‌ മോശ തിരിഞ്ഞ്‌ ഫറവോ​ന്റെ അടുത്തു​നിന്ന്‌ പുറത്ത്‌ പോയി.  അപ്പോൾ ഫറവോ​ന്റെ ദാസർ അദ്ദേഹത്തോ​ടു പറഞ്ഞു: “ഈ മനുഷ്യൻ എത്ര കാലം നമ്മളെ ഇങ്ങനെ ഭീഷണിപ്പെ​ടു​ത്തും?* അവരുടെ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ അവരെ വിട്ടാ​ലും. ഈജി​പ്‌ത്‌ നശി​ച്ചെന്ന്‌ ഇത്ര​യൊക്കെ​യാ​യി​ട്ടും അങ്ങയ്‌ക്കു മനസ്സി​ലാ​കു​ന്നി​ല്ലേ?”  അപ്പോൾ മോശയെ​യും അഹരോനെ​യും ഫറവോ​ന്റെ അടുത്ത്‌ തിരികെ കൊണ്ടു​വന്നു. ഫറവോൻ അവരോ​ടു പറഞ്ഞു: “പോയി നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സേവിക്കൂ. എന്നാൽ ആരൊക്കെ​യാ​ണു പോകു​ന്നത്‌?”  അപ്പോൾ മോശ പറഞ്ഞു: “ഞങ്ങൾ യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവം ആചരിക്കാനാണു+ പോകു​ന്നത്‌. അതു​കൊണ്ട്‌, ഞങ്ങളുടെ ചെറു​പ്പ​ക്കാരെ​യും പ്രായ​മാ​യ​വരെ​യും പുത്രീ​പുത്ര​ന്മാരെ​യും ആടുമാടുകളെയും+ ഞങ്ങൾ ഒപ്പം കൊണ്ടുപോ​കും.” 10  എന്നാൽ ഫറവോൻ അവരോ​ടു പറഞ്ഞു: “അഥവാ ഞാൻ നിങ്ങ​ളെ​യും നിങ്ങളു​ടെ കുട്ടി​കളെ​യും വിട്ടയച്ചാൽ+ യഹോവ നിങ്ങ​ളോ​ടു​കൂടെ​യുണ്ടെന്നു തീർച്ച! എന്തായാ​ലും നിങ്ങൾക്ക്‌ എന്തോ ദുരുദ്ദേ​ശ്യ​മുണ്ടെന്നു വ്യക്തമാ​ണ്‌. 11  വേണ്ടാ! യഹോ​വയെ സേവി​ക്കാൻ നിങ്ങളു​ടെ പുരു​ഷ​ന്മാർ മാത്രം പോയാൽ മതി. അതായി​രു​ന്ന​ല്ലോ നിങ്ങളു​ടെ അപേക്ഷ.” ഇതു പറഞ്ഞ്‌ ഫറവോൻ അവരെ തന്റെ മുന്നിൽനി​ന്ന്‌ ആട്ടി​യോ​ടി​ച്ചു. 12  യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “നിന്റെ കൈ ഈജി​പ്‌ത്‌ ദേശത്തി​ന്മേൽ നീട്ടി വെട്ടു​ക്കി​ളി​കളെ വരുത്തുക. അവ വന്ന്‌ ഈജി​പ്‌ത്‌ ദേശത്തെ എല്ലാ പച്ചസസ്യ​വും, ആലിപ്പഴം ബാക്കി വെച്ച​തെ​ല്ലാം, തിന്നു​തീർക്കട്ടെ.” 13  ഉടനെ മോശ വടി ഈജി​പ്‌ത്‌ ദേശത്തി​ന്മേൽ നീട്ടി. യഹോവ അന്നു പകലും രാത്രി​യും മുഴുവൻ ദേശത്ത്‌ ഒരു കിഴക്കൻ കാറ്റ്‌ അടിക്കാൻ ഇടയാക്കി. നേരം വെളു​ത്തപ്പോൾ കിഴക്കൻ കാറ്റ്‌ വെട്ടു​ക്കി​ളി​കളെ കൊണ്ടു​വന്നു. 14  അങ്ങനെ വെട്ടു​ക്കി​ളി​കൾ ഈജി​പ്‌തിലേക്കു വന്ന്‌ ദേശത്ത്‌ എല്ലായി​ട​ത്തും ഇരിപ്പു​റ​പ്പി​ച്ചു.+ ഈ ബാധ അതിരൂ​ക്ഷ​മാ​യി​രു​ന്നു;+ ഇത്ര​യേറെ വെട്ടു​ക്കി​ളി​കൾ മുമ്പ്‌ ഒരിക്ക​ലും ഉണ്ടായി​ട്ടില്ല; ഇനി ഒരിക്ക​ലും ഉണ്ടാകു​ക​യു​മില്ല. 15  അവ ദേശം മുഴുവൻ മൂടി​ക്ക​ളഞ്ഞു. അവ കാരണം ദേശം ഇരുണ്ടുപോ​യി. ആലിപ്പഴം ബാക്കി വെച്ച എല്ലാ പച്ചസസ്യ​വും എല്ലാ വൃക്ഷഫ​ല​വും അവ തിന്നു​മു​ടി​ച്ചു. ഈജി​പ്‌ത്‌ ദേശത്ത്‌ മരങ്ങളി​ലോ സസ്യങ്ങ​ളി​ലോ പച്ചയാ​യതൊ​ന്നും ബാക്കി​വ​ന്നില്ല. 16  അതുകൊണ്ട്‌ ഫറവോൻ തിടു​ക്ക​ത്തിൽ മോശയെ​യും അഹരോനെ​യും വിളി​പ്പിച്ച്‌ അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കും നിങ്ങൾക്കും എതിരാ​യി ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു. 17  ഇപ്പോൾ ഈ ഒരൊറ്റ പ്രാവ​ശ്യം മാത്രം ദയവായി എന്റെ പാപം ക്ഷമിച്ച്‌ മാരക​മായ ഈ ബാധ എന്റെ മേൽനി​ന്ന്‌ നീക്കി​ത്ത​രാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വയോ​ടു യാചി​ച്ചാ​ലും.” 18  അങ്ങനെ അദ്ദേഹം* ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി യഹോ​വയോ​ടു യാചിച്ചു.+ 19  അപ്പോൾ യഹോവ കാറ്റിന്റെ ഗതി മാറ്റി. അതിശ​ക്ത​മായ ഒരു പടിഞ്ഞാ​റൻ കാറ്റായി മാറിയ അത്‌, വെട്ടു​ക്കി​ളി​കളെ ഒന്നാകെ കൊണ്ടുപോ​യി ചെങ്കട​ലിൽ ഇട്ടുക​ളഞ്ഞു. ഈജി​പ്‌തി​ന്റെ പ്രദേ​ശത്തെ​ങ്ങും ഒറ്റ വെട്ടു​ക്കി​ളിപോ​ലും ശേഷി​ച്ചില്ല. 20  എങ്കിലും ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തീ​രാൻ യഹോവ അനുവ​ദി​ച്ചു,+ ഫറവോൻ ഇസ്രായേ​ല്യ​രെ വിട്ടില്ല. 21  യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “ഈജി​പ്‌ത്‌ ദേശത്തി​ന്മേൽ ഇരുട്ട്‌ ഉണ്ടാ​കേ​ണ്ട​തിന്‌ നിന്റെ കൈ ആകാശ​ത്തേക്കു നീട്ടുക. തൊട്ടുനോ​ക്കാ​നാ​കു​ന്നത്ര കനത്ത കൂരി​രു​ട്ടു ദേശത്തെ മൂടട്ടെ.” 22  ഉടൻതന്നെ മോശ കൈ ആകാശ​ത്തേക്കു നീട്ടി. ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും മൂന്നു ദിവസ​ത്തേക്കു കൂരി​രു​ട്ടാ​യി.+ 23  ആരും പരസ്‌പരം കണ്ടില്ല. മൂന്നു ദിവസ​ത്തേക്ക്‌ അവരിൽ ഒരാൾപ്പോ​ലും സ്വസ്ഥാ​ന​ങ്ങ​ളിൽനിന്ന്‌ എഴു​ന്നേ​റ്റ​തു​മില്ല. എന്നാൽ, ഇസ്രായേ​ല്യ​രുടെയെ​ല്ലാം വീടു​ക​ളിൽ വെളി​ച്ച​മു​ണ്ടാ​യി​രു​ന്നു.+ 24  അപ്പോൾ ഫറവോൻ മോശയെ വിളി​പ്പിച്ച്‌ ഇങ്ങനെ പറഞ്ഞു: “പോയി യഹോ​വയെ സേവിക്കൂ.+ നിങ്ങളു​ടെ കുട്ടി​കൾക്കും നിങ്ങ​ളോടൊ​പ്പം പോരാം. ആടുമാ​ടു​കൾ മാത്രം ഇവിടെ നിൽക്കട്ടെ.” 25  എന്നാൽ മോശ പറഞ്ഞു: “ബലികൾക്കും ദഹനയാ​ഗ​ങ്ങൾക്കും വേണ്ടതും​കൂ​ടെ ഞങ്ങൾക്കു തരണം.* അവ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാ​നാണ്‌.+ 26  അതുകൊണ്ട്‌ ഞങ്ങളുടെ മൃഗങ്ങളെ​യും ഞങ്ങൾ കൊണ്ടുപോ​കും. ഒരൊറ്റ മൃഗ​ത്തെപ്പോ​ലും ഞങ്ങൾ വിട്ടിട്ട്‌ പോകില്ല. കാരണം അവയിൽ ചിലതി​നെ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കാ​യി ഉപയോ​ഗിക്കേ​ണ്ട​തുണ്ട്‌. യഹോ​വയെ ആരാധി​ക്കുമ്പോൾ എന്താണ്‌ അർപ്പി​ക്കു​കയെന്ന്‌ അവിടെ എത്തുന്ന​തു​വരെ ഞങ്ങൾക്ക്‌ അറിയാൻ കഴിയില്ല.” 27  അപ്പോൾ വീണ്ടും ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തീ​രാൻ യഹോവ അനുവ​ദി​ച്ചു; അവരെ വിടാൻ ഫറവോൻ സമ്മതി​ച്ചില്ല.+ 28  ഫറവോൻ മോശയോ​ടു പറഞ്ഞു: “എന്റെ കൺവെ​ട്ട​ത്തു​നിന്ന്‌ കടന്നുപോ​കൂ! മേലാൽ നീ എന്റെ മുഖം കണ്ടു​പോ​ക​രുത്‌. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും.” 29  അപ്പോൾ മോശ പറഞ്ഞു: “പറഞ്ഞതുപോലെ​തന്നെ ആകട്ടെ. മേലാൽ ഫറവോ​ന്റെ മുഖം കാണാൻ ഞാൻ ശ്രമി​ക്കില്ല.”

അടിക്കുറിപ്പുകള്‍

അക്ഷ. “നമുക്ക്‌ ഒരു കെണി​യാ​യി​രി​ക്കും?”
മോശയായിരിക്കാനാണു സാധ്യത.
അഥവാ “ബലിക​ളും ദഹനയാ​ഗ​ങ്ങ​ളും അർപ്പി​ക്കാ​നും ഞങ്ങളെ അനുവ​ദി​ക്കണം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം