പുറപ്പാട് 16:1-36
16 ഇസ്രായേൽസമൂഹം മുഴുവനും ഏലീമിൽനിന്ന് പുറപ്പെട്ട് ഒടുവിൽ ഏലീമിനും സീനായിക്കും ഇടയിലുള്ള സിൻ വിജനഭൂമിയിൽ എത്തിച്ചേർന്നു.+ അവർ ഈജിപ്ത് ദേശം വിട്ട് പോന്നതിന്റെ രണ്ടാം മാസം 15-ാം ദിവസമായിരുന്നു അത്.
2 ഇസ്രായേൽസമൂഹം മുഴുവനും വിജനഭൂമിയിൽവെച്ച് മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തുതുടങ്ങി.+
3 ഇസ്രായേല്യർ അവരോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “ഈജിപ്ത് ദേശത്ത് ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുത്ത് ഇരുന്ന് തൃപ്തിയാകുവോളം അപ്പം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യഹോവയുടെ കൈകൊണ്ട് മരിച്ചിരുന്നെങ്കിൽ!+ ഇപ്പോൾ ഈ സഭയെ മുഴുവൻ പട്ടിണിക്കിട്ട് കൊല്ലാൻ നിങ്ങൾ ഈ വിജനഭൂമിയിലേക്കു ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നു.”+
4 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഇതാ, ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് ആഹാരം വർഷിക്കാൻപോകുന്നു!+ ജനത്തിൽ ഓരോരുത്തരും ദിവസവും പുറത്ത് പോയി അവരവരുടെ പങ്കു ശേഖരിക്കണം.+ അങ്ങനെ അവർ എന്റെ നിയമമനുസരിച്ച് നടക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്ഷിച്ചറിയാനാകും.+
5 എന്നാൽ ആറാം ദിവസം+ അവർ മറ്റു ദിവസങ്ങളിൽ പെറുക്കുന്നതിന്റെ ഇരട്ടി ശേഖരിച്ച് കൊണ്ടുവന്ന് തയ്യാറാക്കണം.”+
6 അതുകൊണ്ട് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത് യഹോവയാണെന്നു വൈകുന്നേരം നിങ്ങൾ അറിയും.+
7 രാവിലെ യഹോവയുടെ മഹത്ത്വം നിങ്ങൾ കാണും. കാരണം തനിക്ക് എതിരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് യഹോവ കേട്ടിരിക്കുന്നു. അല്ലെങ്കിൽത്തന്നെ, നിങ്ങൾ ഞങ്ങൾക്കെതിരെ പിറുപിറുക്കാൻ ഈ ഞങ്ങൾ ആരാണ്?”
8 മോശ തുടർന്ന് പറഞ്ഞു: “നിങ്ങൾക്കു ഭക്ഷിക്കാൻ വൈകുന്നേരം ഇറച്ചിയും രാവിലെ തൃപ്തിയാകുവോളം അപ്പവും യഹോവ തരുമ്പോൾ, യഹോവയ്ക്കെതിരെയുള്ള നിങ്ങളുടെ ഈ പിറുപിറുപ്പു ദൈവം കേട്ടിരിക്കുന്നെന്നു നിങ്ങൾ കണ്ടറിയും. വാസ്തവത്തിൽ ഞങ്ങൾ ആരാണ്? നിങ്ങൾ പിറുപിറുക്കുന്നതു ഞങ്ങൾക്കെതിരെയല്ല, മറിച്ച് യഹോവയ്ക്കെതിരെയാണ്.”+
9 പിന്നെ മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയണം: ‘യഹോവയുടെ സന്നിധിയിൽ വന്നുകൂടുക. കാരണം ദൈവം നിങ്ങളുടെ പിറുപിറുപ്പു+ കേട്ടിരിക്കുന്നു.’”
10 ഇസ്രായേല്യരുടെ സമൂഹത്തോടു മുഴുവൻ അഹരോൻ സംസാരിച്ചുതീർന്ന ഉടനെ അവർ തിരിഞ്ഞ് വിജനഭൂമിക്ക് അഭിമുഖമായി നിന്നു. അപ്പോൾ അതാ, യഹോവയുടെ തേജസ്സു മേഘത്തിൽ പ്രത്യക്ഷമായി!+
11 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
12 “ഇസ്രായേല്യരുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.+ അവരോടു പറയുക: ‘സന്ധ്യക്കു* നിങ്ങൾ ഇറച്ചി കഴിക്കും; രാവിലെ തൃപ്തിയാകുവോളം അപ്പവും തിന്നും.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ ഉറപ്പായും അറിയും.’”+
13 അങ്ങനെ അന്നു വൈകുന്നേരം കാടപ്പക്ഷികൾ വന്ന് പാളയം മൂടി.+ രാവിലെ പാളയത്തിനു ചുറ്റും മഞ്ഞിന്റെ ഒരു ആവരണം കണ്ടു.
14 മഞ്ഞിന്റെ ആ ആവരണം ആവിയായിപ്പോയപ്പോൾ വിജനഭൂമിയുടെ ഉപരിതലത്തിൽ തരിതരിയായി ഒരു വസ്‌തു കിടപ്പുണ്ടായിരുന്നു.+ നിലത്ത് വീണുകിടക്കുന്ന പൊടിമഞ്ഞുപോലെ നേർമയുള്ളതായിരുന്നു അത്.
15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്‌പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+
16 യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്രയും വേണം ശേഖരിക്കാൻ. ഓരോരുത്തരുടെയും കൂടാരത്തിലെ ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെർ*+ വീതം പെറുക്കാം.’”
17 അങ്ങനെ ഇസ്രായേല്യർ അതു പെറുക്കാൻതുടങ്ങി; ചിലർ കൂടുതലും മറ്റു ചിലർ കുറച്ചും പെറുക്കി.
18 എന്നാൽ ഓമെർകൊണ്ട് അളന്ന് നോക്കിയപ്പോൾ ഏറെ പെറുക്കിയ ആൾക്കു മിച്ചം വന്നില്ല; കുറച്ച് പെറുക്കിയ ആൾക്കു തികയാതെയും വന്നില്ല.+ തങ്ങൾക്കു കഴിക്കാൻ പറ്റുന്നത്രയുമാണ് അവർ ഓരോരുത്തരും പെറുക്കിയത്.
19 പിന്നെ മോശ അവരോടു പറഞ്ഞു: “ആരും ഇതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.”+
20 പക്ഷേ അവർ മോശ പറഞ്ഞത് അനുസരിച്ചില്ല. ചിലർ അതിൽ കുറച്ച് രാവിലെവരെ വെച്ചപ്പോൾ അതു പുഴുത്ത് നാറി. അവർ ആ ചെയ്തതിൽ മോശ രോഷംകൊണ്ടു.
21 ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്ര രാവിലെതോറും പെറുക്കിയെടുക്കും. വെയിൽ ഉറയ്ക്കുമ്പോൾ അത് അലിഞ്ഞുപോകുമായിരുന്നു.
22 ആറാം ദിവസം അവർ ഒരാൾക്ക് രണ്ട് ഓമെർ വീതം സാധാരണ പെറുക്കുന്നതിന്റെ ഇരട്ടി ആഹാരം ശേഖരിച്ചു.+ അപ്പോൾ ഇസ്രായേൽസമൂഹത്തിലെ തലവന്മാരെല്ലാം വന്ന് ഇക്കാര്യം മോശയെ അറിയിച്ചു.
23 അപ്പോൾ മോശ പറഞ്ഞു: “അതുതന്നെയാണ് യഹോവ പറഞ്ഞിരിക്കുന്നത്. നാളെ സമ്പൂർണവിശ്രമത്തിന്റെ ദിവസമായിരിക്കും,* അതായത് യഹോവയ്ക്കുള്ള ഒരു വിശുദ്ധശബത്ത്.+ ചുടേണ്ടതു ചുടുകയും പുഴുങ്ങേണ്ടതു പുഴുങ്ങുകയും ചെയ്യുക.+ ബാക്കിയുള്ളതു രാവിലെവരെ സൂക്ഷിച്ചുവെക്കുക.”
24 അങ്ങനെ മോശ കല്പിച്ചതുപോലെ അവർ അതു രാവിലെവരെ സൂക്ഷിച്ചുവെച്ചു. അതു പുഴുത്തില്ല, നാറിയതുമില്ല.
25 അപ്പോൾ മോശ പറഞ്ഞു: “ഇന്ന് ഇതു തിന്നുകൊള്ളൂ. കാരണം ഇന്ന് യഹോവയ്ക്കുള്ള ശബത്താണ്. ഇന്നു നിങ്ങൾ ഇതു നിലത്ത് കാണുകയില്ല.
26 ആറു ദിവസം നിങ്ങൾ ഇതു പെറുക്കും. എന്നാൽ ശബത്തായ+ ഏഴാം ദിവസം പെറുക്കാൻ ഒന്നുമുണ്ടാകില്ല.”
27 എന്നിട്ടും, ഏഴാം ദിവസം ജനത്തിൽ ചിലർ അതു പെറുക്കാൻ പുറത്ത് പോയി; പക്ഷേ ഒന്നും കണ്ടില്ല.
28 അതുകൊണ്ട് യഹോവ മോശയോടു പറഞ്ഞു: “നിങ്ങൾ എത്ര കാലം എന്റെ കല്പനകളും നിയമങ്ങളും അനുസരിക്കാൻ വിസമ്മതിക്കും?+
29 യഹോവയാണു നിങ്ങൾക്കു ശബത്ത്+ തന്നത് എന്ന വസ്‌തുത ഓർക്കുക. അതുകൊണ്ടാണ് ആറാം ദിവസം ദൈവം രണ്ടു ദിവസത്തേക്കുള്ള ആഹാരം നിങ്ങൾക്കു തരുന്നത്. ഓരോരുത്തരും എവിടെയാണോ അവിടെത്തന്നെ കഴിയട്ടെ. ഏഴാം ദിവസം ആരും അവിടം വിട്ട് എങ്ങോട്ടും പോകരുത്.”
30 അങ്ങനെ ജനം ഏഴാം ദിവസം ശബത്ത് ആചരിച്ചു.*+
31 ഇസ്രായേൽ ജനം ആ ആഹാരത്തിനു “മന്ന”* എന്നു പേരിട്ടു. അതു കൊത്തമല്ലിയുടെ അരിപോലെ വെളുത്തതും തേൻ ചേർത്ത അടയുടെ സ്വാദുള്ളതും ആയിരുന്നു.+
32 മോശ പറഞ്ഞു: “യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ വിജനഭൂമിയിൽവെച്ച് കഴിക്കാൻ തന്ന ആഹാരം നിങ്ങളുടെ വരുംതലമുറകൾക്കും കാണാൻ കഴിയേണ്ടതിന്+ അതിൽനിന്ന് ഒരു ഓമെർ എടുത്ത് സൂക്ഷിച്ചുവെക്കുക.’”
33 അതുകൊണ്ട് മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണി എടുത്ത് അതിൽ ഒരു ഓമെർ മന്ന നിറച്ച് അത് യഹോവയുടെ സന്നിധിയിൽ നിക്ഷേപിക്കുക. നിങ്ങളുടെ എല്ലാ തലമുറകളിലും അത് അങ്ങനെ ഇരിക്കട്ടെ.”+
34 യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ, അഹരോൻ അതു സാക്ഷ്യത്തിന്റെ* സന്നിധിയിൽ+ സൂക്ഷിച്ചുവെച്ചു.
35 ജനവാസമുള്ള ഒരു ദേശത്ത് എത്തുന്നതുവരെ ഇസ്രായേല്യർ 40 വർഷം മന്ന തിന്നു.+ കനാൻ ദേശത്തിന്റെ അതിർത്തിയിൽ+ എത്തുന്നതുവരെ അവർ മന്ന തിന്നു.
36 ഒരു ഓമെർ എന്നു പറയുന്നത് ഒരു ഏഫായുടെ* പത്തിലൊന്നാണ്.
അടിക്കുറിപ്പുകള്‍
^ അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
^ അഥവാ “ഒരു ശബത്താചരണമുണ്ടായിരിക്കും.”
^ അഥവാ “വിശ്രമിച്ചു.”
^ സാധ്യതയനുസരിച്ച്, “ഇത് എന്ത്” എന്ന എബ്രായ പദപ്രയോഗത്തിൽനിന്ന്.
^ “സാക്ഷ്യം” എന്നതു സുപ്രധാനരേഖകൾ സൂക്ഷിച്ചുവെക്കാനുള്ള ഒരു പെട്ടിയായിരിക്കാനാണു സാധ്യത.