പുറപ്പാട് 17:1-16
17 യഹോവയുടെ ആജ്ഞയനുസരിച്ച്+ സിൻ വിജനഭൂമിയിൽനിന്ന്+ പുറപ്പെട്ട ഇസ്രായേൽസമൂഹം പല സ്ഥലങ്ങളിൽ മാറിമാറി പാളയമടിച്ച് ഒടുവിൽ രഫീദീമിൽ എത്തി.+ എന്നാൽ അവിടെ പാളയമടിച്ച അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു.
2 അതുകൊണ്ട് ജനം, “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ” എന്നു പറഞ്ഞ് മോശയോടു കലഹിച്ചുതുടങ്ങി.+ എന്നാൽ മോശ അവരോടു ചോദിച്ചു: “എന്തിനാണു നിങ്ങൾ എന്നോട് ഇങ്ങനെ കലഹിക്കുന്നത്, എന്തിനാണു നിങ്ങൾ യഹോവയെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്?”+
3 പക്ഷേ, അവിടെയായിരിക്കെ ദാഹിച്ചുവലഞ്ഞ ജനം മോശയ്ക്കെതിരെ പിറുപിറുത്തുകൊണ്ടിരുന്നു.+ അവർ പറഞ്ഞു: “എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവന്നത്? ഞങ്ങളും ഞങ്ങളുടെ മക്കളും മൃഗങ്ങളും ദാഹിച്ച് ചാകട്ടെ എന്നു കരുതിയാണോ?”
4 ഒടുവിൽ മോശ യഹോവയെ വിളിച്ച് കരഞ്ഞ് പറഞ്ഞു: “ഈ ജനത്തെ ഞാൻ എന്തു ചെയ്യും? അൽപ്പംകൂടെ കഴിഞ്ഞാൽ അവർ എന്നെ കല്ലെറിയും!”
5 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ജനത്തിനു മുമ്പേ പോകുക. ഇസ്രായേൽമൂപ്പന്മാരിൽ ചിലരെയും നിന്റെകൂടെ കൂട്ടിക്കൊള്ളൂ. നൈൽ നദിയെ അടിക്കാൻ ഉപയോഗിച്ച നിന്റെ വടിയും+ കൂടെ കരുതണം. അതു നിന്റെ കൈയിലെടുത്ത് നടക്കുക.
6 ഇതാ! ഞാൻ അവിടെ നിന്റെ മുന്നിൽ ഹോരേബിലെ പാറയുടെ മുകളിൽ നിൽക്കുന്നുണ്ടാകും. നീ പാറയിലടിക്കണം. അപ്പോൾ അതിൽനിന്ന് വെള്ളം പുറത്ത് വരും, ജനം അതു കുടിക്കുകയും ചെയ്യും.”+ ഇസ്രായേൽമൂപ്പന്മാരുടെ കൺമുന്നിൽവെച്ച് മോശ അങ്ങനെ ചെയ്‌തു.
7 ഇസ്രായേല്യർ കലഹിച്ചതുകൊണ്ടും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു പറഞ്ഞ് യഹോവയെ പരീക്ഷിച്ചതുകൊണ്ടും+ മോശ ആ സ്ഥലത്തിനു മസ്സ*+ എന്നും മെരീബ*+ എന്നും പേരിട്ടു.
8 പിന്നെ അമാലേക്യർ+ വന്ന് രഫീദീമിൽവെച്ച് ഇസ്രായേല്യരോടു പോരാടി.+
9 അപ്പോൾ മോശ യോശുവയോടു+ പറഞ്ഞു: “നമുക്കുവേണ്ടി പുരുഷന്മാരെ തിരഞ്ഞെടുത്ത് അമാലേക്യരോടു പോരാടാൻ പുറപ്പെടൂ! ഞാൻ നാളെ സത്യദൈവത്തിന്റെ വടിയും പിടിച്ച് കുന്നിന്മുകളിൽ നിൽക്കും.”
10 മോശ പറഞ്ഞതുപോലെതന്നെ യോശുവ ചെയ്‌തു.+ യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും+ കുന്നിന്റെ മുകളിലേക്കും കയറി.
11 മോശ കൈകൾ ഉയർത്തിപ്പിടിച്ച സമയം മുഴുവൻ ഇസ്രായേല്യർ വിജയിച്ചുനിന്നു. എന്നാൽ മോശയുടെ കൈകൾ താണുപോകുന്ന ഉടൻ അമാലേക്യർ ജയിച്ചുകയറി.
12 കൈ കഴച്ചപ്പോൾ മോശയ്ക്ക് ഇരിക്കാൻ അവർ ഒരു കല്ലു കൊണ്ടുവന്ന് കൊടുത്തു. മോശ അതിൽ ഇരുന്നപ്പോൾ അഹരോനും ഹൂരും ഇരുവശങ്ങളിലും നിന്ന് മോശയുടെ കൈകൾ താങ്ങിക്കൊടുത്തു. അതുകൊണ്ട് മോശയുടെ കൈകൾ സൂര്യാസ്തമയംവരെ താണുപോകാതെ നിന്നു.
13 അങ്ങനെ, യോശുവ അമാലേക്കിനെയും അയാളുടെ ജനത്തെയും വാളുകൊണ്ട് തോൽപ്പിച്ചു.+
14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്‌മരണയ്‌ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.”
15 പിന്നെ മോശ ഒരു യാഗപീഠം പണിത് അതിന് യഹോവ-നിസ്സി* എന്നു പേരിട്ടു.
16 “അമാലേക്കിന്റെ കൈ യാഹിന്റെ സിംഹാസനത്തിന്+ എതിരെ ഉയർന്നിരിക്കുന്നതുകൊണ്ട് തലമുറതലമുറയോളം യഹോവയ്ക്ക് അമാലേക്കിനോടു യുദ്ധമുണ്ടായിരിക്കും”+ എന്നു മോശ പറഞ്ഞു.
അടിക്കുറിപ്പുകള്‍
^ അർഥം: “പരീക്ഷിക്കൽ; പരീക്ഷ.”
^ അർഥം: “കലഹിക്കൽ.”
^ അഥവാ “ഓർമിപ്പിക്കലായി.”
^ അർഥം: “യഹോവ എന്റെ കൊടിമരം.”