പുറപ്പാട്‌ 18:1-27

18  ദൈവം മോശ​യ്‌ക്കും തന്റെ ജനമായ ഇസ്രായേ​ലി​നും വേണ്ടി എന്തെല്ലാം ചെയ്‌തെ​ന്നും യഹോവ ഇസ്രായേ​ലി​നെ ഈജി​പ്‌തിൽനിന്ന്‌ എങ്ങനെ വിടു​വിച്ചെ​ന്നും മിദ്യാ​നി​ലെ പുരോ​ഹി​ത​നും മോശ​യു​ടെ അമ്മായി​യ​പ്പ​നും ആയ യിത്രൊ+ കേട്ടു.+  അമ്മായിയപ്പനായ യി​ത്രൊ​യു​ടെ അടു​ത്തേക്കു മോശ തന്റെ ഭാര്യ സിപ്പോ​റയെ മടക്കി അയച്ച​പ്പോൾ യിത്രൊ സിപ്പോ​റയെ വീട്ടിൽ സ്വീക​രി​ച്ചി​രു​ന്നു.  സിപ്പോറയോടൊപ്പം അവളുടെ രണ്ട്‌ ആൺമക്ക​ളു​മു​ണ്ടാ​യി​രു​ന്നു.+ “ഞാൻ ഒരു മറുനാ​ട്ടിൽ പരദേ​ശി​യാ​യി താമസി​ക്കു​ക​യാ​ണ​ല്ലോ” എന്നു പറഞ്ഞ്‌ മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു.  “ഫറവോ​ന്റെ വാളിൽനി​ന്ന്‌ എന്നെ രക്ഷിച്ച എന്റെ പിതാ​വി​ന്റെ ദൈവം എനിക്കു സഹായി”+ എന്നു പറഞ്ഞ്‌ മറ്റേ മകന്‌ എലീയേസെർ* എന്നും പേരിട്ടു.  മോശയുടെ ഭാര്യയെ​യും പുത്ര​ന്മാരെ​യും കൂട്ടി അമ്മായി​യ​പ്പ​നായ യിത്രൊ വിജന​ഭൂ​മി​യിൽ, സത്യദൈ​വ​ത്തി​ന്റെ പർവത​ത്തിന്‌ അടുത്ത്‌ പാളയമടിച്ചിരുന്ന+ മോശയെ കാണാൻ ചെന്നു.  “നിന്റെ അമ്മായി​യ​പ്പ​നായ യിത്രൊ+ നിന്റെ ഭാര്യയെ​യും രണ്ടു പുത്ര​ന്മാരെ​യും കൂട്ടി നിന്റെ അടു​ത്തേക്കു വരുക​യാണ്‌” എന്നു യിത്രൊ ആളയച്ച്‌ മോശയെ അറിയി​ച്ചു.  ഉടൻതന്നെ മോശ അമ്മായി​യ​പ്പനെ സ്വീക​രി​ക്കാൻ ചെന്നു. മോശ യി​ത്രൊ​യു​ടെ മുന്നിൽ കുമ്പിട്ട്‌ അദ്ദേഹത്തെ ചുംബി​ച്ചു. അവർ തമ്മിൽത്ത​മ്മിൽ ക്ഷേമാന്വേ​ഷണം നടത്തി​യിട്ട്‌ കൂടാ​ര​ത്തിന്‌ അകത്തേക്കു പോയി.  ഇസ്രായേലിനുവേണ്ടി യഹോവ ഫറവോനോ​ടും ഈജി​പ്‌തിനോ​ടും ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ വഴിമ​ധ്യേ അവർക്കു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും+ യഹോവ അവരെ മോചി​പ്പിച്ച വിധ​ത്തെ​ക്കു​റി​ച്ചും മോശ അമ്മായി​യ​പ്പനോ​ടു വിവരി​ച്ചു.  ഈജിപ്‌തിൽനിന്ന്‌ ഇസ്രായേ​ല്യ​രെ രക്ഷിച്ചു​കൊ​ണ്ട്‌ യഹോവ അവർക്കു​വേണ്ടി ചെയ്‌ത നന്മക​ളെ​ക്കു​റിച്ചൊ​ക്കെ കേട്ട​പ്പോൾ യി​ത്രൊ​യ്‌ക്കു സന്തോ​ഷ​മാ​യി. 10  അപ്പോൾ യിത്രൊ പറഞ്ഞു: “ഈജി​പ്‌തിൽനി​ന്നും ഫറവോ​നിൽനി​ന്നും നിങ്ങളെ രക്ഷിച്ച​വ​നും ഈജി​പ്‌തി​ന്റെ നിയ​ന്ത്ര​ണ​ത്തിൻകീ​ഴിൽനിന്ന്‌ ജനത്തെ രക്ഷിച്ച​വ​നും ആയ യഹോവ വാഴ്‌ത്തപ്പെ​ടട്ടെ. 11  തന്റെ ജനത്തിന്‌ എതിരെ ഗർവ​ത്തോ​ടെ പെരു​മാ​റി​യ​വരോട്‌ ഇങ്ങനെ​യൊ​ക്കെ ചെയ്‌ത യഹോ​വ​യാ​ണു മറ്റെല്ലാ ദൈവ​ങ്ങളെ​ക്കാ​ളും ശ്രേഷ്‌ഠനെന്ന്‌+ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.” 12  പിന്നെ മോശ​യു​ടെ അമ്മായി​യ​പ്പ​നായ യിത്രൊ ദൈവ​ത്തി​നു ദഹനയാ​ഗ​വും ബലിക​ളും അർപ്പി​ക്കാൻ വേണ്ടതു കൊണ്ടു​വന്നു. സത്യദൈ​വ​ത്തി​ന്റെ സന്നിധി​യിൽ മോശ​യു​ടെ അമ്മായി​യ​പ്പനോടൊ​പ്പം ഭക്ഷണം കഴിക്കാൻ അഹരോ​നും എല്ലാ ഇസ്രായേൽമൂ​പ്പ​ന്മാ​രും വന്നു​ചേർന്നു. 13  അടുത്ത ദിവസം മോശ പതിവുപോ​ലെ, ജനത്തിന്റെ പരാതി​കൾ കേട്ട്‌ ന്യായ​ത്തീർപ്പു കല്‌പി​ക്കാൻ ഇരുന്നു. ജനം മോശ​യു​ടെ അടു​ത്തേക്കു വന്നു​കൊ​ണ്ടി​രു​ന്നു. രാവിലെ​മു​തൽ വൈകുന്നേ​രം​വരെ അവർ അവിടെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 14  മോശ ജനത്തി​നുവേണ്ടി ചെയ്യു​ന്നതെ​ല്ലാം കണ്ടപ്പോൾ യിത്രൊ ചോദി​ച്ചു: “നീ എന്താണ്‌ ഈ ചെയ്യു​ന്നത്‌? രാവിലെ​മു​തൽ വൈകുന്നേ​രം​വരെ ജനമെ​ല്ലാം നിന്റെ അടുത്ത്‌ വരുന്നു​ണ്ട​ല്ലോ. എന്തിനാ​ണു നീ ഒറ്റയ്‌ക്ക്‌ ഇതു ചെയ്യു​ന്നത്‌?” 15  അപ്പോൾ മോശ പറഞ്ഞു: “ദൈവ​ത്തി​ന്റെ ഉപദേശം തേടാ​നാ​ണു ജനം എപ്പോ​ഴും എന്റെ അടുത്ത്‌ വരുന്നത്‌. 16  ഒരു പ്രശ്‌നം ഉണ്ടാകു​മ്പോൾ അവർ അതുമാ​യി എന്റെ അടുത്ത്‌ വരും. ഇരുക​ക്ഷി​കൾക്കും മധ്യേ ഞാൻ വിധി കല്‌പി​ക്കണം. സത്യദൈ​വ​ത്തി​ന്റെ തീരു​മാ​ന​ങ്ങ​ളും നിയമ​ങ്ങ​ളും ഞാൻ അവർക്ക്‌ അറിയി​ച്ചുകൊ​ടു​ക്കും.”+ 17  അപ്പോൾ മോശ​യു​ടെ അമ്മായി​യപ്പൻ പറഞ്ഞു: “നീ ഈ ചെയ്യു​ന്നതു ശരിയല്ല. 18  നീയും നിന്റെ കൂടെ​യുള്ള ഈ ജനവും ക്ഷീണി​ച്ചുപോ​കും. കാരണം ഇതു നിനക്കു താങ്ങാ​നാ​കാത്ത ഭാരമാ​ണ്‌. നിനക്ക്‌ ഇത്‌ ഒറ്റയ്‌ക്കു വഹിക്കാൻ പറ്റില്ല. 19  ഇപ്പോൾ ഞാൻ പറയു​ന്നതു ശ്രദ്ധിക്കൂ. ഞാൻ നിനക്ക്‌ ഒരു വഴി പറഞ്ഞു​ത​രാം. ദൈവം നിന്റെ​കൂടെ​യു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യും.+ നീ സത്യദൈ​വ​ത്തി​ന്റെ മുമ്പാകെ ജനത്തിന്റെ പ്രതി​നി​ധി​യാ​യി സേവി​ക്കണം.+ സത്യദൈ​വ​ത്തി​ന്റെ മുന്നിൽ പ്രശ്‌നങ്ങൾ കൊണ്ടു​വ​രു​ന്നതു നീയാ​യി​രി​ക്കണം.+ 20  നീ അവർക്കു ചട്ടങ്ങളും നിയമങ്ങളും+ പറഞ്ഞുകൊ​ടു​ക്കണം. നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃ​ത്തി​യും അവരെ അറിയി​ക്കു​ക​യും വേണം. 21  എന്നാൽ നീ ജനത്തിന്റെ ഇടയിൽനി​ന്ന്‌ പ്രാപ്‌തരും+ ദൈവ​ഭ​യ​മു​ള്ള​വ​രും ആശ്രയയോ​ഗ്യ​രും അന്യാ​യ​ലാ​ഭം വെറുക്കുന്നവരും+ ആയ പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കുക. ഇവരെ ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാ​ണി​മാ​രാ​യി നിയമി​ക്കണം.+ 22  പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ* അവർ ജനത്തിനു വിധി കല്‌പി​ക്കട്ടെ. ബുദ്ധി​മു​ട്ടുള്ള പ്രശ്‌നങ്ങൾ അവർ നിന്റെ അടുത്ത്‌ കൊണ്ടു​വ​രും.+ എന്നാൽ ചെറിയ പ്രശ്‌ന​ങ്ങൾക്കെ​ല്ലാം അവർതന്നെ തീർപ്പു കല്‌പി​ക്കും. ഭാരം വഹിക്കു​ന്ന​തിൽ അവരും നിന്നെ സഹായി​ക്കട്ടെ. അങ്ങനെ നിന്റെ ജോലി എളുപ്പ​മാ​ക്കുക.+ 23  നീ ഇതു ചെയ്യുന്നെ​ങ്കിൽ—അങ്ങനെ ദൈവം നിന്നോ​ടു കല്‌പി​ക്കു​ന്ന​പക്ഷം—നിനക്കു തളരാതെ പിടി​ച്ചു​നിൽക്കാ​നാ​കും. എല്ലാവ​രും സംതൃ​പ്‌തിയോ​ടെ വീട്ടിൽ പോകു​ക​യും ചെയ്യും.” 24  മോശ അമ്മായി​യ​പ്പന്റെ വാക്കു കേട്ട്‌ അദ്ദേഹം പറഞ്ഞ​തെ​ല്ലാം ഉടൻതന്നെ ചെയ്‌തു. 25  മോശ എല്ലാ ഇസ്രായേ​ലിൽനി​ന്നും പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അവരെ ജനത്തിനു തലവന്മാ​രാ​യി നിയമി​ച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാ​ണി​മാ​രാ​യി അവരെ നിയമി​ച്ചു. 26  പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ അവർ ജനത്തിനു വിധി കല്‌പി​ച്ചു. ബുദ്ധി​മു​ട്ടുള്ള പ്രശ്‌നങ്ങൾ അവർ മോശ​യു​ടെ അടുത്ത്‌ കൊണ്ടു​വ​രും.+ എന്നാൽ ചെറിയ പ്രശ്‌ന​ങ്ങൾക്കെ​ല്ലാം അവർതന്നെ തീർപ്പു​ക​ല്‌പി​ക്കും. 27  അതിനു ശേഷം മോശ അമ്മായി​യ​പ്പനെ യാത്ര​യാ​ക്കി.+ യിത്രൊ സ്വദേ​ശത്തേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അർഥം: “അവിടെ ഒരു പരദേശി.”
അർഥം: “എന്റെ ദൈവം സഹായി.”
അക്ഷ. “എല്ലാ സമയത്തും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം