പുറപ്പാട് 23:1-33
23 “സത്യമല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത്.*+ ദുഷ്ടനോടു കൂട്ടുചേർന്ന് ദ്രോഹബുദ്ധിയോടെ സാക്ഷി പറയരുത്.+
2 ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരുത്. ബഹുജനത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്ന രീതിയിൽ സാക്ഷി പറഞ്ഞുകൊണ്ട് നീതി നിഷേധിക്കരുത്.*
3 ദരിദ്രന്റെ കേസിൽ നിഷ്പക്ഷനായിരിക്കണം.+
4 “ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റി അലയുന്നതു കണ്ടാൽ നീ അതിനെ അവന്റെ അടുത്ത് തിരിച്ചെത്തിക്കണം.+
5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത ചുമടുമായി വീണുകിടക്കുന്നതു കണ്ടാൽ അതിനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകരുത്. അതിനെ ചുമടിനു കീഴെനിന്ന് മോചിപ്പിക്കാൻ അവനെ സഹായിക്കണം.+
6 “നിങ്ങളുടെ ഇടയിലെ ദരിദ്രന്റെ കേസ് കൈകാര്യം ചെയ്യുമ്പോൾ അവനു നീതി നിഷേധിക്കരുത്.+
7 “ഒരുതരത്തിലും വ്യാജാരോപണത്തിൽ പങ്കുചേരരുത്. നിരപരാധിയെയും നീതിമാനെയും കൊല്ലുകയും അരുത്. കാരണം ദുഷ്ടനെ ഞാൻ നീതിമാനായി പ്രഖ്യാപിക്കില്ല.*+
8 “കൈക്കൂലി വാങ്ങരുത്. കാരണം കൈക്കൂലി സൂക്ഷ്മദൃഷ്ടിയുള്ളവരെ അന്ധരാക്കുകയും നീതിമാന്മാരുടെ വാക്കുകൾ വളച്ചൊടിക്കുകയും ചെയ്യുന്നു.+
9 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ ഉപദ്രവിക്കരുത്. ഈജിപ്ത് ദേശത്ത് പരദേശികളായിരുന്ന നിങ്ങൾക്ക് മറ്റൊരു നാട്ടിൽനിന്ന് വന്നുതാമസിക്കുന്ന ഒരു വിദേശിയുടെ മനോവികാരങ്ങൾ* മനസ്സിലാകുമല്ലോ.+
10 “ആറു വർഷം നിന്റെ നിലത്ത് വിത്തു വിതച്ച് വിളവെടുത്തുകൊള്ളുക.+
11 എന്നാൽ ഏഴാം വർഷം അതു കൃഷി ചെയ്യാതെ വെറുതേ ഇടണം. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് കിട്ടുന്നതു കഴിക്കട്ടെ. അവർ ബാക്കി വെക്കുന്നതോ വന്യമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.
12 “ആറു ദിവസം നിനക്കു ജോലി ചെയ്യാം. എന്നാൽ, ഏഴാം ദിവസം ഒരു ജോലിയും ചെയ്യരുത്. അങ്ങനെ നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ മകനും നിന്റെ ദേശത്ത് താമസമാക്കിയ വിദേശിയും ഉന്മേഷം വീണ്ടെടുക്കട്ടെ.+
13 “ഞാൻ നിങ്ങളോടു പറഞ്ഞതെല്ലാം ചെയ്യാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.+ മറ്റു ദൈവങ്ങളുടെ പേരുകൾ നിങ്ങൾ പറയരുത്. അവ നിന്റെ വായിൽനിന്ന് വരുകയേ അരുത്.+
14 “വർഷത്തിൽ മൂന്നു പ്രാവശ്യം നീ എനിക്ക് ഉത്സവം ആഘോഷിക്കണം.+
15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം+ നീ ആചരിക്കണം. ഞാൻ കല്പിച്ചതുപോലെ, ആബീബ്* മാസത്തിലെ നിശ്ചയിച്ച സമയത്ത് ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ കാരണം ആ സമയത്താണല്ലോ നീ ഈജിപ്ത് ദേശത്തുനിന്ന് പുറത്ത് വന്നത്. വെറുങ്കൈയോടെ ആരും എന്റെ മുന്നിൽ വരരുത്.+
16 കൂടാതെ, നിലത്ത് വിതച്ചതിൽനിന്ന് നിന്റെ അധ്വാനഫലമായി ലഭിച്ച ആദ്യഫലങ്ങളുടെ വിളവെടുപ്പുത്സവം*+ നീ ആചരിക്കണം. വർഷാവസാനം നിന്റെ അധ്വാനത്തിന്റെ ഫലം വയലിൽനിന്ന് ശേഖരിക്കുമ്പോൾ ഫലശേഖരത്തിന്റെ ഉത്സവവും* ആചരിക്കണം.+
17 വർഷത്തിൽ മൂന്നു പ്രാവശ്യം നിങ്ങളുടെ ഇടയിലെ ആണുങ്ങളെല്ലാം യഹോവ എന്ന സാക്ഷാൽ കർത്താവിന്റെ സന്നിധിയിൽ വരണം.+
18 “എനിക്കുള്ള ബലിരക്തം പുളിപ്പിച്ച ഒന്നിന്റെയുംകൂടെ അർപ്പിക്കരുത്. എന്റെ ഉത്സവങ്ങളിൽ ബലിയായി അർപ്പിക്കുന്ന കൊഴുപ്പ് രാവിലെവരെ ഇരിക്കരുത്.
19 “നിന്റെ നിലത്ത് ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരണം.+
“ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.+
20 “ഇതാ, വഴിയിൽ നിന്നെ സംരക്ഷിക്കാനും ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരാനും നിനക്കു മുമ്പായി ഞാൻ ഒരു ദൈവദൂതനെ അയയ്ക്കുന്നു.+
21 അവനെ ശ്രദ്ധിച്ച് അവന്റെ സ്വരം കേട്ടനുസരിക്കുക. അവനെ ധിക്കരിക്കരുത്. നിങ്ങളുടെ ലംഘനങ്ങൾ അവൻ പൊറുക്കില്ല.+ കാരണം എന്റെ പേര് അവനിലുണ്ട്.
22 എന്നാൽ നീ അവന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താതെ ഞാൻ പറയുന്നതെല്ലാം അതേപോലെ ചെയ്യുന്നെങ്കിൽ ഞാൻ നിന്റെ ശത്രുക്കളോടു ശത്രുത കാണിക്കുകയും നിന്നെ എതിർക്കുന്നവരെ എതിർക്കുകയും ചെയ്യും.
23 എന്റെ ദൂതൻ നിനക്കു മുമ്പേ പോയി നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യബൂസ്യർ എന്നിവരുടെ അടുത്തേക്കു കൊണ്ടുപോകും. ഞാൻ അവരെ തുടച്ചുനീക്കുകയും ചെയ്യും.+
24 നീ അവരുടെ ദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കുകയുമരുത്.+ പകരം, അവയെ തകർത്ത് അവരുടെ പൂജാസ്തംഭങ്ങളെ തരിപ്പണമാക്കണം.+
25 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കണം.+ ദൈവം നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും.+ ഞാൻ നിന്റെ ഇടയിൽനിന്ന് രോഗം നീക്കിക്കളയും.+
26 നിന്റെ ദേശത്തെ സ്ത്രീകളുടെ ഗർഭം അലസുകയോ ആരും വന്ധ്യയായിരിക്കുകയോ ഇല്ല.+ ഞാൻ നിന്റെ ആയുസ്സിനെ അതിന്റെ തികവിൽ എത്തിക്കും.
27 “എന്നെക്കുറിച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്ക്കും.+ നീ നേരിടുന്ന ജനങ്ങളെയെല്ലാം ഞാൻ ആശയക്കുഴപ്പത്തിലാക്കും. നിന്റെ ശത്രുക്കളെല്ലാം നിന്റെ മുന്നിൽനിന്ന് തോറ്റോടാൻ ഞാൻ ഇടയാക്കും.+
28 നീ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി*+ പരത്തും. അതു ഹിവ്യരെയും കനാന്യരെയും ഹിത്യരെയും നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+
29 എന്നാൽ, ഒറ്റ വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല. അങ്ങനെ ചെയ്താൽ, ദേശം വിജനമായിത്തീർന്നിട്ട് നിനക്ക് ഉപദ്രവമാകുന്ന രീതിയിൽ വന്യമൃഗങ്ങൾ പെരുകുമല്ലോ.+
30 നീ വർധിച്ചുപെരുകി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശെക്കുറേശ്ശെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+
31 “ചെങ്കടൽമുതൽ ഫെലിസ്ത്യരുടെ കടൽവരെയും വിജനഭൂമിമുതൽ നദിവരെയും* ഞാൻ നിനക്ക് അതിർ നിശ്ചയിക്കും.+ ആ ദേശത്ത് താമസിക്കുന്നവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും.+
32 നീ അവരുമായോ അവരുടെ ദൈവങ്ങളുമായോ ഉടമ്പടി ചെയ്യരുത്.+
33 അവർ നിന്റെ ദേശത്ത് താമസിക്കരുത്. കാരണം അവർ നിന്നെക്കൊണ്ട് എനിക്ക് എതിരെ പാപം ചെയ്യിക്കും. എങ്ങാനും നീ അവരുടെ ദൈവങ്ങളെ സേവിച്ചാൽ അതു തീർച്ചയായും നിനക്ക് ഒരു കെണിയായിത്തീരും.”+
അടിക്കുറിപ്പുകള്
^ അക്ഷ. “ഏറ്റെടുക്കരുത്.”
^ അഥവാ “ജനപ്രീതിയുള്ള മൊഴി കൊടുത്ത് നീ നീതി നിഷേധിക്കരുത്.”
^ അഥവാ “ഞാൻ കുറ്റവിമുക്തനാക്കില്ല.”
^ അഥവാ “ജീവിതം എങ്ങനെയെന്ന്.”
^ കൂടാരോത്സവം എന്നും അറിയപ്പെട്ടിരുന്നു.
^ വാരോത്സവം അഥവാ പെന്തിക്കോസ്ത് എന്നും അറിയപ്പെട്ടിരുന്നു.
^ മറ്റൊരു സാധ്യത “നിരാശ.”
^ അതായത്, യൂഫ്രട്ടീസ്.