പുറപ്പാട് 24:1-18
24 ദൈവം പിന്നെ മോശയോടു പറഞ്ഞു: “നീയും അഹരോനും, നാദാബും അബീഹുവും,+ ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും യഹോവയുടെ അടുത്തേക്കു കയറിച്ചെന്ന് കുറച്ച് ദൂരെ നിന്ന് കുമ്പിടുക.
2 എന്നാൽ മോശ തനിച്ചായിരിക്കണം യഹോവയെ സമീപിക്കേണ്ടത്, മറ്റുള്ളവർ സമീപിക്കരുത്. ജനത്തിൽ ആരും അവന്റെകൂടെ കയറിപ്പോകരുത്.”+
3 പിന്നെ മോശ വന്ന് യഹോവയുടെ എല്ലാ വാക്കുകളും എല്ലാ ന്യായത്തീർപ്പുകളും+ ജനത്തെ അറിയിച്ചു. അപ്പോൾ ജനമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.”+
4 അപ്പോൾ മോശ യഹോവയുടെ വാക്കുകളെല്ലാം എഴുതിവെച്ചു.+ മോശ അതിരാവിലെ എഴുന്നേറ്റ് പർവതത്തിന്റെ അടിവാരത്തിൽ ഒരു യാഗപീഠവും ഇസ്രായേലിന്റെ 12 ഗോത്രത്തിന് അനുസൃതമായി 12 തൂണും നിർമിച്ചു.
5 അതിനു ശേഷം മോശ അയച്ച ചെറുപ്പക്കാരായ ഇസ്രായേൽപുരുഷന്മാർ ചെന്ന് ദഹനയാഗങ്ങളും യഹോവയ്ക്കു കാളകളെക്കൊണ്ടുള്ള സഹഭോജനബലികളും+ അർപ്പിച്ചു.
6 മോശ രക്തത്തിൽ പകുതി എടുത്ത് കുഴിയൻപാത്രങ്ങളിൽ ഒഴിച്ചുവെച്ചു. പകുതി രക്തം യാഗപീഠത്തിൽ തളിച്ചു.
7 പിന്നെ മോശ ഉടമ്പടിയുടെ പുസ്തകം എടുത്ത് ജനത്തെ ഉച്ചത്തിൽ വായിച്ചുകേൾപ്പിച്ചു.+ അപ്പോൾ അവർ പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങൾ അനുസരണമുള്ളവരായിരിക്കും.”+
8 അപ്പോൾ മോശ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചിട്ട്+ പറഞ്ഞു: “ഈ വാക്കുകൾക്കെല്ലാം ചേർച്ചയിൽ യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ് ഇത്.”+
9 പിന്നെ മോശയും അഹരോനും, നാദാബും അബീഹുവും, ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും പർവതത്തിലേക്കു കയറിപ്പോയി.
10 അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു.+ ദൈവത്തിന്റെ കാൽക്കീഴെ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള തളംപോലെ കാണപ്പെട്ട ഒന്നുണ്ടായിരുന്നു. അതു സ്വർഗത്തിന്റെ അത്രയും പരിശുദ്ധമായിരുന്നു.+
11 ഇസ്രായേലിലെ ഈ ശ്രേഷ്ഠപുരുഷന്മാർക്കു ദൈവം ഹാനിയൊന്നും വരുത്തിയില്ല.+ അവർ സത്യദൈവത്തെ ഒരു ദിവ്യദർശനത്തിൽ കാണുകയും അവിടെവെച്ച് തിന്നുകയും കുടിക്കുകയും ചെയ്തു.
12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ പർവതത്തിൽ എന്റെ അടുത്തേക്കു കയറിവന്ന് അവിടെ നിൽക്കുക. അവരുടെ പ്രബോധനത്തിനായുള്ള നിയമവും കല്പനയും ഞാൻ കൽപ്പലകകളിൽ എഴുതി നിനക്കു തരും.”+
13 അപ്പോൾ, മോശയും പരിചാരകനായ യോശുവയും+ എഴുന്നേറ്റു. മോശ സത്യദൈവത്തിന്റെ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി.+
14 എന്നാൽ മോശ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഞങ്ങൾ നിങ്ങളുടെ അടുത്ത് മടങ്ങിയെത്തുന്നതുവരെ ഞങ്ങൾക്കുവേണ്ടി ഇവിടെ കാത്തിരിക്കുക.+ അഹരോനും ഹൂരും+ നിങ്ങളുടെകൂടെയുണ്ടല്ലോ. ആർക്കെങ്കിലും വല്ല പ്രശ്നവും തീർപ്പാക്കാനുണ്ടെങ്കിൽ അവരെ സമീപിക്കാം.”+
15 പിന്നെ മോശ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി. അപ്പോൾ മേഘം പർവതത്തെ മൂടിയിരുന്നു.+
16 യഹോവയുടെ തേജസ്സു+ സീനായ് പർവതത്തിൽനിന്ന്+ മാറിയില്ല. മേഘം ആറു ദിവസം അതിനെ മൂടിനിന്നു. ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് ദൈവം മോശയെ വിളിച്ചു.
17 ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇസ്രായേല്യർക്ക് യഹോവയുടെ തേജസ്സു പർവതത്തിനു മുകളിൽ, ആളിക്കത്തുന്ന തീപോലെ കാണപ്പെട്ടു.
18 പിന്നെ മോശ മേഘത്തിനുള്ളിൽ പ്രവേശിച്ച് പർവതത്തിൽ കുറെക്കൂടെ മുകളിലേക്കു കയറിപ്പോയി.+ മോശ 40 രാവും 40 പകലും ആ പർവതത്തിൽ കഴിഞ്ഞു.+